Monday, January 7, 2013

അവിയല്‍ മാഹാത്മ്യം



മലയാളി കൂട്ടത്തിന്‍ 
സദ്യവട്ടം കൊഴുത്തീടാന്‍
അവിയലോരഭിവാജ്ജ്യ
ഘടകമല്ലോ? 
അവിയലില്ലാത്ത സദ്യ, 
ആനയില്ലാപൂരം പോലെ 
മലയാളികള്‍ക്കൊരുപോലെ, 
രസിക്കയില്ല.   
നല്ല രുചിയേകിടുന്നോരവിയൽ
ഉണ്ടാക്കുവാനും   
നന്മയുള്ള മലയാളി 
മങ്കമാരങ്ങറിയേണം. 

നലമെഴും നേന്ത്രക്കായും 
നീളമുള്ള മുരിങ്ങക്കയും,  
മൂത്ത നല്ല വെള്ളരിക്ക,
മൂപ്പില്ലാത്തോരച്ചിങ്ങയും 
ആനക്കാലന്‍ നല്ലചേന,
ചാരക്കാരന്‍ പടവലങ്ങ,
ചീനിയമരക്ക പിന്നെ, 
പുറനാട്ടുകാരന്‍ കിഴങ്ങും 
ജീവനേകും ജീരകവും,
പച്ചയായജീവിതത്തി-
ന്നെരിവും പുളിയുമേകാന്‍ 
പച്ചമുളകുംവേണം,
വാളന്‍പുളിയുംവേണം .      
വിഷമവും വിഷാംശവും
ഒരുപോലെ നീക്കീടുന്ന 
മഞ്ഞളെന്ന ദിവ്യമാം 
ചേരുവ വേണം. 
പാകമായ നാളികേരം 
ചിരകിയെടുത്തിടേണം.  
പാകത്തിനല്പസ്വല്പം  
ഉപ്പും ചേർക്കേണം 
കാര്യം നേടി കഴിയുമ്പോൾ
തഴഞ്ഞീടാന്‍ വിധിയുള്ള   
കറിവേപ്പില നല്കും 
രുചിയില്ലാകറിയുണ്ടോ ? 
ഉത്തരേന്ത്യന്‍ ലോബിയുടെ
ഇഷ്ടക്കാരി പാമോയിലിന്‍ 
ശത്രുവായി, ഭ്രഷ്ട് നേടി, 
പുറത്തായ വെളിച്ചെണ്ണ,  
പുളിയേറെയില്ലാത്ത
കട്ടതൈരും വേണം.    

കഴുകിയപച്ചക്കറി,
നീളത്തിലരിയേണം 
കുറച്ചു വെള്ളവും ചേര്‍ത്തു 
വേവിച്ചതിന്നോടൊപ്പം,
ചിരകിയ തേങ്ങ,മഞ്ഞള്‍,
പച്ചമുളകിവ,ചേര്‍ത്തു
നന്നായരച്ചരച്ചുപതം 
വന്നോരരരപ്പും വേണം.   

പച്ചക്കറിയുമരപ്പും 
പാകത്തിലുപ്പും ചേര്‍ത്തു
നല്ല മണം നല്‍കും കറി- 
വേപ്പിലയും ചേര്‍ത്തു,
വേഗം തിളക്കുവാനടുപ്പിലേറ്റൂ,
ചെറുതായി തിളച്ചു വരുമ്പോള്‍ 
തന്നെ വെളിച്ചെണ്ണ ചേര്‍ത്തു 
പിന്നെ അടുപ്പില്‍നിന്നുമതു 
മെല്ലെ വാങ്ങിവെക്കുക.  
രുചിച്ചു നോക്കൂ നിങ്ങള്‍ 
കൊതിയേറിമുഴുവനും 
കഴിച്ചു തീര്‍ത്തീടല്ലേ, 
അല്പമെനിക്കും വേണം.         

ചേരുവകളെല്ലാമെല്ലാം തന്നെ
ചേരുംപടി ചേര്‍ത്തുനല്ല  
പഴയരി ചോറിനൊപ്പം
അവിയലുംകൂട്ടിതന്നെ 
പ്രിയമായോരൂണ്  നൽകൂ
വഴക്കാളിയമ്മായിയേം, 
പതുക്കെ,പതുക്കെയങ്ങു 
വശത്താക്കീടാം, നമുക്കു 
വേണ്ട കാര്യം നേടീടാം .
     

No comments: