Monday, January 7, 2013

കട്ടുറുമ്പിന്റെ ചങ്ങാതി






കൊച്ചു നാളിലന്നു സ്കൂളില്‍
ഞാൻ പോയ കാലം  
നിത്യവും കാണുമൊരപ്പൂപ്പന്‍,
മുഷിഞ്ഞ വസ്ത്രധാരി.

നരച്ച താടിയുഴി,ഞ്ഞവശനെ-
ന്നാകിലും ചിരിച്ചു കളിച്ചിടും,
കുട്ടികള്‍ക്കിഷ്ടക്കാരന്‍.
ചിലപ്പോൾ  കണ്ണടച്ചു
നിശ്ചലം, മരിച്ചപോൽ
കിടക്കുമീയപ്പൂപ്പൻ
ഞങ്ങളെ പേടിപ്പിക്കാൻ

കുട്ടികൾ ഞങ്ങൾ ചെന്നു
ചുറ്റിലും കൂടും നേരം
പെട്ടെന്ന് പൊട്ടിച്ചിരി-
ച്ചപ്പൂപ്പനുണർന്നീടും

"ഉറുമ്പുറുമ്പെന്നു  ചൊല്ലി
ചിരിച്ചു  കളിയ്ക്കുന്ന
കുരുന്നുപയ്യനാകും
അപ്പൂപ്പന്‍ പലപ്പോഴും.

"കട്ടുറുമ്പ് " എന്നു ഞങ്ങള്‍
വിളിപ്പേര്‍ നല്‍കീ തെല്ലും  
കുട്ടിത്തം മാറാത്തൊരാ- 
ചങ്ങാതിയപ്പൂപ്പന്.

ഒരുനാളപ്പൂപ്പനെ
കാണാതെ വിഷണ്ണരായ്‌
പരതിനടന്നല്ലോ,
കുട്ടികള്‍ പലദിക്കില്‍.

അവിടെ മരച്ചോട്ടില്‍
സുഖനിദ്രയിലാണ്ടു
ചുരുണ്ട് കിടക്കുന്നു
കട്ടുറുമ്പപ്പൂപ്പനും
.
"കട്ടുറുമ്പപ്പൂപ്പന്റെ "
മേനിയിലുടനീളം
കട്ടുറുമ്പരിക്കുന്നൂ
അപ്പൂപ്പൻ ചിരിക്കുന്നൂ .


(ഒക്ടോബർ ഒന്ന്‌ ലോകവയോജനദിനമായി ആചരിക്കുകയാണ്‌. 1982-ൽ വിയന്നയിൽ വച്ചുചേർന്ന ഐക്യ രാഷ്ട്ര സംഘടനയിലെ അംഗരാജ്യങ്ങളുടെ സമ്മേളനമാണ്‌ വയോജന പ്രശ്നങ്ങൾ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിച്ചത്‌.)

No comments: