Thursday, November 5, 2015

അർണ്ണോസ്സ്പാതിരി (1681-1732)
"അമ്മ കന്യാമണി തന്റെ നിർമ്മല ദുഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടു കൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ വാക്ക് പോരാ മാനുഷർക്കു
ഉൾക്കനെ  ചിന്തിച്ചു കൊൾവാൻ ബുദ്ധിയും പോരാ "

ക്രിസ്തുവിന്റെ പീഡാനുഭവചരിത്രം ദേവാലയങ്ങളിൽ ആലപിക്കുന്നതിനു സംഗീത സാന്ദ്രമായ ഈ ഗാന കാവ്യം രചിച്ചത് ഒരു
മലയാളിയല്ലെന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ ?
പക്ഷെ ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് മലയാളിയായി മാറിയ അർണ്ണോസ്സ്പാതിരി   രചിച്ചതാണ്   "പുത്തൻ പാനയെന്ന" ഈ മനോഹര മഹാകാവ്യം .

ഭാരതീയവും കേരളീയവുമായ കലാ,സാഹിത്യ,ഭാഷാശാസ്ത്ര വിഷയങ്ങള്‍ പഠിച്ച്‌ ,ഗ്രന്ഥങ്ങള്‍ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം. മാക്സ്‌ മുള്ളര്‍, റോത്ത്‌, ബോട്ട്‌ലിങ്ക്‌ എന്നിവര്‍ സാർവ്വ ദേശീയതലത്തിലും അര്‍ണോസ്‌ പാതിരി, ബെയ്ലി, ഡോ. ഹെർമൻ ഗുണ്ടര്‍ട്ട്‌ മുതലായവര്‍ ദേശീയ തലത്തിലും പ്രത്യേകിച്ചു കേരളത്തിലും വളരെ അറിയപ്പെടുന്നവരാണ്‌.

മലയാളത്തിന്റെ, കേരളത്തിന്റെ സാഹിത്യസാംസ്കാരിക മേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക പുരോഹിത ശ്രേഷ്ഠനാണ് അർണോസ് പാതിരി എന്നറിയപ്പെട്ടിരുന്ന ,യൊവാൻ ഏർണസ് ഹാങ്സിൽഡൻ (Johann Ernst Hanxleden ) ഹംഗറിക്കാരൻ . ഇന്ന് ഈ ഭൂപ്രദേശം ജർമ്മനിയുടെ ഭാഗമായതിനാൽ ഇദ്ദേഹത്തെ ചിലർ ജർമ്മൻ സ്വദേശിയായും  
കരുതുന്നു.
ലത്തീൻ ,സുറിയാനി, പോർട്ടുഗീസ്‌, സംസ്കൃതം ,തമിഴ്, മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ ബഹുഭാഷാപണ്ഡിതനായ  അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ മലയാള ഭാഷയുടെ നവീകരണത്തിനും ഉന്നമനത്തിനും വേണ്ടി ഉഴിഞ്ഞു വച്ച ഭാഷാസ്നേഹിയാണ് .
നവോഥാനാനന്തര കാലത്ത്  ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഈശോസഭ (society of Jesus ) സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ആഗോള തലത്തിൽ വിലമതിക്കാനാവാത്ത സേവനങ്ങൾ നൽകിയവരാണ്. അർണോസ് പാതിരിയും ഈശോ സഭാ പുരോഹിതനായിരുന്നു .
1681 -ൽ  ഹംഗറിയിൽ ഭൂജാതനായ   യൊവാൻ ഹാങ്സിൽഡൻ ഈശോസഭയിൽ ചേർന്ന്  തത്വ ശാസ്ത്രവും(Philosophy) ദൈവ ശാസ്ത്രവും (Theology ) പഠിച്ച ശേഷം 1699 ഒക്ടോബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു, 1700 ഡിസംബർ 3-ന് ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ എത്തിച്ചേരുകയും ചെയ്തു. മാർഗ്ഗമദ്ധ്യേ അദ്ദേഹം ടർക്കി,സിറിയാ അർമേനിയ,പേർഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.
1701-ൽ ഗോവയിലെത്തി.പോർട്ടുഗീസ് മിഷണറി കേന്ദ്രത്തിൽ തന്റെ സന്യാസ- വൈദിക പരിശീലനം പൂർത്തിയാക്കി.
കേവലം 52 വർഷത്തെ തന്റെ ഹ്രസ്വമായ ജീവിതത്തിലെ 32 വർഷവും
സേവന നിരതവും തേജോമയവുമായ ഒരു താപസ ജീവിതം നയിച്ച് തീര്‍ത്തും ഒരു മലയാളിയായി , മലയാള ഭാഷയേയും മണ്ണിനേയും ജീവനുതുല്യം സ്നേഹിച്ച് ജീവിച്ച പാതിരിയുടേത് ഒരു അകാലചരമമായിരുന്നു.
തൃശൂര്‍- പഴുവില്‍ വെച്ച്, 1732-ല്‍ പാമ്പു കടിയേറ്റാണ് അര്‍ണോസ് പാതിരി മരിച്ചത്.
പഴുവില്‍: സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ അര്‍ണ്ണോസ് പാതിരിയുടെ ഭൌതിക ശരീരം സ്മൃതി മണ്ഡപത്തിൽ സൂക്ഷിച്ചിട്ടുണ്ട്

അര്‍ണോസ്‌ പാതിരിയെപ്പറ്റിയും പഴമക്കാര്‍ പല കഥകളും പറയാറുണ്ട്‌.
ഭാഷയിലുള്ള അദ്ദേഹത്തിന്റെ അവഗാഹത്തെ സൂചിപ്പിക്കുന്നതാണ് ഇവയിൽ  പലതും
പാതിരിയെ കളിയാക്കിയ  ഒരു വിദ്വാനു  പറ്റിയ  അമളി രസാവഹമാണ്. പാതിരിയുടെ നീലനിറത്തിലുള്ള പൂച്ചക്കണ്ണുകളെ പരിഹസിച്ച്‌  "ഗ ണപതി  വാഹന ,രിപു,നയനാ"എന്ന് വിളിച്ചുവെന്നും .  ഒട്ടും അമാന്തമില്ലാതെ ദശരഥനന്ദന ദൂതമുഖായെന്ന്‌ മറുപടിയുമായി   തിരിച്ചടിച്ചുവെന്നും, ഒരു കഥ.

മറ്റൊരു സന്ദർഭത്തിൽ ഒരു ഇളയതിനാണ്‌ അബദ്ധം പറ്റിയത്‌. ഭാഷാ വ്യുല്‍പ്പത്തിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന്‌ കരുതിയിരുന്ന  ഇളയത്‌, പൊക്കം കുറഞ്ഞ് ഈര്‍ക്കില്‍ പോലെയായിരുന്ന പാതിരിയോട്‌ ‘പാതിരി’ (പാതിരി = ഒരു കാട്ടു വൃക്ഷം) വില്ലിന് ബഹുവിശേഷമാണ്‌ എന്നു പരിഹസിച്ച ത്രേ . അത് ഇളയതായാല്‍ ഏറ്റവും നന്നെന്ന്‌ പാതിരി തിരിച്ചടിയ്ക്കുകയും ചെയ്തത്രേ!

ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാന എന്നിവയാണ്‌ പാതിരിയുടെ കാവ്യഗ്രന്ഥങ്ങള്‍. മലയാളഭാഷയ്ക്കു വേണ്ടതായ വ്യാകരണഗ്രന്ഥങ്ങളും, മലയാളം - സംസ്കൃതനിഘണ്ടു തുടങ്ങി എന്നിവയും ലാറ്റിന്‍ ഭാഷയിലെഴുതിയ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്‌.
സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ
  1) വാസിഷ്ഠസാരം  2) വേദാന്തസാരം   3) അഷ്ടാവക്രഗീത  4) യുധിഷ്ടിര വിജയം

മലയാള ഭാഷാ വ്യാകരണത്തിനും നിഘണ്ടു നിർമ്മാണത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ ഇന്നും തിളങ്ങി നിൽക്കുന്നു
പുത്തൻ  പാനയെന്ന ഗാനാലാപനത്തിന്റെ  ശബ്ദമാധുരി ഇന്നും കൃസ്തീയ ഭവനങ്ങളിൽ അലയടിക്കാറുണ്ട്.
പുത്തന്‍പാന സ്വാരസ്യം കൊണ്ടും ഭക്തിരസത്താലും മറ്റുള്ള കാവ്യങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നു. "രക്ഷാകരവേദകീര്‍ത്തന"മെന്നും ഈ കൃതിക്ക്‌ പേരുണ്ട്‌.

 ഇതിനും പുറമേ നിരവധി കൃസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചു നല്കിയിട്ടുള്ള അർണോസ്സ്   പാതിരിയെക്കുറിച്ചു    ക്രിസ്ത്യാനികൾ പോലും കൂടുതൽ അറിയുന്നതിനും മതിയായ ആദരവു ആ മഹദ് വ്യക്തിക്ക് നല്കുന്നതിനും ശ്രമിച്ചിട്ടില്ല എന്നത് അത്യന്തം അപലപനീയമല്ലേ?

പ്രശസ്ത ഭാഷാ പണ്ഡിതൻ ശ്രീ ശൂരനാട് കുഞ്ഞൻപിള്ളയുടെ അഭിപ്രായത്തിൽ "കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ട സേവനങ്ങൾ കൊണ്ട് അനശ്വര കീർത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അർണ്ണോസ് പാതിരി... "
മഹാകവി ഉള്ളൂർ  അർണ്ണോസ്സ്  പാതിരിയെക്കുറിച്ചു  പരാമർശിക്കുന്നത് ഇപ്രകാരമാണ്, "വിദേശീയനായ ക്രിസ്ത്യനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..”
ആര്‍ഷഭാരത പൈതൃകത്തിന്‍റെ അഭിമാനമായ സംസ്ക്യത ഭാഷ യൂറോപ്പിനു തുറന്നു നല്‍കിയ മഹാരഥനാണ് അര്‍ണോസ് പാതിരി.

നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ  ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്താൻ പര്യാപ്ത മായവയത്രേ !
അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ.[7] ആ നിഘണ്ടു പൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്.

അന്ന് നിലവിലുണ്ടായിരുന്ന ഗദ്യഭാഷ  സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു.
അവയെ ലളിതമായ ഭാഷയിൽ  സാധാരണക്കാരിലേക്ക് എത്തിക്കാൻ അഹോരാത്രം പ്രയത്നിച്ച അർണ്ണോസ്സ്പാതിരിയെ  നാം മറക്കാതിരിക്കുക!

No comments: