Tuesday, September 18, 2012

കതിരുകാണാപ്പൈങ്കിളി







കതിരുകൊയ്യുവാന്‍ പോരുമോ നീ
കതിരു കാണാപൈങ്കിളി?  
കതിരുകൊയ്തിടാന്‍ ഞാന്‍ വരില്ലിനി
കതിരു മുഴുവനും പതിരുതാന്‍.  

ഹരിത ഭംഗി ലാസ്യമാടിയ
വയലുകള്‍ നമുക്കന്യമായ്      
വ്രണിതമായിടുംഹൃദയവുമായ്‌
പ്രകൃതി തന്‍ മനം തേങ്ങിയോ ?

മരങ്ങളായ മരങ്ങളൊക്കെയും
വെട്ടിമാറ്റും നാമിപ്പോഴും.
ചില്ലുമേടകള്‍ തീര്‍ത്തു നാം
പണിതിടും നഗര നരകങ്ങള്‍.

കനിവിയന്നിടും മനവുമായ്‌ചില
പ്രകൃതി സ്നേഹികള്‍ ചൊല്ലിടും
മൊഴികളോ വനരോദനമായ്‌  
ഭരണവര്‍ഗം കരുതിടും.

വികസനഭ്രാന്തു മൂത്തു നമ്മുടെ
ചികിത്സ പോരാത്ത നേതാക്കള്‍
വികസനവഴി തേടിയലയുന്നു
    വിദേശ രാജ്യങ്ങളോരോന്നും.            

പ്രകൃതിരക്ഷതന്‍ പുതിയപാഠം
പഠിച്ചുവന്നാലും കശ്മലര്‍
ഇവിടെ വന്നിട്ടുപഴയപല്ലവി
പാടിടും, കഥ തുടരുന്നു .
     
കേഴുക നമ്മള്‍ കേഴുക നിത്യം
കേരളീയരെ കേണിടൂ..
കാരണം നാം തന്നെ നമ്മുടെ
ഭാവിയെത്തകര്‍ക്കുവോര്‍.
 

No comments: