Monday, April 29, 2013

എന്നെ നിങ്ങൾക്കറിയാമോ ?

"എന്നെ നിങ്ങൾക്കറിയുമോ?"
"ഇല്ല,ഞങ്ങൾക്കറിയില്ല".

"കൊള്ളാവുന്ന"ക്ലു"തന്നാൽ ?  
ഞങ്ങളൊന്നു ശ്രമിച്ചീടാം." 

"എന്നാൽ നല്ല "ക്ലു" തരാം  
നിങ്ങളൊന്നു പറഞ്ഞാലും". 

"മാന്യനല്ലൊ,ഞാനൊരു 
മാന്യനാം പാവം പൗരൻ.   
മാന്യതയാർന്നോനെന്നെ 
മാനമില്ലാത്തോനാക്കാൻ 
ഞാനെന്തു തെറ്റു ചെയ്തു,  
നിങ്ങളതൊന്നു ചൊല്ലൂ ? 

ശരിക്കും ഞാൻഹൈന്ദവൻ,
ചിലപ്പോളോ, ക്രിസ്ത്യാനിയും,
ഇസ്ലാമായ് ഞാൻ പലപ്പോഴും  
വേഷം പകർന്നാടുമല്ലോ? 

എനിക്കില്ല, മതദ്വേഷം,
ജാതിചിന്തയശേഷവും,   
ജാതി,മതസമ്മേളനവേദി
കളിൽ,പൂജ്യനാം ഞാൻ ?

പത്രമാധ്യങ്ങളൊക്കെയും
നിത്യവുമെൻവാർത്ത,നല്ല  
പൊടിപ്പും തൊങ്ങലുമായി 
സചിത്രം കൊട്ടിഘോഷിപ്പൂ... 

രാഷ്ട്രമീമാംസകനല്ലഞാൻ 
രാഷ്ട്രീയത്തിന്നുമതീതനാം
എങ്കിലുമെൻ സേവനമീ  
രാഷ്ട്രീയക്കാർക്കനിർവാര്യം.  

വർഗീയ കലാപമുണ്ടാക്കും  
തന്ത്രശാലി ഞാനാണല്ലോ?  
തെരെഞ്ഞെടുപ്പടുത്താലോ  
തെരക്കോടു,തിരക്കത്രേ ?  

പൊലിസേമാൻമാരവർക്കും   
ഭയ,ഭക്തി,ബഹുമാനം   
ഇടയ്‌ക്കൊക്കെയവർക്കുംഞാൻ 
ഗുരുദക്ഷിണയേകുമല്ലോ?     

പ്രതികൾക്കായ് വലവീശി, 
മാനംനോക്കിയിരിക്കുന്നോർ-    
തന്മാനംപോകാതിരിക്കുവാൻ   
ചിലപ്പോൾ ഞാൻ "പ്രതികളെ" 
ഹാജരാക്കി,യേമാന്മാരെ 
സഹായിക്കുന്നതിനാലെ, 
കേസുകളൊന്നുമെന്റെമേൽ 
ചാർത്തിടാതെയൊഴിവാക്കും.

വ്യവസായ പ്രമുഖൻ,ഞാൻ 
"കുടിൽ",വ്യവസായം",തരാതരം   
നോട്ടടിക്കും ബാങ്കാണല്ലോ  
നോട്ടിരട്ടിപ്പിക്കാനും കേമൻ 

ടുറിസം വ്യവസായത്തിൽ 
എന്നെ,വെല്ലാനാരുമില്ല?
നാട്ടിലൊക്കെ റിസോർട്ടുണ്ട് ,
ഡോളർനേടും ഖനികൾ താൻ    
സ്ത്രീപീഡനത്തിൻ കഥകൾ    
മുളപ്പിക്കും,"നർസറികൾ"  
രതിനാടകരംഗങ്ങൾ,ടിവി'
സീരിയൽ,പോലവിരാമം  
നടമാടുന്നവിടെന്നും .

സിനിമാഭ്രമം വല്ലാതെൻ 
സിരകളിൽ പൂക്കുമ്പോൾ 
ഉന്മാദത്തോടപ്പോൾ തന്നെ    
നിർമാതാവിൻകുപ്പായം, 
ഞാണിയാനും മടിക്കില്ല.
ഥയുംതിരക്കഥയും ,
നവാഗതസംവിധാന-
പ്രതിഭയും ഞാൻ തന്നെ   
ഞാൻ പിടിക്കുംപടമെല്ലാം 
ചൂടപ്പംപോൽ ചിലവാകും , 
തിയേറ്ററിൽ കൊടുക്കില്ല   
"സാറ്റലൈറ്റ് റൈറ്റും"വേണ്ട,
സി.ഡി.മാത്രം മതിയത്രെ! 

നായികമാരവരൊക്കെ 
താരറാണികളായി മിന്നി  
അവരിൽ ചിലരിന്നുമെന്റെ    
സുഖകാംഷികളാണല്ലോ? 
ഭാഗ്യഹീനരാം ചിലരൊക്കെ  
രതിസുഖ,രസം വിൽക്കും 
രാത്രിതൻ നായികമാരായ്  
തെരുവോരത്തലയുന്നു.  

നാടനും ഫോറിനുമെന്ന
ഭേദമില്ലാതനവധി  
ബ്രാണ്ടിലുള്ള മദ്യമൊക്കെ 
നാട്ടിലാകെയൊഴുക്കീടും 
മദ്യനിരോധനക്കാർക്കും   
കൈയ്യയച്ചു പണം നല്കും,
മദ്യ,മാഫിയത്തലവൻ,   
ജനത്തിന്നും കണ്ണിലുണ്ണി 

ദീനാനുകമ്പകാട്ടീടാനെനി
ക്കവസരം ലഭ്യമായാൽ  
പാഴാക്കുവാനൊട്ടുമേ ഞാൻ   
സമ്മതിക്കില്ലൊരിക്കലും 
സമൂഹവിവാഹം,പിന്നെ 
സൗജന്യാതുരസേവനം, 
ഇതൊക്കെയെന്നുമെൻ,
ബലഹീനതയാണല്ലോ?

ഭരണം മാറി,വന്നെന്നാലും  
ഭയക്കില്ല ഞാനൊരിക്കലും 
ഭരിക്കുന്നോരവർക്കൊപ്പം
മദിച്ചെന്നും നടക്കും ഞാൻ   

പരിസ്ഥിതി തകർത്താലും 
വരും തലമുറയ്കായെന്നും 
കരുതലുള്ളവനീ ഞാനും ?
കരുതുന്നു "സ്വിസ്സ് ബാങ്കിൽ"    
എന്റെ പിന്ഗാമികൾക്കായി 

ഇത്രയും ഞാൻ ചൊല്ലിയിട്ടും 
എന്നെ നിങ്ങൾക്കറിയില്ലേ? 
നിങ്ങളെപ്പോലെതന്നെയവർ 
സി.ബി.ഐ,ക്കാർപറയുന്നു
പിടികിട്ടുന്നില്ലെന്നവർ  
ആണയിട്ടു പറയുന്നു    
"പിടികിട്ടാപുള്ളിയെന്നും" - 
പരസ്യത്തിൽ പറയുന്നു".  

"ഉന്നതത്തിൽ "പിടി"യുള്ള  -
"പിടികിട്ടാപുള്ളി"യായി
വിലസുന്ന മാന്യനെന്നെ  
അറിയില്ലേ,മാലോകരേ?"   


Saturday, April 27, 2013

നീലിമ


നീലിമ

നീലിമേ, അനുരാഗപൂർണ്ണിമേ,നീ വരൂ 
നീ വരൂ,രാഗലോലയായ് ,നീലിമേ,

നീലാകാശസമാന,മെൻമാനസേ 
നീ,രാഗപൂർണിമയായിത്തെളിഞ്ഞിടൂ .. 
നീരാടി,വൃശ്ചികക്കുളിരലനല്കിടും,
നീഹാരക്കോടി പുതച്ചീറനായ് വരൂ..

നീലിമേ,ഞാനനുരാഗലോലിതൻ  
കാണ്മൂ,ഞാൻ മോഹനാകാരഭംഗിയതി-  
ലോലമാം നിന്നീറൻവസനത്തിനുള്ളിലും.
കാലമേറെക്കഴിഞ്ഞുവെന്നാകിലും   
കാന്തിമങ്ങാതെ ചിരിതൂകി നില്പൂ നീ...

നീലിമേ,നിന്റെയോർമ്മകളെൻ ഹൃത്തിൽ 
നീറി,നിൽക്കുന്ന ദാഹമാണെൻ,പ്രിയേ 
കാണുവാൻ,നിന്നെ,യൊരുമാത്ര,കാണുവാൻ
കാലമേറെയായ് ഞാൻ കാത്തു നില്ക്കുന്നു. 

നീ മറഞ്ഞു പോയിട്ടെത്തറകാലമായ് ...
വിഷുകടന്നുപോയ്‌ ,ഓണവും വന്നുപോയ്‌
വിഷുപ്പഷിപോൽ ,കലണ്ടറിൻ താളുകൾ
എത്രയെണ്ണം പറന്നകലേക്കകന്നു പോയ്‌
നിത്യത,തൻ ചില്ലയിൽ ചേക്കേറാൻ ...

നീലിമേ,യെന്നനുരാഗപൂർണ്ണിമേ,നീ വരും
കാലവുംകാത്തേകനായീമരുഭൂമിയിൽ   
അലയുന്നിതൊരുതുളളി ദാഹജലംതേടി-   
കേഴുന്ന വേഴാമ്പൽപ്പക്ഷിയേപ്പോലെ ഞാൻ  
നീലിമേ,യെൻമാനസവിഭ്രാന്തിനല്കിടും 
നിറമുള്ള സ്വപ്നച്ചിറകിലുയർന്നു ഞാൻ 
നീ പാർക്കും സ്വർഗ്ഗലോകത്തു വന്നിതാ 
നീ മറഞ്ഞെന്തിന്നു,നിൽക്കുന്നിതെൻ പ്രിയേ 

കാണ്മൂ,ഞാൻ നിന്നാകാരഭംഗിയാ-
ലോലമാം,തിരശീലക്കുള്ളിലായ്...
കാലമേറെക്കഴിഞ്ഞു വെന്നാകിലും      
കാന്തിമങ്ങാതെ ചിരിതൂകി നില്പൂ നീ...

നീറുമെൻ മനസ്സിൽ കുളിർമഴ പെയ്തിടാൻ 
നീലിമേ, അനുരാഗലോലയായ് ,നീ വരൂ.

Wednesday, April 24, 2013

പ്രേമപൂജാരി

Lovers Silence

ആദ്യപ്രണയത്തിൻ ഹൃദ്യമാമോർമ്മകൾ,
നൈവേദ്യമായെൻഹൃദയേ,നിറയുമ്പോൾ,
ഹൃദയേശ്വരീ,നിൻ ശ്രീയാർന്നോരാകാരം
പൂജാരൂപമായെൻ മനസ്സിൽത്തെളിയുന്നു...
കലാലയജീവിതസായാഹ്നനാളിലായ്
കമനീയമാകുമൊ"രോട്ടോഗ്രാഫിൻ"താളിൽ
കവിതതുളുമ്പും കുറിപ്പിൽ നിൻ പ്രേമത്തെ
സഖി,നീയറിയിച്ചകഥയോർത്തിടാറുണ്ടോ?
കാവ്യാല്മകം,പ്രണയലേഖനമെഴുതി ഞാൻ
കാണാതെയാരും,കാണാതെ,തന്നെ നിൻ
കാലടിപ്പാടുകൾ പിന്തുടർന്നെത്തി,നീ
കോവിലിൽപോകും വഴിയിലായ് നില്ക്കവേ,
കോവിലിൽ പോയി  നീ കാത്തുനിന്നില്ലയോ കോപമാർന്നെത്തി,ദേവനെക്കാണാതെ
കൂവളത്തിൻ,ചോട്ടിലന്നു നീ നിന്നപ്പോൾ
കാതരയായൊരാ നിൻ മിഴിപ്പക്ഷികൾ
വേവലാതി,പൂണ്ടിതെന്നെപ്പരതിയോ?
നമ്മുടെ നേർമിഴി തമ്മിലിടഞ്ഞപ്പോൾ,
മിണ്ടാതെ,മൌനമായ്,നീയന്നുചൊല്ലിയ,
പ്രേമ,മധുരമാം വാക്കുകൾ ഞാനിന്നും
ഗായത്രീ മന്ത്രമായ് നിത്യവും ചൊല്ലിടും.

കാലപ്രവാഹത്തിൻ കുത്തൊഴുക്കിൽ
കാണാമറയത്തിതന്യോന്യംകാണാതെ,
ഏതോ,വിജനമാം തീരത്തടിഞ്ഞുനാം ,
നിത്യഹതഭാഗ്യരായ് നമ്മൾമാറിയോ? .
വിസ്തൃതം,പ്രക്ഷുബ്ധം,വിരഹമാം സാഗരം,
നീന്തിക്കരേറിടാനായതില്ലെങ്കിലും
പ്രേമസുരഭിലപുഷ്പങ്ങൾ ചാർത്തി ഞാൻ
പ്രാണേശ്വരീ,നിന്റെ മോഹനരൂപത്തെ
മാനസക്ഷേത്രത്തിലിന്നും പ്രതിഷ്ഠിച്ചു
പൂജിച്ചിടും പ്രേമ,പൂജാരിതാനല്ലോ ?

Monday, April 22, 2013

ഒരു ജീവന്മരണ പോരാട്ടം
ഒരു ജീവന്മരണ പോരാട്ടംതലപോയ,തെങ്ങൊന്നെൻ
പടിവാതിലിൻ ചാരെ,
പടുവൃദ്ധനെപോലെ
നില്പുണ്ടല്ലോ?.

മരമായ,മരമൊക്കെ,
കൊത്തിനടക്കുന്ന,
കിളിവർഗ്ഗത്തച്ചൻ,
അരിയ മരംകൊത്തി
അവിടേക്കന്നൊരു
ദിനം വന്നണഞ്ഞു .

അരിയ മരംകൊത്തി
ചെറിയോരഹങ്കാരി
മരമൊന്നുകൊത്തി,
മറുപുറം കൊത്തി
മതിയായില്ലവനൊട്ടും
തെരു,തെരെ,യവന-
പ്പോളാഞ്ഞു കൊത്തി.


പകലുകൾ പലതും
 കൊഴിഞ്ഞുവല്ലോ ?
"പോടി"ന്നൊരു രൂപം .
വന്നില്ലെന്നാകിലും
പരിശ്രമിയാമവൻ
പിന്മാറിടുമോ? .

കിളികളിൽ ഗർവിഷ്ടൻ,
തലയിൽ പൂവുള്ളവൻ,
"ചിലുചില,കല പില,
കല,പിലയെന്നു"
ചിലച്ചും കൊണ്ടേയവൻ
പ്രതിദിനവും വന്നാ
പ്പോടിൽ "തച്ചി"രുന്നു.. 
പലനാൾകഴിഞ്ഞപ്പോ-
ളവനാമരത്തിലായ്,
ഒരു,കമനീയമാം
ചെറുപോടു നന്നായ്
തുരന്നെടുത്തു. .

പിന്നെയവനാക്കൂടിൻ 
ചാരുതയാസ്വദിച്ച-
ഭിമാനപൂരിതനായ് വന്നു
നോക്കി നില്ക്കും ..
ചാഞ്ഞും ചരിഞ്ഞും
കൂടിൻറെ ചാരത്തു
നിറയും ഗർവോടവൻ
നോക്കി നില്ക്കും ..

പിന്നീടൊരു നാളവിടെ
ഞാൻ കേട്ടല്ലോ,
മാടത്തക്കിളികൾ
തൻ സംഘഗാനം.

മിഥുനങ്ങളായെത്തി-
യരുമക്കിളിമക്കൾ
തെങ്ങിലെ,പോടിൽ
തൻകൂടൊരുക്കി.

പോടൊരു,കൂടാക്കി
മാറ്റിയെടുത്തവർ,
കൂടിന്റെയുള്ളിൽ
"കുടിവച്ചല്ലോ"

മുട്ടയിട്ടോരവൾ,
പെണ്‍കിളി,തൻ
കൂട്ടിലത്യന്തം ശ്രദ്ധ
യാർന്ന,ടയിരുന്നു.

ചാഞ്ഞമരക്കൊമ്പു,
ചാരത്തുണ്ടതിലന്നു,
കൂട്ടിന്നിണക്കിളി
കാത്തിരുന്നു.

കൂട്ടിലിരിക്കുംതൻ
കൂട്ടുകാരിക്കവൻ
കണ്ണൊന്നു,ചിമ്മാതെ,
കാവലാളായ്‌.

ദിനമേറെക്കഴിയവെ-
യൊരുനാളിൽ,
കൂട്ടിലെ,കിളികളും
കൂട്ടരും കല,പില,
കല പില,യെന്നവരു
ച്ചത്തിൽ,ഭീതിയാൽ 
കഠിനമായുണ്ടാക്കി
മുറവിളികൾ.

പതിവില്ലാതവിടേക്ക-
ന്നെത്തിനോക്കുമ്പോൾ
ഞാൻ ഭീതി,യുണ്ടാക്കു
മാക്കാഴ്ച കണ്ടു.

ദയനീയമെന്നല്ലാതെന്തു
ഞാൻ ചൊല്ലുക,
അവിടെ ഞാൻ കണ്ടൊരു
രംഗങ്ങളെ.

കൂട്ടിലെ മുട്ടകൾ
പ്രാതലായ് ഭക്ഷിക്കാൻ .
ഒരുമഞ്ഞച്ചേരയാ,
കൂട്ടിലെത്തി.

അലറിക്കരഞ്ഞവർ
ചിറകിട്ടടിച്ചു
ചോരനാം ചേരയെ-
പ്പായിച്ചീടാൻ.

കൂട്ടുകാരായെത്തി
കാക്കതൻ വൻപട.
നാട്ടിലെ കിളി-
മക്കളെല്ലാരുമെത്തീ

കാറി വിളിച്ചും,
റാഞ്ചിപ്പറന്നും,
കൂട്ടുചേർന്നന്നവർ
ദുഷ്ടനാം പാമ്പിനെ
കൊത്തിയോടിക്കുന്ന
നൽക്കാഴ്ച്ച കണ്ടു.

നിസ്തുലമായോരാ
നേർ കാഴ്ചയെൻ
ചിത്തത്തെവല്ലാതന്നു
തൊട്ടുണർത്തി

മർത്യർക്കിന്നന്യമാം 
സഹജീവി സ്നേഹവും
ഒരുമയോടുള്ളോരു
ജീവിതചര്യയും
കൊച്ചുകിളിമക്കൾ
കാട്ടിത്തന്നുവല്ലോ?   

ജീവന്റെ ജീവനാം
കുഞ്ഞുങ്ങൾക്കായവർ
ജീവൻ കളഞ്ഞും
പൊരുതി നേടി.


 

Friday, April 19, 2013

മരണദേവനൊരു വരമരുളിയാൽ ?

മരണമേ!നിൻവരവ് ഘോഷിക്കും   

മണിമുഴങ്ങുന്നിതെന്റെ കാതിലും. 

മതി,വരാതെയീ,ജീവനാടക-  

മിനിയുമാടുവാനനുവദിക്കു,നീ   

കഴിയുമെങ്കി,ലരനാഴിക,നേരം  

കഴിയുവാന,ധികമായി,നല്കണേ...  


ചെറുക്കുവാനെനി,ക്കാവതില്ലെങ്കിലും  

ഒളിക്കുവാൻ ഞാൻ ശ്രമിച്ചുനോക്കട്ടെ,  

പരുപരുത്തൊരു നിന്റെ കൈകളാൽ ,

പിടിച്ചുതാഴ്ത്തുവതെവിടേക്കിതെന്നെ,നീ  

ഇരുട്ടുചൂഴുമൊരഗാധഗർത്തത്തിൽ,     

തിരിച്ചു വന്നിടാനാവതില്ലല്ല്ല്ലോ?   


"പതം പറഞ്ഞു"കരഞ്ഞെന്റെ ചുറ്റിലും 

മനംതകർന്നവരെന്റെ മിത്രങ്ങൾ   

പ്രകീർത്തിച്ചീടുന്നപദാനമെന്നുടെ  

പ്രശസ്തനെന്നെന്നെ,"പുകഴ്ത്തികൊല്ലുന്നു".

ഇടക്കിടെ,ചിലർ,കുശു,കുശുപ്പുമായ്,  

ഇകഴ്ത്തിടാനൊട്ടും മടിച്ചിടുന്നില്ല. 

മരണദേവനും മനമലിഞ്ഞുവോ?

തരികായാണവൻ,പുനരെനിക്കൊരു 

കുറിയകാലമീജീവിതം,വീണ്ടും  

മതിമറന്നു,ഞാനാസ്വദിച്ചിടാൻ ..


പതിയെ,ഞാനെന്റെ മിഴിതുറക്കവേ   

പലരുമതുകണ്ടു ബോധരഹിതരായ്‌..  

ഇനിയുമിവിടെ നിന്നുപോയെന്നാൽ 

പലതുമീ,"പരേതൻ" ചൊല്ലിയാൽ,  

അതുഭയന്നവരൊന്നൊഴിയാതെ,  

പലവഴിക്കുമായ് പാഞ്ഞുപോയിതോ?  

പരിമിതമായിത്തീർന്നിതാൾക്കൂട്ടം    

പരിഭവമില്ലെൻ,പ്രിയരു മാത്രമായ്..  

Friday, April 12, 2013

വിഷുക്കൈനേട്ടം


കോയിക്കലെ കണിക്കൊന്നപൂത്തു

വേലിക്കലേക്കതു ചാഞ്ഞുനിന്നൂ..   

പൂത്തോരെൻ കൗമാര മോഹങ്ങളും 

പൂത്തുലാവുന്നൊരാ,പൂവ് തേടി..   

വിഷുവല്ലേ ? കൈനീട്ടം പങ്കിടാനായ്

വേലിക്കരികിലേക്കോടിയെത്തി..   

ചേലൊത്ത ചുംബന കൈനീട്ടങ്ങൾ 

ചേലോടെയന്നു ഞാൻ നല്കി,വാങ്ങീ..

Friday, April 5, 2013

സംഭവാമി യുഗേ യുഗേ


അഗ്രജന്‍ യുധിഷ്ടിരന്‍,
ധർമിഷ്ടന്‍, നൃപശ്രേഷ്ടനാം.
മാരുതിപുത്രന്‍ ഭീമസേനനാം
ദ്വിതീയന്‍,ക്ഷിപ്രകോപിയാം.
കുന്തി തന്‍ തൃതീയ സന്തതി,
അര്‍ജ്ജുനന്നസ്ത്രവിശാരദന്‍.
നലമിയന്ന ധീരയോദ്ധാക്കള്‍
നകുല,സഹദേവാദികള്‍.
അഞ്ചു പേരവരൊത്തെന്നാല്‍
വെല്ലുവാനാര്‍ക്ക് സാധിക്കും?
പാര്‍ത്ഥസാരഥി കൃഷ്ണനും
പാണ്ഡവര്‍ക്കൊപ്പമാണല്ലോ,
പാര്‍ത്തലത്തിലവരജയ്യരാം
നേരിടാനെളുതാകുമോ ?

ഭിക്ഷ കിട്ടിയ"വഹ"യൊക്കെ 
തുല്യമായ് തന്നെ പങ്കിടാന്‍,
കുന്തിയേകിയ കല്‍പന,
നിശ്ചയം, നിറവേറ്റിടാന്‍,
പഞ്ചപാണ്ടവരവര്‍ക്കൊപ്പം
പാഞ്ചാലീനാമ ദ്രൗപതി,
ധര്‍മപത്നിയായ് തീര്‍ന്നല്ലോ?  

കുലദ്രോഹികള്‍ കൗരവര്‍
കുലത്തിന്‍പത്നി കൃഷ്ണയെ,
കേവലം പണയവസ്തുവായ്‌
നേടീ കള്ള ചൂതിനാല്‍....

ദുഷ്ടര്‍, ദുശ്ശാസനന്മാരാല്‍
വിവസ്ത്രിതയായൊരു
കൃഷ്ണയെപ്പോല്‍ കേഴുന്ന 
ഭാരതാംബയെ രക്ഷിക്കാന്‍
അഭിമാനം കാത്തീടാന്‍,
അണയുവാനിനിയും നീ
അനിരുദ്ധാ,വൈകല്ലെ ?

കുരുക്ഷേത്ര രണാങ്കണെ,
കുടിലത നിറഞ്ഞോരാ,
കൌരവരെ നശിപ്പിക്കാന്‍
കൌന്തേയര്‍,ധര്മിഷ്ടര്‍തന്‍
തുണയേകാന്‍ പണ്ടു നീ
അവതാരം ചെയ്തപോല്‍
ഇനിയൊട്ടും വൈകാതെ
കൃഷ്ണാ,നീ,വരൂ,വേഗം .

സത്യ,ധര്‍മശാസ്ത്രങ്ങള്‍
മിഥ്യയായ് തീര്‍ന്നു ഞങ്ങള്‍ക്ക്,
ധര്‍മ പാലകന്‍ വിഷ്ണുവിന്‍ 
കര്‍മസാക്ഷി നീ കാര്‍വര്‍ണ്ണാ
പണ്ടു നീ  ഞങ്ങള്‍ക്കായ്..
തന്ന വാക്കു മറക്കാമോ?
"ധര്‍മസംസ്ഥാപനാര്‍ത്ഥം
പാര്‍ത്തലത്തില്‍ യഥാകാലേ
വിഷ്ണുവിന്നവതാരമായ്  
സംഭവാമി യുഗേ,യുഗേ.".

കുട്ടികൊമ്പനും കുറുമ്പനുറുമ്പും

കുട്ടികൊമ്പനും കുറുമ്പനുറുമ്പും

Photo: കറുപ്പിന്‍റെ അഴക്ക്....പാമ്പാടി രാജന്‍♥


More Pictures & Videos Just Like This Page
LIKE ••►now> Kaanchi Malayalam Movie
LIKE ••►now> വ്യത്യസ്തമായ ഒരു പേജു
LIKE••► now> Thrissurtoday
LIKE••► now> Waytonikah.com - Muslim Matrimonial

വമ്പെഴും കുട്ടിക്കുറുമ്പനാനേം, 
കുറുമ്പേറും കറുമ്പനാകട്ടുറുമ്പും,
ഒരുനാളാകാട്ടിലൊരിക്കലന്നു, 
പലനാളു കൂടിയവർ കണ്ടുമുട്ടി.
കുറുമ്പനുറുമ്പ്‌ പറഞ്ഞു മെല്ലെ,
"ചങ്ങാതിയാനേ, വമ്പനാനേ,
എന്നെ നീയൊന്നു പുറത്തേറ്റുമോ?."
അത് കേട്ടരിശംപൂണ്ടാന ചൊല്ലി, 
"ഹമ്പട, ഉറുമ്പേ,എന്തൊരു പൂതി!
ചിലമ്പാതെ നീയൊന്നു വഴി മാറിനില്ല്." 
ഉറുമ്പൊന്നു കെഞ്ചി,"സുന്ദരനാനേ,
തുമ്പിയിലേറ്റി,ചങ്ങാതിയെന്നെ 
നിൻ പുറത്തേക്കൊന്നിരുത്തിടാമോ?" 
ആന മൊഴിഞ്ഞു,"നീവെറും പ്രാണി
പ്രാണികളാനയ്ക്ക് ചങ്ങാതിയെന്നോ? 
പ്രാണനുമായി നീ പോയാട്ടെ, ദൂരെ."
കുറുമ്പനുറുമ്പ്‌,കൊമ്പനോടോതി, 
"ചങ്ങാതിയാനേ,വീരസ്യം കളയൂ, 
ഞാൻ വെറുമൊരു പ്രാണിയാകട്ടെ, 
ഞാൻ നിനച്ചെന്നാലീ നിന്നെപ്പോലും 
കൊമ്പുകുത്തിക്കാനെനിക്കാകുമല്ലോ? 
വാക്കിനെതിർ വാക്കുചൊല്ലിയവർക്കന്നു 
നാക്കും പിഴച്ചല്ലോ,വക്കാണമേറി. 
(ഓർക്കുക ,കൂർത്തോരമ്പുപോലുള്ള 
വാക്കുകളൊരിക്കലുരിയാടിയാല്പി-
ന്നീടൊരിക്കലും നമുക്കതു വീണ്ടും 
തിരിച്ചെടുക്കുവാനാവതില്ലല്ലോ? )

പിന്നീടൊരിക്കലാവഴിതന്നെ വന്നു, 
വിശന്നുവലഞ്ഞോരാ,കൊമ്പനാന. 
തളിരില തിങ്ങും മരമൊന്നു കണ്ടു 
തളിരിളംചില്ലയൊടിച്ചു,ചുരുട്ടി 
തുമ്പിയിലേറ്റി,തിന്നാൻ തുടങ്ങി. 
തുമ്പിക്കരം തന്നുള്ളിലേക്കന്നാ- 
കുറുമ്പനുറുമ്പും പതിയെ കരേറി ? . 

കുഞ്ഞനുറുമ്പിൻ കടിയേറ്റവനാ 
കുട്ടികുറുമ്പനോ,സമനില തെറ്റി. 
വാലുംചുരുട്ടിക്കൊമ്പും കുലുക്കി 
വിറളിപിടിച്ചവൻ പാഞ്ഞുനടന്നു 
ആനക്ക് ഭ്രാന്തായെന്നാർത്തുവിളി-
ച്ചാനാട്ടുകാരാകെ ചുറ്റിലും കൂടി. 
മയക്കു വെടിവെക്കാൻ,കല്പനയായി 
വെടിയേറ്റോരാനയോ,കൊമ്പുകുത്തി. 
തുമ്പിക്കരം തന്നുള്ളിലിരുന്നപ്പോളമ്പേ-
യാക്കുഞ്ഞനുറുമ്പു കുലുങ്ങിച്ചിരിച്ചു!

Wednesday, April 3, 2013

ഒരാനയുടെ ആത്മഗതം
Indian_elephant : Pink elephant isolated
അമ്മയെന്നോതുന്നിതാദ്യമായ് പൈതങ്ങൾ,
പിന്നീടിതെൻ നാമം ചൊല്ലുന്നു ഭംഗിയായ്‌,
പുസ്തകത്താളിലേ,യക്ഷരമാലയ്ക്ക്,
ചിത്രമായ്‌ത്തീർന്നിടും,വൻ,കരിവീരൻ, ഞാൻ.
മസ്തകം തന്നിൽ തിടമ്പേറ്റുവോനിവൻ,
നിത്യവും കുട്ടികൾക്കത്ഭുതമായവൻ,

കാടിന്റെയോമനമക്കളീ ഞങ്ങൾ 
നാടിനെക്കാത്തിടും ദേവകൾ തന്നുടെ,
കോമളമാകും തിടമ്പുമായ് വീടുകൾ
തേടിനടക്കുന്നു നാട്ടുവഴിതോറും
ചുട്ടുപഴുത്തുരുകുന്ന വെയിലത്തും  
കത്തുമുടലും മനസുമായ് ഞങ്ങളോ, 
വർണ്ണക്കുടചൂടിഗംഭീര ഭാവത്തിൽ
തുമ്പിയുമാട്ടി,ക്ഷമയോടെനിന്നിടും.


പൂരപ്പറമ്പിലെ മേളക്കൊഴുപ്പിലും
ആലവട്ടങ്ങൾക്കൊപ്പം ചെവിയാട്ടി,
താലപ്പൊലിയേന്തി ക്ഷീണിച്ചവശരാം
ബാലികമാരവർക്കൊപ്പം നിസ്സംഗമാം
ഭാവത്തിലെത്രയോലക്ഷം ജനങ്ങൾക്കു
കൗതുകമേറ്റുന്ന കാഴ്ചയായ്മാറിടും.


തന്ത്രിമാർക്കുത്സവമേളം കൊഴുപ്പിക്കാൻ,
മന്ത്രിപ്രവരർക്കു മാല്യങ്ങളർപ്പിക്കാൻ,
സർക്കസുമേളയിലഭ്യാസിയായിടാൻ,
സർക്കാരിൻകീർത്തിമുദ്രയും ഞാനല്ലോ?
ഓർക്കുക,ഞങ്ങളീയാനകൾ ചെയ്തിടും
മർത്യനുപകാരമേറും പ്രവൃത്തികൾ.


ദേശാടനപക്ഷിക്കൂട്ടം വരുന്ന പോൽ,
ദേശാടനപ്പൂതിയേറി സുഖംതേടി,
ദേശ-ദേശാന്തരങ്ങളിൽ നിന്നുമീ,  
ദേശത്തിലെത്തുന്ന ശീമപ്പരിഷക-
ളമ്പാരിവച്ചെൻ മുതുകത്തുകേറി-
പ്പത്രാസുകാട്ടി ഞെളിഞ്ഞു ഗമിച്ചിടും.


കള്ളുമോന്തീടുവാൻ കാശിനു വേണ്ടിയാ-
ക്കള്ളപ്പരിഷകൾ, പാപ്പാന്മാരെപ്പോഴും
ആനവാൽ മോതിരമുണ്ടാക്കിടാനവർ
എണ്ണിപറിക്കുന്നെൻ വാലിലെ രോമങ്ങൾ


കാട്ടുകള്ളർക്കൊപ്പം ഫോറെസ്റ്റധികാരി-
യേമാന്മാർ കട്ടുകടത്തും തടിയൊക്കെ,
നാട്ടിലെത്തിക്കുവാൻ ഞങ്ങൾ വിടുപണി
ചെയ്യുന്നിതല്ലെങ്കിൽ ഞങ്ങളെയെമ്പാടും,
കൊല്ലാക്കൊല ചെയ്തു കഷ്ടപ്പെടുത്തിടാൻ, 
തെല്ലും മടിക്കില്ലീ കശ്മലർപാപ്പാന്മാർ.


കുട്ടിക്കുറുമ്പുമായ് ചിന്നം വിളിച്ചങ്ങു,
കാട്ടിലെമ്പാടും വിഹരിച്ചിടുന്നോരെ,
നാട്ടിലിടം കിട്ടാത്ത ദുഷ്ടരാം മാനുഷർ
കാട്ടിലെ രാജാക്കളായി ചമഞ്ഞെത്തി,
കേവലംരണ്ടിളം കൊമ്പുകൾക്കായവർ,
ക്രൂരമായെന്തിന്നു കൊല്ലുന്നു ഞങ്ങളെ ?


വംശനാശം വന്നു ഞങ്ങളോ കേവലം  
പുസ്തകത്താളിലൊതുങ്ങുന്ന ചിത്രമായ്‌
മാറിടും ദുർഗ്ഗതി വന്നുഭവിക്കാതെ, 
മാതംഗവംശത്തിൻ രക്ഷകനാം ഭവാൻ,  
ഉണ്ണിഗണപതീ,കാത്തു രക്ഷിക്ക നീ ..