Friday, July 10, 2009

ഓണക്കാഴ്ചകൾ


ഓണക്കാഴ്ചകൾ

മലയാളി മഹോത്സവം, 
ഓണമെത്തി 
മാവേലി നാടു കാണാനുമെത്തി 
മലയാളക്കരയാകെ താണ്ടിയിട്ടും
കണ്ടില്ല, 
മാവേലി കണ്ടതില്ല
തിരുവോണക്കാലപ്പഴമ,തെല്ലും.

കാണം വിറ്റുണ്ണണമോണം, പിന്നെ
നാണം കെട്ടും കടം വാങ്ങിടേണം
ലോക ബാങ്ക് ,എ ഡി ബി,നല്കിടുന്ന
"ചരടുള്ള വായ്പകള്‍" വാരിക്കൂട്ടാം .
ഇന്ത്യൻ കറൻസി തൻ വിലയിടിഞ്ഞു 
പാതാള നാട്ടിലേക്കെത്തിയിട്ടും

ഏറും കടത്തിന്‍ പലിശ നല്‍കാ-
നാവതില്ലാതെ,യുഴലുമ്പോഴും
മേനിനടിച്ചു കഴിഞ്ഞിടേണം
മേളങ്ങള്‍ നാട്ടില്‍ തകര്‍ത്തിടേണം.

മാവേലി മന്നനണഞ്ഞിടുമ്പോള്‍
മാലോകരൊന്നായിക്കൂടിടേണം.
മദ്യം, മദിരാക്ഷി, സദ്യയോടെ
ഓണമൊരു പൂരമായ്‌ മാറ്റിടേണം.
ഉത്സവഘോഷത്തില്‍ പങ്കുചേരാന്‍
ഉത്സാഹിച്ചീടുകെന്‍ നാട്ടുകാരേ
ഉത്സവപ്പിറ്റേന്ന് വാര്‍ത്തയാകാം 
കൂട്ടമോരാത്മഹത്യയാകാം..
(വാര്‍ത്ത‍യായ് ചാനലില്‍ മിന്നിനില്‍ക്കാം
പേര്‍ത്തും സംപ്രേക്ഷണം ചെയ്തിടാനായ്‌.)

മില്ലേനിയം നാളില്‍ കേരളത്തില്‍
മിന്നലിന്‍ വേഗത്തില്‍ സഞ്ചരിക്കാന്‍
"മാരുതി"തൻ വിലയേറിടുന്ന
"ന്യൂ മോഡൽ "കാറതിലൊന്നിലേറി 
മാവേലി തന്റെ "പ്രസറ്റീജ്" കാത്തു .

മന്ത്രിതന്‍ വേഗത്തില്‍ പാഞ്ഞുവല്ലോ 
പൈലറ്റുകാറുകള്‍ മുന്നിലോടി.
മന്ത്രിയാണെന്ന് കരുതിച്ചിലർ 
തന്ത്രം മെനഞ്ഞങ്ങു കാത്തുനിന്നു 
ചീമുട്ടയാണെന്നൊരുകൂട്ടരും
"നാടൻ ബോംബെന്ന് ", മറുപക്ഷക്കാർ 
പ്രതിപക്ഷം,മറുപക്ഷം തല്ലുകൂടി 
പ്രതീക്ഷ നശിച്ചു പോയ്‌ മാവേലിക്കും.
ഈ നാട് നന്നായ് ഭരിച്ചിടുവാൻ 
ഇനി,മാവേലീ, 
ഭവാനുമസാദ്ധ്യമത്രെ!

മാവേലി കണ്ടൊരു കേരളത്തില്‍
പൂവില്ല, പൂക്കളമെങ്ങുമില്ല
നീതി, ന്യായങ്ങളശ്ശേഷമില്ല
നേരും നെറിവുമോ തെല്ലുമില്ല.
അത്തമില്ല,ത്തച്ചമയമില്ല
സത്യത്തിനൊട്ടും വിലയുമില്ല
മലയാളനാടിന്‍ മണിമുറ്റത്ത്‌
മലയാളിമങ്കമാരാരുമില്ല.
("മംഗ്ലീഷു"ചൊല്ലി "പ്പരഞ്ഞിടുന്ന"  
"മിനിസ്കുർട്ടു"ധാരികളേറെയുണ്ട്‌ )
തൃക്കാക്കരപ്പനു നേദിച്ചീടാന്‍
തൃത്താപ്പൂ ചൂടിയ കന്നിയില്ല.
തുമ്പി തുള്ളാനില്ല, കുമ്മിയടിക്കുവാന്‍
കുമ്മാട്ടിക്കളിയാടാന്‍ പിള്ളരില്ല.

ചാനല്‍ പ്രളയത്തില്‍ നീന്തിടുന്നോര്‍
മാവേലി വന്നതറിഞ്ഞതില്ല
ചാനലിലോണം തിമിര്‍ത്തിടുമ്പോള്‍
പൂക്കളം തീര്‍ക്കുവാനാര്‍ക്കു നേരം.
അന്തവും കുന്തവുമില്ലാത്ത "സീരിയല്‍"
കണ്ടിടാന്‍ പോലും സമയമില്ല
മാവേലി വന്നതറിഞ്ഞുമില്ല
മാബലിനാടിന്‍ പ്രജകള്‍ നമ്മള്‍.

വന്നതബദ്ധമായ്‌ കണ്ട രാജന്‍
ഖിന്നനായ്‌ മെല്ലെ മടങ്ങിയത്രേ !
പോകും വഴിക്കിഹ, രാജനൊന്ന്
കോളേജ് "ക്യാമ്പസി"ലെത്തി നോക്കി.
ഓണം തകര്‍ക്കുന്ന കാഴ്ച കണ്ടി-
ട്ടാമോദം പൂണ്ടുതാന്‍ മാബലിയും.
വീരപ്പനെപ്പോലൊരുവനെ,ത്താന്‍
മാവേലിയെന്നു നിനച്ചു പിള്ളേര്‍.
ആരോ കരം പിടിച്ചാനയിച്ചു
"സ്റ്റേജി"ന്റെ മദ്ധ്യത്തിലാക്കി, പിന്നെ
കൂവലാല്‍ സപ്തസ്വരങ്ങള്‍ പാടി
താര സമാനനായാദരിപ്പൂ ...

പെട്ടന്നവിടെക്കായാഗമിപ്പൂ..
കഷ്ടം! വാമനനാമൊരുവൻ  
"ദുഷ്ടൻ," പ്രിൻസിപ്പാലദ്ദേഹമെന്നു 
"ശിഷ്ടരാം" ശിഷ്യഗണമുരച്ചു.

"യൂണിഫോം" വേഷത്തിലല്ലാതെ 
നമ്മുടെ "മവേലിവേഷത്തെ" 
കണ്ടതും വാമനൻ, കാര്യമറിയാതെ 
കോപിഷ്ടനായ്  
 കാര്യമാരായുന്നതിനു മുൻപേതന്നെ ,
അങ്കക്കലിപൂണ്ട 
അരിങ്ങോടരെപ്പോൽ   
"ഗെറ്റ് ഔട്ട് ,"യു ഇടിയറ്റെന്നു" 
അട്ടഹസിച്ചുറഞ്ഞു തുള്ളി .  

"മാവേലി" തെല്ലും കുലുങ്ങിയില്ല.
കാട്ടിനാന്‍ തന്നുടെ വിശ്വരൂപം.
മുണ്ടഴിച്ചങ്ങു തലയില്‍ കെട്ടി
വാ തുറന്നഞ്ചാറു "ഭള്ളു ചൊല്ലി".
മാബലിയല്ലടാ, വാടക ഗുണ്ട ഞാന്‍"
മാന്യന്‍, ഈ നാട്ടിലെ പൗരനത്രേ !
"മില്ലിയടി"ച്ചോരാ പുത്തനാം മാവേലി
മാനവീയത്തിന്‍ ദൃഷ്ടാന്തമായി.

വന്നതബദ്ധമായ്‌ ത്തോന്നി , 
സാക്ഷാല്‍
മാബലിമന്നന്‍ മടങ്ങിയത്രേ !
ഖിന്നനായ്‌ പാതാളലോകം തേടി
മാബലിമന്നന്‍ മടങ്ങിയത്രേ !

No comments: