Saturday, May 18, 2013

പ്രണാമം

                    

 
             പ്രണാമം
"ദു:ഖത്തിൻ ശിശിരത്തെയതിജീവിച്ചാലല്ലേ?
ഹർഷത്തിൻ വസന്തത്തെയെതിരേറ്റിടാനാവൂ"
"പടിഞ്ഞാറൻകാറ്റിൻ"പരാക്രമഭാവംകണ്ടു  
ഷെല്ലിയാ,മഹാകവിചൊല്ലിയൊരീവാക്കുകൾ,
സാന്ത്വനമേകുമൊപ്പം,പുതിയ പ്രതീക്ഷതൻ
പൂത്തിരി കത്തിച്ചിടും മാനവ ഹൃദയത്തിൽ !

"കേട്ടാസ്വദിച്ചവയൊക്കെ,മധുരമെന്നാകിലും 
കേൾക്കാത്ത പാട്ടുകൾ അതിലും ഹൃദ്യമല്ലോ?"
വാനമ്പാടിതൻ മധുവൂറിടും ഗാനം കേൾക്കെ,
യുവകവി ജോണ്‍ കീറ്റ്സിൻ തൂലികയുതിർ-
ത്തൊരു,മധുരംകിനിയുമീവാക്കുകൾ മറക്കാമോ ?

സ്വച്ഛ സുന്ദരമാകുമേകാന്തതയേപ്പുല്കി  ,
തരളിതവികാരങ്ങൾ താലോലിച്ചുളവാകും 
കവിതരചിക്കുവാൻ പ്രേരകമായോരാ, 
സുവർണ്ണസുമങ്ങളെയനശ്വരമാക്കി,   
"ഡാഫോടിൽസ്" പൂക്കൾക്കൊരു 
കീർത്തനം രചിച്ചന്നു പ്രകൃതി ഗായകൻ 
വില്ല്യംവേർഡ്സ്‌ വർത്താം കവി ശ്രേഷ്ടൻ .

"ഈ ലോകം വലിയൊരു നാടകശാലയെന്നും
നാമൊക്കെയതിങ്കലെ വേഷക്കാർ മാത്രമെന്നും"
ചൊല്ലിയ മഹാകവി വില്ല്യംഷേക് സ്പീയർ,വീണ്ടും
ചൊല്ലി,"ജീവിതമെന്നതൊരു വിഡ്ഢിതൻ കഥയത്രെ!
അർത്ഥശൂന്യമാമൊരു സങ്കല്പഘോഷയാത്ര!."
ജീവിതഗന്ധിയാം കഥാപാത്രങ്ങൾക്കുയിരേകി  
ജീവിതത്തിന്റെയർത്ഥവ്യാപ്തിയെക്കുറിച്ചുള്ള 
ഗഹനമാം ചിന്തകൾനിറഞ്ഞു കവിഞ്ഞീടും  
മഹനീയമാകും  കലാസൃഷ്ടികളാലദ്ദേഹം 
മനുജകുലത്തിന്നിഷ്ടമേറിയ കവീന്ദ്രനായ്‌..    
  
"സ്നേഹമാണഖിലസാരമൂഴിയിലെന്നും
സ്നേഹംതാനീജഗത്തിൻ ശക്തിയെന്നും
ഘോഷിച്ച,മഹാശയനാശാൻതൻ സ്നേഹ-
ഗീതികൾ മറക്കുവാൻ നമുക്കു കഴിയുമോ?

"പ്രേമസംഗീത"മെന്ന തൻകാവ്യതല്ലജത്തിൽ ,
മതമൊന്നു,മതിയാകുമീയുലകിന്നുയിരേകുവാ- 
നതുപ്രേമമല്ലാതെ,മറ്റൊന്നുമേയല്ലെന്നുറക്കെ- 
യുദ്ഘോഷിച്ചോരുജ്ജ്വലശബ്ദം കേൾക്കാൻ "
ഉള്ളൂർ നാമ,സാഹിത്യവിശാരദൻ പരമേശ്വരൻ 
തന്റെ കൃതിയിലല്ലാതെ,നാമെവിടെപ്പരതുവാൻ? 

മലയാളമേ,നിന്റെ ശീലുകളേകും,മധുകിനിയും
ലയമേതന്യഭാഷയ്ക്കാണുള്ളതെന്നാരാഞ്ഞൊരു 
പ്രിയകവിവള്ളത്തോളേകിടുമഭിമാനത്താൽ 
സിരകൾ ത്രസിക്കാത്ത മലയാളികളുണ്ടോ?

പ്രണാമം! വരേണ്യരേ ,പ്രിയരാം കവികളെ 
മാനവസംസ്കൃതിയന്യൂനം നിലനിർത്താൻ 
മാർഗ്ഗനിർദ്ദേശമേകും വഴികാട്ടികൾ നിങ്ങൾ
മഹാരഥൻമാരെ,നിങ്ങൾക്കായിരം പ്രണാമങ്ങൾ!

No comments: