Tuesday, December 25, 2012

ശവംതീനിപ്പക്ഷികള്‍

വരളുന്നിതെന്‍ചിന്താസരണി,യിന്നെന്‍
മനമൊരുനെരിപ്പോടു പോല്‍നീറിടുന്നു.
ഒരു ദിനം പോലും വാര്‍ത്തയില്ലാതില്ല,
നിറയുന്നു സത്രീപീഡന വാര്‍ത്തയെങ്ങും .


ജന്മം കൊടുത്തവന്‍പോലും,പിശാചിന്റെ  
ജന്മമെടുത്തു,താന്‍ ജന്മം കൊടുത്തൊരു
പിഞ്ചുകുഞ്ഞിനെ,കൂട്ടുചേര്‍ന്നു കൊത്തി 
വലിക്കുന്നു, ശവംതീനി പക്ഷിയെപ്പോൽ 

കൂടെ പഠിക്കും പെണ്‍കുട്ടിയെ പ്രേമിച്ചു
കാമപ്പേക്കൂത്ത് നടത്തി നശിപ്പിച്ചി -
ട്ടാത്മഹത്യക്കായ്തള്ളിവിടുമഭിനവ
റോമിയോമാരുടെയട്ടഹാസത്തിൻ 
പൊട്ടിചിരിയുമായ്, കാമ്പസ് പ്രണയ-
ദുരന്തനാടകമിന്നുമരങ്ങേറുന്നവിരാമം.  

ഗുരുക്കള്‍തന്‍മുഖംമൂടിയണിയുമധമരാം -

ചില മനുഷ്യകീടങ്ങളീനാടെങ്ങുംപടരുന്നു.  
പൂമൊട്ടുപോലെയുള്ളോരരുമ ശിഷ്യകളെ  
പുഴുക്കുത്തേല്‍പ്പിച്ചവര്‍നശിപ്പിച്ചീടുന്നയ്യോ 

അമ്മമാര്‍പോലും തന്നരുമപ്പെണ്‍
കുഞ്ഞിനെ
അന്തിമയങ്ങീടുമ്പോള്‍ചന്തയില്‍വില്‍ക്കുന്നയ്യോ ?
കുഞ്ഞാടിനെ കശാപ്പിനുവില്‍ക്കുന്ന ലാഘവത്തില്‍  
നാടിനെ നടുക്കുന്ന പെണ്‍വാണിഭം നടത്തുന്നു.

വരളുന്നിതെന്‍ചിന്താസരണി,യിന്നെന്‍മന
മൊരുനെരിപ്പോടുപോല്‍ നീറിടുന്നു.
നിറയുന്ന സത്രീപീഡന വാര്‍ത്ത കേട്ട് മന 
മൊരുനെരിപ്പോടുപോല്‍ നീറിടുന്നു.

കാര്‍ത്തികേയാ: നമ: കത്രികേയാ:നമ:കാര്‍ത്തികേയാ: നമ: കത്രികേയാ:നമ:
കത്രികയില്ലെന്ന് വന്നാലെത്രയോ ജന്മമിന്നും
"ചൊവ്വദോഷം"തൊട്ടുള്ള,ദുഷ്ട നക്ഷത്രം തീണ്ടി 
ചൊവ്വില്ലാതെയാക്കാം പെണ്‍കുട്ടികളുടെ ജന്മം.  

പാപ ദോഷം തീണ്ടും പൂമാനിനിമാര്‍ തന്‍റെ  
പാണിഗ്രഹണമേകാന്‍ പാരിലേവര്‍ക്കും പേടി.
അതിനു കണ്ടോരുപാധി, അചിരേണനടപ്പാക്കി
ഇഷ്ടനാളില്‍താന്‍ ജനനം, കത്രിക തന്‍ പ്രയോഗം.

സീസരല്ലേ പ്രഥമ "സിസ്സേരിയനതായി"തീര്‍ന്നു. 
സീസറിന്‍റെയും അന്ത്യം  ദാരുണമായതില്ലേ?

 
 
       

Sunday, December 23, 2012

മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞും
"മുത്തമേകിനിന്‍ ഗുരുവിനെക്കാട്ടിത്തന്നാല്‍
മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞുംതരാം"
ഒട്ടുമേ മനസാക്ഷിക്കുത്തല്‍ കൂടാതെതന്നെ 
പെട്ടന്ന് സമ്മതിച്ചു, നിഷ്ക്രമിച്ചല്ലൊ യൂദാസ്..
ശരവേഗത്തിലോടിയെത്തിനാന്‍ ഗുരുനല്കും 
"പെസ്സഹ" ഭക്ഷിക്കുവാന്‍ കൂട്ടരോടൊത്തു കൂടി
പ്രസന്ന മുഖത്തോടെ ഗുരുവിന്‍ സവിധത്തില്‍
പ്രശംസനീയനായ കാര്യസ്ഥനായി നിന്നു.
മുഖം മൂടിയും ചൂടി തന്നുടെ കാപട്യത്തെ
മറയ്ക്കാന്‍ കഴിഞ്ഞവന്‍,മിടുക്കന്‍ തന്നെയല്ലേ ?
യൂദാസുകള്‍, മുഖം മൂടിയണിഞ്ഞു നടപ്പവര്‍
ആദരം നേടീടുന്നു കാലാകാലങ്ങളായി . 

Tuesday, December 18, 2012

ഉദകക്രിയ

                       

File:Waterfall at Nelliampathi.jpg


മിഴിനീർ പോലും വറ്റിവരണ്ടൊരു 
പുഴ കരയുന്നത് കേട്ടാലും,
മതിവരികില്ലാ,കരളലിയില്ലാ,  
നിങ്ങൾ ദുരമൂത്തവരല്ലോ?  
നിങ്ങൾ ദുരമൂത്തവരല്ലോ? 

"മാനവ ജനതതി, 
യുഗ,യുഗങ്ങളായ് 
ജനി,മൃതികള്‍തേടിയലഞ്ഞിതെന്‍,
തീരംതീര്‍ത്ത വിശാലതടങ്ങളില്‍.

മാനവ സംസ്കൃതി, 
പൊട്ടിമുളച്ചതും,
നട്ടുനനച്ചതും,
ഒന്നിനു പത്തായി,
നൂറിന്നുനൂറുമേനി വിളഞ്ഞതും,
പത്തായത്തില്‍ ഭദ്രമായ്‌ കാത്തതും,
അധിനിവേശത്തിന്നാർപ്പുവിളിയുമായ്‌ ,
പലരുമാ,സംസ്കൃതി തട്ടിയെറിഞ്ഞതും,
പുത്തനാം സംസ്കാരംകെട്ടിയേല്‍പ്പിച്ചതും 
കണ്ടു ഞാന്‍."

"പിന്നെയുമിവിടെ, 
ശക്തരാംകൂട്ടരൊത്തുവന്നധികാരം 
കയ്യാളി,നരകത്തിൻ വൈതാളികർ,
അവര്‍ വീണ്ടും ശ്രമിച്ചൂ... 
ചരിത്രം തിരുത്തികുറിക്കുവാന്‍, 
തടസ്സം നിന്നൊരു ജനപഥങ്ങളെ, 
കൊടും തടവിലിട്ടതും,
കൊല നടത്തി,തകര്‍ത്തുമുന്നേറി,
പലവിധ"യിസങ്ങള്‍"തന്‍ 
വേലിയേറ്റമുയര്‍ത്തിക്കാട്ടിയ, 
സംസ്കാരരഹിത നവലോകം,
പടച്ചിടുന്നതും ഞാന്‍കണ്ടു."

"തലതല്ലി ഞാന്‍ കരഞ്ഞിതെന്നാലും, 
തടസ്സമൊക്കെയും തകര്‍ത്തു മുന്നേറി-
യൊഴുകി,യൊട്ടുമേ,തളരാതെ തന്നെ.
തളര്‍ന്ന നിങ്ങള്‍ക്കു തെളിനീരേകി,  
ജലസംപുഷ്ടയായ്നിറഞ്ഞുനിന്നവ-
ളരുമയാമെന്നെയറുകൊലചെയ്യാന്‍ 
മടിച്ചിടാത്തവര്‍കുലം മുടിക്കുന്ന, 
കുല ദ്രോഹികള്‍,മനുഷ്യാധമന്മാര്‍."

 മണലൂറ്റുക,ഊറ്റിയെടുക്കുക
പുഴയുടെ മാറ് പിളര്‍ന്നും
മണലൂറ്റുക,ഊറ്റിയെടുക്കുക.
പുഴയുടെ സിരകള്‍തകര്‍ക്കുക.
പുൽമേട്‌ തകർക്കാം,മഴക്കാടുകൾ, 
വെട്ടി,നാടു മുടിക്കാം,കോടികൾ നേടാം...   

പുഴയുടെ ജലസംഭരണികൾ,   
ജലസ്രോതസ്സുകള്‍, പാടെ വറ്റി-
വരണ്ടൊരു, പുഴയുടെ മരണം
ഘോഷിച്ചുദകക്രിയകള്‍ ചെയ്യാം  .
നമ്മളുദകക്രിയകള്‍ ചെയ് വോര്‍. 


   

Thursday, December 13, 2012

തബല


തബല
അകം പൊള്ള യെങ്കിലും, 
അതിലൊരു മാന്ത്രികവിരല്‍
തൊട്ടു,മെല്ലെ,തലോടി,സ്പര്‍ശന 
സുഖം പകരുന്ന കാല മണയു-
മൊരു വേളയില്‍, പ്രിയകര 
രാഗ, ലയ,താളം ചേര്‍ന്നൊരു 
മധുര മധുരമാം ഗാനനിര്‍ഝരി
യൊഴുകുന്നീവികൃതിയുമബലയു
മായൊരു തബലയാം കിന്നര
കന്യകതന്നന്തരംഗത്തില്‍ 
നിന്നുമേതോ,മുജ്ജന്മസുകൃതി
തന്നുൾപുളകംവിരിയും,നറുമലരിന്‍ 
പുതു സൌരഭ്യസൗഗന്ധമായ്. 

മിന്നാമിന്നികള്‍

       

അര്‍ക്കന്‍വിതറുമൊരാദിത്യ ശോഭയെ
നേര്‍ത്തോരിരുട്ടിന്‍പുതപ്പാല്‍മറയ്ക്കു-
വാനന്തിമയങ്ങുന്ന നേരം വരേക്കുമീ-
സന്ധ്യ,ക്ഷമയോടെ കാത്തിരിപ്പൂ ..

അര്‍ക്കനിതാഴിയില്‍ മുങ്ങുന്ന നേര -
മിരുട്ടിന്‍വല,രാത്രി,വീശിയെറി
ഞ്ഞമ്പരമാകെയിരുട്ടിന്‍വലക്കുള്ളില്‍
നൊമ്പരമേറ്റുള്ളംപിടയുന്ന വേളയില്‍  
നീളെ,നഭസില്‍ത്തെളിയുന്നിതായിരം,
നക്ഷത്രക്കണ്ണുള്ള കന്യകമാരവര്‍. 

നക്ഷത്രക്കണ്ണുള്ളസുന്ദരിമാരെല്ലാം 
തന്‍വലക്കുള്ളിലകപ്പെടുത്തീടുവാന്‍  
തത്രപ്പെടുന്നൊരു രാത്രിയാം ഭീകര 
രാക്ഷസരാജനെത്തെല്ലുമേ, കൂസാതെ
തന്നാല്‍ക്കഴിയും പ്രകാശം ചൊരിഞ്ഞിഹ   
വെല്ലുവിളിക്കയാം  മിന്നിയും മങ്ങിയും,
മിന്നിത്തെളിഞ്ഞുമീകേവല പ്രാണികള്‍,
മിന്നാമിന്നികള്‍, മഞ്ജുള ഗാത്രികള്‍!
 .    


Friday, December 7, 2012

നിറവിന്റെ നേരോര്‍മ

വരളുന്നെൻ ചിന്താസരണിയിന്നെൻ മനം   
വരളുന്നോരൂഷര,ഭൂമിയായി.
തളരുന്നിതെന്‍ മേനി,വെയിലേറ്റ് വാടുന്ന 
തളിരിളംചീരതന്‍ തണ്ടുപോലെ .

നിറയുന്ന കണ്ണുനീര്‍,കവിയുന്ന കണ്ണുകള്‍
കരകവിഞ്ഞൊഴുകുന്നൊരരുവികളായ്. 
കരകവിഞ്ഞൊഴുകുന്ന ദുഃഖമാം പ്രളയത്തെ 
ചിറകെട്ടി നിര്‍ത്തുവാന്‍ കഴിയുന്നില്ല. 

മറയുന്നിതെന്നോര്‍മ്മ, മറയുന്നിതന്തിയില്‍ 
മറുകര തേടുന്ന സൂര്യനെപ്പോല്‍.
മറവി തന്‍ മാറാപ്പില്‍ നിന്നുമിടെയ്ക്കിടെ
നിറവിന്റെ നേരോര്‍മയായ് നീ വരും.

നിറകതിര്‍ചിന്നും മദ്ധ്യാഹ്ന സൂര്യനെ, 
ഗ്രഹണം വിഴുങ്ങുന്ന പോലെയല്ലോ
നിറയൗവ്വനത്തിൻ പൂര്‍ണിമയില്‍നിന്നും
മരണം നിന്നെയുംകൊണ്ടുപോയി .

കരിയുന്നു മുകുളങ്ങൾ ഗ്രീഷ്മമായാൽ,വീണ്ടും 
വിരിയുന്നു പുതുവര്‍ഷ പുളകങ്ങളായ്.
പ്രിയതമേ, നീ വന്നു,ചിരിതൂകിയെന്‍മന 
മുകുരത്തിലതുപോല്‍ തെളിഞ്ഞിടില്ലേ ?
         

Tuesday, December 4, 2012

മദ്യ കേരളംവാറ്റും മദ്യം മുഴുവനും 
കുപ്പിയിലതാക്കി-
യതിന്റെ കൂടെ,
കരള്‍ വാട്ടും,
ഹൃദയംനീറ്റും,
മാരകമാംവിഷം
കലര്‍ത്തി,
"ഫോറിന്‍ലിക്കര്‍ 
ജോണി വാക്കറിൻ
ലേബൽ "ചാര്‍ത്തി,
പുതുമയോടുടനെ 
തന്നെ ജോറില്‍,
ബാറില്‍കൂട്ടുംകൂടി 
രസിക്കും ചില
വിഡ്ഢികൾക്കു,
പെഗ്ഗുകളായിട്ടളന്നു 
നല്‍കും .
ഏറ്റം ഭോഷന്മാരായ 
ചിലരവരൊത്തുകൂടി,
പൂരപ്പാട്ടും പാടി,
പിന്നെ നാറ്റം കൂടിയ 
ചില വാക്കുകളുച്ചരിച്ചു 
തമ്മില്‍ കൂട്ടത്തല്ലുകൂടും  
പിന്നെ, ഏറ്റം കഷ്ടതയോടെ 
കുടിച്ചുവയർ നിറച്ച 
വിലയേറിടുംമദ്യമെല്ലാം,
ഒരൊറ്റ വായില്‍ 
ഏറ്റംനീളം കൂടിയ
"വാളിനാ"ലഭിഷേകമേകും
മുക്കുടിയന്മാരാൽ
നിറഞ്ഞുവല്ലോ 
മലയാളനാട്.

.

Monday, December 3, 2012

" മാമ്പഴം" ഒരു പാഠഭേദം

  

 അന്ന്  

"അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ  
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലു മാസത്തിന്‍ മുന്‍പിലേറെ നാള്‍കൊതിച്ചിട്ടീ
ബാല മാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ "ഇന്ന്  

അങ്കണ തൈമാവിലോരായിരം കനി കാണ്‍കെ 
അമ്മതന്‍ കണ്ണുകളില്‍ കിനിഞ്ഞു ബാഷ്പാങ്കുരം .


നാലുപാടുമുള്ള വീടുകള്‍ തകര്‍ത്തവര്‍
നാട്ടിലങ്ങുടനീളം ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കി
അമ്മതന്‍ മണിക്കുട്ടനുറങ്ങും തൊടിക്കവര്‍
കോടികള്‍വില നല്‍കി വാങ്ങുവാന്‍ വന്നെങ്കിലും
തന്നുണ്ണി കുഞ്ഞിന്‍ദേഹം അന്ത്യ വിശ്രമം കൊള്ളും
പൊന്നു പോലുളള മണ്ണ് വില്‍ക്കുവാന്‍ ശ്രമിച്ചില്ല .
അമ്മതന്‍ കണ്ണനുണ്ണി മയങ്ങും തൊടിയൊരു  
നന്ദനോദ്യാനം തന്നെയാക്കുവാന്‍ തുനിഞ്ഞമ്മ.    
തൊടിയില്‍ അമ്മ നട്ടു,മരങ്ങള്‍ പലതരം
പതിവായ്‌ പരിചരിച്ചവയെ വലുതാക്കി .
കാവുപോല്‍ പരിശുദ്ധം, ചെറുതായൊരു  
കാനനം, മനോഹരം,കുളങ്ങള്‍,കിളികളും 
അണ്ണാറക്കണ്ണന്‍മാരും തുള്ളുന്നൊരിടമാകും  
പൂവാടി തന്നെ തന്റെ കണ്ണന് നൈവേദ്യമായ്. 
നാട്ടിലെയൊരെയൊരു പച്ചതന്‍ തുരുത്തല്ലോ  
കൂട്ടിനായെത്തിയവര്‍,ഉണ്ണിതന്‍ചങ്ങാതിമാര്‍   
ഉണ്ണികള്‍ വലുതായെന്നറിയാതമ്മ,ചൊല്ലി 
"തല്ലു കൊള്ളും നിങ്ങള്‍ പൂങ്കുല തല്ലിയെന്നാല്‍"


അങ്കണ തൈ മാവിലൊരായിരം  കനികാണ്‍കെ
അമ്മതന്‍ കണ്ണുകളില്‍ തുളുമ്പി ബാഷ്പാങ്കുരം.

Sunday, December 2, 2012

വിധിന്യായം    

കരിയെഴുതിയ നയനങ്ങള്‍
മിഴിയിണയില്‍ സ്വപ്‌നങ്ങള്‍
കനവുകളില്‍ തെളിയുന്നു
മധുരതരം ജീവിതം ..

സുകൃതമയം ജീവിതം
സൂര്യന്റെ തേജസ്സായി
ഒളിവീശിനിന്നപ്പോള്‍
മുഖകമലം വിടരുന്നു .
മണിമുത്തായ് തേന്‍തുള്ളി.
കിനിയുന്നു നറുമലരില്‍,

തേന്‍ തുള്ളികള്‍തേടി വരും 
കരി വണ്ടുകള്‍ മുരളുന്നു
കരി വണ്ടുകള്‍ പലരായി
മധു തേടി വന്നപ്പോള്‍
അരുമപ്പൂ വിടരാതെ
മുറിവേറ്റു കൊഴിയുന്നോ ?.

നറു മണം വീശിവിടരുവാന്‍ 
കഴിയാതെ, കൊഴിയാനായ്
ഗതിവന്നൊരു പെണ്പൂവേ,
പൊന്‍പൂവേ,
ഭീകരരായുള്ളഭ്രമരങ്ങളെമ്പാടും 
ഭീതി പരത്തുമീ ലോകത്തിലാരുമേ 
വരികില്ല തുണയേകി നിന്നെ 
സംരക്ഷിക്കുവാന്‍..
വിധിയെന്നുര ചൊല്ലി  
യവരെല്ലാം തടിതപ്പും..

("മാവു പൂത്തു മണം പാറി
വണ്ടു വന്നു തേന്‍ കുടിച്ചു
കണ്ടു നിന്നു  തടിയന്മാര്‍ 
മിണ്ടിയില്ല  മടിയന്മാര്‍. ")