Friday, July 10, 2009

ഹര്‍ഷബാഷ്പങ്ങള്‍



കോപത്താലന്ധനാം സൂര്യന്റെ ശാപമാം
താപമേറ്റുള്‍ത്തടം നീറുന്ന സാഗരം
തലതല്ലിടുന്നിതാ,തീരത്തിലനുസ്യൂതം
തിരകളായ്,മോഹഭംഗത്താലെപ്പോഴും .
കനിവിന്റെ നനവാര്‍ന്നലിയുന്ന തീരമോ
മിഴിനീരടക്കിടാനാവാതെ തേങ്ങുന്നു.

കടലിന്റെ ഗദ്ഗദം പേറുന്ന മാരുതന്‍
കരയിലേക്കെപ്പൊഴും വീശിയടിക്കുന്നു.
സാന്ത്വനം ചൊല്ലിയും മെല്ലെ,തലോടിയും
സാഹനമേകുന്നു ഭൂമിക്ക് മേല്‍ക്കുമേല്‍.
ചിലനേരമൊട്ടുമടങ്ങാത്തൊരീര്‍ഷ്യയാല്‍
പവനനും സംഹാരഭാവമാര്‍ന്നീടുന്നു.

തന്‍ നെഞ്ചിലേറ്റിയോരാഴിതന്‍ ദുഃഖങ്ങള്‍
പുകയുന്നു, മേഘമായ്‌ മാനത്തലയുന്നു.
കോപമകന്നൊരു ശക്തനാം മാരുതന്‍
മന്ദമായ് വീശുന്നു തന്നുള്ളംകുളിര്‍ക്കുന്നു.
മാനത്തു വിങ്ങിപ്പുകയുന്ന മേഘമോ
മണ്ണില്‍ പതിക്കുന്നു, ഹര്‍ഷബാഷ്പങ്ങളായ്.
പൊട്ടിമുളയ്ക്കുന്ന വിത്തുകളാല്‍ ഭൂമി
പട്ടിന്റെ കഞ്ചുകം വാരിപ്പുതയ്ക്കുന്നു.

ഒട്ടൊന്നു ചിന്തിച്ചാലേതൊരു ദുഖവും
മൊട്ടിട്ടുനില്‍ക്കുന്നോരാഹ്ലാദമായിടാം.

No comments: