Monday, November 23, 2015

വെനീസിലെ വ്യാപാരി


മഴ മുകിലുകൾ മാനത്തു
ചുരുളുകളായ് നിറയുന്നു
പെരുകിവരും കദനത്താൽ
കലുഷിതമീ മനസ്സാകെ
മഴമുകിലുകൾ പെയ്യുന്നു
മാനം തെളിയുന്നൂ ...
മിഴികളിൽ നിറയുന്നു
കണ്ണീരിൻ പേമാരി.
ഓർത്തോർത്തിനി കരയാതെ
ആർത്താർത്തത് പെയ്തെങ്കിൽ!
തീർക്കും ഞാൻ സ്വപ്നങ്ങൾ
പൂക്കുന്നൊരു മഴവില്ല് .
നിശ തൂകും കണ്ണീരും
ഉഷസ്സിൻ പ്രകാശത്തിൽ
മണിമുത്തായ്‌ മാറില്ലേ ?
മനസ്സും തെളിയില്ലേ ?
എൻകണ്ണീർത്തുള്ളികൾ
വൈഡൂര്യമാക്കും ഞാൻ
രത്നങ്ങൾ വാങ്ങാനായ്
വിലപേശാൻ നീയെത്തും
നീ വെറും വ്യാപാരി
വെനീസിലെ വ്യാപാരി
ഹൃദയത്തിന് വില പേശും
ഷൈലൊക്കിൻ പുനർജ്ജന്മം!

Thursday, November 12, 2015

കവിത


കവിത വൃത്ത വിഭൂഷ യണിഞ്ഞു
 
നൃത്തമാടുന്നു ചാരുതയോടെ
 
താളമാർന്നോരീണം ചൊല്ലി
 
കേൾക്കുവോർക്കാഹ്ലാദം മനസ്സിൽ  
 
പുലരിയിൽ പൊട്ടി വിടരും പൂ പോൽ
 
നറുമണം തൂകി നില്പൂ കവിത
 
മധു കണം തേടിയണയും പൂവിൽ
 
അനുവാചകർ തേനീച്ചകൾ നമ്മൾ

ദുഃഖ പുത്രിയോട്

ഒരു വർണ്ണ ശലഭമായ് വാനിൽപ്പറക്കുവാൻ 
ചിറകാർന്ന മോഹങ്ങൾ താലോലിച്ചെത്തി നീ 
നിൻ മോഹമഴവില്ലു താഴെ വീണുടയവേ
നിത്യമാം ദുഖത്തിന്നാഴങ്ങൾ പൂകി നീ
നീന്തിക്കരേറാൻ ശ്രമിക്കുമീ,യാത്മാവിൻ
നീറുന്ന വേദന,വിതുമ്പിത്തുളുമ്പുന്നു
വേദനയുള്ളിലൊതുക്കി നീ പുഞ്ചിരി
വാരിവിതറാൻ ശ്രമിക്കുമ്പോഴൊക്കെയും
വേപഥു പൂണ്ട  നിൻ മുഖം കാണുമ്പോൾ
വേദന തിങ്ങുന്നെൻ നെഞ്ചിന്റെയുള്ളിലും
വാനിൽപ്പറക്കേണ്ട വർണ്ണശലഭത്തെ
വാതിലടച്ചു നിശാശലഭമാക്കിടാൻ
വേവലാതി പൂണ്ട കാട്ടാള നീതിയെ
വെല്ലുവിളിച്ചു പറന്നുല്ലസിക്കുവാൻ
മെല്ലേക്കരുത്തു നീയാർജ്ജിക്ക കണ്മണീ..
ഇല്ല,തോല്ക്കാൻ കഴിയില്ല നിനക്കിനി

നല്ലോരു മാതൃകയായി നീ വാഴണം 
നീ പരാജിതയാകുവാൻ പാടില്ല !

Thursday, November 5, 2015

അർണ്ണോസ്സ്പാതിരി (1681-1732)
"അമ്മ കന്യാമണി തന്റെ നിർമ്മല ദുഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടു കൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ വാക്ക് പോരാ മാനുഷർക്കു
ഉൾക്കനെ  ചിന്തിച്ചു കൊൾവാൻ ബുദ്ധിയും പോരാ "

ക്രിസ്തുവിന്റെ പീഡാനുഭവചരിത്രം ദേവാലയങ്ങളിൽ ആലപിക്കുന്നതിനു സംഗീത സാന്ദ്രമായ ഈ ഗാന കാവ്യം രചിച്ചത് ഒരു
മലയാളിയല്ലെന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ ?
പക്ഷെ ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് മലയാളിയായി മാറിയ അർണ്ണോസ്സ്പാതിരി   രചിച്ചതാണ്   "പുത്തൻ പാനയെന്ന" ഈ മനോഹര മഹാകാവ്യം .

ഭാരതീയവും കേരളീയവുമായ കലാ,സാഹിത്യ,ഭാഷാശാസ്ത്ര വിഷയങ്ങള്‍ പഠിച്ച്‌ ,ഗ്രന്ഥങ്ങള്‍ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം. മാക്സ്‌ മുള്ളര്‍, റോത്ത്‌, ബോട്ട്‌ലിങ്ക്‌ എന്നിവര്‍ സാർവ്വ ദേശീയതലത്തിലും അര്‍ണോസ്‌ പാതിരി, ബെയ്ലി, ഡോ. ഹെർമൻ ഗുണ്ടര്‍ട്ട്‌ മുതലായവര്‍ ദേശീയ തലത്തിലും പ്രത്യേകിച്ചു കേരളത്തിലും വളരെ അറിയപ്പെടുന്നവരാണ്‌.

മലയാളത്തിന്റെ, കേരളത്തിന്റെ സാഹിത്യസാംസ്കാരിക മേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക പുരോഹിത ശ്രേഷ്ഠനാണ് അർണോസ് പാതിരി എന്നറിയപ്പെട്ടിരുന്ന ,യൊവാൻ ഏർണസ് ഹാങ്സിൽഡൻ (Johann Ernst Hanxleden ) ഹംഗറിക്കാരൻ . ഇന്ന് ഈ ഭൂപ്രദേശം ജർമ്മനിയുടെ ഭാഗമായതിനാൽ ഇദ്ദേഹത്തെ ചിലർ ജർമ്മൻ സ്വദേശിയായും  
കരുതുന്നു.
ലത്തീൻ ,സുറിയാനി, പോർട്ടുഗീസ്‌, സംസ്കൃതം ,തമിഴ്, മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ ബഹുഭാഷാപണ്ഡിതനായ  അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ മലയാള ഭാഷയുടെ നവീകരണത്തിനും ഉന്നമനത്തിനും വേണ്ടി ഉഴിഞ്ഞു വച്ച ഭാഷാസ്നേഹിയാണ് .
നവോഥാനാനന്തര കാലത്ത്  ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഈശോസഭ (society of Jesus ) സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ആഗോള തലത്തിൽ വിലമതിക്കാനാവാത്ത സേവനങ്ങൾ നൽകിയവരാണ്. അർണോസ് പാതിരിയും ഈശോ സഭാ പുരോഹിതനായിരുന്നു .
1681 -ൽ  ഹംഗറിയിൽ ഭൂജാതനായ   യൊവാൻ ഹാങ്സിൽഡൻ ഈശോസഭയിൽ ചേർന്ന്  തത്വ ശാസ്ത്രവും(Philosophy) ദൈവ ശാസ്ത്രവും (Theology ) പഠിച്ച ശേഷം 1699 ഒക്ടോബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു, 1700 ഡിസംബർ 3-ന് ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ എത്തിച്ചേരുകയും ചെയ്തു. മാർഗ്ഗമദ്ധ്യേ അദ്ദേഹം ടർക്കി,സിറിയാ അർമേനിയ,പേർഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.
1701-ൽ ഗോവയിലെത്തി.പോർട്ടുഗീസ് മിഷണറി കേന്ദ്രത്തിൽ തന്റെ സന്യാസ- വൈദിക പരിശീലനം പൂർത്തിയാക്കി.
കേവലം 52 വർഷത്തെ തന്റെ ഹ്രസ്വമായ ജീവിതത്തിലെ 32 വർഷവും
സേവന നിരതവും തേജോമയവുമായ ഒരു താപസ ജീവിതം നയിച്ച് തീര്‍ത്തും ഒരു മലയാളിയായി , മലയാള ഭാഷയേയും മണ്ണിനേയും ജീവനുതുല്യം സ്നേഹിച്ച് ജീവിച്ച പാതിരിയുടേത് ഒരു അകാലചരമമായിരുന്നു.
തൃശൂര്‍- പഴുവില്‍ വെച്ച്, 1732-ല്‍ പാമ്പു കടിയേറ്റാണ് അര്‍ണോസ് പാതിരി മരിച്ചത്.
പഴുവില്‍: സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ അര്‍ണ്ണോസ് പാതിരിയുടെ ഭൌതിക ശരീരം സ്മൃതി മണ്ഡപത്തിൽ സൂക്ഷിച്ചിട്ടുണ്ട്

അര്‍ണോസ്‌ പാതിരിയെപ്പറ്റിയും പഴമക്കാര്‍ പല കഥകളും പറയാറുണ്ട്‌.
ഭാഷയിലുള്ള അദ്ദേഹത്തിന്റെ അവഗാഹത്തെ സൂചിപ്പിക്കുന്നതാണ് ഇവയിൽ  പലതും
പാതിരിയെ കളിയാക്കിയ  ഒരു വിദ്വാനു  പറ്റിയ  അമളി രസാവഹമാണ്. പാതിരിയുടെ നീലനിറത്തിലുള്ള പൂച്ചക്കണ്ണുകളെ പരിഹസിച്ച്‌  "ഗ ണപതി  വാഹന ,രിപു,നയനാ"എന്ന് വിളിച്ചുവെന്നും .  ഒട്ടും അമാന്തമില്ലാതെ ദശരഥനന്ദന ദൂതമുഖായെന്ന്‌ മറുപടിയുമായി   തിരിച്ചടിച്ചുവെന്നും, ഒരു കഥ.

മറ്റൊരു സന്ദർഭത്തിൽ ഒരു ഇളയതിനാണ്‌ അബദ്ധം പറ്റിയത്‌. ഭാഷാ വ്യുല്‍പ്പത്തിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന്‌ കരുതിയിരുന്ന  ഇളയത്‌, പൊക്കം കുറഞ്ഞ് ഈര്‍ക്കില്‍ പോലെയായിരുന്ന പാതിരിയോട്‌ ‘പാതിരി’ (പാതിരി = ഒരു കാട്ടു വൃക്ഷം) വില്ലിന് ബഹുവിശേഷമാണ്‌ എന്നു പരിഹസിച്ച ത്രേ . അത് ഇളയതായാല്‍ ഏറ്റവും നന്നെന്ന്‌ പാതിരി തിരിച്ചടിയ്ക്കുകയും ചെയ്തത്രേ!

ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാന എന്നിവയാണ്‌ പാതിരിയുടെ കാവ്യഗ്രന്ഥങ്ങള്‍. മലയാളഭാഷയ്ക്കു വേണ്ടതായ വ്യാകരണഗ്രന്ഥങ്ങളും, മലയാളം - സംസ്കൃതനിഘണ്ടു തുടങ്ങി എന്നിവയും ലാറ്റിന്‍ ഭാഷയിലെഴുതിയ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്‌.
സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ
  1) വാസിഷ്ഠസാരം  2) വേദാന്തസാരം   3) അഷ്ടാവക്രഗീത  4) യുധിഷ്ടിര വിജയം

മലയാള ഭാഷാ വ്യാകരണത്തിനും നിഘണ്ടു നിർമ്മാണത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ ഇന്നും തിളങ്ങി നിൽക്കുന്നു
പുത്തൻ  പാനയെന്ന ഗാനാലാപനത്തിന്റെ  ശബ്ദമാധുരി ഇന്നും കൃസ്തീയ ഭവനങ്ങളിൽ അലയടിക്കാറുണ്ട്.
പുത്തന്‍പാന സ്വാരസ്യം കൊണ്ടും ഭക്തിരസത്താലും മറ്റുള്ള കാവ്യങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നു. "രക്ഷാകരവേദകീര്‍ത്തന"മെന്നും ഈ കൃതിക്ക്‌ പേരുണ്ട്‌.

