Tuesday, December 30, 2014

ശാശ്വത ശാന്തിഇരുള് മൂടി ഭൂതലം, മനമിടിഞ്ഞ മാനുഷർ
 
ഒരുതരിപ്രകാശരഹിതമാകാശസീമയും
 
എവിടെനോക്കിയാലുമിന്നക്രമങ്ങൾ മാത്രമാം
 
കലുഷിതമീകലാപഭൂവിൽ സത്യമാം പ്രകാശമായ്
 
ഇനിയുമെന്നവതരിക്കും, ദൈവപുത്രാ,രക്ഷകാ
 
അവനുവേണ്ടികാത്തിരിക്കവേണ്ടനിങ്ങൾ, സോദരാ
 
അവനവന്റെ മാനസം  പുൽത്തൊട്ടിലാക്കിയാൽ
 
അവിടെ വന്നവതരിക്കും യേശു "ശാന്തിവചനമായ്"
 
യേശുവിന്റെ വചന ദീപ്തി കാട്ടിടും സരണിയിൽ
 
ശാശ്വതമാം ശാന്തി നേടി വാഴ്ത്തിടാം, സർവേശനെ!

(“These things I have spoken to you, that in Me you may have peace. In the world you will have tribulation; but be of good cheer, I have overcome the world.” John 16:33 )

ജ്ഞാനി


അറിവ് നേടിയാൽ മാത്രമാകില്ല,യീ
ഭുവനം തന്നിൽ ജ്ഞാനിയായിടാൻ!
അറിവു നന്നായ് പ്രയോഗിച്ചീടുവാൻ
അറിവിനും മേലെ നാം വിദ്യതേടണം
വിവേകമെന്യേ പ്രയോഗിച്ചിടായ്കയീ
വിദ്യയെന്നും നാം തിരിച്ചറിയണം!
വിവേകിയായിടാൻ വിജ്ഞാനം നേടണം
അറിവും വിദ്യയും വിവേകവും നല്കും
വിജ്ഞാനം നേടിയോർ ജ്ഞാനിയായിടും
മാനിതരാകുമാവർ മാമുനിമാരെപ്പോൽ !
( The three terms Information ,Knowledge and Wisdom are not identical,although we use them as similar in meaning )

Thursday, December 25, 2014

ചങ്ങനാശ്ശേരിമാഹാത്മ്യം 
തെക്കിൻകൂറുടയോരുടെ  തലസ്ഥാനനഗരിയായ്
അഷ്ടദിക്പാലകർക്കുമിഷ്ടമായി വിലസിയ
"അഞ്ചുവിളക്കിൻ" നാടെന്ന പേരിൽ കീര്ത്തിതമാം
ചങ്ങനാശ്ശേരിയാണെന്റെ പുണ്യമായ ജന്മനാട്   ..

നസ്രാണികളാം പ്രജകൾക്കു പള്ളിദീപം തെളിച്ചീടാൻ
"ചങ്ങഴിനാഴിയുരിയെണ്ണ"യേകാൻ  തിരുവുള്ളമാ-
യൊരുദയവർമ്മ കല്പ്പിച്ചതിന്നോർമ്മയാലേ
ചങ്ങനാശ്ശേരിയെന്ന നാമം പാരിൽ പ്രകീർത്തിതമായ് .....
 "ചങ്ങഴിനാഴിയുരി"യെന്നവാക്കുലോപിച്ചുളവായി, പിന്നെ  
ചങ്ങനാശ്ശേരിയെന്ന പേരിൽ പ്രസിദ്ധമായി .

ആദ്യവാണിഭവസ്തുവായിട്ടിഭത്തിനെ തന്നെ നല്കി "
വേലുത്തമ്പിദളവായാം ദാനശീല മന്ത്രിവര്യൻ 
സ്ഥാപിച്ചോരു ചങ്ങനാശ്ശേരിച്ചന്തയുടെ മാഹാത്മ്യം
കാലമേറെക്കഴിഞ്ഞിട്ടൊട്ടും കുറഞ്ഞിട്ടില്ലെന്നതുമല്ലാ, 
ആനയുള്ള കാലംവരെയാരുമോർമ്മിച്ചീടുമെന്നേ വരൂ

പുഴവാതു ക്ഷേത്രത്തിത്തിലെചിറപ്പുമഹോത്സവം,
പിന്നെ പ്രസിദ്ധമാം ചന്ദനക്കുടഘോഷയാത്രയും
ശാന്തിഗീതമാലപിക്കും ക്രിസ്തുമസ് ഗായകരുമൊത്തു 
നാട്‌ നീളെ  മത സൗഹാർദ്ദത്തിൻ ഗീതികൾ പാടും

മദ്ധ്യ കേരളത്തിൻ സാംസ്കാരിക നിലയമായ്  തിളങ്ങീടും
മത സൗഹാർദ്ദതയ്ക്കു വിളനിലമായ് വിലസും
മഹത്തായ ചങ്ങനാശ്ശേരി നാടിൻ പെരുമകളേറിടുമ്പോൾ
വർണ്ണിക്കാനായിരം നാവുള്ളോരനന്തനുമാവുകില്ല ,
പിന്നെ, അനന്തപുരിവാസിയാമീ പെരുന്നക്കാരനാവുമോ?

