Thursday, January 17, 2013

ഉപ്പ്

ഉപ്പിനുപ്പുകൂടുമെന്നൊരു പക്ഷം 
ഉപ്പിനുപ്പൊട്ടുമില്ലെന്നപരരും. 
ഉപ്പിനുപ്പല്ലാതെയിനിപ്പു-
ണ്ടാകുമോയെന്നിതരരും. 

ഉപ്പോളം വരില്ലുപ്പിലിട്ടതെ-
ന്നതു,സത്യമതുപോലെ,    
ഉറകെട്ടുപോയോരുപ്പു- 
പോലാകരുതു ജീവിതം. 

ഉപ്പുചാക്കിറയത്തു നാം 
തള്ളിടുന്നപോല്‍,ചിലര്‍  
വൃദ്ധരാം പിതാക്കളെ, 
വൃദ്ധമന്ദിരം തന്നിലായ്  
തള്ളിടുന്നതു കാണുകില്‍,
ഉപ്പ് പോലലിഞ്ഞിടും,
ശിഷ്ടരായവര്‍ തന്മനം.  
ദുഷ്ടരായിടും മക്കള്‍തന്‍   
മനസ്സലിയുക ദുഷ്കരം.  

ഉപ്പുംകൂട്ടിയവര്‍ ഭക്ഷണം
കഴിച്ചുവെങ്കിലോര്‍ക്കുക 
ഉണ്ടചോറിനു നന്ദിയേകുവാൻ 
നായ്ക്കള്‍ പോലും മറന്നിടാ .

Tuesday, January 15, 2013

ഏകന്‍

അല്ല, ഞാന്‍ കര്‍മ ബന്ധിതനല്ല , ഞാന്‍
തെല്ലുമില്ലെനിക്കു മോഹമൊന്നിനും.
ഏകനാണ് ഞാന്‍,നിരാമയനുമാണല്ലോ.
ആശ്രയിക്കുന്നില്ല,ഞാനാരെയുമൊന്നിനും.
ആശയും,നിരാശയും പകുത്തു നല്‍കിടാ-
നാവതില്ലെനിക്കു ഞാനെന്നുമേകനാം.

മഹാരഥന്മാര്‍,ചിന്തക,രെഴുത്തുകാര്‍
ലോകമന്നു,മിന്നു,മെന്നുമാദരിപ്പവര്‍,
പ്ലാറ്റൊ മുതല്‍ സാത്രേ വരെയുള്ളവര്‍
തീര്‍ത്തുമേകരായി ജീവിതം നയിച്ചവര്‍
കുടുംബ ബന്ധം മുറിച്ചെറിഞ്ഞേകാന്തത
നല്കുമാത്മസംതൃപ്തി നുകര്‍ന്നവര്‍

ഏകാന്തത പുല്‍കിയ മനീഷികള്‍ക്കു-
മേറിവന്നു, വന്നു ശിഷ്യരേറെയായ്.
ഏകനായി, ജീവിതം നയിക്കുവാന്‍ 
ആരെയുമീ ലോകമനുവദിക്കില്ലല്ലോ.

Saturday, January 12, 2013

വീണ്ടും പ്രഭാതംവിട പറയുന്നുവോ സൂര്യന്‍ ?
വിതുമ്പുന്നനുരാഗിണി സന്ധ്യ,
വിട പറയുകയല്ല,നാളെ,ഞാന്‍ 
ഇനിയും വരുമെന്ന് സൂര്യന്‍.

അര്‍ക്കന്‍ മറഞ്ഞതിന്നാലസ്യ-
മാര്‍ന്നിരുളിന്‍ മറക്കുള്ളിലന്നു  
മയങ്ങാന്‍ കിടന്നൊരു സന്ധ്യ ,
മധുരമാം സ്വപ്നത്തില്‍ വീണു .

സാന്ധ്യരാഗം നിറയും മാനത്തു 
ചന്ദനപ്പൊട്ടിട്ട്,സുന്ദര മോഹന-
ചന്ദ്രന്‍, മാടി വിളിച്ചവന്‍, കൈ 
തന്നു,തന്നെ മാനത്തു മെല്ലെ കരേറ്റി .

ഇരുളു കനക്കുന്നതറിയതെ,സന്ധ്യ 
ചന്ദ്രനുമൊത്തു കഴിഞ്ഞു .
സന്ധ്യ തന്‍ നെറ്റിയില്‍ നിന്നും 
സിന്ധൂരരേണുക്കള്‍ പാറി .

പാടെ മയങ്ങിയ,തന്റെ പവിത്രമാം
മാനം കവര്‍ന്നുവോ ചന്ദ്രന്‍ ?
ഭീതിയോടോടി മറഞ്ഞു, സന്ധ്യ.   
ഭീരുവാം ചന്ദ്രനുംനിഷ്ക്രമിച്ചൂ .  

പ്രഭാമയന്‍ സൂര്യന്‍ മടങ്ങിയെത്തി 
പ്രഭാതം പൊട്ടിവിരിഞ്ഞു വീണ്ടും . 

Friday, January 11, 2013

അറബിക്കല്യാണം

അത്തറിന്‍ സുഗന്ധവുമായ്‌ 
എത്തീല്ലോ പത്തേമാരി.
പൊന്നിന്‍ പത്രാസുകാട്ടി   
മലബാറിന്‍ ഹൂറികളാകും,  
മൈലാഞ്ചിപ്പെണ്ണും തേടി   
"ഇബിലീസു"കളറബികളെത്തി. 

തേന്‍നുകരാന്‍ കരിവണ്ടുകള്‍ 
പുതുപൂക്കള്‍ തേടുംപോലെ      
കുടിലുകളില്‍ കൂമ്പിനില്‍ക്കും    
മൊഞ്ചുള്ള പൂക്കള്‍ തേടി 
പണസഞ്ചി കിലുക്കികാട്ടി  
പഹയന്മാര്‍ ദല്ലാളന്മാര്‍ 
പലദിക്കില്‍ പാഞ്ഞുനടന്നു. 
വഞ്ചകരാം ദല്ലാളന്മാര്‍  
വലവീശിയെറിഞ്ഞു നടന്നു 
പലനാളായ്‌ പാടീ കഥകള്‍  
അറബിക്കല്യാണത്തിന്റെ  
അസുലഭ ഭാഗ്യകഥകള്‍.   
കഥ കേട്ടവരാര്‍ത്തിയേറും 
വീട്ടുകാര്‍വലയിലതായി.  

അരുമപ്പെണ്‍കുഞ്ഞുങ്ങളെ.
"മഹറിനു"പകരം നല്‍കി. 
മൊഞ്ചുള്ള കന്യകമാരാം 
മോഹിതര്‍ പെണ്‍കിടാങ്ങള്‍. 
പുയ്യാപ്ലമാരവരൊത്തു  
മറുനാട്ടിലെത്തിച്ചേര്‍ന്നു. 

പുതുമോടി കഴിഞ്ഞുവല്ലോ,  
"പൂതികള്‍" തീര്‍ന്നുവല്ലോ, 
അചിരേണ വെളിവായല്ലോ 
അറബിതന്‍ വിശ്വരൂപം . 
സ്വര്‍ണ്ണത്തിൽ പൂശിയെടുത്ത 
ചെമ്പിന്റെ ചേലുക്കായി .   

അറബിതന്‍ മര്‍ദ്ദനമേറി 
അവളുടെ കോലംകെട്ടു  
പെണ്ണിന്റെ കിനാക്കളെല്ലാം
ചില്ലുപോല്‍ ചിന്നിച്ചിതറി. 

"ഗദ്ധാമ"യെന്നു വിളിപ്പോര്‍  
ഗതിയില്ലാ പെണ്‍കിടാങ്ങള്‍  
കഴുതകളായ്, ദീനികളായി 
കാതരരായ്  കേണിടുന്നൂ . 

അവരുടെ ദീനവിലാപം 
കേട്ടില്ലേ മാലോകരേ.... 
അതിനൊരറുതി വരുത്താൻ 
സമുദായസ്നേഹിതരായവർ  
അണി ചേരാൻ,അടരാടീടാൻ  
ഇനിയെന്തിനമാന്തിക്കുന്നൂ ..... 
Tuesday, January 8, 2013

വെറുതേഒരിക്കല്‍, ഒരു സുപ്രഭാതത്തില്‍  
അനന്തമാം വിഹായസിലേക്ക് 
നിരങ്കുശ സ്വതന്ത്രയായി,
ഏകയായി, ചിറകുവീശി 
താഴെയുള്ള ലോകമെങ്ങു?    
താരകള്‍ക്കും മീതെയാണ്   
താനിതെന്നഹങ്കരിച്ചു, 
കൂട്ടം തെറ്റി,പറന്നകന്നു,
പറന്നുയര്‍ന്നു ഒരു താന്തോന്നി 
കുഞ്ഞുപക്ഷി.

ഉയരങ്ങളിലേക്കുയരും തോറും 
വര്‍ദ്ധിതമായ ആവേശം നല്‍കിയ   .
ശക്തി,സംഭരിച്ചു, അഭിമാന 
പുളകിതയായി,ഉറച്ച മനസ്സുമായി  
കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് 
അവള്‍ ചിറകുവീശി പറന്നുയര്‍ന്നു.
എന്നാല്‍ അചിരേണ,  
കഠിനമായ സൂര്യാഘാതമേറ്റ് 
അവള്‍ തളരാന്‍ തുടങ്ങി. 


നേരമേറെ പറന്നു കഴിഞ്ഞപ്പോള്‍  
ഈ പറക്കല്‍ അവള്‍ക്കു മടുത്തു. 
ഏകാന്തതയെ അവള്‍ വെറുത്തു.
കൂട്ടിനായി തനിക്കു ചുറ്റും നോക്കി.
അവള്‍ അത്യുന്നതങ്ങളിലായിരുന്നു .
മറ്റുള്ളവര്‍ക്ക് എത്തിപ്പെടാന്‍ 
പറ്റാത്ത വിധം, വളരെ വളരെ 
ഉയരത്തില്‍... .


അവളുടെ ചിറകുകള്‍ തളര്‍ന്നു.
അവള്‍ താഴേക്കു നോക്കി. 
അവശയായ,ചിറകുകള്‍ കരിഞ്ഞ 
താന്‍ താഴേക്കു, കുഴഞ്ഞു വീണു 
പോകുമോയെന്ന്, ചകിതയായ 
ആ കിഷോരി ഭയന്നു വിറച്ചു.  


താഴെ, ഭീതിയുളവാക്കുന്നതും    
അഗാധവുമായ താഴ്വാര 
ഗര്‍ത്തങ്ങളിലേക്ക്‌ തല കുത്തനെ 
താന്‍ നിപതിക്കുമെന്നവള്‍ ഭയന്നു. 

താങ്ങാകാന്‍, തണലേകാന്‍  
ഒരു ചെറുചില്ലയെങ്കിലും 
കിട്ടിയിരുന്നെങ്കില്‍' 
കിട്ടിയിരുന്നെങ്കില്‍' 
ആ പക്ഷി വെറുതെ മോഹിച്ചു.   


ആ പക്ഷിയുടെ മോഹം 
വെറുതെയാകാതിരുന്നെങ്കില്‍   
വെറുതെയാകാതിരുന്നെങ്കില്‍ 
എന്ന് നമുക്കും 
വെറുതേ മോഹിക്കാം .  

Monday, January 7, 2013

കട്ടുറുമ്പിന്റെ ചങ്ങാതി


കൊച്ചു നാളിലന്നു സ്കൂളില്‍
ഞാൻ പോയ കാലം  
നിത്യവും കാണുമൊരപ്പൂപ്പന്‍,
മുഷിഞ്ഞ വസ്ത്രധാരി.

നരച്ച താടിയുഴി,ഞ്ഞവശനെ-
ന്നാകിലും ചിരിച്ചു കളിച്ചിടും,
കുട്ടികള്‍ക്കിഷ്ടക്കാരന്‍.
ചിലപ്പോൾ  കണ്ണടച്ചു
നിശ്ചലം, മരിച്ചപോൽ
കിടക്കുമീയപ്പൂപ്പൻ
ഞങ്ങളെ പേടിപ്പിക്കാൻ

കുട്ടികൾ ഞങ്ങൾ ചെന്നു
ചുറ്റിലും കൂടും നേരം
പെട്ടെന്ന് പൊട്ടിച്ചിരി-
ച്ചപ്പൂപ്പനുണർന്നീടും

"ഉറുമ്പുറുമ്പെന്നു  ചൊല്ലി
ചിരിച്ചു  കളിയ്ക്കുന്ന
കുരുന്നുപയ്യനാകും
അപ്പൂപ്പന്‍ പലപ്പോഴും.

"കട്ടുറുമ്പ് " എന്നു ഞങ്ങള്‍
വിളിപ്പേര്‍ നല്‍കീ തെല്ലും  
കുട്ടിത്തം മാറാത്തൊരാ- 
ചങ്ങാതിയപ്പൂപ്പന്.

ഒരുനാളപ്പൂപ്പനെ
കാണാതെ വിഷണ്ണരായ്‌
പരതിനടന്നല്ലോ,
കുട്ടികള്‍ പലദിക്കില്‍.

അവിടെ മരച്ചോട്ടില്‍
സുഖനിദ്രയിലാണ്ടു
ചുരുണ്ട് കിടക്കുന്നു
കട്ടുറുമ്പപ്പൂപ്പനും
.
"കട്ടുറുമ്പപ്പൂപ്പന്റെ "
മേനിയിലുടനീളം
കട്ടുറുമ്പരിക്കുന്നൂ
അപ്പൂപ്പൻ ചിരിക്കുന്നൂ .


(ഒക്ടോബർ ഒന്ന്‌ ലോകവയോജനദിനമായി ആചരിക്കുകയാണ്‌. 1982-ൽ വിയന്നയിൽ വച്ചുചേർന്ന ഐക്യ രാഷ്ട്ര സംഘടനയിലെ അംഗരാജ്യങ്ങളുടെ സമ്മേളനമാണ്‌ വയോജന പ്രശ്നങ്ങൾ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിച്ചത്‌.)

അവിയല്‍ മാഹാത്മ്യംമലയാളി കൂട്ടത്തിന്‍ 
സദ്യവട്ടം കൊഴുത്തീടാന്‍
അവിയലോരഭിവാജ്ജ്യ
ഘടകമല്ലോ? 
അവിയലില്ലാത്ത സദ്യ, 
ആനയില്ലാപൂരം പോലെ 
മലയാളികള്‍ക്കൊരുപോലെ, 
രസിക്കയില്ല.   
നല്ല രുചിയേകിടുന്നോരവിയൽ
ഉണ്ടാക്കുവാനും   
നന്മയുള്ള മലയാളി 
മങ്കമാരങ്ങറിയേണം. 

നലമെഴും നേന്ത്രക്കായും 
നീളമുള്ള മുരിങ്ങക്കയും,  
മൂത്ത നല്ല വെള്ളരിക്ക,
മൂപ്പില്ലാത്തോരച്ചിങ്ങയും 
ആനക്കാലന്‍ നല്ലചേന,
ചാരക്കാരന്‍ പടവലങ്ങ,
ചീനിയമരക്ക പിന്നെ, 
പുറനാട്ടുകാരന്‍ കിഴങ്ങും 
ജീവനേകും ജീരകവും,
പച്ചയായജീവിതത്തി-
ന്നെരിവും പുളിയുമേകാന്‍ 
പച്ചമുളകുംവേണം,
വാളന്‍പുളിയുംവേണം .      
വിഷമവും വിഷാംശവും
ഒരുപോലെ നീക്കീടുന്ന 
മഞ്ഞളെന്ന ദിവ്യമാം 
ചേരുവ വേണം. 
പാകമായ നാളികേരം 
ചിരകിയെടുത്തിടേണം.  
പാകത്തിനല്പസ്വല്പം  
ഉപ്പും ചേർക്കേണം 
കാര്യം നേടി കഴിയുമ്പോൾ
തഴഞ്ഞീടാന്‍ വിധിയുള്ള   
കറിവേപ്പില നല്കും 
രുചിയില്ലാകറിയുണ്ടോ ? 
ഉത്തരേന്ത്യന്‍ ലോബിയുടെ
ഇഷ്ടക്കാരി പാമോയിലിന്‍ 
ശത്രുവായി, ഭ്രഷ്ട് നേടി, 
പുറത്തായ വെളിച്ചെണ്ണ,  
പുളിയേറെയില്ലാത്ത
കട്ടതൈരും വേണം.    

കഴുകിയപച്ചക്കറി,
നീളത്തിലരിയേണം 
കുറച്ചു വെള്ളവും ചേര്‍ത്തു 
വേവിച്ചതിന്നോടൊപ്പം,
ചിരകിയ തേങ്ങ,മഞ്ഞള്‍,
പച്ചമുളകിവ,ചേര്‍ത്തു
നന്നായരച്ചരച്ചുപതം 
വന്നോരരരപ്പും വേണം.   

പച്ചക്കറിയുമരപ്പും 
പാകത്തിലുപ്പും ചേര്‍ത്തു
നല്ല മണം നല്‍കും കറി- 
വേപ്പിലയും ചേര്‍ത്തു,
വേഗം തിളക്കുവാനടുപ്പിലേറ്റൂ,
ചെറുതായി തിളച്ചു വരുമ്പോള്‍ 
തന്നെ വെളിച്ചെണ്ണ ചേര്‍ത്തു 
പിന്നെ അടുപ്പില്‍നിന്നുമതു 
മെല്ലെ വാങ്ങിവെക്കുക.  
രുചിച്ചു നോക്കൂ നിങ്ങള്‍ 
കൊതിയേറിമുഴുവനും 
കഴിച്ചു തീര്‍ത്തീടല്ലേ, 
അല്പമെനിക്കും വേണം.         

ചേരുവകളെല്ലാമെല്ലാം തന്നെ
ചേരുംപടി ചേര്‍ത്തുനല്ല  
പഴയരി ചോറിനൊപ്പം
അവിയലുംകൂട്ടിതന്നെ 
പ്രിയമായോരൂണ്  നൽകൂ
വഴക്കാളിയമ്മായിയേം, 
പതുക്കെ,പതുക്കെയങ്ങു 
വശത്താക്കീടാം, നമുക്കു 
വേണ്ട കാര്യം നേടീടാം .
     

Tuesday, January 1, 2013

പുതുവര്‍ഷ പ്രതിജ്ഞകള്‍


പുതു വര്ഷം പിറക്കുന്നു 
ശപഥം ഞാനെടുത്തീടും,
ഇനിമേലില്‍  ഒരു നാളും
പുകവലി ഇല്ലേയില്ല.
ഒരു ബീഡി, ചെറു ബീഡി
അതുപോലും തൊടില്ലല്ലോ  

പുകവലി വരുത്തീടും 
മാരക രോഗങ്ങള്‍. 
ഇനിയൊരു പുകപോലു-
മെടുക്കില്ല കട്ടായം.
തൊടില്ല, ഞാന്‍ കഴിക്കില്ല 
മദ്യമെന്ന വിഷം തെല്ലും .


പുതു വര്ഷം പിറക്കുന്നു
ശപഥം ഞാനെടുത്തീടും
ഇനിമേലില്‍  ഒരു നാളും

ലഹരി ഞാന്‍ തൊടില്ലല്ലോ? 

പുതു വര്‍ഷ പ്രതിജ്ഞകള്‍
പലവുരു ശ്രമിച്ചിട്ടും
കഴിഞ്ഞില്ല, കഴിയില്ല 

പാലിക്കാനെളുതാമോ ?.

പുതു വര്‍ഷ പിറവിയില്‍ 
പതിവായി ചിലരൊക്കെ   
പ്രതിജ്ഞകളെടുക്കുന്നു
ദൃഡമായിട്ടത്,പിന്നെ 
തകര്‍ക്കുന്നു സാഘോഷം.
ചരിത്രമിതാവര്‍ത്തിപ്പൂ .

തകര്‍ക്കുവാനല്ലെന്നാകില്‍
പ്രതിജ്ഞകള്‍ക്കെന്തു വില  
തകര്‍ത്താലല്ലേ വീണ്ടും 

പ്രതിജ്ഞയെടുക്കാനാവൂ..