Friday, November 23, 2012

മാ നിഷാദാ"


വിഷുപ്പക്ഷിതന്‍പാട്ട്
കേള്‍ക്കാത്ത പുലരിയും   
വിഷുക്കണി കാണാന്‍
മടിക്കുന്ന ബാല്യവും   
ഉറച്ചൊന്നു പെയ്യാന്‍
വിതുമ്പുന്ന വര്‍ഷവും
പതുക്കെയെന്‍മലയാള-
തനിമയില്ലാതെയായ്..

വയലുകളെല്ലാം
വനങ്ങളായ്‌ മാറിയോ?
ഉയരുന്ന ഫ്ലാറ്റുകള്‍
നിറയും വനങ്ങളായ്‌.

ഒരു ചില്ല പോലുമവര്‍ 
ബാക്കി വച്ചില്ല      
ഒരുകിളിക്കുഞ്ഞിനു
ചേക്കേറിടാനഹോ ...
ഒരു കൂട് കൂട്ടുവാന്‍
ചെറുചില്ല തേടി-
യലയുമൊരമ്മ-
ക്കിളിതൻ വേദന
യാരാരറിയുന്നു.... 
മനുജന് പാര്‍ക്കുവാ-
നംബരചുംബിയാം
നിലയങ്ങള്‍ തീര്‍ക്കും
തിരക്കില്‍,നാമേവരും  
കിളികള്‍ തന്‍ രോദന  
നിനദം ശ്രവിക്കുമോ ?

"കാലമിനിയുമുരുളും
വിഷു വരും
വര്‍ഷം വരും
തിരുവോണം വരും"
അക്കാലമെവിടെ ?
ഇല്ല ,നമുക്കില്ല,
മഴയില്ല,മരമില്ല,
താരില്ല,തളിരില്ല 
പൂക്കൂടയേന്തും 
വസന്തമില്ല.

നമ്മുടെ, മലയാളനാടും
നാടിൻ തനിമയും
നന്മ വിളയുന്ന
നാട്ടിൻ പുറങ്ങളും
നമുക്കന്യമാകും
ദിനമകലെയാണോ ?

'അരുത് കാട്ടാള,
അരുത്, നിങ്ങളീ
അരുമയാകുമീ 
ജീവജാലങ്ങളെ
അരുകൊല ചെയ്തു
ശപ്തരായീടല്ലേ ?"  

പ്രകൃതിയോടോത്തു
നിങ്ങള്‍ മേവിടൂ... 
പ്രഭയെഴും കാല- 
മിനിയുമെത്തിടാം..

No comments: