Tuesday, September 10, 2013

കൊയ്ത്തു പാട്ട്


kerala women carrying harvest

കൊയ്ത്തുപാട്ട് 

ചിത്തിരമാതം പിറന്നേ 
ചെമ്പാവിൻ കതിർ വിളഞ്ഞേ  
"മാവേലിക്കരി"പാടങ്ങളും 
കൊയ്യുവാൻ പരുവമായേ....  
ചാത്തനെന്റെ കെട്ട്യോന്റെ     
കാവലാണേയീക്കണ്ടോം .. . 
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  


കൊയ്ത്തു പാട്ടിന്നീണത്തിൽ 
കൊയ്തു, കൊയ്തു മുന്നേറാൻ...  
കൊയ്ത്തുകാരി പെണ്ണാള് 
കൊയ്ത്തരിവാൾ രാകിടുന്നേ..  
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

കതിര് കൊയ്തു,കൊയ്തു കൂട്ടി,
കറ്റകെട്ടി, കളത്തിലേറ്റി , 
മെതിച്ചു കൂട്ടി,പൊലി പിടിച്ചു
കാറ്റിൽ തൂറ്റി, പൊലിയളന്നു
തമ്പുരാന്റെ അറയിലാക്യേ .....
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

പതവും വാങ്ങി,പാതിരായ്ക്ക്
കുടിയിലെത്തി,കുത്തിപ്പാറ്റി
കഞ്ഞിവച്ച് വയറു കാഞ്ഞ
ക്ടാങ്ങൾക്കായ് ഏൻ വിളമ്പ്യേ .....
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

വയറു ചൂളം പാടിയപ്പോൾ 
ഉപ്പും ചേർത്തു രണ്ടു വറ്റും,
നാഴിയുരിയകഞ്ഞിവെള്ളോം 
ഞാനുമങ്ങു മോന്തിയല്ലോ...
എന്നിട്ടുമെൻ മാളോരെ.... 
പശിയടങ്ങിത്തീരുണില്ല്യേ ..... 
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്തതോം ...  

അപ്പോഴ് ദാ,വരണുണ്ട് 
"തമ്പ്രാൻ പടിക്കലീന്നും" 
കിട്ടിയോരാക്കാശിനയ്യോ,
കള്ളുമോന്തി,പാട്ടും പാടി  
ആടിയാടി,നാലുകാലിൽ 
കെട്ട്യോനും കുടിലിലെത്ത്യേ... 
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

പിന്നെയെന്റെ മാളോരേ....
എങ്ങനെ ഞാൻ ചൊല്ലുമതു
പുകില് തന്നെ വൻപുകില്.
പുകില് തന്നെ വൻപുകില്.
തെയ്യ്‌ തരികിട തിന്ത തോം ...  
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  


2 comments:

Anonymous said...

Nice, but I wish if the actual title of the song was given

Anonymous said...

Woooowwwww, but i am still doubting if it's real കൊയ്ത്തുപാട്ട്