Thursday, October 17, 2013

ഓട്ടോഗ്രാഫ്

Image


സ്കൂൾ,കോളേജുവിദ്യാഭ്യാസ കാലത്ത് ഓട്ടോഗ്രാഫുകൾ എഴുതുന്നതിനും എഴുതിക്കുന്നതിനും സഹപാഠികൾ പരസ്പരം മത്സരിക്കുന്ന ഒരു കാലഘട്ടമാണ്,വിവിധ ക്ലാസുകളിലെ പഠനം ഏതാണ്ട്‌ അവസാനിക്കുന്ന,പഠനത്തിന്റെ സായാഹ്നകാലം.
പലവർണമുള്ള കടലാസുകൾ തുന്നിച്ചേർത്തു മനോഹരമായി തയ്യാറാക്കിയിട്ടുള്ള ഓട്ടോഗ്രാഫുകൾ.
അവയിൽ കുറിക്കുന്ന നിരർത്ഥകമായ അക്ഷരങ്ങൾ.
വിരഹവും വേർപാടും, ഇനിയെന്ന് കാണുമെന്നുള്ള വേവലാതിയും.
ഭൂമി ഉരുണ്ടതാണ്, അത് കൊണ്ട് വീണ്ടും കണ്ടുമുട്ടാതിരിക്കില്ല എന്നുള്ള പ്രത്യാശ.
ഒരിക്കലെങ്ങാൻ കണ്ടുമുട്ടിയാൽ തന്നെ ഭാഗ്യം.
അപ്പോൾ പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞാൽ അത് വലിയ ഭാഗ്യം.
ഇങ്ങനെ പോകുന്നു ഓട്ടോഗ്രാഫ് വിശേഷങ്ങൾ.

എസ.ബി.കോളേജിൽ (1966-1969അവസാന വർഷം, ബി.എ ആംഗലേയഭാഷയും സാഹിത്യവും ) ക്ളാസിൽ പഠിക്കുമ്പോൾ ഞാനും ഒരു ഓട്ടോഗ്രാഫ് തയ്യാറാക്കിയിരുന്നു.കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് കടലാസ് തോണി പോലെ അത് എവിടെയോ നഷ്ടപ്പെട്ടിരുന്നു.നീണ്ട നാല്പതിലേറെ വർഷങ്ങൾക്കു ശേഷം ഈയടുത്ത കാലത്ത് അത് എനിക്ക് കണ്ടുകിട്ടി .അത് ഒരു നിമിത്തമായി തോന്നിയതിനാലാകാം പഴയ സഹപാഠികളുടെ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചാലോ എന്ന ആശയം എന്റെ മനസ്സിൽ ഒരു മിന്നൽ പോലെ ഒന്നു മിന്നി മറഞ്ഞു.
ഈ ആശയം അപ്പോഴും ചങ്ങാത്തം നിലനിർത്തിയിരുന്ന ഒന്നു രണ്ട് സഹപാറികളുമായി ഞാൻ പങ്കുവച്ചു .പ്രോത്സാഹനാപൂർവ്വം തന്നെ അവർ പ്രതികരിച്ചു .
തന്നെയുമല്ല,കുറേക്കാലം മുൻപ് ഈ പുന:സമാഗമ ചിന്തകളുമായി അവർ ഒരു ശ്രമം നടത്തിയെന്നും അത് ഫലമണിഞ്ഞില്ല എന്ന ഒരു പരിദേവനവും അവർ സാന്ദർഭികമായി പറഞ്ഞു വച്ചു .
എന്റെ സംരംഭത്തിന്നു സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുവാനും വിജയമാശംസിക്കാനും അവർ മറന്നില്ല..

ഞങ്ങൾ ഇരുപത്തിനാലു പേരാണ് ക്ലാസിലുണ്ടായിരുന്നത് . ഏറെക്കുറെ എല്ലാവരുടെയും പേരും അവരുടെ ചില പ്രത്യേകതകളും കണ്ടുമറന്ന ഒരു ചലച്ചിത്രത്തിലെന്നപോലെ പതിയെ എന്റെ മനസിൽ തെളിഞ്ഞു .
ഈ സന്ദർഭത്തിലാണ് പഴയ ചങ്ങാതി ശശിധരൻ എന്നെ പൂനയിൽ നിന്ന് വിളിക്കുന്നതും ഏതാണ്ട് സമാനമായ ഒരാശയം മുന്നോട്ടു വക്കുന്നതും .
അങ്ങിനെ ഞങ്ങൾ, ശശി, ചങ്ങനാശ്ശേരിക്കാരായ "മാത്യു ത്രിമൂർത്തികൾ" പിന്നെ ഞാനും കൂടി സഹപാറികൾക്ക് വേണ്ടിയുള്ള "ഓപ്പറേഷൻ ക്ലാസ് മേറ്റെസ്" എന്ന മിഷൻ ഇമ്പൊസ്സിബിൾ- നു തുടക്കം കുറിച്ചു .

ആദ്യമായി എല്ലാവരുടെയും പേരും പഠിച്ചിരുന്ന കാലത്ത് ഏതു നാട്ടിൽ നിന്നുമാണ് വന്നിരുന്നത്‌ എന്നും അവരുടെ ഒരു തൂലികാചിത്ര വിവരണവും പരസ്പരം കൈമാറി.
തുടർന്ന് ലഭിച്ച അറിവുകൊണ്ട് ഏതാണ്ട് പതിനെട്ടോളം സുഹൃത്തുക്കളുമായി ടെലെഫോണ്‍ മുഖേന ബന്ധപ്പെടുന്നതിനു എനിക്കു കഴിഞ്ഞു .
ഓട്ടോഗ്രാഫിലെ മേൽവിലാസത്തിൽ കത്തുകൾ അയച്ചു. ചിലത് "റീ ഡയരക്ട്‌"ചെയ്താണെങ്കിലും ഉദ്ദേശിച്ച ആളിന് തന്നെ ലഭിച്ചു. ഒന്നു രണ്ടു വിദ്വാന്മാർ തന്നിരുന്ന മേൽവിലാസം പോലും തെറ്റിച്ചായിരുന്നു കുറിച്ചിരുന്നത്‌ . അവരുമായി സമ്പർക്കത്തിനുള്ള ശ്രമം വിഫലമായി.
രണ്ടു സുഹൃത്തുക്കൾ പരലോക പ്രാപ്തരായെന്ന ദുഃഖസത്യം മനസിലാക്കുന്നതിനും ഈ സംരഭം ഞങ്ങളെ സഹായിച്ചു.
*കലാലയാദ്ധ്യാപകനായിരുന്ന ഒരു മാന്യ സുഹൃത്ത്, ഞങ്ങളുടെ ഈ സംരംഭത്തോട് ഒട്ടും തന്നെ സഹകരിച്ചില്ല.അത് ഞങ്ങൾക്ക് എല്ലാവർക്കും അല്പ്പം വേദനയുളവാക്കി.ഞങ്ങൾ അത് അല്പം നീരസത്തോടെസമ്മേളന വേദിയിൽ പ്രകടിപ്പിക്കുകയും ചെയ്തു. .

ആകെയുള്ള ഇരുപത്തി നാലുപേരിൽ പതിനെട്ടു പേരെ പ്രതീക്ഷിച്ചെങ്കിലും പതിന്നാല് പേർ,ശ്രീ ചെറിയാൻ പെട്രോസ് ,എബനേസർ ജെയ്കബ് മാത്തൻ,ജോര്ജു എബ്രഹാം ,ജോണ്‍ എ .ഓ ,ജോസ് ജോര്ജ്ജു,ജോസഫ്,എൻ.ഡി,
ജോസഫ് ഇമ്മാനുവേൽ,മാത്യൂആഞ്ഞിലിവേലിൽ,മാത്യൂ തോമസ്‌ ,മാത്യൂ വർഗീസ്‌, ശശിധരൻ കെ.എസ. തോമസ് കുട്ടി കെ.കെ വിനയകുമാർ എം ,ടോമി ജേയ്കാബ് എന്നിവർ പങ്കെടുത്തു.ശ്രീ കുരിയൻ ജോര്ജു വരുമെന്ന് പറഞ്ഞിരുന്നെങ്കിലും വന്നെത്തിയില്ല.
തോമസ്‌ ടി.എ (തൊടുപുഴ) ജോസഫ് ഇ.ഡി (യു എസ എ ) ജോണ്സൻ, കെ, റെവ.ഫാ. കെ.ടി.ജോസഫ് സിഎം.ഐ,ജോര്ജുതോമസ്‌ (കല്ലിശ്ശേരി) എന്നിവരെ കോണ്ടാക്റ്റ് ചെയ്യുന്നതിന് കഴിഞ്ഞില്ല .ഞങ്ങളുടെ പഠന കാലത്ത് കോളേജിന്റെ പ്രിൻസിപ്പൽമാരായിരുന്ന മോണ്‍സിഞ്ഞോർമാരായ ഫ്രാൻസിസ് കാളാശ്ശേരിൽ , ആന്റണി കുര്യാളശ്ശേരിൽ,മാത്യൂ പുളിക്കപ്പറമ്പിൽ എന്നിവരെയും ഞങ്ങൾ സാദരം സ്മരിക്കുന്നു. പുളിക്കപ്പറമ്പിലച്ചൻ ഞങ്ങളുടെ സോഷ്യോളോജി അധ്യാപകനുമായിരുന്നു. 

