Thursday, July 17, 2014

ഒരു തുള്ളി കണ്ണ്നീർ


ഗാസയുമിറാക്കും പിന്നെ
കാശ്മീർ താഴ്വരകളും
അഫ്ഗാനിസ്ഥാനും
താലിബാൻ ഭീകരരും
ശ്രീലങ്കൻ കരയിലെ
വംശോന്മൂലനങ്ങളും
ലോകമെമ്പാടുമുള്ള
ഭീകരാക്രമങ്ങളും
മനുഷ്യൻ, സഹജരെ
മതത്തിൻ പേരിൽ
പിന്നെ, തൊലിയുടെ,
പേറും കൊടിതൻ
നിറത്തിൻ പേരിൽ
നിരന്തരമീഭൂവിൽ
നിരവധിയാളുകൾ
ശിശുക്കൾ,നിർദോഷികൾ,
നിഷ്കാസിതരായീടുന്നു ..
കരയാൻ നമുക്കിനിയൊരു
തുള്ളികണ്ണീരുമില്ലെന്നായി..

Wednesday, July 16, 2014

തിരുവാതിര ഞാറ്റുവേല


തിരി മുറിയാതെ പെയ്യും
തിരുവാതിര ഞാറ്റു വേല

തിരു തകൃതിയായ് തൊടിയിൽ
കൃഷിപ്പണികളുമായ് കർഷകർ
 

ഞാറ്റുവേലക്കിളിപ്പെണ്ണ്
ഊറ്റ മോടെ പാടുന്നു
 

മലയാളിപ്പെണ്‍കൊടി തൻ
മനമാകെ തളിർക്കുന്നോ

കുരുമുളകിൻ വള്ളികളിൽ
തിരികൾ നാമ്പിടുന്നത് പോൽ!


ചില കർക്കിടമാസ ചിന്തകൾകർക്കിടകത്തിൻ
കാർക്കശ്യത്തിൽ  
നേർക്ക്‌ നേരർക്കനും
മഴയും പൊരുതുന്നു.

മഴ പെയ്തൊഴിയാൻ
കാത്തിരിക്കാതെ സൂര്യൻ
തല കാണിക്കുന്നുടൻ തന്നെ 
മടങ്ങി,മറയുന്നു
ഒളിച്ചുകളിക്കുന്നു .
വെളിച്ചം മറയുന്നു..

ഇരുട്ടിൻ പുതപ്പുമായ്
കറുത്ത ദിനങ്ങളിൽ
ചേട്ടകൾ തക്കം നോക്കി
കാത്തു പാത്തിരിക്കുന്നു.

രോഗങ്ങളൊഴിവാക്കാൻ
മരുന്നു കഞ്ഞി, പിന്നെയെണ്ണ-
ത്തോണിയിൽ കിടന്നുള്ള
ചികിത്സയേറെ പഥ്യം .

കള്ളക്കർക്കിടകത്തിൽ
കാലനുമെത്തുമെന്ന  
ഭീതിയിലുഴലുന്നു
ഭക്തി മാർഗ്ഗം തേടുന്നു

കന്മഷമെല്ലാം നീക്കി
നന്മകൾ വരുത്തുവാൻ
"ശ്രീപോതിയെ"ത്തന്നെ 
ശരണം ഗമിക്കുന്നൂ..

കർക്കിടമിരുണ്ടാലും
കരളിൽ സ്വപ്നം പൂക്കും  
കതിരൊളിയുമായ്‌, പൊന്നിൻ
ചിങ്ങമെത്തീടുമല്ലോ ?

Monday, July 14, 2014

ചേലനാഗങ്ങൾആതിരനാളിലന്നായർകുലത്തിലെ
ആയപ്പെണ്‍കൊടിമാരൊത്തു ചേർന്ന്
ആയർകുലത്തിലെ ആരോമലാം പയ്യൻ
ആമ്പാടിക്കണ്ണന്റെ ലീലാവിലാസങ്ങൾ ..
തങ്ങളിൽ,തങ്ങളിൽ ചൊല്ലിക്കലഹിച്ചു
തഞ്ചത്തിൽ യമുന തൻ തീരം പൂകി..

ആടകളൊന്നൊന്നായ്, ജലകേളി-
യാടാനുരിഞ്ഞെറിഞ്ഞന്നവർ
യമുനാ നദിയിലിറങ്ങി നിന്നു.
തങ്ങളിൽ തങ്ങളിൽ വെള്ളം തെറിപ്പിച്ചും
മുങ്ങാംകുഴിയിട്ടും മുങ്ങിയും പൊങ്ങിയും
കാലിൽ പിടിച്ചു കളിച്ചുന്മാദമോടെ, പല
കേളികളാടിത്തിമിർക്കുന്നതിന്നിടെ,
കേട്ടല്ലോ മധുരമാം ഗാനത്തിന്നീണങ്ങൾ
കാലികളൊന്നായ് തലപൊക്കി ശ്രവിച്ചീടും
കാതുകൾക്കിമ്പമാം മധുര ഗാനം.

ഗോപസ്ത്രീവൃന്ദമാ, മധുരഗാനം കേട്ട്
മോഹനാംഗികളായ് നിർലജ്ജം നിൽക്കെ
ഓടക്കുഴൽ കേട്ടുടയാടകളൊക്കെയും
ഓടിയങ്ങെത്തുന്നു നാഗങ്ങളെപ്പോൽ
മാകുടിയൂതുന്ന പാമ്പാട്ടി തൻ ചേലിൽ
മായക്കണ്ണന്റെ കോലക്കുഴൽ വിളികേട്ട്
ചേല നാഗങ്ങൾ ഒന്നൊന്നായ് വന്നിട്ട്
ചാലെ,ഫണം വിരിച്ചാടിത്തുടങ്ങിയോ ?.