Friday, September 28, 2012

ഉപദേശ സൂക്തങ്ങള്‍

  

അരുതരുതു മക്കളെ,

ഇനിയരുതുമക്കളെ 

പഴയൊരു ചൊല്ല് 

മറക്കരുത് മക്കളെ 

പതിവായി മദ്യം 

കുടിക്കരുത് മക്കളെ

കുടിക്കുന്നതാരാരു-

മറിയരുതു മക്കളെ .

പലരരുത് മക്കളെ, 

പറയരുത് മക്കളെ

പലതരം മദ്യം 

കലര്‍ത്തരുത് മക്കളെ.

പകലരുത് മക്കളെ ,

പഴകരുത് മക്കളെ

പഴകിയാലാകെ- 

തകരുമെന്‍ മക്കളെ .


Saturday, September 22, 2012

നീർത്തടങ്ങൾ


നീര്‍ത്തടങ്ങളീ ഭൂമി തന്‍
മാര്‍ത്തടങ്ങള്‍ താനല്ലയോ?
അമ്മ തന്‍ നെഞ്ചിലൂറിടും 
അമൃതമാം ജല കണികകള്‍.
ജീവനാധാരമായിടുംജല-
സ്രോതസ്സില്ലായ്മചെയ്യുവോര്‍.
മാതൃഘാതകരാകുവാന്‍ മടി 
കാട്ടിടാത്ത കിരാതരോ?  

എത്രജന്മങ്ങള്‍ കാത്തിരിക്കണം 
കൊച്ചരുവിയുണ്ടായിടാന്‍ 
കുഞ്ഞരുവിയെ കൊന്നിടാന്‍,
തെറ്റായ  കല്പനയേകിടും. 
തിന്മതന്നവതാര മൂര്‍ത്തികള്‍  
നമ്മുടെ ഭരണാധിപര്‍. 

പണ്ട് കംസനും ഹേറോദോസ്സും  
ചെയ്തു കൂട്ടിയ പാതകം.
ഇന്നും ആവര്‍ത്തിച്ചിടുന്നവര്‍   
നമ്മുടെ ഭരണാധിപര്‍. 

ആര്‍ദ്രഭൂമി, നെല്പ്പാടമുള്‍പ്പെടെ
കുന്നിടിച്ചു നികത്തിടും.
ആണവശാല,വ്യോമ താവളം,
ടൂറിസ റിസോര്‍ട്ടുകള്‍,
പണിതുയര്‍തിടും നഗര- നരകമീ 
രാജ്യമാകവേ നിശ്ചയം.  
പണിതുയര്‍തിടും നഗര- നരകമീ 
രാജ്യമാകവേ നിശ്ചയം.  


   


Friday, September 21, 2012

ഓണവും പൂരവും


                            
                        
ഓണമായാലീണം വേണം 
ഈണം നിറയും ശീലുകള്‍ വേണം 
ഈണം ചേര്‍ന്നൊരു ശീലുകള്‍ പാടാന്‍ 
നാണം കൂമ്പിയ കന്യകള്‍ വേണം. 

പൂരമായാല്‍ മേളം വേണം 
മേളംചേര്‍ന്നൊരു താളം വേണം 
താളത്തിനൊപ്പം തലയാട്ടിനിന്നു  
ചാമരം വീശിടുമാനകള്‍ വേണം .

മാരിവിൽ മാനത്തുയരുന്നപോലെ 
ചേലാർന്നു വർണ്ണക്കുടയുയരേണം 
അത്തം തൊട്ടോരോ മുറ്റത്തു വിരിയും 
പൂക്കളം വർണ്ണക്കുട പോലെയല്ലേ?  

ഓണത്തിനൂഞ്ഞാലിട്ടത് പോലെ 
മാനത്ത് മാരിവില്ലൂഞ്ഞാലുയരും.
വാനിലെ മാരിവില്ലൂഞ്ഞാലിലേറി 
വെള്ളി മേഘങ്ങൾ ചില്ലാട്ടാമാടി 
മിന്നൽപിണറിന്നിലകൾ പറിക്കാൻ  
തങ്ങളിൽ മത്സരിച്ചാടിപ്പറന്നു ...

നിസ്തുലമായൊരു നിധി പോലെതന്നെ 
പുസ്തകത്താളിൽ മയിൽ‌പീലിയായി   
ഓണവും പൂരവും മലയാളിയെന്നും   
ഓർമയിൽ ഭദ്രമായ്‌ സൂക്ഷിച്ചിടുന്നു.

ഞാറ്റു പാട്ട്

Farmer working on his water wheel

ഞാറ്റു പാട്ട് 

ചിങ്ങത്തില്‍ കൊയ്യേണം

പത്തായം നിറയേണം 

പൊന്നോണസദ്യയൊരുക്കാന്‍ 

പുന്നെല്ലിന്നരിവേണം.    


  കന്നിയിലെ പൊന്‍വെയിലില്‍

വിത്തിന്നായലയേണം

വിത്തുഗുണം പത്തുഗുണം

നന്നായിട്ടോര്‍ക്കേണം  .


തുലാമായാല്‍ തുലോം നന്ന്

വിത്തിടാനൊരു കാലം.

വിത്തിട്ടൂ, ഞാറ്റടിതന്നില്‍

വിത്തെന്താ?തവളക്കണ്ണന്‍.


തവള കരഞ്ഞു, മഴപെയ്തു

തവളക്കണ്ണന്‍ ഞാറായി.

     ഞാറു പറിച്ചു നടുന്നതിനായ് 

 കന്നുപൂട്ടി,നിലമൊരുക്കി.  


