Monday, December 21, 2015

ക്രിസ്മസ്
                                      
"ഏകാന്ത സുന്ദര നിശീഥം
നിതാന്ത നിശബ്ദ നിശീഥം"
ലോകാധിനാഥൻ
ശ്രീയേശു ദേവൻ
ഭൂജാതനായ രാത്രി
ആദ്യത്തെ ക്രിസ്മസ്
രാത്രി

മഞ്ഞിൻ മുഖ പടം 
മെല്ലെയൊതുക്കി
ധനുമാസ ചന്ദ്രിക
ചിരി തൂകി നില്ക്കേ, 
താരാ ഗണങ്ങൾ
കണ്‍ചിമ്മി നില്ക്കേ,
ആകാശ വീഥിയിൽ
ഘോഷിതമായൊരു
സ്വർഗ്ഗീയ ഗീതത്തിൻ
കാഹള നാദം!

"അത്യുന്നതങ്ങളിൽ
ദൈവ മഹത്വം
സന്മനസുള്ളൊരു
മാനവനവനിയിൽ 
ശാന്തി !ശാന്തി 
ശാന്തിനിതാന്തം"

അവതാരം ചെയ്ത
ദൈവ പുത്രനന്നു
കാലിത്തൊഴുത്തോ
ജന്മഗേഹം?
രാജാധി രാജൻ
ഭൂജാതനായത്‌
കാലികൾക്കൊപ്പം
പുൽക്കൂട്ടിൽ  ?

തീർക്കാം നമുക്കൊരു
പുൽക്കൂട്‌
സുകൃത ഹൃദയ
പുൽക്കൂട്‌
വന്നു പിറക്കട്ടെ,
ശാന്തി സ്വരൂപനാം
ഉണ്ണിയേശു 
ആ പുൽക്കൂട്ടിൽ!
നമ്മുടെ  മാനസ
മണിത്തൊട്ടിലിൽ!


Saturday, December 19, 2015

ക്രിസ്തുമസ് രാവുകൾ


                               
                             
"ബേത് ലഹേമേ നീ
യഹൂദിയാ തന്നിലെ
വെറുമൊരു ചെറിയ 
നഗരമെന്നാകിലും
നരകുല പാലകൻ
രാജാധിരാജനാം
യേശു പിറന്നിടും
നിൻ മടിത്തട്ടിലിൽ"
ഈ വചനം,തിരുവചനം
മൂർത്തമായി ഒരു 
ധനുമാസ രാവിൽ
ബേത് ലഹേമിൽ  
ഒരു ഗോശാലയിൽ
ഭൂജാതനായല്ലോ
ദൈവ പുത്രൻ!


ആ ദിവ്യശിശുവിന്
ആരാധനയേകാൻ
ആദ്യമായെത്തിയ
ആട്ടിടയർ ചേർന്ന്
ആമോദ ചിത്തരായ്
ആദ്യത്തെ കരോൾ
ഗാനങ്ങൾ  പാടി ..

ആട്ടിടയർക്കന്നു
വഴി കാട്ടിയായൊരു
ദിവ്യമാം  താരകം
വെളിവായി നിന്നൂ
വാന വീഥിയിൽ!

മാലാഖമാരുടെ
കാഹള ശബ്ദം
ആശംസാ ഗാനമായ്
ഒഴുകിയെത്തീ...
ഒരു കീർത്തനം
ദിവ്യ സങ്കീർത്തനം   
മുഖരിതമായീ
ഗഗന വീഥിയിൽ,

"അത്യുന്നതങ്ങളിൽ
ദൈവത്തിനു
സ്തുതി !
സന്മനസ്സുള്ള
മർത്യനു
ശാന്തി!
ആദ്യത്തെ ക്രിസ്തുമസ്
ആശംസാ ഗീതം
മാലാഖമാരന്നു
പാടീ നമുക്കായ് ...

അവതാരം ചെയ്തൊരു
രക്ഷകനേശുവിൻ
അപദാനങ്ങൾ
നമുക്കു വാഴ്ത്താം...

ക്രിസ്തുമസ് ഗാനങ്ങൾ
അവിരാമം പാടി
ആഘോഷമാക്കിടാം
ഈ പുണ്യ രാവുകൾ
കരുണാമയനാം
യേശുവിൻ ശാന്തി
തഴുകിയെത്തട്ടെയീ 
തരളിത രാത്രിയിൽ ! 

Wednesday, December 2, 2015

ഇഷ്ടാനിഷ്ടങ്ങൾ


കണ്ണാടി തന്നില് പ്രതിച്ഛായ കാണ്‍കെ
കദനമിരമ്പിയെന്നുള്ളിന്റെള്ളിൽ
ആകെ മെലിഞ്ഞു, ഞാനിനിയാവതില്ല
ആലസ്യമില്ലാതെയോടി നടക്കാൻ
അനുദിനം വ്യായാമമേറെ ഞാൻ ചെയ്തു
അല്പവും മേദസ്സെൻ ദേഹത്തിലില്ല
മത്സ്യ മാംസാദികൾ വർജ്ജിച്ചു പാടെ
ലഹരി പദാർത്ഥങ്ങളെല്ലാം ത്യജിച്ചു
പച്ചക്കറിയും ശുദ്ധമാം പാലും
തുമ്പപ്പൂപോലുള്ള വെള്ളരിച്ചോറും
നിത്യം ഭുജിച്ചു കഴിഞ്ഞു ഞാൻ യോഗ്യൻ
നിത്യരോഗിയായ്ത്തീരാതിരിക്കാൻ!
എന്നിട്ടുമിന്നു ഞാൻ വൈദ്യരെ കണ്ടു
ടെസ്റ്റുകൾ പലതും ചെയ്യേണ്ടി വന്നു .
ടെസ്റ്റിൻ ഫലവുമായ് ഡോക്ടറെ കണ്ടു
"ബീപീയല്പം കൂടുതലാണതു
പാല്പിട്ടേഷനു കാരണമാകാം
ഫാസ്റ്റിംഗ് ഷുഗറത് നോർമലല്ലല്ലോ ?
പഞ്ചാരയധികം കഴിക്കായ്ക നിങ്ങൾ,
നല്ല കൊലോസ്ട്രോളും വേണ്ടത്രയില്ല
ചീത്ത കൊലോസ്ട്രോള് കണ്ട്രോള് ചെയ്യാൻ
ഇനിയും മെലിയേണം ഡയറ്റു ചെയ്യേണം
ഇഷ്ടഭോജ്യങ്ങൾ വർജ്ജിക്ക വേണം
പാലും പാലിൻ വക ഭേദമൊന്നും
മേലിൽ നിങ്ങൾ കഴിക്കല്ലേ കേട്ടോ"
ക്ളിഷ്ടമായ് ചൊല്ലിയാ ഭിഷഗ്വരൻ താൻ
കഷ്ടമേ,കഷ്ടമല്ലാതെന്തു ഞാൻ ചൊല്ലാൻ
കഷ്ടപ്പെട്ടിങ്ങനെ ജീവിക്ക തന്നെ
ഇഷ്ടജനങ്ങളോടൊത്തു കഴിയാൻ
ഇഷ്ടങ്ങൾ പലതും അനിഷ്ടമാക്കേണം..