 ഇതിനും പുറമേ നിരവധി കൃസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചു നല്കിയിട്ടുള്ള അർണോസ്സ്   പാതിരിയെക്കുറിച്ചു    ക്രിസ്ത്യാനികൾ പോലും കൂടുതൽ അറിയുന്നതിനും മതിയായ ആദരവു ആ മഹദ് വ്യക്തിക്ക് നല്കുന്നതിനും ശ്രമിച്ചിട്ടില്ല എന്നത് അത്യന്തം അപലപനീയമല്ലേ?

പ്രശസ്ത ഭാഷാ പണ്ഡിതൻ ശ്രീ ശൂരനാട് കുഞ്ഞൻപിള്ളയുടെ അഭിപ്രായത്തിൽ "കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ട സേവനങ്ങൾ കൊണ്ട് അനശ്വര കീർത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അർണ്ണോസ് പാതിരി... "
മഹാകവി ഉള്ളൂർ  അർണ്ണോസ്സ്  പാതിരിയെക്കുറിച്ചു  പരാമർശിക്കുന്നത് ഇപ്രകാരമാണ്, "വിദേശീയനായ ക്രിസ്ത്യനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..”
ആര്‍ഷഭാരത പൈതൃകത്തിന്‍റെ അഭിമാനമായ സംസ്ക്യത ഭാഷ യൂറോപ്പിനു തുറന്നു നല്‍കിയ മഹാരഥനാണ് അര്‍ണോസ് പാതിരി.

നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ  ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്താൻ പര്യാപ്ത മായവയത്രേ !
അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ.[7] ആ നിഘണ്ടു പൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്.

അന്ന് നിലവിലുണ്ടായിരുന്ന ഗദ്യഭാഷ  സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു.
അവയെ ലളിതമായ ഭാഷയിൽ  സാധാരണക്കാരിലേക്ക് എത്തിക്കാൻ അഹോരാത്രം പ്രയത്നിച്ച അർണ്ണോസ്സ്പാതിരിയെ  നാം മറക്കാതിരിക്കുക!

Monday, November 2, 2015

ഇരയിമ്മൻതമ്പി( 1783 -- 1856)"ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയി, ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി....നുണയാത്തവരും
"ഓമനത്തിങ്കൾക്കിടാവോ ......."എന്ന മധുരമായ താരാട്ട് പാട്ടിന്റെ രണ്ടു വരിയെങ്കിലും പാടാത്ത അമ്മമാരും അത് കേൾക്കാതെ ഉറങ്ങിയിട്ടുള്ള  കുഞ്ഞുങ്ങളും മലയാളികളല്ല എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഇല്ല തന്നെ!  കാരണം അത്ര മാത്രം പ്രചുര പ്രചാരം സിദ്ധിച്ചിട്ടുള്ളതും നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളതുമാണല്ലോ  ഈ ഗാനശീലുകൾ!
എന്നാൽ  ഇവയുടെ രചയിതാവായ ഇരയിമ്മന്‍ തമ്പിയെന്നറിയപ്പെടുന്ന
 സകല കലാ വല്ലഭനായിരുന്ന രവിവര്‍മ്മന്‍തമ്പിയെക്കുറിച്ചും അദ്ദേഹം മലയാള ഭാഷയ്ക്ക് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചും നമുക്കുള്ള അറിവ് വളരെ  പരിമിതമാണ്.
ഇദ്ദേഹം 1783ല്‍ തിരുവനന്തപുരത്ത് കോട്ടക്കകത്ത് കിഴക്കേമഠത്തില്‍ ഭൂജാതനായി. ധര്‍മ്മരാജാവ് എന്ന് പ്രശസ്തനായ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തികതിരുനാളിന്റെ കനിഷ്ഠ സഹോദരനായിരുന്ന രവിവര്‍മ്മ ഇളയതമ്പുരാന്റെ പുത്രി  അന്തിയറക്കാട്ട് പുതുമന അമ്മവീട്ടിലെ പാര്‍വ്വതിപിള്ളത്തങ്കച്ചിയാണ് അദ്ദേഹത്തിന്റെ മാതാവ്. പിതാവ് ചേര്‍ത്തല വാരനാട് നടുവിലേക്കോവിലകത്തെ കേരളവര്‍മ്മ തമ്പാനും.
ഇരയിമ്മന്റെ ഭാര്യ  തന്റെ അമ്മാവന്‍ കൃഷ്ണന്‍ തമ്പിയുടെ പുത്രിയായ   ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചി ആയിരുന്നു .
(ഇദ്ദേഹത്തിന്റെ പുത്രിയായിരുന്ന കുട്ടിക്കുഞ്ഞിതങ്കച്ചിയും(1820-1914) പ്രസിദ്ധയായ കവയത്രി ആയിരുന്നു.) ഇരയിമ്മന്‍ തമ്പി തന്റെ എഴുപത്തിമ്മൂന്നാം വയസ്സില്‍ 1856ല്‍ എഴുപത്തിമ്മൂന്നാം വയസ്സില്‍ ഇരയിമ്മൻ തമ്പി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു

ശിശുവായിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവിനെ  ഉറക്കുന്നതിനായി രാജമാതാവ്, റാണി ഗൌരീലക്ഷ്മീഭായി തമ്പുരാട്ടിക്ക്, തമ്പി എഴുതി നല്‍കിയതാണത്രേ  ‘ഓമനതിങ്കള്‍ കിടാവോ’ എന്ന മനോഹരമായ
താരാട്ടുപാട്ട്.
താൻ കേട്ടുറങ്ങിയ പാട്ടിന്റെ രചയിതാവായ   അതേ തമ്പിയെത്തന്നെ   പിന്നീട് സ്വാതിതിരുനാള്‍ മഹാരാജാവ് തന്റെ ഇഷ്ട തോഴനും ആസ്ഥാനകവിയും വിദ്വാനും,  ഉപദേഷ്ടാവും ഒക്കെ ആയി നിയമിച്ചത് ചരിത്ര നിയോഗമത്രെ!
" പ്രാണനാഥനെനിക്കു നല്‍കിയപരമാനന്ദ രസത്തെ" നമുക്ക് പാട്ടിലൂടെ പകർന്നു  തന്നതും   "കരുണചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ".. "കഴലിണ കൈ തൊഴുന്നേന്‍" എന്നീ പ്രശസ്തങ്ങളായ പദങ്ങൾ പാടുവാൻ നമുക്ക് എഴുതി നല്കിയതും തമ്പിയാണ് .
ഇത് വരെ ഓമനത്തിങ്കൾക്കിടാവോ എന്ന മധുരമായ താരാട് പാട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർക്ക് പാടി ഹൃദിസ്ഥമാക്കാൻ
ആ താരാട്ടിന്റെ ശീലുകൾ ഞാൻ ഇവിടെ പകർത്തുന്നു

ഓമനത്തിങ്കൾക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ - പരി
പൂർണ്ണേന്ദു തന്റെ നിലാവോ?

പുത്തൻ പവിഴക്കൊടിയോ - ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ?

തുള്ളുമിളമാൻ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?
ഈശ്വരൻ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ?

പാരിജാതത്തിൻ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?
വാത്സല്യരത്നത്തെ വയ്പാൻ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ?
കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ?

ആർത്തിതിമിരം കളവാൻ - ഉള്ള
മാർത്താണ്ഡദേവപ്രഭയോ?
സൂക്തിയിൽ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ?

വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?
പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?

കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കൾക്കുള്ള ഗുണമോ?
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ?
നന്മ വിളയും നിലമോ - ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?

ദാഹം കളയും ജലമോ - മാർഗ്ഗ
ഖേദം കളയും തണലോ?
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ?

കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ?
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?

ലക്ഷ്മീഭഗവതി തന്റെ - തിരു
നെറ്റിമേലിട്ട കുറിയോ?
എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ?

പദ്മനാഭൻ തൻ കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ?