Monday, August 18, 2014

ജോണ്സണ്‍ മാഷ്‌ : ആർദ്ര രാഗങ്ങളുടെ തമ്പുരാൻ
ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ ആ താരക"ത്തെ മലയാളികൾ ഒരിക്കലും കൈവെടിയാനാവില്ല  സംഗീത പ്രണയാർദ്രരായ നമ്മുടെ കരളുകളിൽ വിരിഞ്ഞ "കണ്ണീർപ്പൂവായി","കുന്നിമണിചെപ്പിൽ" നമ്മുടെ സ്വകാര്യ നിധിയായി നാം സൂക്ഷിക്കുന്ന, "കറുത്തരാവിന്റെ കന്നി നിലാവു"പോലെയുള്ള ആ സംഗീത പ്രതിഭ, ഒരു "രാജ ഹംസത്തെപ്പോലെ "സ്വർണ്ണമുകിലുകൾക്കുള്ളിൽ അഭയം തേടി പറന്നകന്നിട്ട്, ഇത് മൂന്നാം വർഷം.
ഗിത്താറിന്റെ തന്ത്രികളിൽ ആ മാന്ത്രിക സ്പർശ മേല്ക്കുമ്പോൾ സംഗീത മലരുകൾ വിവിധ രാഗങ്ങളിൽ താനേ പൂവിടുന്ന മോഹങ്ങളായി നമ്മുടെ മനസിലും വിടരുകയും ഒപ്പം അദ്ദേഹമിന്നു നമ്മോടൊത്തില്ലല്ലോ എന്ന ദു:ഖത്തിൽ മൂകമായി കൊഴിഞ്ഞു പോവുകയും ചെയ്യും
പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ ജോണ്സണ്‍ മാഷ്‌ അദ്വിതീയനാണ്. "ആരവ"ത്തോടെ തുടങ്ങിയ ആ സപര്യ ഒരു "മായാ മയൂര"ത്തെപ്പോലെ മലയാള സിനിമാവേദിയിൽ പീലി വിടർത്തിയാടി.
മലയാള ചലച്ചിത്ര സംഗീതത്തിനു മറക്കാനാവാത്ത രാഗാർദ്രസുരഭില ഗാനങ്ങൾ ഒരുക്കിയ ആ ഗന്ധർവരാജകുമാരന് നമ്മോടു ചോദിക്കാനുള്ളത് ഇങ്ങനെയായിരിക്കാം എന്റെ മണ്‍വീണയിൽ ശ്രുതിമീട്ടി,മന്ദാരച്ചെപ്പും മാണിക്യക്കല്ലും ഒക്കെ ഞാൻ നിങ്ങൾക്ക് നല്കിയിട്ടും "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ"?

 https://www.youtube.com/watch?v=4z4QvQx-74cFriday, August 15, 2014

ചിങ്ങപ്പുലരിയിൽ

ചിങ്ങപ്പുലരി
ചിരി തൂകി...
മണ്ണിൽ സ്വപ്നം
പൂ ചൂടി..


മാനത്തമ്പിളി
പാൽ തൂവി...
പനിനീർ തൂവി
ചാറ്റൽ മഴ...


മഴയും വെയിലും
കളിയാടീ ...
പുളകം കൊണ്ടൂ
പൂത്തുമ്പി ....ഓണം വന്നെ
ന്നറിയിക്കാൻ  
  ഓലേഞ്ഞാലി
 ഊഞ്ഞാലിൽ...


ഓലത്തുമ്പിൽ
കിളിമകൾ തൻ
ഊഞ്ഞാലാട്ടം
ബഹു കേമം..

മനസ്സിൻ മണി 
മുറ്റത്തായ്
നിൽക്കും 

ചക്കരമാവതു
പൂത്തല്ലോ ...


മാവിൻകൊമ്പ
ത്തൂഞ്ഞാല്..
ഓർമകളേകിയ 
പൊൻ നൂലാൽ
കാലം തീർത്തോ
രൂഞ്ഞാല്.......ഓലെഞ്ഞാലി
ക്കിളിയെപ്പോൽ,
ഊഞ്ഞാലാടു- 
ന്നെന്മനസ്സും. 


ആയത്തിലതി-
വേഗത്തിൽ,
മാങ്കനി തേടി
പ്പോകുന്നൂ.. .


കൈതവമില്ലാ
ബാല്യത്തിൻ
മധുരിമതേടി-
യലയുന്നൂ.... 


Friday, August 8, 2014

നെഹ്റുട്രോഫി വള്ളം കളി

ആർപ്പോ ഇർറോ ആർപ്പോ ഇർറോ
ആരവങ്ങൾ മുഴക്കീടൂ...ആഹ്ലാദിച്ചിടൂ
തിത്തിത്താര തിത്തെയ്, തിത്തെയ് തക
തെയ്തെയ്തോം.. തിത്തെയ് തക തെയ്തെയ്തോം
നിറയട്ടെ പാരിലെങ്ങും കേരളപ്പെരുമയുടെ
നിറമോലും വർണ്ണചിത്ര കൊടിക്കൂറകൾ
കേരളത്തനിമയാർന്ന ചുണ്ടൻ വള്ളം കളിയുടെ
കേളികെട്ടുയരുന്നൂ നെഹ്റുട്രോഫി മത്സരമായീ....
പുന്നമടക്കായലിന്റെ പുളകമായ് ചീറി വരും
പന്നഗ സമാനരായ ചുണ്ടൻ വള്ളങ്ങൾ
പിന്നെ ചെറു വള്ളങ്ങളാം ഓടിയും ചുരുളനും
മിന്നൽപ്പിണർ പോലെ പായും ഇരുട്ടുകുത്തീം
കാരിച്ചാലും തായങ്കരി, പുളിങ്കുന്നീ ചുണ്ടനോപ്പം
കരിനാഗങ്ങളെപ്പോൽ കരുവാറ്റ,ചമ്പക്കുളവുമുണ്ടേ ...
ശ്രീഗണേശൻ,മഹാദേവൻ, ദേവസ്സ്, വള്ളത്തിനൊപ്പം
ശ്രീയെഴുന്ന സെന്റ്‌ ജോർജ്ജും പയസുമുണ്ടേ ....
പേരുകേട്ട പതിനാറു ചുണ്ടൻ വള്ളം നിരക്കുമ്പോൾ
പോരൂ വള്ളം കളിപ്പോരു പൊടി പൊടിക്കും...
ആരു തന്നെ ജയിച്ചാലും തോറ്റാലും സാരമില്ല
ആരവങ്ങൾ ആർപ്പോ വിളിച്ചറുമാദിക്കാം
നമുക്കാഹ്ലാദിക്കാം......
ആർപ്പോ ഇർറോ ആർപ്പോ ഇർറോ
ആരവങ്ങൾ മുഴക്കീടൂ...ആഹ്ലാദിച്ചിടൂ
തിത്തിത്താര തിത്തെയ്, തിത്തെയ് തക
തെയ്തെയ്തോം.. തിത്തെയ് തക തെയ്തെയ്തോം