Tuesday, March 25, 2014

കൊയ്ത്തുകാർ


Parrots in the rice fields | Jaffna, Sri Lanka.കലപിലയെന്നുരചെയ്തു
നിരനിരയായവരെത്തും
തെങ്ങോലത്തുമ്പിലിരുന്നാടും...
തെരുതെരെയവർ പറന്നുയരും
മിന്നൽപിണർ പോലവരെല്ലാം
പുന്നെല്ലിൻ പാടത്തെക്കിറങ്ങും
കതിരുകൾ കൊത്തിപ്പറക്കും
അരിമണിയാക്കിത്തിന്നും...
കൊട്ടും വിളിയുമായ്‌ പിള്ളേർ
തത്തയെ തുരത്താനെത്തും
പാട്ടകൾ കൊട്ടിപ്പാടും
കൂക്കിവിളിക്കും പിള്ളേർ
നോട്ടം തെറ്റിയാൽ, പക്ഷേ
തത്തകൾ കൊയ്ത്തു തുടങ്ങും...  
ആകാശ പറവകളാകാൻ
ആർക്കും  തോന്നും മോഹം
വിതയ്ക്കാതെ,പണിയാതുണ്ണാൻ
വിരുതന്മാർ നമ്മൾ പലരും...
 

Saturday, March 22, 2014

ഇലക്ഷൻ മാമാങ്കം


ഉറങ്ങീ നിള ശാന്തമായ് 
ഉണങ്ങീ നിണപ്പാടുകൾ 
കഴിഞ്ഞൂ മാമാങ്കപ്പെരുമകൾ!
തുടങ്ങീ പുതിയൊരു മാമാങ്കം....

മുഴങ്ങീ മാമാങ്ക പെരുമ്പറ
ഇലക്ഷൻ വീണ്ടും വരവായി 
നിരന്നൂ ചാവേറുകൾ വീറോടെ
നടുങ്ങീ നാടും നാട്ടാരും ..........

കൊടിയ പാരിസ്ഥിതിക പ്രശ്നമാം 
കൊടി,തോരണ,ഫ്ലക്സ് ബോർഡുകൾ 
ഉയർന്നൂ തെരുവോരം നീളെ  
വലഞ്ഞൂ വഴിയാത്രക്കാർ  നമ്മൾ 

കവലകളിൽ കോളാമ്പി മൈക്കുകൾ 
കർണ്ണപുടങ്ങൾ തകരുന്നൂ  
കണ്ണല്ലാത്തതെന്തും  പൊന്നാക്കും 
പൊണ്ണൻ നേതാവിൻ വാഗ്ദാനം 
പോഴന്മാർ ജനം കേൾക്കുന്നൂ
ആവേശഭരിതരാകുന്നൂ 
ഉന്മാദം പൂണ്ടു വിളിക്കുന്നൂ 
നമ്മുടെ പാർട്ടി സിന്ദാബാദ്... 

പെരുകുന്നൂ പാർട്ടി പലതായി 
തെരുവ് നായ് പെറ്റുപെരുകും പോൽ 
പേപിടിച്ചെങ്ങുമലയുന്നൂ 
ജനമാകെ പേടിച്ചോടുന്നൂ....  

നായ്കൾക്ക് വന്ധീകരണം പോൽ 
പാര്ട്ടികൾ തന്നെണ്ണം കുറച്ചീടാൻ 
നാട്ടിൽ വ്യവസ്ഥയുണ്ടാക്കി 
പാവം ജനത്തെ രക്ഷിക്കൂ...... 

Thursday, March 13, 2014

ഓണത്തിനിടയിൽ ഒരു പുട്ടുകച്ചവടം


 

ഓണത്തിനിടയിൽ പുട്ടുകച്ചവടം
എന്ന ചേല്ക്കൊരാലോചന
എൻ മനസിലുദിക്കുന്നൂ......

"ടോട്ടൽ തട്ടിപ്പു"മായി
പുതിയ വ്യവസായ
സംരംഭം തുടങ്ങണം
കമ്പനിയൊന്നുന്നുടനെ
വൈകാതെ തുടങ്ങണം

ചൂലുകൾ നിര്മ്മിക്കുന്ന
കമ്പനി തുടങ്ങണം
ഓഹരി ചന്തയിൽ
കാളകൾ കുതിച്ചിടും...

എത്രയുണ്ടാക്കിയാലും
ചൂലുകൾ തികയാതെ
വന്നിടും രാജ്യത്താകെ
ഡിമാണ്ട് കൂടീടുമ്പോൾ
വിലയും കൂട്ടി വില്ക്കാം
ഇലക്ഷൻ അടുത്തില്ലേ?

എത്രയുണ്ടാക്കിയാലും
വിറ്റുപോയ് തീർന്നീടുമേ...
കോടികൾ കൊയ്തീടാമേ,
ലാഭത്തിൻ വിഹിതമായ്‌...

"സൌരോര്ജ്ജ കമ്പനികൾ
മോഡലായ്‌ കാണുന്നില്ലേ "
കൂട്ടുകാരാരെങ്കിലും
ഉണ്ടെങ്കിൽ സുസ്വാഗതം!

പുലർകാലത്ത് കണ്ട
സ്വപ്നങ്ങൾ ഫലിക്കില്ലേ?
സ്വപ്നത്തെ നമുക്കൊരു
യാഥാർത്യമാക്കീടെണ്ടേ..
വരുവിൻ കൂട്ടുകാരെ!
അണി ചേർന്നിടൂ നിങ്ങൾ
ഈ പുതിയ വ്യവസായം
പുഷ്കലമാക്കീടാമേ .....

Saturday, March 8, 2014

ഗിരിശൃംഗങ്ങൾമലയുടെയുന്നതി കാണുമ്പോളതിൻ
നെറുകയിലൊന്നു  ചവിട്ടാൻ മോഹം
നിറയും മനസിൻ മോഹമതല്ലേ?
നമ്മുടെ അഭ്യുന്നതിക്ക് നിദാനം..

മാമുനിമാരവർ താപസരാകാൻ
മാമല തന്നിൽ ശാലകൾ തീർത്തു
"മാ നിഷാദ" മാമുനി ചൊല്ലീ
ആദിമ കവിത പിറവിയെടുത്തൂ...

കാർഷികസംസ്കൃതി രൂപമെടുത്തൂ
കാനന ശോഭന താഴ്വാരത്തിൽ
പാരസ്പര്യമെന്നൊരു നിയമം
പാരിൽ പ്രകൃതി കനിഞ്ഞിഹ നല്കി

മലയുടെ മുലകൾ ചുരത്തിയൊഴുക്കി
തെളിനീർ നിറയും അരുവികളെങ്ങും
പുളകിതമായൊരു പുളിനങ്ങളിലോ
മാനവ സംസ്കൃതി പുഷ്കലമായി.

കാലം മാറീ മാനവനവനുടെ
ശീലം കെട്ടു,ദുരകളുമേറി
ഗിരിശൃംഗങ്ങളിലേറിയ മനുജൻ
ഗരിമാവേറിയഹങ്കാരികളായ്
ഗിരിശൃംഗങ്ങൾ വെട്ടി നിരത്തി
തരിശുഭൂമിയാതാക്കി മലകൾ..

കന്യാവനങ്ങളും പുണ്യ നദികളും
ഉന്മൂലനം ചെയ്തൂഷരമായ്  ഭൂമി
ഉന്മത്തനായ മാനവൻ ഇപ്പോഴും
ഉണ്മതേടിയലയുന്നു ഭൂവിതിൽ