Sunday, August 11, 2013

പൂക്കാരി



Photo


ആടിമാസത്തിമിർപ്പു കഴിഞ്ഞു  
ആടിക്കാർ പെയ്തൊഴിവായി . 
ആവണിപ്പൊന്നിൻ തേരിൽ
ആഹ്ലാദം വിരുന്നു വന്നു. .
പാടങ്ങൾ കൊയ്തൊഴിഞ്ഞു 
നാടാകെ സമൃദ്ധമായി. 
ഓടങ്ങൾ വഞ്ചിപ്പാട്ടിൻ 
താളത്തിൽ തുഴകളെറിഞ്ഞു.
ഓണനിലാവാകാശത്തോ, 
കളിവള്ളം പോലെ തിളങ്ങി.  
ആവണിപ്പാടമതൊക്കെ   
ആമ്പലപ്പൂ മൊട്ടുകളാൽ 
പുളകിത ഗാത്രികളായി, 
പുന്നാരം ചൊല്ലി വിരിഞ്ഞു. 
പൂമാരനെ വരവേറ്റിടുവാൻ  
പൂത്താലമെടുത്തു കഴിഞ്ഞു.  

കളിവഞ്ചിതുഴഞ്ഞുവരുന്നു,   
കരുമാടിക്കുട്ടൻ ഞാനും.   
ഒരുകുമ്പിൾ പൂവുകൾ നുള്ളി 
പൂക്കടയിൽ വിറ്റെന്നാകിൽ 
ഒരുനേരമഷ്ടികഴിക്കാൻ 
ഒരു ചില്ലിക്കാശു ലഭിയ്ക്കാം... 

ആകാശത്തമ്പിളിവഞ്ചി  
തുഴയുന്നൊരു സുന്ദരിയാളേ,   
നക്ഷത്രപ്പൂക്കളിറുത്തു  
തൻ കൂടയിലാക്കി വരുന്ന    
മാനത്തെ കുറുമ്പിപ്പെണ്ണേ, 
പൂവെല്ലാം വട്ടിയിലാക്കി  
സൂര്യന്റെ കടയിൽ വിറ്റാൽ 
ഒരു ദിവസം കഴിച്ചു കൂട്ടാൻ 
മതിയായതു നിനക്കു കിട്ടും. 
അതിലല്പമെനിക്കു തരാമോ? 

മാനത്തെ പൂക്കൾ നുള്ളാൻ 
ഞാൻ കൂടി വന്നെന്നാകിൽ, 
നിൻ തോണിയിലെന്നേ കൂടി 
നിൻ ചാരത്തിരുത്തിടാമോ ? 





No comments: