Thursday, April 17, 2014

സ്നേഹത്തിൻ നവ സുവിശേഷം




ആദി മാതാപിതാക്കൾ തൻ
പാപ ഹേതുവായന്നു
നഷ്ടമായ പറുദീസ
പാപമോചനം നൽകി വീണ്ടും
മാനവർക്കു നല്കിടാൻ
വീണ്ടുമൊരു രക്ഷകൻ,
ക്രിസ്തുവാം കർമയോഗി
അവതരിച്ചു ഭൂമിയിൽ,
നിസ്തുല പ്രാഭവാൻ ..

പെസഹാ തിരുന്നാൾരാവിലന്നു
സെഹിയോൻ ഊട്ടുശാലയിൽ
അവസാനത്തെയത്താഴം
ശിഷ്യരൊത്തു ചേർന്നവൻ
പങ്കിടുവാനെത്തിപോൽ!

യാതനാഭരിതമാം തൻവിലാപ -
യാത്രക്കൊടുവിലായ്
കുരിശിലെ  മരണവും,
പിന്നെ മൂന്നാം നാളിലെ
പ്രത്യാശയേകിടുന്നതാം
പുനരുത്ഥാനമഹത്വവും
തിരുവത്താഴ വേദിയിൽ
ശിഷ്യരോടന്നോതിയത്രെ
സത്യ ദൈവത്തിന്നേകനാം
പുത്രനാം ക്രിസ്തു ദേവൻ ...

ഗിരി പ്രഭാഷണങ്ങളിൽ
ഉപമയായിചൊല്ലിയോ-
രുപദേശങ്ങളൊക്കെയും
സ്വന്തജീവിതത്തിൽ കാട്ടി,
മാർഗ്ഗദീപമാം ഗുരുവതാ
മാതൃകയേകിയന്നു ഗുരു
തന്റെശിഷ്യരായവരുടെ
പാദംകഴുകി,മുത്തമേകി 
ശിഷ്യരോടവൻ മൊഴിഞ്ഞു
"സ്നേഹത്തിൽ വസിക്കുവിൻ!
സ്നേഹമാണ് ദൈവമെന്നറിഞ്ഞു 
സ്നേഹിക്ക, നിൻ സോദരരെ 
സ്നേഹ മാര്ഗ്ഗം കൈവിടായ്ക
സത്യമായ് പറയുന്നു ഞാൻ
ദൈവഹിതം ചെയ്തു നിങ്ങൾ ,
സ്വർഗ്ഗ രാജ്യം നേടിടും .".

പുത്തനാമൊരു സുവിശേഷത്തിൻ
വക്താവാം യേശുനാഥൻ ..
സ്നേഹമാണ്‌ ദൈവമെന്ന
നവ്യമാം സന്ദേശം നല്കി.
സ്നേഹിതർക്കായ് സ്വന്തജീവ-
നേകിയല്ലോ കുരിശിന്മേൽ !

ദോഷരഹിത മേഷമായ്, യേശു
കുരിശിലെ ബലി വസ്തുവായ്
കാൽവരിയിലെ ക്രൂശിതൻ
പെസഹാ കുഞ്ഞാട്, യേശുവിൻ 
പരിത്രാണനത്താലെ വീണ്ടും
പറുദീസ..ലഭ്യമായ് .

പോയിടാം ,യേശുനാഥപാതയിൽ
ചേർന്നിടാം നമുക്കവന്റെ കൂടെ
കാൽവരി വിളിക്കുന്നൂ ..
പോയിടാം,അനുതാപിയായ
കള്ളനായ് മാറിടാം.
യേശുവിനോടൊത്തു പോയി
നേടിടാംനമുക്കു വീണ്ടും,
നഷ്ടമായ പറുദീസ .

മിശിഹായോടൊത്തുള്ളയാത്രയതും
മുക്തി ദായകം! മഹാ പ്രയാണം!
മുക്തി ദായകം.മഹാ പ്രയാണം!
യേശുവിനോടോത്തുള്ള യാത്രയെന്നും!

No comments: