Saturday, March 8, 2014

ഗിരിശൃംഗങ്ങൾ



മലയുടെയുന്നതി കാണുമ്പോളതിൻ
നെറുകയിലൊന്നു  ചവിട്ടാൻ മോഹം
നിറയും മനസിൻ മോഹമതല്ലേ?
നമ്മുടെ അഭ്യുന്നതിക്ക് നിദാനം..

മാമുനിമാരവർ താപസരാകാൻ
മാമല തന്നിൽ ശാലകൾ തീർത്തു
"മാ നിഷാദ" മാമുനി ചൊല്ലീ
ആദിമ കവിത പിറവിയെടുത്തൂ...

കാർഷികസംസ്കൃതി രൂപമെടുത്തൂ
കാനന ശോഭന താഴ്വാരത്തിൽ
പാരസ്പര്യമെന്നൊരു നിയമം
പാരിൽ പ്രകൃതി കനിഞ്ഞിഹ നല്കി

മലയുടെ മുലകൾ ചുരത്തിയൊഴുക്കി
തെളിനീർ നിറയും അരുവികളെങ്ങും
പുളകിതമായൊരു പുളിനങ്ങളിലോ
മാനവ സംസ്കൃതി പുഷ്കലമായി.

കാലം മാറീ മാനവനവനുടെ
ശീലം കെട്ടു,ദുരകളുമേറി
ഗിരിശൃംഗങ്ങളിലേറിയ മനുജൻ
ഗരിമാവേറിയഹങ്കാരികളായ്
ഗിരിശൃംഗങ്ങൾ വെട്ടി നിരത്തി
തരിശുഭൂമിയാതാക്കി മലകൾ..

കന്യാവനങ്ങളും പുണ്യ നദികളും
ഉന്മൂലനം ചെയ്തൂഷരമായ്  ഭൂമി
ഉന്മത്തനായ മാനവൻ ഇപ്പോഴും
ഉണ്മതേടിയലയുന്നു ഭൂവിതിൽ

No comments: