Thursday, February 25, 2016

അവയവ ദാനം


ജനിച്ചു പോയ്‌ നമ്മളീ ഭൂമിയിങ്കൽ
മരിക്കുവോളം ജീവിച്ചിടേണം .
ശരിക്ക് ജീവിതമങ്ങാസ്വദിപ്പാൻ
മടിച്ചിടേണ്ട,സത്കർമ്മങ്ങൾ ചെയ്യാൻ
കണ്ണ്,കരളെന്നിത്യാദി മാത്രമല്ല
കണ്ണായ നമ്മുടെ ശരീരഭാഗമൊക്കെ
വിണ്ണിലേക്കവ കൊണ്ടുപോകാനസാദ്ധ്യം
മണ്ണായി മാറ്റിടുന്നതിന്നെന്തു യുക്തി ?
എന്നാലതപരനുപയുക്തമെങ്കിൽ
നന്നായ് വരും, നാം ദാനമേകിയെന്നാൽ !Organ and Tissue Donation after Cardiac Death. Typically when a person suffers a cardiac death, the heart stops beating. The vital organs quickly become unusable for transplantation. But their tissues – such as bone, skin, heart valves and corneas – can be donated within the first 24 hours of death.
The Gift of a Lifetime: Understanding Death Before Donation
Tuesday, February 23, 2016

ദുര
നിനയ്ക്കുന്നു പലതും, കൊതിക്കുന്നു
ഞാനെനിക്കെന്തു കിട്ടും, മതിവരുന്നില്ലാ
ദുരയ്ക്കൊട്ടു ശമനം വരുന്നതുമില്ലാ ഞാൻ
പരക്കം പായുന്നതളന്നങ്ങെടുക്കാൻ
ആറടിമാത്രമെനിക്കിവിടാവശ്യമെന്ന -
തറിയാതെ,വെറുതേ,ഞാനലഞ്ഞവിരാമം
തേടിനടന്നേൻ,ഭൂമി കൂടുതൽ നേടാൻ !
ഓടിയലഞ്ഞേനേറെ സ്വന്തമാക്കീടാൻ !
അസ്തമിക്കും മുമ്പേ എത്ര ഞാൻ ഓടും
അസ്തപ്രജ്ഞനായ് വീണല്ലോ ധരണിയിൽ!


Monday, February 22, 2016

ചുംബനം


ചുംബനം ,ഒരു മൃദു ചുംബനം   
അമ്മതൻ നിർവൃതി,മണിമുത്തമായി
ആദ്യമെൻ നെറ്റിയിലർപ്പിച്ചൊരു
പ്രിയചുംബനം! എത്ര സുഖദായകം !  

ദാമ്പത്യവല്ലരി പൂ ചൂടി,നിർവൃതി!
ഭാഗ്യത്തിലാനന്ദാശ്രു,വിലോലരാം
മാതാപിതാക്കളെനിക്കേകി, മുത്തങ്ങൾ
രത്നങ്ങൾ തോല്ക്കുന്ന  മണിമുത്തുകൾ!

അച്ഛനുമമ്മയും കൂട്ടായെനിക്കേകി-
യരുമയാം പൊന്നനിയനാം കുഞ്ഞിനെ,
അവനെത്ര ചുംബനപ്പൂക്കൾ ഞാൻ നല്കി-
യെന്നറിയില്ല, കൈയ്യും കണക്കുമില്ല !

കാലം കടന്നു പോയ്‌,നാണം കൂമ്പുന്ന
പൂവുപോൽ ഞാനോ തരുണിയായ്‌...
പരിരംഭണത്തിൻ രതിസുഖനിർവൃതി!
ഞാനാകെ കോരിത്തരിച്ചപ്പോളെന്നധര-
മലരിലൊരു കരിവണ്ടിൻ  മധുചുംബനം!
നല്ല ചുടു ചുംബനം മോഹ രതിചുംബനം

ഞാനുമൊരമ്മയായ് മാറിയ വേളയിൽ
എന്നോമനക്കുഞ്ഞിനേകിയൊരായിരം
ഉമ്മകൾ! ഒരമ്മതൻ ധന്യതചാർത്തിയ
പവിത്രസ്നേഹത്തിന്നടയാള മുദ്രകൾ !

അന്നൊരുനാളിൽ കോടിപുതച്ചെന്നമ്മ
കണ്ണുമടച്ചുകിടന്ന നേരത്തെന്നുണ്ണിക്കുട്ടൻ 
മുട്ടിലിഴഞ്ഞു ചെന്നമ്മതൻമേനിയിൽ
മുത്തമേകി,യതന്ത്യചുംബനപ്പൂവുകൾ!

ചുംബനം,നമുക്കിമ്പമേകുമെന്നാകിലും 
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ ! 

ചുംബനം,നമുക്കിമ്പമേകുമെന്നാകിലും 
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ !

Saturday, February 6, 2016

ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ

ഒറ്റയ്ക്ക്പാടുന്നൊരു പൂങ്കുയിൽ വന്നെന്റെ
മുറ്റത്തെ തൈമാവിൻ കൊമ്പത്തിരിപ്പിതാ
ഏറ്റം മധുരമായ് പാടിയിട്ടും ,എന്തേ ?
ഏറ്റുപാടുന്നില്ല നീ, കൂട്ടിന്നിണക്കിളീ ?
മാന്തളിരുണ്ടു മതിമറന്നോ നീ ,നിൻ
കാന്തനെ വിട്ടകലേക്ക് പറന്നിതോ ?
പലരുമാപ്പാട്ടു കേട്ടിരുന്നെങ്കിലും
അലര് വീണാസ്വനമാർന്നൊരാപ്പാട്ടി
ന്നൊരുസാന്ത്വനത്തിന്നെതിർപാട്ട് പാടാൻ
അരുമക്കിടാങ്ങളും ചൊടിയോടെ വന്നില്ല
ഒറ്റയ്ക്ക് പാടിത്തളർന്നൊരാ പൂങ്കുയിൽ
ചുറ്റും പരതുന്നോരെതിർപാട്ടു കേള്ക്കുവാൻ....

മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുവൂറും പാട്ടുമായ് നീ എത്തുകില്ലേ പ്രിയേ?

മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുരമായ് പാടി നീ എത്തുകില്ലേ പ്രിയേ?