Wednesday, August 5, 2009

ഏണിപ്പടികള്‍




ഏണിപ്പടികള്‍ 

കത്തുന്നിതെന്‍ മനം കത്തിജ്ജ്വലിക്കുന്നു.
സത്യമൊരു മിഥ്യയായ്‌ തീരുന്നുവോ ഭൂവില്‍?

ആരോ,വരച്ചോരു വൃത്തത്തിനുള്ളിലായ്‌
ആലംബഹീനരാം മര്‍ത്യര്‍ ചരിക്കുന്നു.

ഏകശാസനാഭാവമേറും ചിലരൊക്കെ
ഏതോസുഖസ്വപ്ന ലോകം ചമയ്ക്കുന്നു.

സത്യ,ധര്‍മ്മ,നീതി മാര്‍ഗം വെടിഞ്ഞിവര്‍
നിത്യവുമേണിപ്പടികള്‍ കയറുന്നു .

ഏതോ കിനാവിലെ ഗോപുര സീമയില്‍
ഏറെക്കഴിഞ്ഞിടാനായിക്കൊതിക്കുന്നു. 

വിത്തംചിലവഴിച്ചീടുന്നിരട്ടിയായ്‌
വീണ്ടും ധനമാര്‍ജ്ജിച്ചീടും, പലവഴി.

വിത്തത്തിന്‍ മീതെ പരുന്തും പറക്കയി-
ല്ലിത്ഥം കഥിക്കുന്നു മൂഢരായിങ്ങിവര്‍.

വ്യാമോഹമാകും മെഴുകിന്‍ ചിറകുമായ്‌
സൂര്യനിലെത്താന്‍പറക്കുന്നിവര്‍, കഷ്ടം!

"ഇക്കാരസ്സി"ന്നനുയാത്രികരാമിവ-
രെത്തിടുമാവേശമേറും മനസ്സുമായ്‌

ഉരുകും മെഴുകിന്റെ ചിറകു കരിഞ്ഞിവര്‍
ഉയരങ്ങളില്‍ നിന്നും താഴെ പതിച്ചീടും

കത്തിക്കരിഞ്ഞൊരു ഗാത്രവും മോഹങ്ങള്‍
നിഷ്ഫലമായൊരു ജീവിത യാത്രയും

എത്രയോകാലമായ്‌ കാണുന്നിതുനമ്മള്‍
നിത്യ സനാതനമാകുമീ സത്യത്തെ.

കത്തുന്നോരെന്‍മനം ശാന്തമായീടുന്നു
മിഥ്യയൊരു സത്യമായ്‌ തീരില്ല നിശ്ചയം.

No comments: