Thursday, March 26, 2015

തേൻമാവും മുല്ലവള്ളിയും



തേൻമാവും മുല്ലവള്ളിയും

നാട്ടിൻ പുറത്തെ വഴിയോരത്ത് ഒരു തേന്മാവുണ്ടായിരുന്നു.
തേനൂറുന്ന മാങ്കനികൾ നിറഞ്ഞു ,ധാരാളം കിളികളുടെ ആലംബം ആയിരുന്നു ആ മുത്തശി മാവ്.
മാവിനടുത്തു ധാരാളം കാട്ടുവള്ളിച്ചെടികൾ ഉണ്ടായിരുന്നു.
കൂട്ടത്തിൽ ചില മുല്ലവള്ളികളും .
ഈ വള്ളികൾ തേന്മാവിൽ പടർന്നുകയറി.
അങ്ങനെ കാലം ഏറെയായി
.മുല്ലവള്ളി പൂത്തുലഞ്ഞു. സൌരഭ്യം പ്രദേശമാകെ നിറഞ്ഞു
ധാരാളം വർണ്ണശലഭങ്ങൾ തേന്മാവിലേക്കാകൃഷ്ടരായി.
അപ്പോൾ മാവിനു തോന്നി ഈ ജീവജാലമെല്ലാം തന്നെയാശ്രയിച്ചാണ് നിലനിൽക്കുന്നത്., താൻ കനിഞ്ഞില്ലെങ്കിൽ, തന്റെ തേൻ കനിയില്ലെങ്കിൽ
തന്റെ തണലില്ലെങ്കിൽ, തന്റെ താങ്ങില്ലെങ്കിൽ ഇവയൊക്കെ നശിച്ചു പോകും .ഈ കാര്യം മാവിന്റെ ഇഷ്ട തോഴരായിരുന്ന മുല്ലവള്ളിയോടും കുയിലിനോടും പറഞ്ഞു .(സത്യത്തിൽ തേന്മാവിന് തന്റെ ശാഖിയിലിരുന്നു മധുരമായ് പാടുന്ന കുയിലിനോടും തന്നിൽ പടർന്നു നാടാകെ സൌരഭ്യം ചൊരിയുന്ന മുല്ലയോടും ഇഷ്ടത്തെക്കാൾ അസൂയയുണ്ടായിരുന്നു എന്നതായിരുന്നു സത്യം )
മുല്ലയും കുയിലും തേന്മാവിന്റെ ഭാവപ്പകർച്ചയിൽ ദു:ഖിതരായി, ആരും ആരെക്കാളും ശ്രേഷ്ഠരല്ല.ഈ ലോകം പരസ്പര സ്നേഹത്തിലാണ് നിലനില്ക്കുന്നത് എന്ന സാമാന്യ തത്വം അവർ തേന്മാവിനോട് പറഞ്ഞു
മാവ് തെല്ലും കൂട്ടാക്കിയില്ല .സമഭാവനയെന്ന കാര്യം ചിന്തിക്കാൻ പോലും മാവിനാകുമായിരുന്നില്ല .
ഈ സുഹൃത്തുക്കളെ തന്റെ വൻപു ഒന്ന് കാട്ടിയിട്ട് തന്നെ കാര്യം എന്ന് മാവ് ചിന്തിച്ചുറപ്പിച്ചു .
മാവ് തന്നിലേക്ക് മുല്ലവള്ളി പടർന്നു കയറിയ ശാഖയുണക്കിക്കളയാൻ പ്രകൃതിയോടു വരം ചോദിച്ചു
പ്രകൃതി മാതാവ് മാവിനെ വിലക്കി,നേർവഴിക്ക് കൊണ്ട് വരാൻ ശ്രമിച്ചു. മാവ് സമ്മതിച്ചില്ല.
ഒടുവിൽ മാവിന്റെ ദുർവാശി സാധിച്ചുകൊടുക്കാൻ പ്രകൃതി മനസില്ലാ മനസ്സോടെ സമ്മതമരുളി .
ആദ്യം ക്രമേണ മാവിന്റെ മുല്ല വള്ളി പടര്ന്ന ശാഖകൾ ഉണങ്ങിയോടിഞ്ഞു വീണു അഭയം നഷ്ടപ്പെട്ട മുല്ല വള്ളി  താഴെ വീണു
മാവിന് തന്റെ ഉള്ളിലുയർന്ന ചിരിയടക്കാൻ കഴിഞ്ഞില്ല
മാവിന് മുല്ല വള്ളിക്ക് പകരം പുതിയൊരു ചങ്ങാതിയെ കിട്ടി
ഒരിത്തിൾക്കണ്ണി .
അത് മാവിലേക്ക്‌ തന്റെ വേരുകളാഴ്ത്തി അതിവേഗം വളർന്നു. പൂക്കൾ ചൂടി
പക്ഷെ ഒട്ടും സൌരഭ്യമില്ലായിരുന്നു.
മാവിന് സന്തോഷമായി ..
ക്രമേണ മാവ് ഉണങ്ങാൻ തുടങ്ങി, മാന്തളിർ ഉണ്ണാൻ വന്നിരുന്ന കുയിലുകൾ അവിടെ നിന്നും പോയി
മാവിന് കൂടുതൽ സന്തോഷമായി ഇനിയിപ്പോൾ തന്റെ മഹത്വം പങ്കു പറ്റാൻ മുല്ലയും കുയിലുമില്ലല്ലൊ ,ഇനിയിപ്പോൾ താൻ തന്നെ ജേതാവ്.
കാലക്രമേണ ഇത്തിൾക്കണ്ണി പടർന്നു കയറിയ ശാഖകൾ ഉണങ്ങിയ മാവ് ഒരു അസ്ഥിപഞ്ജരം പോലെയായി
അപ്പോഴും അടുത്തുള്ള കിളിഞ്ഞിൽ മരത്തിൽ പടർന്നു പന്തലിച്ച മുല്ല വള്ളി നവ മാലികാവിഭൂഷിതയായി പരിസരമാകെ സൌരഭ്യം വീശിക്കൊണ്ട് മന്ദഹസിച്ചുകൊണ്ടിരുന്നു..

No comments: