Friday, December 7, 2012

നിറവിന്റെ നേരോര്‍മ





വരളുന്നെൻ ചിന്താസരണിയിന്നെൻ മനം   
വരളുന്നോരൂഷര,ഭൂമിയായി.
തളരുന്നിതെന്‍ മേനി,വെയിലേറ്റ് വാടുന്ന 
തളിരിളംചീരതന്‍ തണ്ടുപോലെ .

നിറയുന്ന കണ്ണുനീര്‍,കവിയുന്ന കണ്ണുകള്‍
കരകവിഞ്ഞൊഴുകുന്നൊരരുവികളായ്. 
കരകവിഞ്ഞൊഴുകുന്ന ദുഃഖമാം പ്രളയത്തെ 
ചിറകെട്ടി നിര്‍ത്തുവാന്‍ കഴിയുന്നില്ല. 

മറയുന്നിതെന്നോര്‍മ്മ, മറയുന്നിതന്തിയില്‍ 
മറുകര തേടുന്ന സൂര്യനെപ്പോല്‍.
മറവി തന്‍ മാറാപ്പില്‍ നിന്നുമിടെയ്ക്കിടെ
നിറവിന്റെ നേരോര്‍മയായ് നീ വരും.

നിറകതിര്‍ചിന്നും മദ്ധ്യാഹ്ന സൂര്യനെ, 
ഗ്രഹണം വിഴുങ്ങുന്ന പോലെയല്ലോ
നിറയൗവ്വനത്തിൻ പൂര്‍ണിമയില്‍നിന്നും
മരണം നിന്നെയുംകൊണ്ടുപോയി .

കരിയുന്നു മുകുളങ്ങൾ ഗ്രീഷ്മമായാൽ,വീണ്ടും 
വിരിയുന്നു പുതുവര്‍ഷ പുളകങ്ങളായ്.
പ്രിയതമേ, നീ വന്നു,ചിരിതൂകിയെന്‍മന 
മുകുരത്തിലതുപോല്‍ തെളിഞ്ഞിടില്ലേ ?
         

No comments: