Sunday, January 5, 2025

ചങ്ങനാശ്ശേരി പുരാണം

 എന്റെ നാട്

എന്റെ നാട് ചങ്ങനാശേരി എളുപ്പത്തിൽ പറഞ്ഞാൽ "ചങ്ങനാരി" പക്ഷെ നാടിന്റെ പേരിനുല്പ്പത്തി "നാരി"യിൽ നിന്നല്ലാ "നാഴി"യിൽ നിന്നാണ് .അതിനൊരു കഥയുണ്ട് ."തെക്കിന്കൂർ അടിയാത്തി തളിര് പുള്ളോത്തി" എന്ന പാട്ടിൽ പറയുന്ന .തെക്കിന്കൂർ രാജാവിന്റെ( 15th സെഞ്ച്വറി )ആസ്ഥാനം ചങ്ങനാശ്ശേരിയിൽ പുഴവാതിലുള്ള ലക്ഷ്മിപുരം കൊട്ടാരം ആയിരുന്നു. ചങ്ങനാശ്ശേരി യുദ്ധത്തിൽ (1749)തോറ്റ തെക്കിൻകൂർ രാജാവ് തന്റെ ദേശം വേണാട്ടധിപന് സമർപ്പിച്ചു. കൊട്ടാരത്തിനടുത്താണ് സുറിയാനി കത്തോലിക്കരുടെ കത്തീഡ്രൽ ദേവാലയം . പള്ളിയിലെ കെടാവിളക്ക് അഭംഗുരം തെളിയിക്കാനായി .ചങ്ങഴി നാഴൂരി (ഏതാണ്ട് ഒന്നര ലിറ്റർ ) എണ്ണ കൊട്ടാരത്തിൽ നിന്ന് നൽകാൻ രാജകല്പനയുണ്ടായി. ചങ്ങഴി നാഴൂരി ക്രമേണ ചങ്ങനാരി ചങ്ങനാശേരി എന്ന ക്രമത്തിൽ പുനരാവിഷ്കരിക്കപ്പെട്ടു.

മറ്റൊരു കഥ ഞാങ്ങണ എന്ന കരിമ്പ് വർഗ്ഗത്തിൽപെട്ട പുല് ച്ചെടി (അപ്പർ കുട്ടനാട്ടിൽ ചിറകളുടെ സംരക്ഷണത്തിനായി നട്ടുപിടിപ്പിക്കുന്ന സസ്യവർഗ്ഗം) ധാരാളമുള്ള "ഞാങ്ങ്കണചേരി" ക്രമേണ "ഞാങ്കനാശേരി "ചങ്ങനാശേരി എന്ന രൂപത്തിലാന്നുമായതെന്നുമുള്ളതാണ് .

ഞാൻ ജനിച്ചത് ചങ്ങനാശ്ശേരിയിലെ തന്നെ "പേരെഴും പെരുന്ന" എന്ന സ്ഥലത്താണ് .ഇത് ചങ്ങനാശേരിയുടെ തെക്കേ അതിർത്തിയായ ളായിക്കാട് തോടിന് ഉത്തര ഭാഗത്താണ് .

കുട്ടനാടിന്റെ പ്രവേശന കവാടം (the gate way of kuttanad ) എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെട്ടിരുന്നത്

അപ്പർ കുട്ടനാടിന്റെ പൂർവ്വദേശാതിർത്തിയാണ് ചങ്ങനാശേരി.തെക്കു വടക്കായി പശ്ചിമ ഭാഗം പുഞ്ച വയലുകളും അവയുടെ മധ്യേയുള്ള തോടുകളും നിറഞ്ഞതാണ് .1957 പണി പൂർത്തിയായ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് നിർമ്മിതമാകുന്നതിനു മുൻപ് ചങ്ങനാശ്ശേരിയിൽ നിന്ന് മലഞ്ചരക്കുകളും കാർഷിക വിഭവങ്ങളും ആലപ്പുഴയിലേക്ക് വലിയ കേവ് വള്ളങ്ങളില് ആണ് കൊണ്ട് പൊയ്ക്കൊണ്ടിരുന്നത് .കിഴക്കൻ മേഖലകളിൽ നിന്നും കാളവണ്ടികളിലാണ് ചരക്കു ഗതാഗതം ചങ്ങനാശ്ശേരി ചന്തയിൽ എത്തിച്ചിരുന്നത് .എന്റെ ബാല്യകാലത്ത് കാളവണ്ടികളുടെ "കട കട ലൊ വണ്ടി" എന്ന സിനിമപ്പാട്ടുപോലെ താളനിബദ്ധമായ ശബ്ദം ആയിരുന്നു ഞങ്ങളുടെ ഉണർത്തുപാട്ട് .

