Monday, November 2, 2015

ഇരയിമ്മൻതമ്പി( 1783 -- 1856)"ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയി, ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി....നുണയാത്തവരും
"ഓമനത്തിങ്കൾക്കിടാവോ ......."എന്ന മധുരമായ താരാട്ട് പാട്ടിന്റെ രണ്ടു വരിയെങ്കിലും പാടാത്ത അമ്മമാരും അത് കേൾക്കാതെ ഉറങ്ങിയിട്ടുള്ള  കുഞ്ഞുങ്ങളും മലയാളികളല്ല എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഇല്ല തന്നെ!  കാരണം അത്ര മാത്രം പ്രചുര പ്രചാരം സിദ്ധിച്ചിട്ടുള്ളതും നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളതുമാണല്ലോ  ഈ ഗാനശീലുകൾ!
എന്നാൽ  ഇവയുടെ രചയിതാവായ ഇരയിമ്മന്‍ തമ്പിയെന്നറിയപ്പെടുന്ന
 സകല കലാ വല്ലഭനായിരുന്ന രവിവര്‍മ്മന്‍തമ്പിയെക്കുറിച്ചും അദ്ദേഹം മലയാള ഭാഷയ്ക്ക് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചും നമുക്കുള്ള അറിവ് വളരെ  പരിമിതമാണ്.
ഇദ്ദേഹം 1783ല്‍ തിരുവനന്തപുരത്ത് കോട്ടക്കകത്ത് കിഴക്കേമഠത്തില്‍ ഭൂജാതനായി. ധര്‍മ്മരാജാവ് എന്ന് പ്രശസ്തനായ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തികതിരുനാളിന്റെ കനിഷ്ഠ സഹോദരനായിരുന്ന രവിവര്‍മ്മ ഇളയതമ്പുരാന്റെ പുത്രി  അന്തിയറക്കാട്ട് പുതുമന അമ്മവീട്ടിലെ പാര്‍വ്വതിപിള്ളത്തങ്കച്ചിയാണ് അദ്ദേഹത്തിന്റെ മാതാവ്. പിതാവ് ചേര്‍ത്തല വാരനാട് നടുവിലേക്കോവിലകത്തെ കേരളവര്‍മ്മ തമ്പാനും.
ഇരയിമ്മന്റെ ഭാര്യ  തന്റെ അമ്മാവന്‍ കൃഷ്ണന്‍ തമ്പിയുടെ പുത്രിയായ   ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചി ആയിരുന്നു .
(ഇദ്ദേഹത്തിന്റെ പുത്രിയായിരുന്ന കുട്ടിക്കുഞ്ഞിതങ്കച്ചിയും(1820-1914) പ്രസിദ്ധയായ കവയത്രി ആയിരുന്നു.) ഇരയിമ്മന്‍ തമ്പി തന്റെ എഴുപത്തിമ്മൂന്നാം വയസ്സില്‍ 1856ല്‍ എഴുപത്തിമ്മൂന്നാം വയസ്സില്‍ ഇരയിമ്മൻ തമ്പി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു

ശിശുവായിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവിനെ  ഉറക്കുന്നതിനായി രാജമാതാവ്, റാണി ഗൌരീലക്ഷ്മീഭായി തമ്പുരാട്ടിക്ക്, തമ്പി എഴുതി നല്‍കിയതാണത്രേ  ‘ഓമനതിങ്കള്‍ കിടാവോ’ എന്ന മനോഹരമായ
താരാട്ടുപാട്ട്.
താൻ കേട്ടുറങ്ങിയ പാട്ടിന്റെ രചയിതാവായ   അതേ തമ്പിയെത്തന്നെ   പിന്നീട് സ്വാതിതിരുനാള്‍ മഹാരാജാവ് തന്റെ ഇഷ്ട തോഴനും ആസ്ഥാനകവിയും വിദ്വാനും,  ഉപദേഷ്ടാവും ഒക്കെ ആയി നിയമിച്ചത് ചരിത്ര നിയോഗമത്രെ!
" പ്രാണനാഥനെനിക്കു നല്‍കിയപരമാനന്ദ രസത്തെ" നമുക്ക് പാട്ടിലൂടെ പകർന്നു  തന്നതും   "കരുണചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ".. "കഴലിണ കൈ തൊഴുന്നേന്‍" എന്നീ പ്രശസ്തങ്ങളായ പദങ്ങൾ പാടുവാൻ നമുക്ക് എഴുതി നല്കിയതും തമ്പിയാണ് .
ഇത് വരെ ഓമനത്തിങ്കൾക്കിടാവോ എന്ന മധുരമായ താരാട് പാട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർക്ക് പാടി ഹൃദിസ്ഥമാക്കാൻ
ആ താരാട്ടിന്റെ ശീലുകൾ ഞാൻ ഇവിടെ പകർത്തുന്നു

ഓമനത്തിങ്കൾക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ - പരി
പൂർണ്ണേന്ദു തന്റെ നിലാവോ?

പുത്തൻ പവിഴക്കൊടിയോ - ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ?

തുള്ളുമിളമാൻ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?
ഈശ്വരൻ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ?

പാരിജാതത്തിൻ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?
വാത്സല്യരത്നത്തെ വയ്പാൻ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ?
കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ?

ആർത്തിതിമിരം കളവാൻ - ഉള്ള
മാർത്താണ്ഡദേവപ്രഭയോ?
സൂക്തിയിൽ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ?

വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?
പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?

കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കൾക്കുള്ള ഗുണമോ?
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ?
നന്മ വിളയും നിലമോ - ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?

ദാഹം കളയും ജലമോ - മാർഗ്ഗ
ഖേദം കളയും തണലോ?
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ?

കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ?
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?

ലക്ഷ്മീഭഗവതി തന്റെ - തിരു
നെറ്റിമേലിട്ട കുറിയോ?
എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ?

പദ്മനാഭൻ തൻ കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ?

No comments: