Saturday, September 9, 2017

അനുരാഗ പൂര്‍ണിമ


തിരുവാതിര നോമ്പും നോറ്റു
ധനുമാസക്കുളിരില്‍ മുങ്ങി,
തനുവാകെ നനഞ്ഞുവരുന്നോ -
രനുരാഗ ചന്ദ്രികപോലെ-
ന്നകതാരില്‍ മിന്നിവിളങ്ങാ-
നനുരാഗപൂര്‍ണിമയായി ,
വരൂ ,നീയെന്‍ പ്രിയകാമിനീ ,
മൃദുഭാഷിണി, മഞ്ജുള ഗാത്രി.

ഒരു നല്ല ഗാനം പാടാന്‍
വരൂ, നീയെന്‍ ചേതന തന്നില്‍,
നിറദീപം പോലെന്‍ ഹൃത്തില്‍
നിറയട്ടേ  നിന്‍റെ പ്രകാശം.
അനുരാഗപൂര്‍ണിമയായി,
അചിരേണ വന്നെന്‍ മനസ്സില്‍,
കമനീയശലഭങ്ങളാം
കവിതകളായ് നര്‍ത്തനമാടൂ...

നോക്കിന്‍ കടാക്ഷമലരായ്,
നീപൂക്കൂ, മമഭാവന തന്നില്‍
നറുമലരിന്‍ നവമുകുളത്താല്‍
നിറയുകയായ് മാനസവാടി.
വാക്കിന്‍ പ്രവാഹമായ്,നീ
ഒഴുകെട്ടെന്‍ തൂലികതന്നില്‍.

നിറമാര്‍ന്നോരെന്‍റെ കിനാക്കള്‍
നിറവേറും ദിനവും കാത്തു
ഇനിയെത്ര നാളുകളെണ്ണി,
കഴിയണമീയൂഷര ഭൂവില്‍.
അനുരാഗപൂര്‍ണിമയായി,
അണയൂ നീ കാവ്യാംഗനയാള്‍
വരൂ ,നീയെന്‍ പ്രിയകാമിനി,
മൃദുഭാഷിണി, മഞ്ജുള ഗാത്രി.

Thursday, July 28, 2016

ചന്ദ്രയാൻഅറിവിൻ മോഹനസ്വപ്‌നങ്ങൾ കാണുവാൻ
നിറവിൻ പൂർണ്ണകുംഭങ്ങളാകുവാൻ,
ചെറിയ കുട്ടിക്കുപോലും പ്രതീക്ഷയാം
അഗ്നിച്ചിറകു"നല്കി പറക്കാൻപഠിപ്പിച്ച
പ്രതിഭാധനനബ്ദുൾകലാമെന്ന സാത്വികാ
തവ,മഹിത ,ദീപ്തമാം സ്മരണയ്ക്കുവന്ദനം!
കരളുകണ്ണീർ പൊഴിക്കുന്നിതെങ്കിലും
കടമ ചെയ്യാതിനിയവധി പറയുവാൻ
തുനിയുകില്ലിനി മേലിലീ ഞങ്ങളും
തുണയാകട്ടെ! നിൻമാതൃക ഞങ്ങൾക്കും
അറിവിന്നനന്തമാ,മാകാശസീമയിൽ
മറഞ്ഞു,നീയൊരയഗ്നിശലഭമായെങ്കിലും
ഒരുനാളിൽവീണ്ടുമൊരു"ചന്ദ്രയാൻ" യാത്രതൻ
നിറവിൽ നിന്നരികത്തണയുവാനായിടും .
അതുവരെ നിൻദീപ്തസ്മരണയിൽ ഞങ്ങളും 
അനുഗമിച്ചിടാം നീ വഴികാട്ടിയ സരണിയിൽ

Monday, June 27, 2016

കരുണ ചെയ്യണേ ക്രിസ്തുനാഥാ

നിരാമയംനിന്റെ മുന്നിൽ നിൽക്കുവാൻ
കൃപാവരം നീ ചൊരിയേണമീശ്വരാ
ദുരിതരഹിതമായ്  ജഗത്തിൽ വാഴുവാൻ
കരുണ ചെയ്യണേ ക്രിസ്തുനാഥാ നീ

Wednesday, June 15, 2016

മിഥുനം


ഇടതടവില്ലാതിടവത്തിൽ
പെയ്തൊരുമഴയുടെ മേളത്തിൽ
ഒഴുകും പുഴയുടെ താളത്തിൽ
തഴുകി വരൂ നീ കുളിർകാറ്റേ

കർക്കിടകത്തിൻ കാര്ക്കശ്യം
എത്തും മുൻപൊരു സാന്ത്വനമായ്
പാത്തും പതുങ്ങിയുമെത്തുന്നു
നേർത്തൊരു വെയിലിൻ തിരനോട്ടം

മിഥുനം വന്നിണചേർന്നപ്പോൾ
വെയിലും മഴയും ഒന്നായി
തനുവും മനവും തളിർചൂടും
മാദകമന്മഥ രാവുകളായ്...

Monday, June 13, 2016

ദിവ്യകാരുണ്യംഅപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം
ചിരകാലം മനുജനോടൊത്തു കഴിയുവാൻ
പരിപാവനമായോരീ സക്രാരിയിൽ
തിരുവോസ്തി രൂപനായ് മാറുവാൻ നീ
തിരുവുള്ളമായി നിൻ സ്നേഹവായ്പാൽ
ദിവ്യകാരുണ്യമായ്, നിറസാന്നിധ്യമായ്
നീ വന്നിടൂ നാഥാ എൻ ഹൃദയാന്തരേ
എന്റെ ബലഹീനതയൊക്കെയും മാറ്റി
എനിക്കാത്മധൈര്യം പകർന്നീടില്ലേ ?
അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം .

Saturday, May 28, 2016

അല്ഷിമേര്സു"                                                                                  
                                          Image result for alzheimer's
                                                                       
നേരും നെറിവുമെന്തെന്നറിയാതെ
ഏറെക്കാര്യങ്ങൾ കിളിചൊല്ലുന്നമാതിരി
ചേലിലിലിടതടവില്ലാതെ ജല്പ്പിച്ചു കൂട്ടും
നിനക്കേതോ രോഗമാണ്,അതെ , രോഗമാണ് ..

നിനവിലും കനവിന്റെമധുരാനുഭൂതിയിൽ
നിതരാം നീന്തുന്നവാര്ദ്ധക്യകാലത്ത്
നിന്നെപ്പിടികൂടും നീരാളിയായ് വന്നു
മെല്ലേ,മറവിതൻനിലയില്ലാക്കയങ്ങളിൽ
നിന്നെയാഴ്ത്തുവാനെത്തുന്നവനല്ലോ
"അല്ഷിമേര്സ്സെന്ന ചെല്ലപ്പേരുള്ളവൻ !

സ്വർഗ്ഗ-നരക സങ്കേതങ്ങൾദൈവത്തെ നമ്മളെന്നും ക്രൂരനായല്ലോകാണ്മൂ
ദൈവമൊരു സ്വാർത്ഥനാം രാജാധികാരിയോ ?
ദൈവത്തിന്നാദ്യസൃഷ്ടി മാലാഖമാരാണല്ലോ?
ദൈവത്തിൻസേവകരായവരെ നിയമിച്ചു..
സ്തുതിപാടിയവർ നിത്യം മടുത്തു,വെളിവായി
സ്മൃതിയിൽ ചില,ചിന്ത,സമന്മാരല്ലേ നമ്മൾ?
"സ്തുതിപാഠകരാവാൻ തങ്ങളാലാവില്ലല്ലോ
സ്തുതിക്കാനടിമത്വച്ചങ്ങല ധരിക്കുവാൻ,
സമത്വംകാംക്ഷിക്കുന്ന തങ്ങൾക്കു കഴിയില്ല".
നരകം ചൂണ്ടിക്കാട്ടി ദൈവ,മവരെ പേടിപ്പിച്ചു
സധൈര്യം തന്നെ ദൈവശാസനം നേരിട്ടവർ
ആദ്യവിപ്ലവമുദ്രാവാക്യങ്ങൾ മുഴക്കിയോ?
നേതാവു "ലൂസിഫരിൻ" വാക്കുകേട്ടവരൊക്കെ
നേരെപോയ്‌ ദൈവത്തോടെതിർക്കാൻ മടിച്ചില്ല
"സ്വർഗ്ഗത്തിലടിമയാകുന്നതിൽ ഭേദമല്ലേ ?
നരകത്തിൽ, ദുരിതത്തിൽ,സമന്മാരായീടുക
ദൈവമൊരേകാധിപരാജനായ് മാറിയത്രേ!
കൈവെടിഞ്ഞവരെയാ,നരകദുരിതത്തിൽ !
പാപകർമ്മികളെപ്പാടേ താഴേയ്ക്ക് തള്ളിയല്ലോ
ഭാവനാവിരചിതനരകം ,ഭയാനകം
കെടാത്ത തീയും തീയിൽ ചാകാത്ത പുഴുക്കളും
പുഴുക്കൾക്കൊപ്പം കൊടുംദുഷ്ടരാം മനുഷ്യരും
നരകം ചൂണ്ടിക്കാട്ടി മതങ്ങളെല്ലാം തന്നെ
മനുഷ്യർനമ്മെ,വൻഭീതിയിലാഴ്ത്തീടുന്നു
സാത്താനും "വീഴ്ത്തപ്പെട്ട മാലാഖമാരും" നമ്മേ
വീഴ്ത്തിടാമല്ലോ നിത്യദുരിതനരകത്തിൽ!
നരകമെന്നതൊരു മിഥ്യയാണതുപോലെ
സ്വർഗ്ഗമെന്നതും വെറും മനുജസങ്കൽപ്പമാം!
സ്നേഹമീഭൂമിയിലൊരുക്കും സ്വർഗ്ഗം നൂനം
സ്വാർഥത തുറന്നീടും നരകകവാടങ്ങൾ
പണ്ട് മഹാകവി ചൊല്ലിയതോർക്കൂ,നമ്മൾ
സ്വർഗ്ഗവും നരകവും തീർപ്പതീ ഭൂവിലല്ലോ
നമ്മുടെ കർമ്മത്താലേ തീർക്കുന്നു നമ്മളിന്നും
നന്മതിന്മയാം സ്വർഗ്ഗ- നരക സങ്കേതങ്ങൾ !