Tuesday, April 22, 2014

ലോക പുസ്തക ദിനം



ഇന്ന് ലോക പുസ്തക ദിനം

മർത്യചേതനക്കമൃതമാമാഹാരം
മർത്യ വിജ്ഞാനസാരസർവസ്വം
മർത്യനഭ്യുന്നതിക്കാധാരം പുസ്തകം
വിസ്തൃതമാമൊരു വിജ്ഞാനശേഖരം.

പുസ്തകം മരിക്കുമോ? വായന നിലയ്ക്കുമോ?
നിങ്ങൾ ഒരു എഴുത്തുകാരനോ ,വായനക്കാരനോ, നിരൂപകനോ ആരുമായിക്കൊള്ളട്ടെ ഈ വിധ ചോദ്യങ്ങൾ നിങ്ങൾ നേരിട്ടിട്ടുണ്ടാകും .
പുസ്തകം മരിക്കില്ല, വായന നിലക്കില്ല, എന്നതാണ് ഈ ചോദ്യങ്ങള്ക്കുള്ള ലളിതമായ ഉത്തരം
മനുഷ്യൻ ഒരു സാമൂഹിക ജീവി ആയി തുടരുന്നിടത്തോളം കാലം ഇത് രണ്ടും നിലനില്ക്കും.കാരണം അറിയുവാനും അറിയപ്പെടുവാനുമുള്ള ത്വര മനുഷ്യസഹജമാണ്.
എന്നാൽ പുസ്തകങ്ങളുടെ രൂപമാറ്റം വന്നു കൂടായ്കയില്ല.ഒരു പക്ഷെ കടലാസിൽ മുദ്രണം ചെയ്ത രീതിയിൽ നമുക്ക് ചിരപരിചിതമായ രൂപത്തിലുള്ള പുസ്തക പ്രസിദ്ധീകരണം ക്രമേണ നിലച്ചുവെന്നു വരാം.അപ്പോഴും ആധുനിക സാങ്കേതിക വിദ്യ നല്കുന്ന ഇലക്ട്രോണിക് പുസ്തകങ്ങൾ അഥവാ ഇ ബുക്കുകൾ പ്രചുര പ്രചാരം നേടാം.
എങ്ങിനെയായാലും ഏതെങ്കിലും രൂപത്തിൽ പുസ്തകങ്ങളും ഗ്രന്ഥകർത്താക്കളും മനുഷ്യ മനസിനെ സ്വാധീനിച്ചു കൊണ്ടേയിരിക്കും...
മനുഷ്യ മനസുകളെ സ്വാധീനിക്കുന്ന പ്രേരക ശക്തിയായ ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകർത്താക്കളുടെയും പ്രാമുഖ്യം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് 1955 മുതൽ മഹാപ്രതിഭാധനനായ വില്ല്യം ഷെക്സ്പീയറിന്റെ ജന്മ ദിനമായ ഏപ്രിൽ 23 ലോക പുസ്തക ദിനമായി ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിക്കുകയും പുസ്തക വായനയെ അഭംഗുരം പ്രോത്സാഹിപ്പിക്കുകയൂം ചെയ്തു വരുന്നു.
ഈ ദിനാചരണത്തിന്റെ അന്തസത്ത ഉൾകൊണ്ടുകൊണ്ട് നമുക്കും വായിക്കാം...
പുസ്തക വായനയിൽ ആനന്ദിക്കുന്ന, വായിച്ചു വളരുന്ന ഒരു തലമുറയെ വളര്ത്തിയെടുക്കാൻ നമുക്കും ശ്രമിക്കാം.

No comments: