Monday, August 10, 2015

കാക്കപ്പൂവേ, നീലാംബരീ......




കർക്കിടകം പെയ്ത് പെയ്തൊന്നൊഴിയാനായ്  
വീർപ്പുമുട്ടിത്തന്നെ ഞാൻ കാത്തിരുന്നു, നിമിഷങ്ങൾ 
നേർത്ത വെയിലിൻ തലോടലാൽ  തരളിതഗാത്രിയായി  
പാർത്തിരുന്നൂ, നിമിഷങ്ങളെണ്ണിയെണ്ണി, വിടരാനായ്  

ആർപ്പുവിളികൾ ,ആരവങ്ങൾ ,പാട്ട് പാടി വരുന്നോരാ 
കുട്ടിക്കൂട്ടമവർ ,നൃത്തമാടി പൂവട്ടികളേന്തി വന്നൂ... 
കാട്ടുപൂവാണെങ്കിലും മാറ്റെഴും  മനോഹരി   
കുട്ടിക്കൂട്ടത്തിനിഷ്ടമേറും , പൂക്കളത്തിൻ റാണി ഞാൻ  

പൂന്തോട്ടത്തിലിടം കിട്ടാ , കാട്ടുപൂവാണെങ്കിലും  
നാട്ടുവഴിയുടെ രോമാഞ്ചമീ കാക്കപ്പൂവെന്ന ഞാൻ 
ഇളവെയിലിൽ തലയാട്ടി വിടർന്നു ഞാൻ നില്ക്കവേ 
ഇളം മുറയവർ നുള്ളി പൂവട്ടിയിലാക്കി പോൽ 


ഓണപ്പൂക്കളം തന്നിൽ ഓമനയായ് വാണ നാൾ 
ഒരു നല്ല കാലത്തിൻ മധുരമാമോർമ്മകൾ !
നെല്ലിപ്പൂവെന്ന പേരിൽ വയലിന്നാരോമാലായ് 
നല്ലോണ നാളുകളിൽ ,കൂട്ടമായ്‌  വിടർന്നവൾ 

വയലില്ല ,നെല്കതിരില്ല വരമ്പുകൾക്കതിരിടാൻ , 
മുത്തു പോലെ നിറയുന്ന  നീലാംബരിയുമില്ല 
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും 
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ.  കാക്കപ്പൂവേ 

ഒരു നല്ല കാലത്തിൻ രോമാഞ്ചമായിരുന്നോളെ 
ഒരു കൂടപ്പൂവു  നീ കടമായിത്തരികില്ലേ?  
തുമ്പയും തുമ്പിയും നീയുമില്ലായെന്നാകിൽ 
തുമ്പി തുള്ളാനണയുമോ മലയാളക്കന്നിയവൾ? 

ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും 
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ.  കാക്കപ്പൂവേ ....
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും 
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ.  കാക്കപ്പൂവേ ....

No comments: