Sunday, July 12, 2009

ഒരനുരാഗ കഥയുടെ അന്ത്യം



ഗതകാലസ്മരണ തന്‍ നീലക്കയങ്ങളില്‍
പലവുരു മുങ്ങി ഞാന്‍ തേടി
ഒരു ചെറു ചിപ്പിയില്‍ കുടികൊണ്ടിരുന്നോരു
അനുരാഗ കഥയുടെ മുത്ത്
ഒരു ചിങ്ങമാസത്തില്‍ തറവാട്ടിലെത്തി ഞാന്‍
കഥയില്ലാക്കഥകളും തേടി
തിരുവോണപ്പുലരിയില്‍ തൃത്താപ്പൂചൂടിയ
മലയാള മങ്കയെക്കണ്ടൂ .
സഖിമാരുമൊത്തവള്‍ തിരുമുറ്റം തന്നിലായ്‌
തിരുവാതിരക്കളിയാടി
ചടുല നേത്രങ്ങളില്‍ ഇമവെട്ടി നിന്നതോ
മൃദുലാനുരാഗത്തിന്‍ ഭാവം. ‍
അതു കണ്ടു കുളിരാര്‍ന്നോരെന്‍ മനസ്സന്നൊരു
ചിത്രപതംഗമായ്‌ മാറി
ചിറകടിച്ചുയരങ്ങള്‍ തേടിയ ശലഭങ്ങ-
ളൊരു വര്‍ണ്ണരാജിയായ്‌ പാറി .
വിധിയാം കൊടുംകാറ്റില്‍ ചിറകറ്റു വീണുപോയ്‌
മമ മോഹചിത്രപതംഗം
എന്നനുരാഗ ചിത്രപതംഗം!

No comments: