Friday, October 11, 2013

ന്യായം, അന്യായം


പരസ്ത്രീ മോഹിതനായ്
പുരുഷന്‍ പോയാലൊട്ടും
പഴിക്കുന്നില്ലാരും തന്നെ
ചിരിച്ചു തള്ളീടുന്നു...
വഴിയെ നടക്കുമ്പോള്‍
ചെളി പറ്റിയാലതു
കഴുകി കളഞ്ഞെന്നാല്‍
മതിയെന്നൊരു ന്യായം.

ഇതിനോരെതിര്‍ ന്യായം
പുരുഷന്‍ സമൂഹത്തില്‍   
ഉയര്‍ത്തും അബലയാം
സ്ത്രീയതിന്‍ ഇരയാകും.
പ്രണയം കൊതിച്ചൊരു
മുന്‍കാല സതീർഥ്യനെ 
പിന്നീട് കാണ്‍കെയവർ  
സൗഹൃദം  തുടര്‍ന്നാലോ?
കോലിന്റെ ചൂടറിയും
വേലി, ചാടിടും പശു . 

പശുക്കള്‍ക്കെന്നും, തല്ലു  
കൊള്ളുവാനല്ലോ,വിധി  
അമ്പലക്കാളകളോ
മദിച്ചു നടക്കുന്നൂ.

പന്തിയതൊന്നു തന്നെ 
വിളമ്പുന്നവർ,പക്ഷേ  
പന്തിയിൽ പക്ഷഭേദം 
കാട്ടിയാൽ സഹിക്കുമോ? 

ന്യായമാണോ,നിങ്ങൾ 
ചിന്തിച്ചു ചെറുക്കുക 
തെറ്റിനെ ചെറുക്കുവാൻ 
ശക്തരാകുവിൻ നിങ്ങൾ 
ഒത്തൊരുമിച്ചീടൂ വേഗം. 




No comments: