Sunday, May 24, 2015

എന്റെ കവിത


നിദ്രാവിഹീനനായ് ഞാൻ ചില രാത്രിയിൽ
കാത്തിരിക്കുന്നൊരു നേരം.
പാത്തും പതുങ്ങിയുമെത്തുമെൻ ചാരേ
ചില വാക്കുകൾ ,കേകിയെപ്പോലെ.
ബന്ധിതമാക്കും ഞാൻ വർണ്ണമയൂഖത്തെ-
യെൻമാനസമാകുന്ന കൂട്ടിൽ.
നേരം പുലരുമ്പോളാമായാമയൂരം
കൂടും പൊളിച്ചുപോയെന്നാലും
കൂടിന്റെയുള്ളിലെനിക്കോമനിക്കാനായ്
കാണുമൊരഞ്ചാറു പീലി.
ദാനമായ്‌ കിട്ടിയോരോമനപ്പീലികൾ .
മോഹമായ് നില്ക്കും മനസ്സിൽ!
മോഹമയിൽപ്പീലിത്തുണ്ടുപെറുക്കി,ഞാൻ
തീർക്കും ചാരുതയാണെന്റെ കവിത !

Thursday, May 7, 2015

ഘടോല്‍ക്കചന്‍


ഞാൻ ഘടോല്‍ക്കചന്‍
ഭീമസേനന്റെയരുമ സുതൻ 
ഭീമനിലനുരക്ത,ഹിഡിംബി
ഭീമനു നൽകിയ വന്യസുതൻ 
പാണ്ഡവ ഭ്രാതാക്കൾക്കാദ്യം 
പിറന്നൊരു പുത്രനിതെന്നാലും 
പാടെ പരിത്യക്തനായവൻ ഞാൻ!
ഞാൻ ഘടോല്‍ക്കചന്‍

വനശക്തിയായ് ഗഹനവനങ്ങളിൽ 
വിഹ്വലത തീർത്തു മദിച്ചവൻ ഞാൻ 
കാടിന്റെ നീതി ബോധത്തിൽ വേരൂന്നി 
കാനന സുകൃതങ്ങൾ മാത്രം ചെയ്തവൻ 
ഞാൻ ഘടോല്‍ക്കചന്‍!

അച്ഛനെന്നെ സ്മരിക്കുന്ന മാത്രയിൽ 
അച്ഛന്റെ ഇച്ഛ നിവർത്തിച്ചവ-
നച്ഛന്റെയാൾക്കാരെ തോളിൽ ചുമ-
ന്നടവിയിലൂടെ ഗമിച്ചവൻ ഞാൻ 
ഞാൻ ഘടോല്‍ക്കചന്‍!

വില്ലാളി വീരനര്ജ്ജു്നനെ കൊല്ലാൻ 
നല്ലോരായുധം വരലബ്ധമായിട്ടും 
പാർത്ഥനിഗ്രഹാർഥം കരുതിയ വേൽ 
എന്റെയീ മാർതടത്തിലേറ്റി, 
മൃത്യുവെ,പ്പുല്കിയിളയച്ഛനു 
രക്ഷകനായി ത്തീർന്നതും ഞാനല്ലോ? 
ഞാൻ ഘടോല്‍ക്കചന്‍!

അഭിമന്യു രാജകുമാരനെ വാഴ്ത്തുവോർ 
അടവിതൻ പുത്രനാമെൻ യുദ്ധവീര്യത്തെ 
അറിയേണ്ടത് പോലറിഞ്ഞില്ല, പറഞ്ഞില്ല 
അതിനു ഞാൻ പാടേ പരിത്യക്തയായൊരു 
രാക്ഷസി മാതാവിൻ പുത്രനായിപ്പിറന്നവൻ 
ഞാൻ ഘടോല്‍ക്കചന്‍!

പാണ്ഡവ ഭ്രാതാക്കൾക്കാദ്യം 
പിറന്നൊരു പുത്രനിതെന്നാലും 
പാടെ പരിത്യക്തനായവൻ ഞാൻ 
ഞാൻ ഘടോല്‍ക്കചന്‍!