പ്രൊഫസർമാരായ, വി.ജെ.അഗസ്റ്റിൻ,കെ.ജെ.ഫ്രാൻസിസ് ,എ.ഇ.അഗസ്റ്റിൻ, ജോസഫ് തോമസ്‌ മണിമുറിയിൽ,ടീ. പീ മാധവൻ പിള്ള,പി.സി.മാത്യൂ എന്നീ ഗുരു ശ്രേഷ്ടർ കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു.എങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ടവരായ മറ്റു അഞ്ചു അദ്ധ്യാപകരിൽ നാലുപേരുടെ- പ്രൊഫ.കെ.ടി. സെബാസ്ട്യൻ, പ്രൊഫ.കെ.കെ. മാത്യു ,പ്രൊഫ പി.ജെ. ദേവസ്യ ,പ്രൊഫ വി.എസ. ജോസഫ്- എന്നിവരുടെ മഹനീയ സാന്നിദ്ധ്യം കൊണ്ടു പവിത്രീകരിക്കപ്പെട്ട ഞങ്ങളുടെ ഈ ഉദ്യമത്തെ ഒരു ഗുരുവന്ദന സമ്മേളനമാക്കുന്നതിന് കഴിഞ്ഞുവെന്നതിൽ ഞങ്ങൾക്കുള്ള ചാരിതാർത്ഥ്യം നിസ്സീമമാണ്.

ഞങ്ങളുടെ ഈ ഉദ്യമത്തെ "ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളവും മാതൃകാപരവുമായ നിദർശനമായി കരുതുന്നുവെന്നും ഇതിൽ പങ്കെടുത്തവരുടെ ഗുരുക്കന്മാരായി അറിയപ്പെടാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും" ഞങ്ങളുടെ ഗുരുഭൂതർ പറഞ്ഞപ്പോൾ ഞങ്ങൾ അക്ഷരാർഥത്തിൽ തന്നെ ആനന്ദാശ്രുക്കൾ പൊഴിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ ഇരട്ടി മധുരമായി. കാരണം പങ്കെടുത്ത ഞങ്ങളുടെ അദ്ധ്യാപകരുടെ പ്രിയങ്കരനായിരുന്ന ഗുരുശ്രേഷ്ഠനായിരുന്നു എന്റെ പിതാവ് "കുഞ്ചായൻ സാർ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന യശ:ശരീരനായ പി.സി.ചാക്കോ എന്ന് അവർ ആമുഖമായി പറയുകയും ഉത്തമനായ ഒരു ഗുരുശ്രേഷ്ടന്റെ മക്കളെന്നു എന്നേയും എന്റെ സഹോദരൻ പ്രൊഫ. ജോസ്.പി. ജേക്കബ് പുത്തൻപുരയിൽ -നെയും പേരെടുത്തു പറഞ്ഞു ശ്ലാഘിക്കുകയും ചെയ്യുകയുണ്ടായി.

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചതിനു ശേഷം, വീണ്ടും അടുത്തു തന്നെ ഒരു കുടുംബസമ്മേളനത്തോടെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ താത്കാലികമായി ഞങ്ങളുടെ ഈ കൂട്ടായ്മക്ക് വിരാമമായി .

തുടർന്ന് ശയ്യാവലംബിയായ ഞങ്ങളുടെ സഹപാറി പ്രൊഫ..കെ.വി ഫിലിപ്പിനെ അദ്ദേഹത്തിന്റെ
വസതിയിൽ സന്ദർശിച്ചു.അതു അത്യന്തം ഹൃദയസ്പർശിയായ ഒരനുഭവമായിരുന്നു.

അതിനുശേഷം, ഞങ്ങളുടെ സംഗമത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചെങ്കിലും പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യം കാരണം അതിനു കഴിയാതെ വന്ന പ്രൊഫ.കെ.വി.ജോസഫ് സാറിന്റെ വസതിയിലെത്തി അദ്ദേഹത്തിനും ഗുരുവന്ദനം നൽകി ആദരിച്ചു.
അദ്ദേഹത്തോടൊപ്പം ഞങ്ങൾ പഴയ പോയട്രി ക്ലാസ്സ്‌ "പുനരാവിഷ്കരിച്ചു" എന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല തന്നെ.

രാവിലെ പതിനൊന്നു മണിക്ക് ഞങ്ങളുടെ പഴയ ക്ലാസ്സ് മുറിയിൽ തന്നെ സമ്മേളിക്കുന്നതിന്നും തുടർന്നുള്ള പരിപാടികൾ ഭംഗിയായി നടത്താനും സഹായകമായി പ്രവർത്തിച്ച കോളേജു പ്രിൻസിപ്പൽ, ബഹു: ടോമിയച്ചൻ,ഇംഗ്ലീഷ് വിഭാഗം അധ്യക്ഷൻ പ്രൊഫ. ജിജിജോസഫ് കൂട്ടുമ്മേൽ , കോളേജു പൂർവ- വിദ്യാർഥിസംഘടനാ ഭാരവാഹികൾ എന്നിവരോടു ഞങ്ങൾക്ക് അകൈതവമായ നന്ദിയാണുള്ളത് ....
*ഞങ്ങളുടെ സഹപാറി അന്ന് അങ്ങനെ പ്രതികരിച്ചത് അദ്ദേഹം രോഗാവസ്ഥയിലായിരുന്നതിനാലാണ്, എന്ന് പിന്നീട് മനസ്സിലായി. ആ മാന്യ സുഹൃത്തിനോടുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കുവാൻ ഈ കുറിപ്പിലൂടെ ഞാൻ ശ്രമിച്ചു കൊള്ളട്ടെ.
ഈ കുറിപ്പ് എഴുതി കഴിഞ്ഞു അൽപ നാളുകൾക്കു ശേഷം ഞങ്ങളുടെ സഹപാഠികളിൽ പ്രൊഫ.ടി.ജെ.തോമസും(നിർമലാ കോളേജു മൂവാറ്റുപുഴ) പ്രൊഫ. കെ.വി ഫിലിപ്പും ( ഗവ. കോളേജു നാട്ടകം, കോട്ടയം) ദിവംഗതരായി.
ഞങ്ങളുടെ ഈ കൂട്ടായ്മയിൽ നിന്നും അകാലത്തിൽ വേർപിരിഞ്ഞുപോയ ഞങ്ങളുടെ പ്രിയ സതീർഥ്യരായ പോൾസണ്‍ ജോണ്‍( മാവേലിക്കര )എം.എം. മത്തായി (തിരുവല്ല ) പ്രഫ. ടി.ജെ തോമസ് (തൊടുപുഴ) പ്രൊഫ കെ.വി.ഫിലിപ്പ് (ചങ്ങനാശ്ശേരി) എന്നിവരുടെ സന്തപ്ത കുടുംബങ്ങളോടുള്ള അനുശോചനം അറിയിച്ചുകൊണ്ടും പരലോകപ്രാപ്തരായ ഞങ്ങളുടെ സഹപാഠികളുടെ ആത്മശാന്തിക്കായി പ്രാർഥനാപുരസ്സരം ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും ഈ "ഓട്ടോഗ്രാഫ് " സാദരം ഞങ്ങൾ സമർപ്പിച്ചു കൊള്ളട്ടെ!
(ചെറിയാൻ പെട്രോസ് ,എബനേസർ ജെയ്കബ് മാത്തൻ,ജോര്ജു എബ്രഹാം ,ജോണ്‍ എ .ഓ ,ജോസ് ജോര്ജ്ജു,ജോസഫ്,എൻ.ഡി,ജോസഫ് ഇമ്മാനുവേൽ,മാത്യൂആഞ്ഞിലിവേലിൽ,മാത്യൂ തോമസ്‌ ,മാത്യൂ വർഗീസ്‌,തോമസ് കുട്ടി കെ.കെ വിനയകുമാർ എം , ടോമി ജേയ്ക്കബ് )

No comments: