Sunday, June 28, 2009

കലിയുഗം

കലിയുഗം


അന്ന്, 


ഫാലസ്ഥാനേ, ചന്ദനക്കുറിയണിഞ്ഞശുദ്ധിമാറ്റി
ചേലൊത്ത കാവിയുടയാടയുമണിഞ്ഞു, കയ്യില്‍
ഓമല്‍ഭിക്ഷാപാത്രം, കമണ്ഡലുവുമേന്തി ഭിക്ഷു
യോഗീന്ദ്രനായ്‌ നിരത്തിലൂടെ മന്ദം ഗമിച്ചിടുന്നു.


ഇന്ന്,


ശൂലം കരങ്ങളിലേന്തി, കുങ്കുമക്കുറിയുമണിഞ്ഞ്‌

കൂലി ചേവുകരോടൊപ്പം  താണ്ഡവമാടിവരുന്ന
കാവിക്കോമരങ്ങളുമിഹ,സന്യാസീ ഭാവമിയന്നിടു-
ന്നതോര്‍ത്താല്‍ കലിയുഗകാലേയെന്തെന്തസാധ്യം !

ഓണസ്മൃതികള്‍


ഓണസ്മൃതികൾ

ചിങ്ങം വന്നൂ... കിളി പാടി...
പൊന്നിന്‍ചിങ്ങത്തിരുവോണം (2)

തെങ്ങോലത്തുമ്പത്ത് തഞ്ചത്തിലാടുന്ന
മൊഞ്ചുള്ള പൈങ്കിളി ചോദിപ്പൂ ...
തിരുവോണക്കാലത്തീ മലയാളക്കര
തന്നില്‍തിരതല്ലുമാഹ്ലാദമെങ്ങേപോയ്‌.
എങ്ങേപോയ്‌...
എങ്ങേപോയ്‌...

പുത്തനുടുപ്പുമായ് പത്രാസുകാട്ടുവാൻ,
പൂത്തുമ്പിയെപ്പോലെ  ,നൃത്തം ചവിട്ടുന്ന,
പൂവട്ടിയുമായിപ്പൂവുകൾ  തേടുന്ന നമ്മുടെ
ചേലുറ്റ ബാല്യങ്ങളെങ്ങേപോയ്....
എങ്ങേപോയ്‌..എങ്ങേപോയ്‌...

നനുനനെപ്പെയ്യുന്ന മഴയിൽ  നനഞ്ഞേറെ
തുമ്പപ്പൂത്തേനുണ്ടുനിര്‍വൃതിയും നേടി,
പൊന്നോണവെയിലില്‍തുള്ളിക്കളിക്കുന്ന,
നല്ലോമല്‍ചിറകുവിടർത്തിപ്പറക്കുന്ന, 
പൊന്നോണതുമ്പികളെങ്ങേപോയ്‌.
എങ്ങേപോയ്‌...എങ്ങേപോയ്‌...

തുടികൊട്ടിപ്പാടുന്ന പാണനും, പുള്ളുവ-
ക്കുടമേന്തിനില്‍ക്കുന്ന തളിര്പുള്ളോത്തിയും
പുള്ളോത്തിപ്പെണ്ണിന്റെ വായ്ത്താരികേട്ടു 
പള്ളി യുണരുന്നനാട്ടിൻപുറങ്ങളു-
മെങ്ങേപോയ്...എങ്ങേപോയ്‌...
എങ്ങേപോയ്‌...

ഇടവഴിതോറുമലയുന്ന പിള്ളേരും
അടി,പിടി കൂടുന്ന പുലികളിസംഘവും
അടിപൊളിമേളം പകരുന്ന ചെണ്ടയും
തുടി താളമേകുമിലത്താളവുമൊപ്പം
മതിമറന്നാടുന്ന കതിരണിപ്പാടവു--
മെങ്ങേപോയ്..എങ്ങേപോയ്‌...
എങ്ങേപോയ്‌...

കനകനെല്പാടങ്ങള്‍ കൊയ്തുമുന്നേറുമ്പോൾ
കലപിലയെന്നു ചിലയ്ക്കും കിളികളും,
കിളികളെ വെല്ലുന്നമധുമൊഴിമാര്‍ചേർന്നു
മധുരമായ് പാടിയും കൈകൊട്ടിയാടിയും
വിഭവസമൃദ്ധമാംസദ്യയൊരുക്കുവാ-
നമ്മായിമാരുമടുക്കളപൂകുന്നോരുത്രാട
നാളിന്റെ  വെപ്രാളവുംചേര്‍ന്നു
തറവാടിന്‍ നടുമുറ്റം തന്നില്‍
തകൃതിയായ് പൂവിട്ടുയരുന്നോ--
രാര്‍പ്പുവിളികളും,കൂക്കു വിളികളു--
മെങ്ങേപോയ്..എങ്ങേപോയ്‌..
എങ്ങേപോയ്‌........

ഒരു നല്ലകാലത്തിന്നോര്‍മ പുതുക്കുന്ന,
ഗതകാലസ്വപ്നത്തിന്‍പുളകങ്ങള്‍ പൂക്കുന്ന,
മഴയും വെയിലുമൊളിച്ചുകളിയ്ക്കുന്ന,
പുഴയുടെ പുളിനങ്ങള്‍ തേടിയലയുന്ന,
തിരകള്‍തന്‍ താരാട്ടില്‍ വീണുമയങ്ങുന്ന,
വല്ലീനികുഞ്ജത്തിലന്തിയുറങ്ങുന്ന,
നിഴലും നിലാവുമിണചേര്‍ന്നുണരുന്ന
പഴമതന്നുന്മാദകഥകള്‍പറയുന്ന
കൌമാരമോഹങ്ങളെങ്ങേപോയ്‌...
എങ്ങേപോയ്‌... എങ്ങേപോയ്‌...
എങ്ങേപോയ്‌...

അഴല്‍തെല്ലുമില്ലാത്ത മൊഴികളിലൂറുന്ന
നിറപൌര്‍ണമിപോലെ ,നറുതേന്‍കിനിയുന്ന,
അഴകാര്‍ന്നൊരെന്‍ പ്രിയനാടിന്റെ സ്വപ്നമായ്
ഇനിയുംവിരുന്നിനായെത്തുമോ,നിങ്ങളീ
മലയാളനാട്ടില്‍ നന്മതൻ പൂക്കളായ്‌ ,
പുളകങ്ങള്‍വിടരുന്നോരോര്‍മ്മയിൽ 
പുതിയ മോഹങ്ങളായ്‌ ,
പൂത്തുലഞ്ഞീടാന്‍ കനിയില്ലേ ,
വരികില്ലേ ?

തിരുവോണക്കാലത്തീ മലയാളത്തറവാട്ടില്‍
തിരതല്ലുമാഹ്ലാദമെന്നുമുയരട്ടെ !
മലയാളത്തനിമയീ നാടിന്റെ
നെറുകയിൽ കൊടി പാറി നില്ക്കട്ടെ ! 
മേല്ക്കുമേലെന്നാളും.!

ചിങ്ങം വന്നൂ... കിളി പാടി...
പൊന്നിന്‍ചിങ്ങത്തിരുവോണം (2)
 


കാത്തിരിപ്പ്


കാത്തിരിപ്പ്  

ഇക്കാലമൊക്കെയും
നോവും കഥകള്‍തന്‍ 
നീറുന്നോരോര്‍മക-
ളെന്‍ഹൃദയച്ചിമിഴി 
 ലൊളിച്ചിരുന്നു.. 

ഇപ്പോളവയൊരു 
 നെരിപ്പോടിലെന്നപോല്‍  
എന്‍കരളിന്റെയുള്ളി-
ലെരിഞ്ഞിടുന്നു.

ഉള്ളിലെരിയുന്നോരഗ്നി-
യൊരാളലായെന്നെ, 
വിഴുങ്ങുകയെന്നാ-
ണെന്നോർത്തു  
ഞാന്‍നിന്നെയും 
കാത്തു,മരണമേ,
           എന്റെ വീടിന്റെ            
 കോലായിലേകനായ്,  
ജീവിതത്തിന്നന്ത്യ  
നാളുകൾ നല്കിടും 
കൂരിരുട്ടുമായ്‌  
മൂകനായ്‌ 
മേവുന്നു. 

സാന്ത്വനവുമായ്  
നീയണയുന്നൊരാ,  
സുന്ദരമാകും നിമിഷത്തെ
ധ്യാനിച്ചു 
 നിര്‍ന്നിമേഷനായി 
കാത്തിരിക്കുന്നു,
ഞാൻ. 
കരുണയോടെന്നെ-
യാശ്ലേഷിച്ചീടുവാൻ 
മരണമേ,നീയൊന്നു 
വേഗമണഞ്ഞിടൂ ..

Sunday, June 21, 2009

കാവ്യാംഗനയോട്

Saraswati

കാവ്യാംഗനയോട്

നീ വരൂ കാവ്യദേവാംഗനേ വരൂ..
മാമകഹൃത്തിൻ രോമാഞ്ചമായ് വരൂ..
മനസ്സില്‍ വിരിയുന്ന മോഹപുഷ്പങ്ങളില്‍
മധു തേടിയെത്തുന്ന ശലഭമായ്‌ നീ വരൂ..

പുല്‍ക്കൊടിത്തുമ്പിലെ നീഹാരബിന്ദുവില്‍
തെളിയുന്ന മഴവില്ലിന്‍ ശോഭയായ് നീ വരൂ..
തീരത്തിലലതല്ലും കടലിന്റെ ദുഖമായ്‌
ദീനന്റെ നേര്‍ത്ത വിലാപമായ്‌ നീ വരൂ..

ഈണത്തില്‍ ഒഴുകുന്ന മുരളിതന്‍ ഗാനമായ്
പ്രേമത്തിന്‍ അമൃതപ്രവാഹമായ് നീ വരൂ..
ധീരന്റെ മനസ്സിലെ ഭാവമായ്‌, രണ-
വീരന്റെ പടഹധ്വനിയായ് നീ വരൂ..

നര്‍ത്തനമാടുന്നൊരപ്സരകന്യതന്‍
പുരികത്തിന്നിന്ദ്രധനുസ്സായ് നീ വരൂ..
അങ്കണത്തില്‍, മുട്ടിലിഴയുന്ന പൈതലിന്‍
മന്ദസ്മിതത്തിന്നൊളിയായ്‌ നീ വരൂ..

നീ വരൂ കാവ്യദേവാംഗനേ വരൂ..
നീറും മനസ്സിന്റെ സ്വപ്നമായ്‌  നീ  വരൂ..
നീരജത്തിലെ പുണ്യമേ നീ വരൂ 
നീ വരൂ കാവ്യദേവാംഗനേ വരൂ..