അഞ്ചുവിളക്കിന്റെ നാട് എന്നും ചങ്ങനാശ്ശേരി അറിയപ്പെടുന്നു ചങ്ങനാശ്ശേരിയുടെ പ്രസിദ്ധി വേലുത്തമ്പി ദളവായാൽ സ്ഥാപിതമായ ചന്ത ആണ് .ആനയായിരുന്നു ചന്തയിലെ ആദ്യ വ്യാപാര വസ്തു..ആന വരവും ആന ചെലവുമുണ്ടായിരുന്ന വ്യാപാരത്തിന്റെ സിരാകേന്ദ്രം ആയിരുന്നു മദ്യ തിരുവിതാങ്കൂറിലെ (സോറി മദ്ധ്യ തിരുവിതാങ്കൂറിന്റെ )ഏറ്റവും പ്രസിദ്ധമായ ചങ്ങനാശ്ശേരി ചന്ത. "സ്പടികത്തിലേ ആട് തോമ്മായുടെ" വിഹാരരംഗമായ ചങ്ങനാശ്ശേരി ചന്തയും പരിസരങ്ങളും ഓർമ്മയില്ലേ പിന്നീട് ഏതോ സിനിമയിൽ "എന്തുവാടേ ചങ്ങനാശേരി ചന്തയിൽ പോലും ഇത്തരം ......കേട്ടിട്ടില്ലാ" എന്ന് ഞങ്ങളുടെ പ്രസിദ്ധമായ ചന്തയെക്കുറിച്ചുള്ള ഡയലോഗ് നിങ്ങ കാര്യമാക്കേണ്ട കേട്ടോ .

ചന്തയോട് ചേർന്ന് വള്ളക്കടവിനോടനുബന്ധിച്ചുള്ള അഞ്ചു വിളക്ക് നാടിന്റെ ഐശ്വര്യസ്തംഭമാണ് . വേലുത്തമ്പി ദളവ ഉത്‌ഘാടനം ചെയ്ത ചന്തയുടെ ശതാബ്ദിസ്മാരകമായാണ് അഞ്ചുവിളക്ക് സ്ഥാപിച്ചത്( 1905 )അതിനാൽ നാട് "അഞ്ചു വിളക്കിന്റെ നാട് "എന്നും അറിയപ്പെടുന്നു.

മതസൗഹാർദ്ദത്തിന്റെ കാര്യത്തിൽ ചങ്ങനാശ്ശേരി ഒരു മാതൃകയാണ് .ചങ്ങനാശ്ശേരിയിലെ സെയിന്റ് മേരീസ് കത്തീഡ്രൽപള്ളി പുഴവാതിലുള്ള ക്ഷേത്രം മോസ്ക്ക് ഇവ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത് ഡിസംബർ മാസത്തിൽ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം മോസ്കിൽ നിന്നുള്ള ചന്ദനക്കുട ഘോഷയാത്ര /പള്ളിയിലെ ക്രിസ്‌തുമസ് ആഘോഷങ്ങൾ ഇവ ഒരേ നാളുകളി ആഘോഷിക്കപ്പെടുന്നു .

