Sunday, December 22, 2013

ക്രിസ്മസ്സ്പപ്പ




ധനുമാസരാവിൻ കുളിരുമായെത്തും 
നനുത്ത മഞ്ഞിന്റെ തണുപ്പകറ്റീടാൻ
കറുത്ത രാത്രിതൻ കരിമ്പടക്കെട്ടി - 
ലൊളിച്ചും പാൽ ചിരിതൂകി തുളുമ്പി 
നിൽക്കുന്നോരമ്പിളിമാമനും, 
ചുവന്ന കിന്നരി തലപ്പാവും ചൂടി
ചുവന്ന മേലങ്കിയണിഞ്ഞു,മെല്ലെ 
വെണ്മഞ്ഞുപോലുള്ള തൻ നരച്ച 
താടിയുഴിഞ്ഞു,തോളത്തെ വലിയ 
മാറാപ്പിൽ നിറയെ സമ്മാന-
പൊതിയുമായിതാ,മണിമുഴക്കി തൻ 
രഥത്തിലേറി,പുഞ്ചിരിക്കുംകുട്ട്യോൾക്ക് 
സമ്മാനമേകുന്ന സാന്റാക്ലൌസും 
നമുക്കെല്ലാവർക്കും പ്രിയങ്കരരല്ലോ ?

ബെത് ലഹേമിലെ തൊഴുത്തു ഭംഗിയായ്‌  
ചമച്ചു ഞാനെന്റെ വീട്ടിൻ മുറ്റത്തു 
ഉണ്ണിയേശു തൻ പിറവിയും കാത്തി-
രിക്കെയെന്റെ മിഴിയിണതന്നിൽ 
ഉറക്കം പതിയെ കണ്ണടച്ചെത്തുന്നൊരു 
കുറിഞ്ഞിപൂച്ചയായ് വിരുന്നു വന്നല്ലോ?  

പുലരും മുൻപേതാനുണർന്നുമെല്ലെയെൻ  
"ക്രിസ്മസ് ക്രിബ്ബിന്റെ"യടുത്തു ചെന്നപ്പോൾ
അവിടെ കാണുന്നു വർണ്ണപ്പൊതികൾ 
നിറയെ സമ്മാനപ്പൊതിതൻ കൂമ്പാരം 

എനിക്ക് കിട്ടിയ  സമ്മാനമൊക്കെയും
പകുത്തു നല്കുവാൻ മനസ്സിൽ തോന്നണം   
നിറഞ്ഞ സന്തോഷം പകർന്നു ഞാനെന്നും 
നിറവേറ്റിടട്ടെയീ ക്രിസ്മസ് സന്ദേശം ...

Friday, December 20, 2013

ക്രിസ്തുമസ് കരോൾ



അകലെയൊരു ദിവ്യതാരം തിളങ്ങുന്നു  
 അത് നാം മുന്നാലെ കണ്ടിട്ടേയില്ലല്ലോ ?"

"അശരീരിയായൊരു ഗാനവും കേൾക്കുന്നു 
ആ ശബ്ദം നമ്മെ തേടി വരുന്നല്ലോ ?"

"അത്യുന്നതങ്ങളിൽ ദൈവ മഹത്വം 
ഭുമിയിൽ സന്മനസുള്ളോർക്ക് ശാന്തി" 

"ദൈവദൂതരവർ കാഹളം പാടുന്നൂ 
നമ്മെ നോക്കിയവർ പുഞ്ചിരി തൂകുന്നു" 

ആട്ടിടയരവർ തങ്ങളിൽ തങ്ങളിൽ 
ആശ്ചര്യലോലരായ് ഇത്ഥം പറഞ്ഞിട്ട് 
താരകം ചെമ്മേ നയിക്കും സ്ഥലം വരെ 
പോയി നോക്കിയവർ കണ്ടല്ലോ,നാഥനെ
കാലിത്തൊഴുത്തിൽ കീറത്തുണിയുമായ്‌ 
രാജാധിരാജനാം യേശു ശയിക്കുന്നു. 

യേശുവിൻ ദർശന ഭാഗ്യം ലഭിച്ചവർ 
ആരാധനാ സ്തുതി ഗീതങ്ങൾ പാടുന്നു 
അന്നവർ പാടിയ കീർത്തന ഗീതങ്ങൾ   
ഇന്നും നഭസിൽ, മനസ്സിൽ മുഴങ്ങട്ടെ .

ക്രിസ്തുമസു കാലത്ത് നാട്ടിലുടനീളം 
യേശുവിൻ സന്ദേശ ഗീതങ്ങൾ പാടി 
ഗായകസംഘത്തോടോത്തു നമുക്കും 
പോയിടാം സന്ദേശ വാഹകരാകാം!  


Thursday, December 19, 2013

ഇന്റർനെറ്റ്

 
 

 


സൌഹൃദത്തിൻ
വല വിരിച്ചു
കാത്തിരുന്നു
കുടുങ്ങിയില്ല

പ്രണയത്തിൻ
വല വീശി
കാത്തിരുന്നു
ഒഴിഞ്ഞു മാറി
കുടുങ്ങിയില്ല

മിസ്കാളിൽ
മെല്ലെയവൾ
പാട്ടിലായി 
വളകിലുക്കിയ
സുന്ദരിയാൾ..

ഇന്റർനെറ്റിൻ
മാസ്മരമാം
വലയിലവൾ
പെട്ടുപോയീ
കെട്ടുപൊയീ...

സ്വപ്നലോക -
പ്പൊൻചരട്
പൊട്ടിപ്പോയ
വർണ്ണപ്പട്ടം 
കൂപ്പുകുത്തിയ-
ലക്ഷ്യമായി...

മോഹങ്ങൾ
തകർന്നു പോയി
മോഹനമൊരു
ജീവിതവും.....


Friday, December 6, 2013

ഫേസ്ബുക്ക്




മുഖം ഇല്ലാത്തവരും, 

മുഖം നഷ്ടമായവരും

മുഖം മിനുക്കുവാൻ 

മുഖപുസ്തകത്തിൽ 

മുഖം മൂടിയുമായി 

മുഖങ്ങൾ തിരയുന്നു .....