Thursday, May 30, 2013

മലയാണ്മ



മലയാണ്മ  

ചെന്തമിഴ് തായ് മൊഴിയിൽ
നിന്നുണ്ടായചന്തമിയന്നൊരു,
ഭാഷയെൻ മാതൃഭാഷ
മലയാളം.

തുഞ്ചത്തെയാചാര്യനാം 
എഴുത്തച്ഛനാം ,മഹാശയൻ 
പോറ്റിവളർത്തിയ 
ശാരികപ്പൈതലിൻ
തേനൂറും കിളിക്കൊഞ്ചലീ
ഭാഷയെൻ,മാതൃഭാഷയാം
മലയാളം.

കോലത്തിരി രാജൻ തൻ
കൽപനയാലെ ചെറുശ്ശേരി
മൂളിയൊരു കൃഷ്ണഗാഥയാം
പാട്ട്, നല്ല താരാട്ട് പാട്ടായ്
കേട്ടുറങ്ങിയുണർന്നൂ,
ശ്രീയാർന്ന ശിശുവായു-
ല്ലസിച്ചു കളിച്ചൊരു
ഭാഷയെൻ,മാതൃഭാഷ
മലയാളം .

കുഞ്ചന്റെ തുള്ളൽപ്പാട്ടിൻ 
ദ്രുതതാളത്തിനൊത്തു
തുള്ളിക്കളിച്ചു വേഗം
വളർന്നൂ, കുമാരിയായ്
ഭാഷയെൻ,മാതൃഭാഷ
മലയാളം. 

ആശാന്റെ ആശയ
ഗാംഭീര്യമേറും ലീലാ
വിലാസപദാവലി
ചേർന്നൊരു കാവ്യഗീതി
ആശയോടെയവൾ
ചെമ്മേ ഹൃദിസ്ഥമാക്കി
പിന്നെ
ഉള്ളൂരിൻപാണ്ഡിത്യമെഴുന്ന
പദാവലി, ഉള്ളിലാക്കാൻ
മന:പാഠം പഠിച്ചതും, 
വള്ളത്തോൾ ദേശസ്നേഹി,
തൻ തൂലിക,പടവാളായ് രചിച്ച
ദേശ ഭക്തി ഗാനവും പാടിയവൾ
ജാൻസി  റാണിയെപ്പോലെ
ഭാരതനാടിൻ രണധീരയായ്‌
രണാങ്കണം പൂകിയോൾ 
തുടിക്കും മനമോടരാടിയതും
നമുക്ക് മറക്കാൻ കഴിയുമോ? 

ചങ്ങമ്പുഴ, വൈലോപ്പള്ളിയും
നയിച്ചൊരു വിപ്ലവത്തിൻ
മുദ്രാവാക്യവുമുരുവിട്ടു
കാല്പനികത തന്റെ
മാസ്മര ലഹരിയിൽ 
നവയുഗലോകപ്പിറവി
കാണാനുൾപുളകത്തോ-
ടെയവൾ യുവത്വം തുടിക്കും
കരളുറപ്പോടെ തന്നെ 
കാത്തു കാത്തിരുന്നതും 
മറക്കാൻ  കഴിയുമോ  

ബഷീറും,ദേവും,പിന്നെ
എം.ടി.യുമൊക്കെക്കൂടി    
എഴുതിത്തെളിച്ചോരാ-
ത്തനിമയെഴുന്നോരു
പുതു നോവൽ,കഥാ
സാഹിതീശാഖ,
ഭാഷ -ഭാഷാന്തരം ചെയ്തു
വിശ്വഭാഷകൾക്കൊപ്പം  
പടർന്നുപന്തലിച്ചു
വളർന്നതറിയില്ലേ ?

അടൂരും,അരവിന്ദനും
ചങ്ങാതിമാരും ചേർന്നു 
നിർമ്മിച്ചോരഭ്രകാവ്യം
കീർത്തിനേടിയ 

വാക്കുകൾ പിറന്ന 
ഭാഷയെൻ മാതൃഭാഷ 
മലയാളം.

ഭാസ്കരൻ മാഷും പിന്നെ
വയലാർ,ഓയെൻവീയും
സാഹിതീ കടാക്ഷത്താൽ -
ലളിതസുന്ദരമാം,
പദവിന്യാസമെഴും
ഭാവഗാനങ്ങളാൽ 

തീർത്ത സിനിമാഗാന
മെന്ന, ജനകീയമായൊരു 
പുതു കവിതാശായെൻ 

ഭാഷയ്ക്ക് നിറം തൂകി

ഭാഷയിതെന്റെ,ഭാഷ
യമ്മിഞ്ഞപ്പാലുപോൽ
ഞാൻ നുകർന്നു വളർന്നൊരു 
തേനൂറും മലയാളം
ശ്രേഷ്ഠമാം ഭാഷയായി,
കീർത്തിയാർജ്ജിച്ച 
സദ് വാർത്ത കേട്ടിഹ
നമ്മൾ സാദരം നമിക്കുക!

മലയാണ്മയ്ക്കുയിർ നല്കി,
വളർത്തിവലുതാക്കാൻ
അക്ഷീണ,മഹോരാത്രം
പ്രയത്നിച്ചോരാ
പൂർവസൂരികളാകും
മഹാപ്രതിഭാധനന്മാരെ!
സ്മരിക്കാം, നമുക്കെന്നും
സാദരം നമിച്ചിടാം!

ഭാഷയിതെന്റെ,ഭാഷ
യമ്മിഞ്ഞപ്പാലുപോൽ
ഞാൻ നുകർന്നാസ്വദിച്ചൊരു
തേനൂറും മലയാളം ...


No comments: