എന്റെ നാട്
എല്ലാരും താന്താങ്ങളുടെ ഗ്രാമസംബന്ധിയായി പ്രൗഢരചനകൾ കനലിന്റെ ചുവരിൽ പതിപ്പിച്ചപ്പോൾ എന്തെങ്കിലും എന്റെ നാടിനെക്കുറിച്ചും കുത്തി ക്കുറിക്കണമെന്നെനിക്കുമൊരു പൂതിയുണ്ടായി .അപ്പോൾ ഞാൻ ഏത് നാടിനെക്കുറിച്ചെഴുതും എന്ന ഒരു ചിന്താക്രാന്തതയിൽ മന്ദാക്രാന്ദനായി ഞാൻ .കാരണം ജന്മം കൊണ്ട് ചങ്ങനാശ്ശേരിയിൽ പേരെഴും പെരുന്നസ്വദേശിയാണെങ്കിലും ഔദ്യോഗിക വൃത്തി തേടി കോഴിക്കോടും തിരുവനന്തപുരവും ആയി മാറി എന്റെ കർമ്മമണ്ഡലം .ഇതിനിടയിൽ പിതാവിനോടൊത്ത് കുടുംബം എന്റെ മാതൃഭവനമായ അഞ്ചലിനടുത്തേയ്ക്കും പറിച്ചു നടപ്പെടുകയും ചെയ്തു. അപ്പോൾ ഏതാണെന്റെ നാട് .മിനി മോഹൻ താൻ ജനിച്ചു വളർന്ന ചങ്ങനാശ്ശേരിയെ മറന്നു കാഞ്ചിയാർ ഗ്രാമവാസിയായി കാഞ്ചിയാറിനെക്കുറിച്ചു എഴുതിയപ്പോൾ ആ പാത പിന്തുടർ ന്നാലോ എന്നൊരു ശങ്ക ഉണ്ടായെങ്കിലും മാതൃഭാഷ പോലെമഹത്തായതാണ് ജന്മദേശം എന്നതിനാൽ ചങ്ങനാശേരിയെക്കുറിച്ചു തന്നെ എഴുതാൻ പ്രേരകമായതിനാൽ ഈ രചന ഇവിടെ പതിക്കാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കട്ടെ
ചങ്ങനാശ്ശേരിമാഹാത്മ്യം
തെക്കിൻകൂറുടയോരുടെ തലസ്ഥാനനഗരിയായ്
അഷ്ടദിക്പാലകർക്കുമിഷ്ടമായി വിലസിയ
"അഞ്ചുവിളക്കിൻ" നാടതെന്നപേരിൽ പ്രകീര്ത്തിതം
ചങ്ങനാശ്ശേരിയാണെന്റെ പുണ്യമായജന്മനാട് ..
നസ്രാണികളാം പ്രജകൾക്കു പള്ളിദീപം തെളിച്ചീടാൻ
"ചങ്ങഴിനാഴിയുരിയെണ്ണ"യേകാൻ തിരുവുള്ളമാ-
യൊരുദയവർമ്മരാജൻ കല്പ്പിച്ചതിന്നോർമ്മയാലേ
ചങ്ങനാശ്ശേരിയെന്ന നാമം പ്രകീർത്തിതമായ് .പാരിൽ ....
"ചങ്ങഴിനാഴിയുരി"യെന്നവാക്കുലോപിച്ചതു , പിന്നെ
ചങ്ങനാശ്ശേരിയെന്ന പേരിൽ പ്രസിദ്ധമായി .
ആദ്യവാണിഭവസ്തുവായിട്ടിഭത്തിനെ തന്നെ നല്കി "
വേലുത്തമ്പിദളവായാം ദാനശീലമന്ത്രിവര്യൻ
സ്ഥാപിച്ചോരു ചങ്ങനാശ്ശേരിച്ചന്തയുടെ മാഹാത്മ്യം
കാലമേറെക്കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ലെന്നതുമല്ലാ,
ആനയുള്ള കാലംവരെയാരുമോർമ്മിച്ചീടുമെന്നേവരൂ
പുഴവാതു ക്ഷേത്രത്തിലെചിറപ്പുമഹോത്സവം,പിന്നെ
പ്രസിദ്ധമാം ചന്ദനക്കുടഘോഷയാത്രയും
ശാന്തിഗീതമാലപിക്കും ക്രിസ്തുമസ്ഗായകരുമൊത്തു
നാട് നീളെ മതസൗഹാർദ്ദഗീതികൾ പാടും.
പരശുരാമ സ്ഥാപിതമാം വാഴപ്പള്ളിക്ഷേത്രമതിൽ
വട്ടെഴുത്തിലുള്ള ചില ലിഖിതങ്ങളുണ്ടതൊക്കെ
ഗവേഷകർക്കമൂല്യമാം രത്നം പോലെ പ്രിയങ്കരം
ക്ഷേത്രപ്രവേശനവിളംബരം വരും മുന്നേയീ സുബ്രമണ്യ
ക്ഷേത്രമെല്ലാഹിന്ദുക്കൾക്കും പെരുന്നയിൽ പ്രാപ്യമെന്ന
വാര്ത്തയിലാകൃഷ്ടനായവിടെത്തിയല്ലോ മഹാത്മജി
മദ്ധ്യകേരളത്തിൻ സാംസ്കാരികനിലയമായ് വിളങ്ങീടും
പ്രസിദ്ധമാം കലാലയങ്ങൾ തിടമ്പേറിത്തിളങ്ങുമിടം
സമുദായസൗഹാർദ്ദതയ്ക്കു വിളനിലമായ് വിലസും
മഹത്തായ ചങ്ങനാശ്ശേരിതൻപെരുമകളേറിടുമ്പോൾ
വർണ്ണിച്ചിടാനായിരംനാവുള്ളോരനന്തനുമാവതുണ്ടോ
പിന്നെ,യെങ്ങനെയീ അനന്തപുരിവാസിക്കെളുതാകും