Wednesday, December 10, 2014

കൃപ ചൊരിയുക,പൂമഴയായ്
കരയരുതിനി,ഞാനതിനൊരു,വരമരുളുക, നാഥാ!
കരകാണാക്കടൽപോലീദുരിതവാരിധിയിൽ
തുളവീണൊരുതോണിയതിലലയുന്നീഞാനും
തുഴപോയീ,തോണിതുഴഞ്ഞെവിടെക്കരയേറും?

അലയാഴിത്തിരമേലെയൊരുനാളിൽ നടന്നോനെ
അവിശ്വാസി,പത്രോസിനെ കടലിൽ താഴാതെ,
അവിടന്നു,ഗലീലയിൽ അത്ഭുതം കാട്ടിയതില്ലേ? 
അതുപോലീ ശരണാർഥിയെ,നീ കൈ നീട്ടി നടത്തൂ...

നീയെന്റെ തുണയായെന്നരികത്തുണ്ടെന്നാകിൽ
ഈശോയേ,നിൻ സ്നേഹമെനിക്കാശ്വാസം നല്കും
ഈ ജീവിതമെന്നാത്മാവിന്നാശാഭരമാക്കാൻ
ഈശോ,നീയെന്നിൽകൃപചൊരിയുക,പൂമഴയായ്

Friday, December 5, 2014

ഇനിയും കൊഴിയാത്ത ഇല


 

ഇലയൊന്നു കൂടിയുതിർന്നാൽ
മതി, എന്റെ  ജീവനൊടുങ്ങും
അത് വരെ ഞാനെന്തു ചെയ്യാൻ
ഇത് പോൽ ചില വരികളെഴുതാം

കഠിനമാം സന്നിപാതജ്വര-
ബാധിതനാണല്ലോ ഞാൻ
എൻ നെഞ്ചിന്നുള്ളിൽ നിറയെ
രോഗാണു നിറഞ്ഞേ പോയ്‌

ഓ. ഹെൻട്രി തന്നുടെ കഥ പോൽ
ഇലയൊന്നു കൊഴിഞ്ഞെന്നാകിൽ
ഇനിയൊന്നു കൂടിയുതിർന്നാൽ
മതി,എന്റെ  ജീവനൊടുങ്ങും

മരണത്തിൻ കാഹളമായി
വീശുന്നൊരു ശീതക്കാറ്റിൽ
പൊഴിയുന്നോരിലകൾ താഴെ
ശവതുല്യം  നിറയുന്നല്ലോ?

ഇലയില്ലാ മരങ്ങളാകെ
പ്രേതംപോൽ വിറകൊള്ളുന്നു
ശ്മശാനമൂകതയെങ്ങും
പ്രശാന്തി കളിയാടുന്നൂ

ഇനി നാളെ പുലരി വിടരും
ഇലയില്ലാമരമതു കാണാൻ
ഇമയൊന്നു  തുറന്നീടുവാൻ
കഴിയാതെ ഞാൻ മരവിക്കും

ഇലയൊന്നു കൂടിയുതിർന്നാൽ
ഇനിയൊന്നും കാണില്ല ഞാൻ
ഈ രാവിലൊരിക്കൽക്കൂടി
മധുരമാം സ്വപ്നവുമായ്
മതിമറന്നുറങ്ങീടട്ടെ, ഞാൻ

നേരം പുലർന്നു കഴിഞ്ഞു
ഭൂപാളം പാടീ കിളികൾ
മന്ദമായ് വീശുന്നനിലൻ
മൊട്ടിട്ടൂ പുതുമുകുളങ്ങൾ

ചിരി തൂകി നിൽപൂ പ്രകൃതി
പ്രകൃതിയോടൊപ്പം കഴിയാൻ
പ്രത്യാശാഭരിതം ഹൃദയം
പതിവു പോൽ മന്ത്രിക്കുന്നൂ
"ശിശിരം കൊഴിഞ്ഞുവല്ലോ
വാസന്തം വന്നു വിളിപ്പൂ "
മമ ഹൃദയം മന്ത്രിക്കുന്നു
മെല്ലെ ഞാൻ മിഴികൾ തുറന്നു .
ഇല്ല, കൊഴിഞ്ഞില്ലിന്നും, കൊഴി
യാൻ വിതുമ്പിയൊരിലയും .
ശിശിരം കൊഴിഞ്ഞുവല്ലോ
വാസന്തം വന്നു വിളിപ്പൂ ...

Thursday, December 4, 2014

സ്തുതിപാഠകർ

 "പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയേല്‍ താദൃശം മിത്രം വിഷകുംഭം പയോമുഖം."


പ്രാലേയംപുലരിയിൽ വർഷിച്ചീടുന്നതുപോലെ
പ്രശംസാ വചസുകൾ ചൊരിഞ്ഞുനമ്മെയവർ
സന്തുഷ്ടരാക്കാനെന്നും തങ്ങളിൽ മത്സരിക്കും
നമ്മുടെ കണ്‍മുന്നിലായ് നിന്നവർ കീർത്തിച്ചിടും
നമ്മുടെയസാന്നിദ്ധ്യത്തിൽ ഖിന്നതയെന്യേ,നമ്മേ
നിന്ദിക്കുന്നതിലിവർ  പിന്നിലാകയുമില്ല.
ഉള്ളിലൊളിപ്പിച്ചോരു കാളകൂടമാം വിഷം
കള്ളരാമിവരൊട്ടും പുറമേ കാണിക്കാതെ
നല്ലൊരുപാൽപ്പായസപുഞ്ചിരിയേകി 
നമ്മെ, വഞ്ചിക്കാൻ ശ്രമിക്കുമീക്കൂട്ടരെയകറ്റീടൂ....

Wednesday, December 3, 2014

കിടമത്സരംനാവിന്നധികഭാഷണമെന്നും
ദന്തനിരയ്ക്കു ഹാനികരം!
പല്ലുര ചെയ്തു,"നാവേ നീയിനി
ചൊല്ലരുതധികം വല്ലാതെ" ,
ഇല്ലാച്ചാൽ ഞാൻ കല്ലുകടിച്ചു
പൊടിക്കുന്നതു പോൽ,
ഇല്ലാതാക്കുമതോർത്തീടൂ "..

നാവുര ചെയ്തത്‌ കേട്ടോളൂ
"വേണ്ടാ, വേണ്ടാ, ഞാൻ നിനച്ചാൽ
ഇല്ലാവചനം ചൊല്ലീന്നാൽ...
വല്ലാതാകും, കേൾവിക്കാരവർ
കോപം വർദ്ധിച്ചെന്നാകിൽ
തല്ലിക്കൊഴിച്ചുകളയും നിങ്ങളെ
എന്നെ വാശി പിടിപ്പിക്കായ്ക "
(അവലംബം....................
ഇതി പ്രാര്‍ത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.)

വിധേയൻ
ഞാനെന്തു ചെയ്കിലും
അതുപോലെ കാട്ടുന്ന
കേവലമൊരുമൂകാഭിനയ
കലാകാരനെപ്പോലൊരു
ചങ്ങാതിയെന്നോടൊത്തെൻ
ദുഃഖ സന്തോഷങ്ങളിലെന്നും
പങ്കാളിയായായിക്കഴിയുന്നു..

പ്രകാശം നിറഞ്ഞൊരീ
ഭൂമിയിൽ ഞാനെവിടെ -
ക്കെപ്പോയാലും ഏറെ
വിശ്വസ്ഥനാമനുചരനെ-
പ്പോലെന്നോടൊപ്പമവനും
നാൾക്കു നാൾ കഴിയുന്നു.

രാവിലിരുൾ,മൂടിയാലുടനെ
ശുഭരാത്രി ചൊല്ലിപ്പിരിയുന്നു
പിറ്റേന്ന് വീണ്ടും കാണുമ്പോൾ
ശുഭദിനാശംസയോടെത്തുന്നു.
നാളുകളേറെയായെങ്കിലുമിന്നും
വേർപിരിയാ,ചങ്ങാതിയാണവൻ
എന്റെ നിഴലുപോലെന്നോടെന്നും
വിശ്വസ്തവിധേയനാമെന്റെചങ്ങാതി

Monday, December 1, 2014

ശാന്തി മന്ത്രം
"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭൂമിയിൽ മർത്ത്യനു ശാന്തിനിതാന്തം"
 

മഞ്ഞിന്റെ മേലാപ്പിൻ മേലേ തെളിഞ്ഞൂ
സുന്ദരമായൊരു താരകം വാനിൽ
ഉന്നതമായൊരു ദേവാവതാരം
മന്നിൽ ഭവിച്ചതു ഘോഷിതമായി....
 

"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭൂമിയിൽ മർത്ത്യനു ശാന്തിനിതാന്തം"
ഏവമൊരാലാപം വാനിൽ മുഴങ്ങീ...
കൂരിരുളാകെയൊഴിഞ്ഞിതു ഭൂവിൽ!
 

കിഴക്കൊരു നക്ഷത്രം വാനിലുദിച്ചു
പിന്തുടർന്നെത്തി ശ്രേഷ്ഠ രാജാക്കൾ
മൂർഖനാം ഹേരോദിൻ വാക്കു മറന്നു
പൂജ്യരാജാക്കൾ പുൽക്കൂട്ടിലെത്തി ,
പൊന്ന്, മീറ, കുന്തുരുക്കവുമൊപ്പം
തങ്ങൾ തന്മാനസം കാഴ്ചയായ് നല്കി
 

ലോകൈക രക്ഷകാ ശ്രീയേശുനാഥാ
ഞങ്ങളും കാഴ്ച്ചയായർപ്പിച്ചിടുന്നു
സന്തോഷ- ദുഖഭരിതമാം ഞങ്ങടെ
നിർമലമായൊരു മാനസം നാഥാ..