Wednesday, September 30, 2015
Monday, August 31, 2015
കാതിലോലാ
കാതിലോലാ നല്ലതാളീ
കാണാനെന്തു രസം
ചോതി നാളിൽ പൂത്തു
വിരിഞ്ഞൊരു
കാട്ടുചെമ്പകം പോലെ !
കൂട്ടിനുള്ളിൽ കലപില കൂടും
കാട്ടു മൈനകൾ പോലെ !
നീറ്റിൽ വിരിഞ്ഞു കാറ്റിലാടും
താമര മൊട്ടുകൾ പോലെ!
ആറ്റുവക്കിൽ ക്രീഡകളാടും
നീരാട്ടുകാരെ കാണ്കെ
കാതിലോലാ?
ഉണ്ണായി വാര്യർ
എയ്തൂ ചോദ്യശരം
കാതിലോലാ? നല്ലതാളീ
ചൊല്ലീ നമ്പ്യാരും
കാതിലോലാ?
നല്ലതാളീ
കാണാനെന്തു രസം !
അത് കേൾക്കാനെന്തു
സുഖം
Sunday, August 23, 2015
പ്രാർത്ഥന
കാലിക്കൂട്ടം മോദമോടെ കഴിയും തൊഴുത്തിൽ ഭൂജാതനായി
മോചിക്കാനീ,പാപപങ്കിലമാം ലോകജനത്തെയാകമാനം
ഗാഗൂൽത്തായിലൊരുമരക്കുരിശ്ശിൽ ബലിദാനമേകിയോനേ
കാരുണ്യാതിരേകം ചൊരിഞ്ഞഗതിയാമെന്നെയുമനുഗ്രഹിക്കൂ
Wednesday, August 19, 2015
അത്തപ്പൂക്കളം
വേണം നല്ല കാന്തിയെഴും തൂവെള്ളത്തുമ്പപ്പൂവാദ്യമൂന്നു ദിനങ്ങളിൽ
ആവാം മൂന്നാം നാൾ തൊട്ട്,നിറമുള്ള പൂക്കളും നിരയായടുക്കീടുവാൻ
തെച്ചിപ്പൂങ്കുല,കാക്കപ്പൂ, തൃത്താപ്പൂ, മത്തപ്പൂവെന്നിത്യാദിപൂക്കളാൽ
ഇച്ഛക്കനുസൃതം ബഹുവർണ്ണപൂക്കളത് തൊടിയിൽ നിന്നും പറിക്കാം
ഓണത്തിൻ നാന്ദിയായ് തിരുമുറ്റത്തു ചാരുതയേകിടുന്നോരീപൂക്കളം
കാണാൻ ബഹുവിശേഷമാണവ,മലയാളിത്തനിമതൻ നേർക്കാഴ്ച്ചയാം ....
Monday, August 10, 2015
കാക്കപ്പൂവേ, നീലാംബരീ......
കർക്കിടകം പെയ്ത് പെയ്തൊന്നൊഴിയാനായ്
വീർപ്പുമുട്ടിത്തന്നെ ഞാൻ കാത്തിരുന്നു, നിമിഷങ്ങൾ
നേർത്ത വെയിലിൻ തലോടലാൽ തരളിതഗാത്രിയായി
പാർത്തിരുന്നൂ, നിമിഷങ്ങളെണ്ണിയെണ്ണി, വിടരാനായ്
ആർപ്പുവിളികൾ ,ആരവങ്ങൾ ,പാട്ട് പാടി വരുന്നോരാ
കുട്ടിക്കൂട്ടമവർ ,നൃത്തമാടി പൂവട്ടികളേന്തി വന്നൂ...
കാട്ടുപൂവാണെങ്കിലും മാറ്റെഴും മനോഹരി
കുട്ടിക്കൂട്ടത്തിനിഷ്ടമേറും , പൂക്കളത്തിൻ റാണി ഞാൻ
പൂന്തോട്ടത്തിലിടം കിട്ടാ , കാട്ടുപൂവാണെങ്കിലും
നാട്ടുവഴിയുടെ രോമാഞ്ചമീ കാക്കപ്പൂവെന്ന ഞാൻ
ഇളവെയിലിൽ തലയാട്ടി വിടർന്നു ഞാൻ നില്ക്കവേ
ഇളം മുറയവർ നുള്ളി പൂവട്ടിയിലാക്കി പോൽ
ഓണപ്പൂക്കളം തന്നിൽ ഓമനയായ് വാണ നാൾ
ഒരു നല്ല കാലത്തിൻ മധുരമാമോർമ്മകൾ !
നെല്ലിപ്പൂവെന്ന പേരിൽ വയലിന്നാരോമാലായ്
നല്ലോണ നാളുകളിൽ ,കൂട്ടമായ് വിടർന്നവൾ
വയലില്ല ,നെല്കതിരില്ല വരമ്പുകൾക്കതിരിടാൻ ,
മുത്തു പോലെ നിറയുന്ന നീലാംബരിയുമില്ല
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ. കാക്കപ്പൂവേ
ഒരു നല്ല കാലത്തിൻ രോമാഞ്ചമായിരുന്നോളെ
ഒരു കൂടപ്പൂവു നീ കടമായിത്തരികില്ലേ?
തുമ്പയും തുമ്പിയും നീയുമില്ലായെന്നാകിൽ
തുമ്പി തുള്ളാനണയുമോ മലയാളക്കന്നിയവൾ?
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ. കാക്കപ്പൂവേ ....
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ. കാക്കപ്പൂവേ ....
Friday, July 31, 2015
താളം, മേളം മഴത്താളം
മഴത്തുള്ളികൾ വീഴുമ്പോൾ
അവയ്ക്കുണ്ടൊരു ക്രമ താളം
മെല്ലേ മെല്ലേ പെയ്യുമ്പോൾ
"വിളംബിത"മെന്നു ചൊല്ലാം
തുള്ളി ത്തുള്ളി പെയ്യുമ്പോൾ
"മധ്യമ" സ്ഥായിയായി
പട, പട, പൊടുന്നനെ
ഇടമുറിയാതെ മഴ
ചറ,പറ പെയ്യുമ്പോൾ
"ദ്രുത", "ദ്രുത" താളത്തിൽ
ക്രമമായി പെയ്യുമ്പോൾ
നിറയുന്നു പുഴകളും
ഒഴുകുന്നു താളത്തിൽ !
മഴയ്ക്കുണ്ടൊരു തുടി താളം
കവിതയ്ക്കും താളമുണ്ട്
മധുരമായ് പാടുമ്പോൾ
പാട്ടിന്നും താളമുണ്ട്
താള ,മേളം കൊഴുക്കട്ടെ !
മഴയൊരു കവിതയായി ,
മഴയൊരു ഗാനമായി
തഴുകട്ടെ മാനസത്തെ
സുന്ദരം, സുരഭിലം
ആനന്ദ തുന്ദിലം
മഴ തകർത്താടട്ടെ !
തരളിതം ,പുളകിതം
മതി മറന്നാടുകെൻ
മനമാകും മയൂരമേ...
Saturday, July 25, 2015
Subscribe to:
Posts (Atom)