ക്ഷേത്രങ്ങളിൽ വാഴപ്പള്ളിയിലെ മഹാദേവക്ഷേത്രവും പെരുന്നയിലെ സുബ്രമണ്യ സ്വാമി ക്ഷേത്രവും പ്രസിദ്ധമാണ്. വാഴപ്പള്ളി ക്ഷേത്രത്തിലെ ശിലാ ശാസനങ്ങളും ചെമ്പിലെ ശാസനങ്ങളും പുരാവസ്തു ശാസ്ത്ര ചരിത്ര ശാസ്ത്ര ഗവേഷകർക്ക് വിലമതിക്കാനാവാത്ത ചരിത്ര രേഖകളാണ് .

പെരുന്ന സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിനു മുൻപ് തന്നെ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രവാതിൽ തുറന്നു കൊടുത്തതിനാൽ മഹാത്മാഗാന്ധി നേരിട്ട് ഇവിടെ വന്ന് പ്രശംസിച്ചിട്ടുണ്ട് .

ചങ്ങനാശ്ശേരിയിലെ ശ്രീനാരായണീയരുടെ "ആനന്ദാശ്രമത്തിലാണ്" ഗാന്ധിജി അന്ന് വിശ്രമിച്ചത് .ആനന്ദാശ്രമം സ്ഥാപിച്ചപ്പോൾ ശ്രീനാരായണ ഗുരുവും അവിടെ വിശ്രമിച്ചിട്ടുണ്ട്

ചങ്ങനാശ്ശേരിയിലെ "പാറേൽപ്പള്ളി "ജാതിമത ഭേദമെന്യേ എല്ലാവരെയും ആകർഷിക്കുന്ന തീർത്ഥാടന കേന്ദ്രമാണ്" എന്റെ പാറേൽ മാതാവേ" എന്ന് മുട്ടത്ത് വർക്കിയുടെ മിക്ക നോവലുകളിലും പറയുന്നത് ഓർമ്മയില്ലേ

കേരളത്തിലെ പ്രബല സമുദായങ്ങളായ നായന്മാരുടെ സംഘടനയായ എൻ.എസ എസ.ന്റെ ആസ്ഥാന മന്ദിരവുംസുറിയാനി കത്തോലിക്കരുടെ ആർച് ബിഷപ്പിന്റെ ആസ്‌ഥാനമന്ദിരവും ചങ്ങനാശ്ശേരിയിലാണ് . ഈയിടെ അഭിഷിക്തനാ കർദ്ദിനാൾ കൂവക്കാട് പിതാവും ചങ്ങനാശ്ശേരിയുടെ അഭിമാനമാണ്

ചങ്ങനാശ്ശേരിയുടെ സാംസ്കാരിക പൈതൃകം

അക്ഷരനഗരിയെന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പ്രധാന പട്ടണമായ ചങ്ങനാശ്ശേരിസരസ്വതീക്ഷേത്രങ്ങളായ വിദ്യാലയങ്ങ കലാശാലക തുടങ്ങി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കലവറയാണ്. കലാലയ മുത്തശ്ശിയായ സെയിന്റ് ബെർക്‌മാൻസ് കോളേജ് ശതാബ്‌ദി ആഘോഷിച്ച ഓട്ടോണമസ് കോളേജ് ആണ് .കൂടാതെ എൻ എസ.എസ കോളേജ് /സ്സുംപ്ഷൻ കോളേജ് /എൻ.എസ.എസ ടീച്ചേർസ് ട്രെയിനിങ് കോളേജ് സൈന്റ്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യുണിക്കേഷൻ എന്നിവ ഉന്നത ശ്രേണിയിലുള്ളവയാണ് .എസ ബി.കോളേജ്‌ അസംപ്‌ഷൻ കോളേജ് എന്നിവ ങ്ങളിലും ഇപ്പോൾ 'ജൻഡർ ഇക്വാളിറ്റി ' നിബന്ധനയുള്ളതിനാൽ ലിംഗവ്യത്യാസം കൂടാതെ കുട്ടികൾക്ക് പ്രവേശനം നൽകുന്നുണ്ട് .

ചങ്ങനാശ്ശേരിയുടെ സാഹിത്യ നായകന്മാർ

കേരകാളിദാസൻ എന്ന് വിഖ്യാതനായ കേരമ്മ വലിയകോയിത്തമ്പുരാ /നമ്മുടെ മഹാകവിത്രയങ്ങളിലെ അദ്വിതീയനായ ഉള്ളൂർ എസ് പരമേശ്വരയ്യർ എന്നിവരുടെ ജന്മഗേഹം ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരം ആയിരുന്നുവെന്നു അധികമാർക്കും അറിയില്ലാ എന്ന് തോന്നുന്നു . ശ്രേണിയിലെ പിന്നീടു പ്രഖ്യാതനായ ലക്ഷ്മിപുരം കൊട്ടാരത്തിലെ അനന്തരാവകാശിയായിരുന്ന സംഗീതജ്‌ഞൻ എൽ.പി.ആർ .വർമ്മ സിനിമ നാടക ഗാന സംവിധായകനായി പ്രശസ്തനാണ് .ചങ്ങനാശ്ശേരിക്കാരനായ ഡോ . ടി.വി ജോസ് നിർമ്മിച്ച "തൊട്ടാവാടി" എന്ന ചിത്രത്തിലെ "വീണേ വീണേ വീണപ്പെണ്ണേ വീണയ്‌ക്കെത്തറ മാസം ..നാലും മൂന്നേഴു മാസം" എന്ന ഗാനം പാടിയ രാജു ഫെലിക്സ് സംഗീതം എൽ പി ആർ വർമ്മ എന്നിവർ ചങ്ങനാശേരിക്കാരാണല്ലോ .നമ്മുടെ നിത്യഹിത നായകൻ പ്രേംനസീർ എന്ന അബ്ദുൽ ഖാദർ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചത് ചങ്ങനാശേരി എസ.ബി കോളേജിന്റെ പ്രശസ്തമായ ഷേക്‌സ്‌പിയർ നാടകങ്ങളിൽ പങ്കെടുത്തപ്പോഴായിരുന്നല്ലോ

"പാടാത്ത പൈങ്കിളി" തുടങ്ങി അനേക ജനപ്രിയ നോവലുകൾ എഴുതി അവ സിനിമയാക്കി സാധാരണന്മാരായ ജനവിഭാഗത്തിന് അക്ഷരങ്ങളോട് ആഭിമുഖ്യം ഉണ്ടാക്കിയയാളും "പൈങ്കിളി സാഹിത്യകാരനെന്നു "മുദ്രകുത്തി സാഹിത്യമേലാളന്മാർ തമസ്കരിക്കാൻ ശ്രമിച്ചദേഹവുമായ മുട്ടത്ത് വർക്കിയും ചങ്ങനാശ്ശേരിയുടെ സംഭാവനയാണ് .

ചങ്ങനാശ്ശേരിക്കാരായി സിനിമരംഗത്ത് ശോഭിച്ച താരങ്ങളാണ് ആലുമ്മൂടൻ സംവിധായകനും നടനുമായ ജോണി ആന്റണി ; ജയരാജ് തുടങ്ങിയവർ .ഗീഥാ ആർട്സ് ക്ളബ്ബ് എന്ന നാടകത്തിലൂടെ വന്ന പ്രഗത്ഭരാണ് നടി മീന .കെ .പി സി ലളിതയ്ക്കും നേരിയ ചങ്ങനാശ്ശേരി ബന്ധം ഉണ്ടെന്നു തോന്നുന്നു .

വർത്തമാന കാലത്തെ ചങ്ങനാശ്ശേരിയിലെ പ്രമുഖ നോവൽ സാഹിത്യകാരണാണ് "ചോര ശാസ്ത്രം "നോവൽ രചയിതാവായ വി ജെ ജയിംസ് .

ചങ്ങനാശ്ശേരിയുടെ ഭൂപ്രകൃതി ഭരണസംവിധാനങ്ങൾ തുടങ്ങിയവ "വിസ്തര ഭയം "മൂലം കുറിപ്പിൽ പരാമർശിക്കാൻ ശ്രമിക്കുന്നില്ല


No comments: