Wednesday, April 3, 2013

ഒരാനയുടെ ആത്മഗതം




Indian_elephant : Pink elephant isolated












അമ്മയെന്നോതുന്നിതാദ്യമായ് പൈതങ്ങൾ,
പിന്നീടിതെൻ നാമം ചൊല്ലുന്നു ഭംഗിയായ്‌,
പുസ്തകത്താളിലേ,യക്ഷരമാലയ്ക്ക്,
ചിത്രമായ്‌ത്തീർന്നിടും,വൻ,കരിവീരൻ, ഞാൻ.
മസ്തകം തന്നിൽ തിടമ്പേറ്റുവോനിവൻ,
നിത്യവും കുട്ടികൾക്കത്ഭുതമായവൻ,

കാടിന്റെയോമനമക്കളീ ഞങ്ങൾ 
നാടിനെക്കാത്തിടും ദേവകൾ തന്നുടെ,
കോമളമാകും തിടമ്പുമായ് വീടുകൾ
തേടിനടക്കുന്നു നാട്ടുവഴിതോറും
ചുട്ടുപഴുത്തുരുകുന്ന വെയിലത്തും  
കത്തുമുടലും മനസുമായ് ഞങ്ങളോ, 
വർണ്ണക്കുടചൂടിഗംഭീര ഭാവത്തിൽ
തുമ്പിയുമാട്ടി,ക്ഷമയോടെനിന്നിടും.


പൂരപ്പറമ്പിലെ മേളക്കൊഴുപ്പിലും
ആലവട്ടങ്ങൾക്കൊപ്പം ചെവിയാട്ടി,
താലപ്പൊലിയേന്തി ക്ഷീണിച്ചവശരാം
ബാലികമാരവർക്കൊപ്പം നിസ്സംഗമാം
ഭാവത്തിലെത്രയോലക്ഷം ജനങ്ങൾക്കു
കൗതുകമേറ്റുന്ന കാഴ്ചയായ്മാറിടും.


തന്ത്രിമാർക്കുത്സവമേളം കൊഴുപ്പിക്കാൻ,
മന്ത്രിപ്രവരർക്കു മാല്യങ്ങളർപ്പിക്കാൻ,
സർക്കസുമേളയിലഭ്യാസിയായിടാൻ,
സർക്കാരിൻകീർത്തിമുദ്രയും ഞാനല്ലോ?
ഓർക്കുക,ഞങ്ങളീയാനകൾ ചെയ്തിടും
മർത്യനുപകാരമേറും പ്രവൃത്തികൾ.


ദേശാടനപക്ഷിക്കൂട്ടം വരുന്ന പോൽ,
ദേശാടനപ്പൂതിയേറി സുഖംതേടി,
ദേശ-ദേശാന്തരങ്ങളിൽ നിന്നുമീ,  
ദേശത്തിലെത്തുന്ന ശീമപ്പരിഷക-
ളമ്പാരിവച്ചെൻ മുതുകത്തുകേറി-
പ്പത്രാസുകാട്ടി ഞെളിഞ്ഞു ഗമിച്ചിടും.


കള്ളുമോന്തീടുവാൻ കാശിനു വേണ്ടിയാ-
ക്കള്ളപ്പരിഷകൾ, പാപ്പാന്മാരെപ്പോഴും
ആനവാൽ മോതിരമുണ്ടാക്കിടാനവർ
എണ്ണിപറിക്കുന്നെൻ വാലിലെ രോമങ്ങൾ


കാട്ടുകള്ളർക്കൊപ്പം ഫോറെസ്റ്റധികാരി-
യേമാന്മാർ കട്ടുകടത്തും തടിയൊക്കെ,
നാട്ടിലെത്തിക്കുവാൻ ഞങ്ങൾ വിടുപണി
ചെയ്യുന്നിതല്ലെങ്കിൽ ഞങ്ങളെയെമ്പാടും,
കൊല്ലാക്കൊല ചെയ്തു കഷ്ടപ്പെടുത്തിടാൻ, 
തെല്ലും മടിക്കില്ലീ കശ്മലർപാപ്പാന്മാർ.


കുട്ടിക്കുറുമ്പുമായ് ചിന്നം വിളിച്ചങ്ങു,
കാട്ടിലെമ്പാടും വിഹരിച്ചിടുന്നോരെ,
നാട്ടിലിടം കിട്ടാത്ത ദുഷ്ടരാം മാനുഷർ
കാട്ടിലെ രാജാക്കളായി ചമഞ്ഞെത്തി,
കേവലംരണ്ടിളം കൊമ്പുകൾക്കായവർ,
ക്രൂരമായെന്തിന്നു കൊല്ലുന്നു ഞങ്ങളെ ?


വംശനാശം വന്നു ഞങ്ങളോ കേവലം  
പുസ്തകത്താളിലൊതുങ്ങുന്ന ചിത്രമായ്‌
മാറിടും ദുർഗ്ഗതി വന്നുഭവിക്കാതെ, 
മാതംഗവംശത്തിൻ രക്ഷകനാം ഭവാൻ,  
ഉണ്ണിഗണപതീ,കാത്തു രക്ഷിക്ക നീ .. 

No comments: