Saturday, June 5, 2021

പാരഡിക്കവിതയും മലയാളസാഹിത്യവും


"ചായ,ചായ, ചായേതി ജപിക്കയും
ചായയെത്തന്നെ മനസ്സിൽനിരൂപിക്കയും
ചുക്ക്വെള്ളത്തിനും കൂടിപ്പകരമായ്
മൂക്കറ്റമെപ്പോഴും ചായകുടിക്കയും "
ചെയ്യുന്ന ഒരാളെക്കുറിച്ച് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വികാരം ഉണ്ടല്ലോ അതാണ് പാരഡിക്കവിത വായിക്കുമ്പോൾ വായനക്കാർക്ക് അനുഭവവേദ്യമാകുന്ന അനുഭൂതി..അതാണ് നിർദ്ദോഷമായ ഹാസ്യത്തിന്റെ ഉത്തേജനം
നമ്മേ ചിരിപ്പിക്കാനുതകുന്നതെന്തും ഹാസ്യമാണ്.പാരഡിയും ഹാസ്യപ്രധാനമാണ്.എന്നാൽ ചിരിക്കൊപ്പം അതിലടങ്ങിയിരിക്കുന്ന വിമർശനം നമ്മേ ചിന്തിപ്പിക്കുകയും ചെയ്യുന്നില്ലേ?
പാരഡിക്കവിതയിൽ ഏതെങ്കിലും ഒരു കവിയുടെ ശൈലിയിലെ പ്രത്യേകത, ഒരു കവിതയിലെ വിഷയം, രചനാരീതി ഇതൊക്കെ ഹാസ്യത്തിന്റെ അകമ്പടിയോടെ പുനരാവിഷ്കരിച്ചു വിമർശനവിധേയമാക്കുന്നു.
നിന്ദിക്കലല്ലാ,പ്രത്യുത ഒരു പരിധി വരെ ആ കൃതിയെയും അതിന്റെ രചയിതാവിനെയും വന്ദിക്കലാണ് പാരഡികൾ.. കാരണം ഉത് കൃഷ്ടങ്ങളായവയല്ലേ അംഗീകരിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്നത്?
യവനസാഹിത്യത്തിലാണ് പാരഡിയുടെ ഉത്പത്തി..ഗ്രീക്ക് സാഹിത്യകാരന്മാരായ ഹെഗമൺ, ആണെന്നും ഹിപ്പോനോക്സ് ആണെന്നും അഭിപ്രായാന്തരമുണ്ട്. ഇവർ അരിസ്റ്റോട്ടിലിന്റെ സമകാലിക രാണ്.
പിന്നീട് ആംഗലേയത്തിൽ മിൽട്ടൻ, പോപ്പ്,ഡ്രൈഡൻ, തുടങ്ങിയമഹാരഥൻ മാരായ സാഹിത്യകാരന്മാരുടെ രചനാശൈലിയെയും അവരുടെ കൃതികളെയും അനുകരിച്ചുകൊണ്ട് പാരഡികൾ ധാരാളം ഉണ്ടായി..
മലയാളത്തിൽ ഈ പാരഡി പ്രസ്ഥാനത്തിന്റെ വേരുകൾ "തോലൻ" എന്ന കവിയുടെ രചനകളിൽ ദൃശ്യമാകുന്നു. കവിതയിലെ ദുരാന്വയം, നിരർത്ഥക പദങ്ങളുടെ അനാവശ്യ പ്രയോഗം ഇവയൊക്കെ അദ്ദേഹം തന്റെ പാരഡിക്കവിതകളിലൂടെ പരിഹാസ വിമർശനം നടത്തി..
സമസ്യാപൂരണം ഒരു വിനോദമായി വളർന്നപ്പോൾ ധാരാളം പാരഡി ശ്ലോകങ്ങൾ നിർമ്മിക്കപ്പെടുവാൻ നിമിത്തമായി
"പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
തട്ടിൻപുറത്താഹു മൃഗാധിരാജൻ
കാട്ടാളരിൽ കാപ്പിരി കാമദേവൻ
കട്ടക്കയം ക്രൈസ്തവകാളിദാസൻ!"
എന്നത് പോലെ സമസ്യാപൂർണത്തിലൂടെ നിരവധി പാരഡി ശ്ലോകങ്ങൾ വിരചിതമായി
നമ്മുടെ ഭാഷയിലെ പാരഡിസാഹിത്യകാരന്മാരിൽ സഞ്ജയൻ,സീതാരാമൻ എന്നിവരാണ് ഏറെ പ്രശസ്തർ.
"കാവ്യം സുഗേയം കഥ രാഘവീയം
....കർത്താവ് തുഞ്ചത്തുള വായ ദിവ്യൻ ................................................
ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദലബ്ധിക്കിനിയെന്ത് വേണം"
എന്ന വള്ളത്തോളിന്റെ വരികളെ കുടുംബാസൂത്രണപ്രഘോഷണം നടത്തുന്ന യുവതിയുടെ വാക്കുകളായി സഞ്ജയൻ ഇങ്ങനെയെഴുതിയത്രേ!"
"സബ്ജക്ട്ട് കൺട്രോൾ,പറയുന്നതോ സ്ത്രീ
ശബ്ദം സുവീണാക്വണനോപമം താൻ
വയസ്സ് പത്തൊമ്പതിന്നിപ്പുറത്താ- ണാൾത്തിക്കുകൂടാനിനിയെന്ത് വേണം "
ഉത്കൃഷ്ടകാവ്യങ്ങളിലെ ഗഹനങ്ങളായ വിഷയങ്ങൾ നിസ്സാര കാര്യങ്ങളിലേയ്ക്കാനായിച്ചു ഹാസ്യരസം ചാലിച്ചു ചേർത്ത് അനുകരിക്കുന്നതിൽ സീതാരാമന്റെ പ്രാഗല്ഭ്യം അസൂയാവഹമാണ്
ആശാന്റെ "കരുണയിലെ" വിഖ്യാതമായ "ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃത മാം രാജ വീഥി തൻ കിഴക്കരികിൽ "എന്ന് തുടങ്ങിയ വരികൾക്ക് സീതാരാമൻ തന്റെ "അരണ"യിലൂടെ നൽകുന്ന പാരഡി പ്രകരണം ശ്രദ്ധിക്കൂ..
"ദക്ഷിണ കേരളത്തിന്റെയക്ഷയപാത്ര മായ് കൃഷി
രക്ഷചെയ്യും കോതയാറ്റിൻവടക്കരികിൽ"
എന്ന് തുടങ്ങി
"ഈടെഴുന്ന പനകൊണ്ടുതീർത്ത പടിവാതിലാർന്നു
മാടുകളെ കെട്ടാനുള്ള തൊഴുത്തിനുള്ളിൽ.....
ഗ്രാമഫോൺ സൂചിക്കൊപ്പം ലോലമായിട്ടഗ്രം കൂർത്തു
കോമളമാംവാല് മെല്ലെച്ചുഴറ്റിക്കൊണ്ട് "
വിരാജിക്കുന്ന അരണയെ നമുക്ക് മറക്കാനാവുമോ?
ആശയഗംഭീരനായ ആശാൻ പോലും
ഈ പാരഡി വായിച്ചാൽ ചിരിച്ചു തല തല്ലില്ലേ?
മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് മികച്ച പാരഡികളെഴുതുന്നവർ ധാരാളം ഉണ്ടെന്നകാര്യം മറക്കാനാവില്ലാ.
കഥാപ്രസംഗകലയോടൊപ്പം വളർന്ന അവയെക്കുറിച്ചും അവയുടെ രചയിതാക്കളെക്കുറിച്ചും തുടർന്ന് ആവിർഭവിച്ച "കാസറ്റ് പാരഡികളെ"ക്കുറിച്ചും എഴുതാൻ വിസ് തരഭയത്താൽ മുതിരുന്നില്ലാ..
(Source Articles of Prof. P. C. Devassia )