            കാര്‍ത്തികനാളെത്തും മുന്നേ            

വൃശ്ചികക്കാറ്റും വന്നു.  

ചേറില്‍പൂകി തളിരിടാന്‍   

ഞാറിന്‍തൈകള്‍ക്കാവേശം.  


ഞാറ്റുപാട്ടിന്‍ താളവുമായ്

കാറ്റ് വന്നു വിളിച്ചപ്പോള്‍

ഏറ്റുപാടി ചെറുമികളും

കൂട്ടിനെത്തി,കൊറ്റികളും. 


ധനുമാസക്കുളിരും ചൂടി 

തിരുവാതിര നാളിങ്ങെത്തി

നെല്‍ചെടികള്‍പുളകിതരായ്

കൈകൊട്ടി കളിയാടീടും.


മകരത്തില്‍ നെല്‍ചെടികള്‍

പുഷ്പിതരായ്, കന്യകളും.

കുംഭത്തില്‍ കതിരെല്ലാം

കനിയായിത്തീര്‍ന്നല്ലോ .


മീനത്തില്‍ കൊയ്യാനായ്

പാകത്തില്‍ വിളവായല്ലോ.

പൊലിയെ,പൊലി നെല്ല് 

കളത്തില്‍,കൂമ്പാരം കൂട്ടീടുന്നു.


മേടത്തില്‍ വിഷുവന്നാല്‍

കണികാണാന്‍ കൊന്നപ്പൂ 

കൊന്നപ്പൂ തേടിയിറങ്ങും

കന്യകളെ കാണുന്നില്ലേ ? 


വിത്തെറിയാന്‍ കാലംനന്ന്,

വിഷുപ്പക്ഷി പാടുന്നല്ലോ?

വിത്തിട്ടു,വിളകൊയ്തീടാന്‍

      എത്തീടാം വയലുകള്‍ തേടി.


 ഇടവപ്പാതി-മിഥുനം ചേര്‍ന്നാല്‍   

ഇടിവെട്ടി മഴ പെയ്തീടും  

കര്‍ക്കിടകം പെരുമഴയോടെ

പിന്നാലെ പാഞ്ഞെത്തീടും . 


കർക്കിടകം പെയ്തൊഴിയുമ്പോൾ 

നെൽക്കതിരും കൊയ്യാറാകും 

നന്മതൻ നെന്മണികൾ   

നല്ലോണം കൊയ്തീടാമേ... 


വീണ്ടും നല്ലോണക്കാലം

തേടുന്നൊരു മലയാളിക്ക്

നേരുന്നു നന്മകള്‍ മാത്രം

                    ഞാനിനിയും വിട,പറയട്ടെ. ...          


   

 

   

Wednesday, September 19, 2012

ലഹരി
മധു ചഷകത്തില്‍ പതഞ്ഞിടുന്ന  
ലഹരി തുളുമ്പുന്നു .
രുചിച്ചു നോക്കി,കുടിച്ചുതീര്‍ത്തു
പെഗ്ഗുകള്‍ പലതായി.    

കരളിലിരമ്പും കാലുഷ്യം നിന്‍
സിരകളിലോടുന്നൂ.
നിറഞ്ഞ പക തന്‍ ലഹരിയുമായ്‌
ഉറഞ്ഞു തുള്ളുന്നു.

നടന്നു വഴിയില്‍ കലഹവുമായി
പൂരപ്പാട്ടോടെ 
ഉരിഞ്ഞു പോകുന്നുടുതുണിയും
തന്‍മാനവുമൊരുപോലെ.
   

       

Tuesday, September 18, 2012

കതിരുകാണാപ്പൈങ്കിളികതിരുകൊയ്യുവാന്‍ പോരുമോ നീ
കതിരു കാണാപൈങ്കിളി?  
കതിരുകൊയ്തിടാന്‍ ഞാന്‍ വരില്ലിനി
കതിരു മുഴുവനും പതിരുതാന്‍.  

ഹരിത ഭംഗി ലാസ്യമാടിയ
വയലുകള്‍ നമുക്കന്യമായ്      
വ്രണിതമായിടുംഹൃദയവുമായ്‌
പ്രകൃതി തന്‍ മനം തേങ്ങിയോ ?

മരങ്ങളായ മരങ്ങളൊക്കെയും
വെട്ടിമാറ്റും നാമിപ്പോഴും.
ചില്ലുമേടകള്‍ തീര്‍ത്തു നാം
പണിതിടും നഗര നരകങ്ങള്‍.

കനിവിയന്നിടും മനവുമായ്‌ചില
പ്രകൃതി സ്നേഹികള്‍ ചൊല്ലിടും
മൊഴികളോ വനരോദനമായ്‌  
ഭരണവര്‍ഗം കരുതിടും.

വികസനഭ്രാന്തു മൂത്തു നമ്മുടെ
ചികിത്സ പോരാത്ത നേതാക്കള്‍
വികസനവഴി തേടിയലയുന്നു
    വിദേശ രാജ്യങ്ങളോരോന്നും.            

പ്രകൃതിരക്ഷതന്‍ പുതിയപാഠം
പഠിച്ചുവന്നാലും കശ്മലര്‍
ഇവിടെ വന്നിട്ടുപഴയപല്ലവി
പാടിടും, കഥ തുടരുന്നു .
     
കേഴുക നമ്മള്‍ കേഴുക നിത്യം
കേരളീയരെ കേണിടൂ..
കാരണം നാം തന്നെ നമ്മുടെ
ഭാവിയെത്തകര്‍ക്കുവോര്‍.