Sunday, October 25, 2015

പ്രതീക്ഷ


ചങ്ങലയെന്യേ,യലയുന്നെൻ മാനസം
ചങ്ങലപ്പാടുകൾ മേനിയിലുണ്ടതിൻ
വിങ്ങലും നീറ്റലും മെല്ലേത്തഴുകുമ്പോൾ
മങ്ങുമെൻ കാഴ്ച,യിരുൾ മൂടി ജീവിതം
"ചങ്ങല പൊട്ടിച്ചു പായുന്നവനിവൻ,
ചങ്ങലയ്ക്കിട്ടോരു, ഭ്രാന്തനിവനെന്നും"
ചൊല്ലുന്ന മാലോകർ, കല്ലെറിവോരെല്ലാം
തെല്ലും കരുണയില്ലാത്ത പീലാത്തോസുമാർ
അങ്ങകലെയായ് കാണുന്നു ഞാനൊരു
മങ്ങിയ ദീപം ,പ്രതീക്ഷ തൻ കൈത്തിരി
ഇത്തിരി നാൾ കൂടിയീ ജീവിതം ഞാനല്പം
സ്വസ്ഥതയോടെ കഴിയാൻ കനിഞ്ഞാലും !
ചെയ്യാത്ത തെറ്റുകളാരോപിച്ചെന്നെയും
ചെയ്യല്ലേ ,നിങ്ങൾ കുരിശേറ്റാൻ ശ്രമിക്കല്ലേ ?

Thursday, October 8, 2015

കാലചക്രം




 


 



















കാലചക്രം കറങ്ങുന്നതിന്നൊപ്പം

കേവലമീ മർത്യജീവിതം നീങ്ങുന്നു

കോമള ബാല്യ,കൌമാരാനുഭൂതികൾ

മോഹന യൌവ്വന കാലവും പിന്നിട്ടു

ഓടിക്കിതച്ചു നാമെത്തുന്നു വാർദ്ധക്യേ,

കോലായിൽ മേവിടും നാമ ജപത്തോടെ

കാത്തിരിപ്പൂ ,കനിവിനായ്, മുക്തിക്കായ്

ആർത്തിയോടന്ത്യശ്വാസം കഴിച്ചിടാൻ!


Wednesday, October 7, 2015

നാലപ്പാട്ട് നാരായണ മേനോൻ





ഇന്ന് ഒക്ടോബർ 7 മലയാള സാഹിത്യനഭോമണ്ഡലത്തിൽ ഒരു കണ്ണു നീർത്തുള്ളി ജാജ്വല്യമാനമായ ഭാവഗീത നക്ഷത്രമായി,വിലാപ കാവ്യമായി അവതരിപ്പിച്ച മഹാനുഭാവൻ ശ്രീ നാലപ്പാട്ട് നാരായണ മേനോന്റെ (1887 ഒക്ടോബർ 7 -1954 ജൂണ്‍ 3) ജന്മ ദിനം.

മലയാളത്തിൽ വിലാപകാവ്യ പ്രസ്ഥാനത്തിന്, ഭാവഗീതപ്രസ്ഥാനത്തിന്
നാന്ദി കുറിച്ച നാലപ്പാടന്റെ കൃതികൾ.
ചക്രവാളം (കവിത)
പുളകാങ്കുരം (കവിത)
കണ്ണുനീർത്തുള്ളി (വിലാപകാവ്യം)
ആർഷജ്ഞാനം (തത്വചിന്ത)
പൗരസ്ത്യദീപം(വിവർത്തനം)
പാവങ്ങൾ (വിവർത്തനം)
രതിസാമ്രാജ്യം (ലൈംഗികശാസ്ത്രം)
എന്നിവയാണ്.....

പ്രശസ്തസാഹിത്യകാരി നാലപ്പാട്ട് ബാലാമണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്‌. ബാലാമണിയമ്മയുടെ മകളാണല്ലോ , കമലാ സുരയ്യയെന്ന ,കമലാദാസെന്ന ,മാധവിക്കുട്ടിയെന്ന,നമ്മുടെ ആമി

നാലപ്പാട് തറവാടിനെ പരാമർശിക്കാതെ മലയാള സാഹിത്യ ചരിത്രം എഴുതാനാവുമോ ? അത്രമാത്രം മലയാളി കടപ്പെട്ടിരിക്കുന്നു ആ തറവാടിനോട്

എന്റെ ഈ കടപ്പാട് ഞാൻ ഈ രചനയിലൂടെ പ്രകടിപ്പിക്കട്ടെ !
 കണ്ണ്നീർത്തുള്ളി
നാലപ്പാടൻ തറവാട്ടിൽ മലയാണ്മകണ്ട
നോവിൻ കഥ "കണ്ണ്നീർത്തുള്ളിയായി,"
നലമിയന്ന മലയാള വിലാപകാവ്യമായി,
കാലാന്തരത്തിലും തെളിഞ്ഞു നിന്നിടുന്നു .

യൂഗോ തൻ വിശ്വവിഖ്യാതമായ നോവൽ
"പാവങ്ങൾ" നമുക്ക് പരിചിതമാക്കി മേനോൻ
രതിയുടെ മാസ്മരികമാം രസാനുഭൂതി
"രതിസാമ്രാജ്യ"മെന്നതന്നുജ്ജ്വല കൃതിയിലൂടെ
മലയാളിയ്ക്കഭികാമ്യമാക്കി മേനോൻ
മലയാള സാഹിത്യ "ചക്രവാളത്തിൽ" മിന്നി
പ്രകാശിക്കുമൊരുരുജ്ജ്വല താരമായ്
"കണ്ണുനീർത്തുള്ളി"യാം പ്രഥമ വിലാപകാവ്യം!
"പാവങ്ങൾ" വായിച്ചു "പുളകാങ്കുരി"തരാവാത്ത
പാവം മലയാളികളിന്നിവിടില്ല തന്നെ
നമ്മുടെ സാംസ്കാരിക വിപ്ലവ വീഥിയിലൂടെ
പ്രയാണത്തിനാവേശം പകർന്ന ചരിത്രനേട്ടമീ
പരിഭാഷ്യമെന്നോർത്തഭിമാനം കൊൾക, നമ്മൾ..