Sunday, December 22, 2013

ക്രിസ്മസ്സ്പപ്പ
ധനുമാസരാവിൻ കുളിരുമായെത്തും 
നനുത്ത മഞ്ഞിന്റെ തണുപ്പകറ്റീടാൻ
കറുത്ത രാത്രിതൻ കരിമ്പടക്കെട്ടി - 
ലൊളിച്ചും പാൽ ചിരിതൂകി തുളുമ്പി 
നിൽക്കുന്നോരമ്പിളിമാമനും, 
ചുവന്ന കിന്നരി തലപ്പാവും ചൂടി
ചുവന്ന മേലങ്കിയണിഞ്ഞു,മെല്ലെ 
വെണ്മഞ്ഞുപോലുള്ള തൻ നരച്ച 
താടിയുഴിഞ്ഞു,തോളത്തെ വലിയ 
മാറാപ്പിൽ നിറയെ സമ്മാന-
പൊതിയുമായിതാ,മണിമുഴക്കി തൻ 
രഥത്തിലേറി,പുഞ്ചിരിക്കുംകുട്ട്യോൾക്ക് 
സമ്മാനമേകുന്ന സാന്റാക്ലൌസും 
നമുക്കെല്ലാവർക്കും പ്രിയങ്കരരല്ലോ ?

ബെത് ലഹേമിലെ തൊഴുത്തു ഭംഗിയായ്‌  
ചമച്ചു ഞാനെന്റെ വീട്ടിൻ മുറ്റത്തു 
ഉണ്ണിയേശു തൻ പിറവിയും കാത്തി-
രിക്കെയെന്റെ മിഴിയിണതന്നിൽ 
ഉറക്കം പതിയെ കണ്ണടച്ചെത്തുന്നൊരു 
കുറിഞ്ഞിപൂച്ചയായ് വിരുന്നു വന്നല്ലോ?  

പുലരും മുൻപേതാനുണർന്നുമെല്ലെയെൻ  
"ക്രിസ്മസ് ക്രിബ്ബിന്റെ"യടുത്തു ചെന്നപ്പോൾ
അവിടെ കാണുന്നു വർണ്ണപ്പൊതികൾ 
നിറയെ സമ്മാനപ്പൊതിതൻ കൂമ്പാരം 

എനിക്ക് കിട്ടിയ  സമ്മാനമൊക്കെയും
പകുത്തു നല്കുവാൻ മനസ്സിൽ തോന്നണം   
നിറഞ്ഞ സന്തോഷം പകർന്നു ഞാനെന്നും 
നിറവേറ്റിടട്ടെയീ ക്രിസ്മസ് സന്ദേശം ...

Friday, December 20, 2013

ക്രിസ്തുമസ് കരോൾഅകലെയൊരു ദിവ്യതാരം തിളങ്ങുന്നു  
 അത് നാം മുന്നാലെ കണ്ടിട്ടേയില്ലല്ലോ ?"

"അശരീരിയായൊരു ഗാനവും കേൾക്കുന്നു 
ആ ശബ്ദം നമ്മെ തേടി വരുന്നല്ലോ ?"

"അത്യുന്നതങ്ങളിൽ ദൈവ മഹത്വം 
ഭുമിയിൽ സന്മനസുള്ളോർക്ക് ശാന്തി" 

"ദൈവദൂതരവർ കാഹളം പാടുന്നൂ 
നമ്മെ നോക്കിയവർ പുഞ്ചിരി തൂകുന്നു" 

ആട്ടിടയരവർ തങ്ങളിൽ തങ്ങളിൽ 
ആശ്ചര്യലോലരായ് ഇത്ഥം പറഞ്ഞിട്ട് 
താരകം ചെമ്മേ നയിക്കും സ്ഥലം വരെ 
പോയി നോക്കിയവർ കണ്ടല്ലോ,നാഥനെ
കാലിത്തൊഴുത്തിൽ കീറത്തുണിയുമായ്‌ 
രാജാധിരാജനാം യേശു ശയിക്കുന്നു. 

യേശുവിൻ ദർശന ഭാഗ്യം ലഭിച്ചവർ 
ആരാധനാ സ്തുതി ഗീതങ്ങൾ പാടുന്നു 
അന്നവർ പാടിയ കീർത്തന ഗീതങ്ങൾ   
ഇന്നും നഭസിൽ, മനസ്സിൽ മുഴങ്ങട്ടെ .

ക്രിസ്തുമസു കാലത്ത് നാട്ടിലുടനീളം 
യേശുവിൻ സന്ദേശ ഗീതങ്ങൾ പാടി 
ഗായകസംഘത്തോടോത്തു നമുക്കും 
പോയിടാം സന്ദേശ വാഹകരാകാം!  


Thursday, December 19, 2013

ഇന്റർനെറ്റ്

 
 

 


സൌഹൃദത്തിൻ
വല വിരിച്ചു
കാത്തിരുന്നു
കുടുങ്ങിയില്ല

പ്രണയത്തിൻ
വല വീശി
കാത്തിരുന്നു
ഒഴിഞ്ഞു മാറി
കുടുങ്ങിയില്ല

മിസ്കാളിൽ
മെല്ലെയവൾ
പാട്ടിലായി 
വളകിലുക്കിയ
സുന്ദരിയാൾ..

ഇന്റർനെറ്റിൻ
മാസ്മരമാം
വലയിലവൾ
പെട്ടുപോയീ
കെട്ടുപൊയീ...

സ്വപ്നലോക -
പ്പൊൻചരട്
പൊട്ടിപ്പോയ
വർണ്ണപ്പട്ടം 
കൂപ്പുകുത്തിയ-
ലക്ഷ്യമായി...

മോഹങ്ങൾ
തകർന്നു പോയി
മോഹനമൊരു
ജീവിതവും.....


Friday, December 6, 2013

ഫേസ്ബുക്ക്
മുഖം ഇല്ലാത്തവരും, 

മുഖം നഷ്ടമായവരും

മുഖം മിനുക്കുവാൻ 

മുഖപുസ്തകത്തിൽ 

മുഖം മൂടിയുമായി 

മുഖങ്ങൾ തിരയുന്നു .....

Tuesday, November 26, 2013

ജ്ഞാനസ്നാനം


ജ്ഞാനസ്നാനമേല്ക്കാൻ
തൂമഞ്ഞു പോലെയുള്ള
കുഞ്ഞുമാലാഖയെപ്പോൽ  
നിൻകുഞ്ഞു വന്നു നില്പ്പൂ ...

ജ്ഞാന ദീപമേന്താൻ
ജ്ഞാനസ്നാനമേല്ക്കാൻ
പരിശുദ്ധാത്മാവേകും
ദിവ്യവരം നേടാൻ
നില്പൂ നിൻ സവിധേ
നിന്നരുമയായ പുത്രി

പിഞ്ചിളം കുഞ്ഞേ നീ
യേശുവിൻ കടാക്ഷം
മെഴുതിരി പ്രകാശം
കണ്ടു കണ്ണ് ചിമ്മി
പുഞ്ചിരി തൂകുന്നോ ?

ഈ കുഞ്ഞിളം പാദങ്ങൾ
നീ നയിക്കും വഴിയിൽ
പദമൂന്നി തന്നെ വേണം
സഞ്ചരിച്ചു  വളരാൻ ...

ഉണ്ണിയീശോ തന്റെ
ചങ്ങാതിയായിടാനായ്
ദൈവത്തിന്നരുമപുത്രി-
യായി തീർന്നീടുവാൻ 
സാക്ഷിയായി നില്ക്കും
ബന്ധുജനവുമൊത്തു 
വാഴ്ത്തിപ്പാടിടുന്നേൻ
ദൈവത്തിൻ മഹത്വം..
വാഴ്ത്തിപ്പാടിടുന്നേൻ
ദൈവത്തിൻ മഹത്വം..  

Wednesday, November 20, 2013

കണ്ണാന്തളിപ്പൂക്കൾ


kannanthali's (markazhi) Tags: india flower bisexual endemic onam peninsular habitatdestruction hotspots bicolour ceti exacum thrikkakkarayappan tetramerous kannanthali lateritequarrying

 കണ്ണാന്തളികളും തെമ്മാടിക്കാറ്റും 

കിന്നാരം ചൊല്ലി പുന്നാരം ചൊല്ലി 

കണ്ണുംപൊത്തിക്കളിച്ചു വളർന്ന 

നന്മപൂരിതമായ നമ്മുടെ കുന്നിൻ

പുറങ്ങളും നാട്ടു വഴികളും കുശലം 

ചോദിക്കും നാട്ടുകാരും കാണുവതില്ല 

മാറ്റത്തിൻ കുത്തൊഴുക്കിൽ 

മാഞ്ഞു കഴിഞ്ഞൂ.. കാണുവാനില്ല 

മരുന്നിനു പോലും 

കണ്ണാന്തളിയും കാട്ടു പൂക്കളും...    

**താന്നിക്കുന്നിലെ, കണ്ണാന്തളിയുടെ 

ചങ്ങാതി വാസു കണ്ണാന്തളികളെ 

തന്റെ കഥകളിൽ വർണ്ണങ്ങൾ ചാലിച്ചു 

വർണ്ണിച്ചു,കീർത്തിച്ചനശ്വരമാക്കിയ

കൂടല്ലൂരെ പ്രിയനാം കഥാകാരൻ,തനി 

ഗ്രാമീണൻ കരയുന്നു... 

ഗ്രാമ ശ്രീയെഴും ചേലെഴും കുന്നില്ല 

കുന്നിൻ ചരിവില്ല ,കുറ്റിക്കാടില്ലാത്ത 

വല്ലാത്ത നാടെന്റെയിന്നത്തെ കേരളം 

എന്തൊരു കേരളം ചിന്തിക്കുവാൻ വയ്യ....

കണ്ണാന്തളിപ്പൂക്കളുടെ കാലം" എന്ന പുസ്തകത്തിൽ എം .ടി 

പറയുന്ന ഈ  വരികൾ വായിച്ചാണ് ഞാൻ  

കണ്ണാന്തളിപ്പൂക്കൾ എന്ന രചനക്ക് മുതിർന്നത് 

ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രം നെറ്റിൽ നിന്നും 

കിട്ടിയതാണ് .എം.ടി പോലും  കണ്ണാന്തളിയുടെ വരച്ച 

ചിത്രമാണ് പ്രസ്തുത പുസ്തകത്തിന്റെ പുറം 

ചട്ടയിൽ ചേർത്തിട്ടുള്ളത്.   

"കർക്കിടകം പിറന്നു താന്നിക്കുന്നിൽ നിറയെ 

കണ്ണാന്തളിപ്പൂക്കൾ മുടക്കമില്ലാതെ വിടർന്നു...... 

കുടിയിരുപ്പുകളായി മാറിയ കുന്നിൻ പുറങ്ങളിൽ പിന്നീട് 

കണ്ണാന്തളിപ്പൂക്കൾ വളരാതായി .....


തന്റെ കഥയിൽ കണ്ണാന്തളി പ്പൂക്കളെക്കുറിച്ച്  വായിച്ചശേഷം അത് നേരിൽ 

കാണാൻ വരുന്നു എന്നറിയിച്ച സുഹൃത്തിനെഴുതി..ഗ്രാമം 

കാണാം പക്ഷെ ഇപ്പോൾ കണ്ണാന്തളിപ്പൂക്കൾ  ഇല്ല. പഴയ 

ഗ്രാമവും മാറിയിരിക്കുന്നു 

കണ്ണാന്തളിപ്പൂക്കൾ കാണിക്കാമെന്നേറ്റമലമാക്കാവിലെ 

പ്രശസ്ത വൈദ്യൻ പരമേശ്വരൻ നായർ വിജയ ഭാവത്തിൽ 

എനിക്കെഴുതി പാറയിടുക്കിൽ നിന്നും മറ്റുമായി മൂന്നു 

ചെടികൾ കണ്ടു കിട്ടിയിട്ടുണ്ട് ഞാൻ ചെടിച്ചട്ടിയിൽ 

വളർത്തുന്നു ഇനി നാട്ടില വരുമ്പോൾ കാണാം... " ( ഉദ്ധരണി 

ഏകദേശ രൂപമാണ് )

**കണ്ണാന്തളിപ്പൂക്കളുടെ കാലം 
എം.ടി വാസുദേവൻ നായർTuesday, November 12, 2013

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും

മകര മഞ്ഞിൽക്കുളിച്ചീറൻമാറാതെ 
മരുവുമാപ്പുഞ്ചവയലിന്റെയോരത്തു 
കുളിരുമാറ്റുവാൻ ഇളവെയില് കൊള്ളുന്നു   
തളിര് പോലൊരു പെണ്‍കൊടി സുസ്മിതം.. 

മകരസമീരനിലുലയുമളകങ്ങളെ 
കരപല്ലവത്താൽ മെല്ലെയൊതുക്കിയാ-
ക്കോമളാംഗി മേവുന്നലസമായ് ....
മിഴിയിണകളിൽ ഒളിമിന്നി നില്ക്കുന്നു,
മധുരാമാമേതോ സ്വപ്നത്തിന്നാലസ്യം ..
കവികൾ വർണ്ണിക്കും മലയാള ചാരുത 
കവിയുകയാണോമലാളിൻ മിഴികളിൽ 
അവൾ തന്നെയല്ലേ പ്രിയങ്കരിയാമെന്റെ 
കുവലയമിഴി,കുലീന,മലയാളസുന്ദരി! 

മകര മഞ്ഞേറ്റു താരും തളിരുമായ്  
മാകന്ദ ശാഖികൾ മാടിവിളിക്കുന്നൂ .. 
മാന്തളിരുണ്ടുൾപുളകമോടെ പാടാൻ  
കോകില ഗായകരെന്തേ വരുന്നീല ?

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും 
മറന്നുവോ മലയാള നാടും കിളികളും  
ഇനിവരാതെയായെന്നോ മധുമാസം 
ഇവിടെയീനാടിന്നൈശ്വര്യ നാളുകൾ?     

Sunday, November 10, 2013

സ്വരം

    സ്വരം 

 In Harmony ~ - LOVE HEALS

സ്വരം
നിൻ സ്വരവും
എൻ സ്വരവും
ഇഴുകിടുമ്പോൾ
ഒരു സ്വരമായ്
ചേർന്നിടുമ്പോൾ
ഒഴുകിടുന്നു,ശ്രുതി .
മധുരസ്വരരാഗ-
മൊരരുവിയായി....
സംഗീത യമുനപോലെ
സന്തോഷ,നിർഭരമാം
ജീവിതം സഫലമല്ലോ ....
സംഗീത സാന്ദ്രമല്ലോ ?

സ്വരം

എൻ സ്വരവും
നിൻസ്വരവും
മത്സരിച്ചുയരുമ്പോൾ
അപശ്രുതികളുയരുന്നൂ...
കുരുക്ഷേത്ര സംഗരത്തിൻ -
ശംഖുനാദ മുഖരിതമായ്  
ജീവിതമവതാളമായിടുന്നൂ..
മോഹഭംഗഭരിതമയം
ശോകഗാനവീചികളാൽ
ജീവിതമോ ദുഃഖമയം,
കാണികൾക്കാഹ്ലാദം...

Wednesday, November 6, 2013

ചൊവ്വാദോഷംചൊവ്വിൽ ചിതമോടെ തന്നെയവർ 

ഭൌമ ഭ്രമണ പഥത്തിൽ നിന്നും 

ചൊവ്വായിലേക്ക് കുതിച്ചിടുവാൻ 

ചൊവ്വാപര്യവേഷണ പേടകത്തെ 

ചൊവ്വോടെതന്നെവിക്ഷേപിച്ചുവല്ലൊ? 

വിഖ്യാതരായോരീ ശാസ്ത്രജ്ഞരെ 

വിസ്മരിച്ചീടായ്ക നാം കേരളീയർ

ചൊവ്വഗ്രഹത്തിൽ മനുജൻ തൻ പദമൂന്നി 

ചൊവ്വയെ ചൊല്പ്പടിയിലതാക്കിയാലോ?

ചൊവ്വദോഷത്തെയൊട്ടുമേ പേടിച്ചിടാതെ

ചൊവ്വുള്ളവരായിനി മലയാളി മാന്മിഴിക്കു

ചൊവ്വുള്ള മംഗല്യയോഗമേറിടട്ടെ നൂനം

Tuesday, November 5, 2013

വിധിയോ വിനയോ?
ഒരു നൗക,
ഇരു ലക്ഷ്യം,
തുഴയുന്നലക്ഷ്യം.

തുഴയുന്നതലക്ഷ്യം 
നാം തുഴയുന്നു
വെങ്കിൽ, 
കരകാണാ
കടലിൽ 
നാം വെറുതെ
അലയുന്നത്
വിധിയോ?

ഒരു മനസ്സോടൊ-
രുമയോടൊന്നിച്ചു 
തുഴഞ്ഞാൽ
അരികിൽ
നാം അണയില്ലേ
തീരത്തതിവേഗം .

ഇരു മനസ്സോടൊ- 
രുമയെഴാതെ നാം
തുഴയെറിഞ്ഞാലോ 
തീരത്തണയാതെ
തിരകൾ വിഴുങ്ങാം
നാം,കടലിലൊടുങ്ങാം..

വിനയുടെ വിത്ത്‌
പാകുന്നവർ നമ്മൾ
കൊയ്യുവതും വിനയുടെ
വിള തന്നെയല്ലേ?

വിനായായതിൽ 
പിന്നീടതു വിധിയെന്നു- 
പഴി ചൊല്ലും 
മുറവിളി വേണോ ?

Monday, November 4, 2013

ബോബൻ ജോസഫിന് ആദരാഞ്ജലികൾ

ബോബൻ ജോസഫിന് ആദരാഞ്ജലികൾ അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ പ്രിയ സുഹൃത്ത് ശ്രീ ബോബൻ ജോസഫിന്റെ ഒരു കവിതയും അതിനു ഞാൻ നല്കിയ കമെന്റും അദ്ദേഹത്തിന്റെ മറുപടിയും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു

മരണം ഒരു ചങ്ങാതി

അജ്ഞാന നാളിലീ ജീവിതനൌകയില്‍
അതിരേതും കാണാത്തോരനുഭവങ്ങള്‍
അനുഭവമേറെ പഠിപ്പിച്ചു എങ്കിലും
മൂടിക്കിടക്കും നിനയ്ക്കാത്ത മുറുവുകള്‍

മരണമേ നിന്നെ ഞാനൊരുനാളില്‍ ‍നേരിട്ട
നിമിഷങ്ങളെന്നും ഞാനോര്‍ത്തു പോകും
കാരിരിമ്ബിന്‍റെ കൂര്‍ത്ത മുന പോലെ
മാനസ പൊയ്കയില്‍ വന്ന കാലം ‍

കരിമുകിലഖിലമൊരഗ്നിതന്‍ ഗോളമായി
ഹൃദയത്തിനുള്ളില്‍ നിറഞ്ഞൊരിക്കല്‍
നൌകകള്‍ മരിയാനചുഴിയില്‍പെടുംപോലെ
അകമലരാണ്ടുപോയ് ഭീതിയിങ്കല്‍ ‍

ഉത്കണ്ഠയേറുന്നു, കണ്ടമിടറുന്നു 
പിണ്ഡമായ് മാറിയെന്‍ ഗാത്രിയെന്നോ 
ദിക്കുകള്‍ പൊട്ടുമാറുച്ചത്തിലെത്തിയാ 
ക്രോധനാമശരീരി ഗന്ധര്‍വമെന്നോ

നാളുകള്‍ നീണ്ടുപോയ് കാതങ്ങള്‍ താണ്ടിഞാന്‍
ശീലിച്ചു മരണത്തെ സഹപാഠിയാക്കിടാന്‍ ‍
എങ്കിലും ഭയമെന്ന കൂരമ്പു മൂര്‍ച്ചയാ -
ലെന്‍നെഞ്ചു കുത്തി തുറന്ന കാലം

കടലിലെ തിരമാലയെന്നപോലെന്നാത്മ
സംഘര്‍ഷമോരോന്നുയര്‍ന്നു പൊങ്ങി
സന്താപനാത്മക സന്തിയായെന്നുളില്‍
സുന്ദര സ്വപ്നങ്ങളന്നൊടുങ്ങി

ഉത്കണ്ഠയെല്ലാമൊരുകൊടുങ്കാറ്റ് പോല്‍
ഉള്ളില്‍ കിടന്നലതല്ലുന്ന നേരത്ത്
പതിയെ പതിയെയീ പതിതനാമെന്‍റെയാ
പ്രാണന്റെയുള്ളിലെ ശക്തി കണ്ടു
മരണം ഒരു ചങ്ങാതി

യുദ്ധങ്ങള്‍ ചെയ്തുചെയ്താ‍ജിച്ചയൂര്‍ജം പോല്‍
സംഘര്‍ഷ യുദ്ധങ്ങളില്ലാതായി
രാക്ഷസനായോരു സത്വമല്ലവനെന്ന്
ചിന്തിച്ചു ചിന്തിച്ചകര്‍ശിതനായി

സതീര്‍ത്ഥ്യനാണവനെന്നറിഞ്ഞൊരു നാള്‍ തൊട്ടു
മനമെന്നും ഭയമില്ലാതായി മെല്ലെ
ഏതുനിമിഷവും അവന്റെ മടിത്തട്ടില്‍
നിദ്രയെ പുല്‍കാന്‍ ഞാന്‍ സന്നദ്ധനായ്

അന്ന് തൊട്ടിന്നേവരെയെന്‍റെ ഹൃദയത്തില്‍
മരണീയ ഭയചിന്ത ലവലേശമില്ല
അന്നു തൊട്ടെന്നും ചേതനയോടുള്ള
ഓജസ്സും തേജസ്സും തന്നീടുന്നു ‍
( Boban Joseph on April 17, 2013 )

Dear Tomichettan,

അഭിപ്രായത്തിന് നന്ദി.

ടൈപ്പ് ചെയ്യുമ്പോൾ അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നു. ക്ഷമിക്കുക
 Comment by Tomy Jacob on May 23, 2013 at 5:28pm
Delete Comment
"സതീര്‍ത്ഥ്യനാണവനെന്നറിഞ്ഞൊരു നാള്‍ തൊട്ടു
മനമെന്നും ഭയമില്ലാതായി മെല്ലെ
ഏതുനിമിഷവും അവന്റെ മടിത്തട്ടില്‍
നിദ്രയെ പുല്‍കാന്‍ ഞാന്‍ സന്നദ്ധനായ്"
മരണത്തെ നിസംഗമായി നേരിടാൻ മഹാന്മാർക്കെ കഴിഞ്ഞിട്ടുള്ളൂ .മഹാനായ സോക്രട്ടീസ് തന്നെ ഉദാഹരണം
ഭാവനയിലെങ്കിലും മരണത്തെ സതീര്‍ത്ഥ്യനാക്കാൻ കഴിയുന്ന മനോഭാവം നന്നായിരിക്കുന്നു.
അക്ഷരത്തെറ്റുകൾ ടൈപോഗ്രഫിക്കൽ എറർ ആണെന്ന് കരുതുന്നു. അല്ലെങ്കിൽ അല്പം ശ്രദ്ധിക്കുക
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്ന ബോബൻ ജോസെഫ് (43) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് നെരുൾ -നവി മുംബൈയിൽ വച്ചായിരുന്നു അന്ത്യം.
ആലപ്പുഴ എടത്വ സ്വദേശിയായ ബോബൻ PCTS എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു . ജോസഫീന ബോബൻ ഭാര്യയും, ട്രീസ (13), ടീന (6), എന്നിവർ മക്കളുമാണ്.
ബോബന്റെ മലയാളം കവിതകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.
INDIA BOOKS OF RECORDSൽ ഇടം നേടിയ 'മാവേലി മന്നന്റെ മനസ്സ്' എന്ന കവിത ബോബന്റെ തൂലികയിൽ വിരിഞ്ഞ ഒരു മികച്ച സൃഷ്ടി ആയിരുന്നു.
നെരുൾ - നവിമുംബൈ മേഖലയിലെ മലയാളികൾക്കിടയിൽ നിറ സാന്നിധ്യമായിരുന്ന ബോബന്റെ അകാലവിയോഗത്തെ ഏറെ വേദനയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും
അഭിമുഖീകരിച്ചത്..
സംസ്കാരം നവംബർ 5ന് വൈകീട്ട് 4 മണിക്ക് നെരുൾ-നവി മുംബൈ ലിറ്റിൽ ഫ്ലവർ ചർച്ചിൽ നടക്കും .

Saturday, November 2, 2013

ക്രിക്കറ്റ് അന്നും ഇന്നുംക്രിക്കറ്റ് അന്നും ഇന്നും 

രവിയച്ചൻ പറയുന്നു 

കളികളിൽ കേമമാം 

ക്രിക്കറ്റിൻ ചരിതങ്ങൾ 

ബൌളിങ്ങും ബാറ്റിങ്ങും 

ഫീൽഡിങ്ങും പഠിക്കാതെ 

കോച്ചിംഗ് കിട്ടാതെ 

തിരുക്കൊച്ചി ടീമിന്റെ 

കളിയച്ഛനായ കഥ.


അവനവൻ കീശയിൽ 

കരുതുന്ന കാശല്ലോ 

അനുദിനം ചിലവിനായ് 

ഹോട്ടലിൽ കൊടുത്തത്  

കളിയോടും നാടിനോടും 

പ്രതിബദ്ധതയേറിയോർ 

കളിക്കളം തന്നിലായ് 

നിറഞ്ഞവർ നിന്നല്ലോ!

ഇന്നത്തെ താരങ്ങൾ 

ക്രിക്കറ്റിൽ കോടികൾ 

നേടുന്നു, മതിവരാതെ 

പിന്നെയും തേടുന്നു 

വാതുവയ്പും കോഴയും 

നേട്ടങ്ങളനവധി..

(കേരളത്തിലെ മഹാനായ 
ക്രിക്കറ്റ് കളിക്കാരനായിരുന്നു 

ശ്രീ പാലിയത്ത്  രവിയച്ചൻ )Paliath Ravi Achan      

Full name Paliath Ravi Achan
Born March 12, 1928, Chendamangalam, Kerala
Current age 85 years 235 days
Major teams Kerala, Travancore-Cochin
Batting style Right-hand bat
Bowling style Right-arm medium
Batting and fielding averages
MatInnsNORunsHSAve100CtSt
First-class55101511077011.530300
Bowling averages
MatRunsWktsBBIAve5w10
First-class5543341256/3434.6770
Career statistics
First-class span1952-1970

Friday, November 1, 2013

ദീപാവലിദീപങ്ങൾ,ദീപങ്ങൾ 
എങ്ങും തെളിയുന്നു 
ദീപാവലി ഘോഷ-
മാകെ,തിമിർക്കുന്നു.. 

തിന്മയാം ഇരുട്ടിനെ,
നന്മതൻ പ്രകാശത്താൽ 
ഉന്മൂലനം ചെയ്ത കഥ 
നാം വാഴ്തീടുന്നു. 

വീടുകളെല്ലാം നമ്മൾ 
വൃത്തിയാക്കീടുന്നു 
ധനലക്ഷ്മീപൂജയ്കാ-
യാരതിയുഴിയുന്നൂ.. 

ഐശ്വര്യം നിറഞ്ഞീടാൻ.
നാടെങ്ങും മുഴങ്ങുന്നൂ 
ദേവീസ്തോത്രമാഹാത്മ്യ 
സ്തുതിതന്നാരവങ്ങൾ.. 

വെടി,പടക്കം ഇത്യാദി  
തൻശബ്ദഘോഷത്താൽ 
നാട്ടിൽനിന്നും ദുഷ്ടചേട്ട
ളൊന്നായമ്പേ,
പേടിച്ചുമറയുന്നൂ
കാട്ടിൽ പോയൊളിക്കുന്നൂ 

അധമശക്തികൾ 
താണ്ഡവമാടീടുന്ന
മനസ്സിന്നുടമകൾ 
നരകാസുരന്മാർ നാം 
അജ്ഞതവളർത്തിയോ-
രഹന്തയേറീടുന്ന     
നരകാസുരന്മാരെ 
നിഷ്കാസിതരാക്കാൻ  
സത്യഭാമാകാന്തൻ,
കാർവർണ്ണ, തുണയാകൂ..  Sunday, October 27, 2013

രമണനും ചന്ദ്രികയും
കാടുകളിലുള്ള തരുനിരകളൊക്കെ
കൊടിയകോടാലിവെട്ടിനിരത്തി
നാട്ടിൻപുറം നഗര-നരകങ്ങളായീ 
വനമതില്ലെന്നായി,മഴയുമില്ലെന്നായി
വനമില്ലെന്നായാൽ, പുഴകളുണ്ടാകുമോ?  
പുഴയുടെ പുളിനങ്ങൾ,കരിയുന്നതു മിച്ചം 
മേച്ചിൽപ്പുറങ്ങളില്ലി,വിടാടുകളുമില്ല
രമണനിനിമേയ്ക്കാനാടുകളെത്തേടി
പ്രവാസിയായി മരുനാട്ടിലെത്താം 
ഒട്ടകം മേയ്ക്കാൻ മരുഭൂവിലെത്താം 
മേച്ചിടുകിൽ,നല്ലവേതനം കിട്ടാം
നാട്ടിൽ പറന്നെത്തി പത്രാസു കാട്ടാം
കൂട്ടിനു ചന്ദ്രികമാരെത്രയോ ലഭ്യം.
"മിസ്‌ കോള"ടിച്ചാൽ മതിയവരെത്തും 
മിണ്ടാനും പഞ്ചാരവാക്കുകൾ ചൊല്ലി
സഞ്ചാരത്തി"ന്നെസ്കോർട്ടെ"ന്നപേരിൽ
ചന്ദ്രികമാരേറെ കൂട്ടിന്നായെത്തും. 
ആധുനിക രമണനു പ്രേമനൈരാശ്യ-
പാരവശ്യത്തിന്നാവശ്യമില്ല. 
ശോകഗാനമില്ലാത്മഹത്യവേണ്ട 
കവിതകളെഴുതാൻ ചങ്ങമ്പുഴ വേണ്ട 
ചന്ദ്രികാ,രമണ ശോകഗാനം പാടും 
കോകിലയുഗ്മത്തെ കാണ്മാനേയില്ല 
പ്രേമസുരഭില ഗാനങ്ങളൊക്കെ 
പോയകാലത്തിന്റെ രോമാഞ്ചമല്ലേ ? 
കോകിലമില്ലാ,കേകിയുമില്ലാ.
റാകിപ്പറക്കും കഴുകന്മാർ മാത്രം 
മലയാള നാട്ടിൽസുലഭമാണല്ലോ ?   

Monday, October 21, 2013

നഷ്ടസ്വർഗ്ഗങ്ങൾഇഷ്ടാനിഷ്ടങ്ങൾ
തൻ തടവറയിൽ
നഷ്ടസ്വർഗ്ഗങ്ങൾ
നമ്മൾ തീർക്കുന്നു. 
കഷ്ടതയേറി ജീവിതം
വ്യർത്ഥമെന്നു കേഴുന്നു.

ഇഷ്ടമതൊന്നിനോടും 

ഒട്ടും കൂടുതൽ കാട്ടാതെ 
കിട്ടുന്നതിൽ തീർത്തും
തൃപ്തരായി മാറിയാൽ 
നഷ്ടബോധമില്ലാതെ
വിശിഷ്ടമാക്കി ജീവിതം
നിശ്ചയം നയിച്ചിടാം...

"കിട്ടാക്കനിയെനിക്കു  

വേണ്ട,പുളിക്കുമെന്നു " 
ന്യായം ചൊല്ലി,പണ്ട് 
മറ്റൊന്ന് തേടിയോരാ 
പഞ്ചതന്ത്രം കഥയിലെ 
കുറുക്കനെത്തന്നെ നാം 
മാതൃകയാക്കി ജീവിതം 
നയിക്കുവാൻ തുനിയുകിൽ 
നഷ്ടസൌഭാഗ്യമോർത്തു 
വൃഥാ വിലപിച്ചീടുമോ?

Sunday, October 20, 2013

ഈശ്വരൻ


നിറുത്തല്‍ കൂടാതവിരാമമെങ്ങും 
തിരുത്തിടാനായ്‌ ശ്രമമേറിടുന്നൂ....
തിരുത്തിടാമോ,വിശ്വപ്രകൃതിപാഠം
ഒരുത്തനെങ്ങാണ്ടോരിടത്തിരുന്നാ- 
"കരുത്തനെല്ലാം"നിയന്ത്രിക്കയല്ലേ ?

മനുഷ്യബുദ്ധിക്കതീതനായവൻ 
"അനന്തമജ്ഞാതമവർണ്ണനീയൻ" 
അവനീപതിയാമവനെ മാലോകർ 
ഈശ്വരനാമ സംപൂജിതനാക്കി 
അവന്റെ പേരിൽ ജനങ്ങളെല്ലാം 
കലഹം കൂടുന്നു,മരണംകൊയ്യുന്നു
.
ഈശ്വരപൂജയ്ക്ക്  വിഭിന്നരൂപത്തിൽ  
മതങ്ങളോരോന്നായ്  പിറന്നുവല്ലോ? 
മനുഷ്യ മതങ്ങൾക്കടിമകളായ് 
മതസ്പർധയേറി,പരസ്പരം തമ്മിൽ 
മൃഗങ്ങളെപ്പോലെ,മദിച്ചു മർത്യർ 
കലഹം കൂടുന്നു,മരണംകൊയ്യുന്നു .. 

ഒരേയൊരു,ശക്തിയീശ്വരചൈതന്യം 
കുടികൊള്ളുന്നത് സ്നേഹത്തിലല്ലോ?
സ്നേഹമാണീശ്വരനവന്റെ സ്നേഹമീ
പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നു ..
    

Saturday, October 19, 2013

മാല്യം ഹസ്തേ വാനര:ഒരിക്കലൊരു 
കുരങ്ങിനൊരു 
പൂമാല കിട്ടി, 
കടിച്ചു പറിച്ചു 
വലിച്ചെറിഞ്ഞു 
പിന്നെയൊരിക്കൽ 
പിടി വള്ളി കിട്ടി 
കുരങ്ങൻ നിനച്ചത് 
പൂമാല്യമെന്നു 
കടിച്ചു പറിക്കാൻ 
ശ്രമിക്കുന്ന നേരം 
വള്ളിയത് ചീറ്റുന്നു 
ഭീതി പൂണ്ടയ്യോ 
വാനരനിന്നും 
വള്ളി പിടിച്ചു 
വിറച്ചിരിപ്പത്രേ!  

Friday, October 18, 2013

കെ രാഘവൻ മാസ്റ്റർക്കു ആദരാഞ്ജലികൾ

മലയാളത്തനിമയുള്ള  നാടൻ പാട്ടുകളുടെയും നാടോടി പാട്ടുകളുടെയും ഗൃഹാതുരത്വം വിങ്ങുന്ന ശീലുകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ രാഘവൻ മാസ്റ്റരെ നമിക്കാതിരിക്കാൻ "കായലരികത്ത് വലയെറിഞ്ഞപ്പോൾ" എന്ന ഗാനം ഒരിക്കലെങ്കിലും മൂളിയിട്ടുള്ള മലയാളികൾക്ക് സാധിക്കില്ല .

ചിത്രം പുള്ളിമാന്‍ (1951)
സംവിധാനം പി ഭാസ്കരന്‍ 
രചന പി ഭാസ്കരന്‍
സംഗീതം കെ രാഘവൻ മാസ്റ്റർ
ഗായകന്‍ കോഴിക്കോട് അബ്ദുള്‍ ഖാദര്‍
ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല

ചന്ദ്രനുറങ്ങീ താരമുറങ്ങീ
ചന്ദനം ചാര്‍ത്തിയ രാവുറങ്ങീ
സുന്ദര സ്വപ്നത്തില്‍ ഞാന്‍ മയങ്ങി (2)

ഓമല്‍ കിനാവൊളി തൂകുവാന്‍
പ്രേമനിലാവേ നീ പോരുമോ
എന്‍ മന താരിന്‍ വീണയില്‍
പാടുമോ പ്രേമ ഗായികേ
ചന്ദ്രനുറങ്ങീ .........
രാക്കിളി പാടി, പാടിയുറങ്ങീ
ചന്ദനം ചാര്‍ത്തിയ രാവുറങ്ങീ
സുന്ദര സ്വപ്നത്തില്‍ ഞാന്‍ മയങ്ങി

മണ്ണും വിണ്ണും മാത്രമെന്തേ
കണ്ണില്‍ കണ്ണില്‍ നോക്കി നില്പൂ
മലര്‍വന മണിയറ തന്നിലെ - പുഷ്പ
മണിവിളക്കൊന്നായണഞ്ഞുപോയ്....
മാമരചില്ലയില്‍ മന്ദമായ് പ്രേമ
ചാമരം വീശുന്നു മാരുതന്‍
മായാത്ത സങ്കല്പ പൂമെത്തയാകുമെന്‍
മാറത്തു നീ ചേര്‍ന്നുറങ്ങീടു
ആയിരം തങ്കകിനാക്കള്‍ തന്‍
പാലാഴി തന്നില്‍ നീ നീന്തിടൂ
ചന്ദ്രനുറങ്ങീ .........

ചന്ദനം ചാര്‍ത്തിയ രാവുറങ്ങീ
സുന്ദര സ്വപ്നത്തില്‍ ഞാന്‍ മയങ്ങി
ചന്ദ്രനുറങ്ങീ .........