Friday, June 21, 2013

ഭൗമശാസ്ത്രപഠനകേന്ദ്രം.


Centre for Earth Science Studies
Thiruvananthapuram Kerala India
                   
"വസുധൈവകുടുംബക"മാപ്തവാക്യമരുളും പോൽ  
വസിക്കുക,പ്രകൃതിതന്നങ്കണത്തിൽ നാം. 

നിറയുന്നൂ പാരിലെങ്ങും ഭൌമ ശാസ്ത്രപഠനത്തിൻ 
നിറകുടമായ് തിളങ്ങും *സെസ്സിൻ* കീർത്തികൾ !
നിരന്തര ഗവേഷണ,നിരീക്ഷണം ചെയ്തിവിടെ 
നിരവധി ശാസ്ത്രസത്യം വെളിവാക്കുന്നു.


അനന്തവുമജ്ഞാതവുമവർണ്ണനീയവുമല്ലോ,
അഖിലാണ്ഡമണ്ഡലത്തിൻ പ്രതിഭാസങ്ങൾ. 
അവയുടെ രഹസ്യപ്പൊരുളറിഞ്ഞീടുവാനായ്  
അനുസ്യൂതം ഞങ്ങളൊന്നായ്‌ ശ്രമിച്ചീടുന്നു.


സാഗരവു,മംബരവു,മിടയ്ക്കാർദ്രമായ കരയുമായ്  
ജീവന്നാധാര,ഗ്രഹമൊന്നീ ഭൂമിതാനല്ലോ? 
ഭൂമിയെ സുസ്ഥിരമായ് നിലനിർത്തീടുവാനീ- 
ഭൂവാസികൾ നമ്മൾ ഏറെ കടമപ്പെട്ടോർ . 
"പ്രദൂഷിതമാക്കീടാതെ ഭൂമിയെ സംരക്ഷിക്കൂ" 
പ്രണവമന്ത്രമിതു നിത്യം ചൊല്ലീടുക നാം.


പ്രകൃതിയെ മറന്നുള്ള ജീവിതശൈലിയായാൽ 
പ്രകൃതി ക്ഷോഭങ്ങളാൽ നാം ശിക്ഷിതരാകാം. 
പ്രളയത്തിൻ കെടുതികൾ,വരൾച്ചതൻവറുതികൾ,
പ്രകമ്പനം സൃഷ്ടിക്കുന്ന വൻഭൂകമ്പങ്ങളും 
മരണത്തിൻ കാഹളമായ് ചുഴലിക്കാറ്റടിച്ചീടാം  
മാരകമാം രോഗമെങ്ങും താണ്ഡവമാടാം .
അഗ്നിജ്ജ്വാലവമിക്കുന്ന,പർവതങ്ങളൊരുക്കീടും
അഗ്നികുണ്ഡമതിൽ നമ്മൾ ഹോമിക്കപ്പെടാം.
അലയടിച്ചാർത്തുവരും "സുനാമി"ത്തിരകളോ ,
കലിതുള്ളും കടലാക്കാം തീരഭൂമിയെ.
മിന്നലെന്ന പടവാളും ചുഴറ്റി വരും പ്രകൃതി 
മിന്നൽ വേഗത്തിലെല്ലാം തന്നെ ചാമ്പലാക്കീടാം.. 
പൂർവീകർ,പിതാക്കന്മാരനുവർത്തിച്ചതുപോലെ 
പൂർണ്ണമായും പ്രകൃതിയോടൊത്തു വാഴുകിൽ
മഴവില്ലിൻ മനോഹരവർണ്ണരാജിയൊളിചാർത്തും
മധുരമനോജ്ഞഗേഹമായിടും ഭൂമി.

Centre for Earth Science Studies

 Thiruvananthapuram Kerala India

A Vision for Our Earth
To unravel the mysteries surrounding the earth and its processes for the sustainable development of natural resources, conservation of environment and management of natural hazards

Wednesday, June 19, 2013

പുസ്തകം
ദേശീയ ഗ്രന്ഥാലയ പ്രസ്ഥാനത്തിൻ
താതസ്ഥാനീയനായ് പൂജിതൻ
ശ്രീ എസ്സാർ രംഗനാഥനാലാവിഷ്കൃതം,
വിശ്വപ്രസിദ്ധമാം "പഞ്ചനിയമഗ്രന്ഥ
ശാസ്ത്രസംഹിത"സ്മരണക്കു മുന്നിൽ
ആദരങ്ങളർപ്പിച്ചു ഞാൻ കുറിക്കുന്നു
പുസ്തക സംബന്ധിയാമീക്കുറിപ്പുകൾ.

മർത്യചേതനക്കമൃതമാമാഹാരം  
മർത്യ വിജ്ഞാനസാരസർവസ്വം 
മർത്യനഭ്യുന്നതിക്കാധാരം പുസ്തകം 
വിസ്തൃതമാമൊരു വിജ്ഞാനശേഖരം. 
അത്ഭുതം മർത്യന്നമരത്വം നല്കുവാൻ 
കെൽപ്പെഴുന്നൊരു സഹായിയാം     
അത്ഭുതാനന്ദ,വിസ്മയ സഞ്ചിതം 
പുസ്തകങ്ങളോ നിത്യവും പൂജിതം  

"ദീപം പീഠത്തിൽ വയ്ക്കും പോൽ  
പുസ്തകങ്ങളും പൂജ്യമായ് കരുതി നാം 
വായനക്കാരാകൃഷ്ടരാം വിധൗ 
ഷെൽഫിൽ വെടിപ്പായി വയ്ക്കണം.   
ഇഷ്ടമുള്ളോരു പുസ്തകങ്ങളപ്പപ്പോൾ 
വായനക്കാർക്കിഷ്ടാനുസൃതം തന്നെ- 
യെളുപ്പം പ്രാപ്യമാക്കണമെപ്പൊഴും .
സത്ഗ്രന്ഥശേഖൃത ഗ്രന്ഥാലയം, 
നാടിൻ സാംസ്കാരിക മാഹാത്മ്യം 
കീർത്തിക്കും മഹാദീപസ്തംഭമാം ."

Friday, June 14, 2013

ചിത്രശലഭങ്ങൾ

യൂണിഫോം വേഷവും
ഷൂസും ടൈയും കെട്ടി, 
പുസ്തകം തിക്കിത്തിരുകി
പത്തുകിലോഭാരമുള്ള
പുത്തൻബാഗും തോളിലേറ്റി,
പട്ടുകുടയും ചൂടി, പത്രാസുകാട്ടി
കുട്ടികൾ,ഒട്ടകലെയല്ലാത്ത 
പട്ടണം തന്നിലെ,കീർത്തി
കേട്ടൊരിംഗ്ലീഷ് മീഡിയംസ്കൂൾ
ബസ്സും കാത്തക്ഷമരായ്,
കളിപ്പാവകൾ പോലെ
നിസംഗരായ് ബസ് സ്റ്റോപ്പിൽ
നില്പതു ഞാൻ കാണുമ്പോൾ....

പണ്ടുഞാൻ പുത്തനുടുപ്പിട്ടു
സ്ലേറ്റിനോടൊപ്പം പുസ്തകം
ഭദ്രമായ്‌ മാറത്തടുക്കിപ്പിടിച്ചു
വയൽവരമ്പും താണ്ടി
ചാറ്റൽമഴയുംനനഞ്ഞു
സ്‌കൂളിലേക്കുള്ളോരിടവഴി-
തന്നിലെപീടികക്കോലായിൽ
മഴതോരുവാനന്നു കാത്തുനിന്നതും
പിന്നെ, കൂട്ടുകാരൊത്തുചേർന്നിട-
വഴിതന്നിലൂടൊഴുകും മഴവെള്ളം
തട്ടിത്തെറിപ്പിച്ചു, തുള്ളിക്കളിച്ചതും
കളിവാക്കു ചൊല്ലിനടന്നതും
ഒരു മഷിത്തണ്ടിനായ് ,
മയില്പീലിതുണ്ടിനായ്,   
തമ്മിൽപരസ്പരം പരിഭവം
ചൊല്ലി കലഹിച്ചിരുന്നതും 
വഴിവക്കിൽ കാണുന്ന സകല
ജനത്തോടും കുശലം പറഞ്ഞതും
ചിത്രശലഭങ്ങളെപ്പോലന്നു
കുട്ടിക്കുറുമ്പുമായ്പാറിപ്പറന്നു
കളിച്ചു നടന്നോരെൻബാല്യകാലം,
മഴവില്ലു മാനത്തുയരുന്നചേലിലെൻ
മനസ്സിൻതിരശീലതന്നിൽ തെളിയുന്നു
മധുരിമയേറുമൊരനുഭൂതിയായിന്നും.

Thursday, June 13, 2013

കള്ളി

 
        കള്ളി 
കള്ളീ,കള്ളീയെന്നു നിന്നെ  
ഞാൻ വിളിച്ചപ്പോൾ    
കുഞ്ഞുനാളിൽ പണ്ട് നീ 
പിണങ്ങി നിന്നതില്ലേ ?
തെല്ലുനേരം നീ മുഖം 
കുനിച്ചെൻമുന്നിൽ നിന്നു  
പിന്നെ,മെല്ലെ ചൊല്ലി, 
ഇല്ലേയില്ല,ഇല്ല,ഞാനെടുത്തില്ല.  
കല്ല്‌ വച്ച നുണയാണതെന്നു 
ഞാൻ പറഞ്ഞപ്പോൾ ,
പിന്നെ നീ നിന്നതില്ല,
ഈർഷ്യയോടകന്നേ പോയ്‌ .   

അന്നുതൊട്ടിന്നേവരെ,
കാണുമ്പോഴൊക്കെ,നിന്നെ  
കള്ളിയെന്നു ഞാൻ ചൊല്ലും,
നിൻകോപമേറ്റീടുവാൻ..    
കോപമേറുമ്പോൾ നിന്നെ 
കാണുവാൻ ചന്തമേറും. 

കാലമേറെ കഴിഞ്ഞൊരു
നാളെൻ വാമഭാഗമായവൾ  ,
നവവധുവിൻ ലജ്ജയോടെ .
നമ്രശിരസ്കയായി 
നിന്നിതെൻ മുന്നിലായ് . 
കല്യാണ മണ്ഡപത്തിൽ.  
മധുവിധുവിൻ ലഹരിയി-
ലന്നെന്നോടവൾ ചൊല്ലി 
"ഹൃദയശൂന്യനാം നിന്നെ
ഭയമാണെനിക്കിന്നും" 
കാതര ഭാവമാർന്നവൾ 
ചൊല്ലിയ കാര്യം കേട്ട് 
വിഷണ്ണവിവശനായ്‌ 
ഞാൻ നില്ക്കെയവൾ,ചൊല്ലി 
പേടിക്ക വേണ്ട,പൊന്നേ 
എന്നെ നീ മറന്നുവോ 
നിൻകരൾ പണ്ട്, പണ്ടേ,
കവർന്ന കള്ളിയില്ലേ?
ഞാൻ നിന്റെ കള്ളിയല്ലേ?

Wednesday, June 12, 2013

മൃതസഞ്ജീവനിജീവന്റെ നിലനിൽപ്പിന്നാധാരമാം 
ജലമേകും മഴ ജീവനു വരദാനമാം
മഴ പെയ്തീടുവാൻ  പ്രേരകമായിടും 
മരമോ മനുഷ്യനു വരദാനമാം

മഴയില്ലെങ്കിൽ മരമില്ലതുപോലെ 
മരമില്ലെങ്കിൽ മഴയുമില്ല.   
മഴയും മരവും സമൃദ്ധമായെന്നാലെ
വനമുണ്ടാകൂ, പുഴയുണ്ടാകൂ.. 
പുഴയൊഴുകുന്നൊരു നാടിന്നേ 
അഴകുണ്ടാകൂ,മിഴിവുണ്ടാകൂ..
പുഴകൾ പുഷ്കലമായീടാൻ  
മഴ ധാരാളം പെയ്യേണം .

കാടുകൾ വെട്ടി വെളുപ്പിക്കാതെ, 
മേടുകൾ വെട്ടി നിരത്തീടാതെ, 
കൂടാം നമ്മൾക്കേവർക്കും,  
തീർക്കാം പുതിയൊരു സമരമുഖം 
മരങ്ങൾ നട്ടു പിടിപ്പിക്കാം 
നശിച്ചിടാതെ കാത്തീടാം 
ഭൂമിക്കൊരു കുട തീർത്തീടാം 
പച്ചപ്പിൻ കുട ചൂടിക്കാം 
മരണാസന്നം നമ്മുടെ നദികൾ  
മൃതസഞ്ജീവനി നുകരട്ടെ! 
മഴയുടെ മൃതസഞ്ജീവനി നുകരട്ടെ!

Tuesday, June 4, 2013

ലോക പരിസ്ഥിതി ദിനം
1972- ൽ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ (UNEP)ആഭിമുഖ്യത്തിൽ സ്റോക്ക് ഹോമിൽ വച്ച് ജനങ്ങളുടെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ഗൗരവതരമായ ഒരുചർച്ചയും വിചിന്തനവും നടക്കുകയുണ്ടായി.തുടർന്ന് അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന  നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്നും പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയും  എല്ലാ വർഷവും ജൂണ്‍ മാസം 5-നു ലോക പരിസ്ഥിതിദിനമായി ആചരിക്കുവാൻ തീരുമാനിക്കപ്പെട്ടു.   

ഓരോ വർഷവും പരിസ്ഥിതി സംബന്ധിയായ ഒരു പ്രധാന വിഷയത്തെ അധികരിച്ചാണ് പരിസ്ഥിതി ദിനാചരണം നടത്തുക. ഈ വർഷത്തെ വിഷയം "ചിന്തിക്കുക,ഭക്ഷിക്കുക, പാഴാക്കാതിരിക്കുക" എന്നതാണ് . 
ഭക്ഷണം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക, ഭക്ഷണം പാഴാക്കാതിരിക്കുക.ഭക്ഷണം പാഴാക്കുന്നവർ ഓർക്കുക,ചിന്തിക്കുക, നിങ്ങൾ പാഴാക്കുന്ന ഓരോ അരിമണിയും നിങ്ങളുടേതു മാത്രമല്ല,മറിച്ച്  ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന നിങ്ങളുടെ സഹജീവികൾക്ക്  കൂടി അവകാശപ്പെട്ടതാണ് എന്ന് .

ഈ അവബോധം നമ്മിലുണ്ടായാൽ  ഭക്ഷ്യസുരക്ഷ എന്നത് ലോകത്തെമ്പാടും സുസാദ്ധ്യമാകും. വിപ്ലവം വിശപ്പിൽ നിന്നാണ്   പൊട്ടി മുളക്കുന്നത്‌ എന്നത്  നാം മറക്കാതിരിക്കുക. ലോകസമാധാനം സംജാതാമാകണമെങ്കിൽ ഭഷ്യസുരക്ഷ അത്യാവശ്യമാണ്.

പ്രതി വർഷം1.3 ബില്ല്യൻ ടണ്‍  ഭക്ഷ്യവസ്തുവാണ് പഴാക്കപ്പെടുന്നതെന്നും ഏറെക്കുറെ ഇങ്ങനെ നഷ്ടപ്പെടുന്ന ഭക്ഷ്യപദാർഥത്തിന്റെയത്ര അളവ് മാത്രമേ ആഫ്രിക്കൻ രാജ്യങ്ങളിൽ മൊത്തം ഉല്പാദിപ്പിക്കപ്പെടുന്നുള്ളൂ എന്നുകൂടിയറിയുമ്പോൾ ഭഷ്യപദാർത്ഥം പാഴാക്കുന്ന നാം എങ്ങിനെ അപരാധികളാകാതെ ന്യായീകരിക്കപ്പെടും .

5 വയസിൽ താഴെയുള്ള 2 0 0 0 0 കുട്ടികളാണ് പ്രതിദിനം വിശന്നവശരായി മരണപ്പെടുന്നത് .

ലോകത്തൊട്ടാകെ 7 പേരിൽ ഒരാൾ വീതമെങ്കിലും  അത്താഴപ്പട്ടിണിക്കാരനായാണ് അന്തിയുറങ്ങുന്നത് .

7 ബില്ല്യൻ ജനങ്ങളെ തീറ്റിപോറ്റുവാൻ ഭൂമിദേവി കഷ്ടപ്പെടുകയാണ്.(2 0 50 ആകുമ്പോൾ ഇതു 9 ബില്ല്യണ്‍  ആകുമെന്നാണ്‌ കണക്കാക്കപ്പെടുന്നത് )

എന്നാൽ ഭൂമിയിൽ ലഭ്യമാകുന്ന  ഭക്ഷ്യപദാർഥങ്ങളിൽ തന്നെ ഏതാണ്ട് 1/ 3 ഭാഗത്തോളം പഴാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നുവെന്നറിയുമ്പോൾ എത്ര വലിയ  അപരാധമാണ് നമ്മുടെ വിശന്നവശരാകുന്ന സഹജീവികളോടു നാം ചെയ്യുന്നത്‌ എന്ന് ചിന്തിക്കുക.

അതിനാൽ സുഹൃത്തുക്കളെ ,നാം ഓരോരുത്തരും ഭക്ഷിക്കാനിരിക്കുമ്പോൾ ഒരു നിമിഷം "ചിന്തിക്കുക, ഭക്ഷിക്കുക, പാഴാക്കാതിരിക്കുക".

അങ്ങനെ ഓരോരുത്തരായി ഭക്ഷണം അമിതമായി ഉപയോഗിക്കാതിരിക്കുമ്പോൾ, ഉപയോഗശൂന്യമാക്കി പാഴാക്കാതിരിക്കുമ്പോൾ,നമ്മുടെ  കാണാമറയത്തു വിശന്നവശനാകുന്ന ഒരു സഹജീവിക്കു നാം സഹായഹസ്തമേകുകയാണ് എന്ന തിരിച്ചറിവോടെ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം നമുക്ക് സമുചിതമായി ആചരിക്കാം.
വിശപ്പ്‌ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ സഹകരിച്ചു, വിശക്കുന്നവനവകാശപ്പെട്ട ഭക്ഷണം നഷ്ടപ്പെടുത്താതെ,അവരുടെ ആഹാരത്തിന്റെയല്ല പ്രത്യുത ആഹ്ലാദത്തിന്റെ പങ്കു പറ്റുവാൻ നമുക്കേവർക്കും ശ്രമിക്കാം .