Saturday, April 18, 2015

ഭ്രമാത്മക ഭ്രമര ചിന്തകൾ



ഈ രാവൊടുങ്ങും വേഗം 
വരുമുഷസുപ്രകാശം പരത്തും
പ്രാണ നാഥൻ,സൂര്യനാശ്ലേഷത്തി-
നായ്,തൻ കരതാരു നീട്ടിടും വേള-
യീക്കമലഹൃദയം താനേ തുറന്നീടു-
മെന്നൊരു മധുരംമാം പ്രതീക്ഷ-
യാർന്നളി പൂവിന്നകത്തു മേവി
മധുര സ്വപ്നം കണ്ടിരുന്നാൻ ....
വിധിയെന്നു ചൊല്ലി കരയുക വണ്ടേ,
വഴിയേപോയൊരു കരി കളിയാൽ
വെറുതേ പിഴുതാൻ കൂമ്പിയോരാ
താമരമൊട്ടു വേഗം തൻ തുമ്പിയാൽ...  

(രാത്രിര്‍ഗമിഷ്യതി ഭവിഷ്യതി സുപ്രഭാതം
ഭാസ്വാനുദേഷ്യതി ഹസിഷ്യതി പങ്കജശ്രീഃ ।
ഇത്ഥം വിചിന്തയതി കോശഗതേ ദ്വിരേഫേ
ഹാ ഹന്ത ഹന്ത നളിിനീം ഗജ ഉജ്ജഹാര)


Friday, April 17, 2015

നൊമ്പരപ്പൂവ്‌




















ഞാനുമൊരു കൊന്നപ്പൂ
ആരാരും കാണാതെ,
വേലിക്കരുകിലായ്, 
വേനലിൽ പുഷ്പിച്ചു
വാടിക്കൊഴിഞ്ഞീടാൻ
ദുര്യോഗമുള്ളവൾ !

കുലമൊന്നാണെങ്കിലും
വിലയില്ലാത്തോളല്ലോ
മലയാളികളാംനിങ്ങൾ
മഞ്ഞണിക്കൊന്നയെ
കണികണ്ടുണരുന്നൂ...

കാണാനൊരു സുന്ദരിയാം 
ഞാൻ  ശീമയാണത്രേ !
കണികാണാൻ കൊള്ളില്ല
അണിയാനും കൊള്ളില്ല

കാണാനൊരു സുന്ദരിയാം 
ഞാൻ  ശീമയാണത്രേ !
ആരാരിന്നറിയുന്നെ-
ന്നാത്മാവിൻ നൊമ്പരം .

Wednesday, April 15, 2015

വിഷുക്കൈനീട്ടം

വിഷമ,രഹിത,ഹരിത,ഭരിത
വിശുദ്ധിയാർന്ന കേരളം
വിഷുക്കണി കണ്ടുണരട്ടെ!
വിളനിലമൊരുക്കുക,
വിത്തുകൾ വിതയ്ക്കുക
വിഷമയശൂന്യഭക്ഷ്യവും
വിനയൊഴിഞ്ഞ വാസവും
വിഷുക്കൈനീട്ടമാവട്ടെ !

Saturday, April 11, 2015

വിഷുക്കണിത്താലം




 
കണിക്കാഴ്ചയല്ലേ ഞാൻ, വിഷുക്കാലമല്ലേ 
കനൽക്കാറ്റ് വീശിക്കരിഞ്ഞുവെന്നാലും
എനിക്കാവതില്ലയ്യോ പൂക്കാതിരിക്കാൻ
എനിക്കാവതില്ലല്ലോ പൂക്കാതിരിക്കാൻ
എൻ നാടിന്നൈശ്വര്യത്തൊങ്ങലുപോലെൻ
മനസിന്റെ നിർവൃതിയാണീ പൂക്കൾ !
വിഷുപ്പക്ഷി വന്നു വിളിക്കുന്ന കാലം
വിടരാതിരിക്കാനെനിക്കാവതില്ല,
പൂക്കാതിരിക്കാനെനിക്കാവതില്ല, ഞാൻ
കണിക്കാഴ്ചയല്ലേ ? ഇതു വിഷുക്കാലമല്ലേ ?
കാർവർണ്ണനുണ്ണി കനിഞ്ഞേകിയതിന്നാൽ 
കർണ്ണികാരം ഞാൻ സ്വർണ്ണ പ്രഭയിൽ
കാർവർണ്ണനൊപ്പം  കണിയായി ഞാനും
കണിത്താലം തന്നിൽ തെളിഞ്ഞിരിപ്പല്ലോ ?

(ആശയം കടപ്പാട് ശ്രീ അയ്യപ്പ പണിക്കർ )

Thursday, March 26, 2015

വസന്താഗമം




അംഗരാഗമണിഞ്ഞ ചന്ദ്രിക 
വെണ്മേഘ ശയ്യയിൽ
അന്തരംഗം കുളിരണിഞ്ഞൊരു 

മന്ദഹാസപ്പൂനിലാ
ആകാശഗംഗ തന്നിൽ 

ആറാടും കന്യമാർ
ആലോലം വീശി,നില്പ്പൂ 

ചന്ദനഗന്ധിയായ മാരുതൻ
വാസന്തരാവിൽ മെല്ലേ  

മിഴിതുറന്നൂ മല്ലിക
സീമന്തരേഖതന്നിൽ 

സിന്ദൂരമണിഞ്ഞുവോ ?
കോകിലങ്ങൾ രാഗമാലിക-

യാലപിച്ചീടുന്നുവോ ?
കേകികളാനന്ദനൃത്ത-

മാടിയാടി നിരന്നുവോ?
പുതുവസന്തപ്പുലരിവിരിയാൻ സമയമാഗതമായിതോ? 

പുളകമോടെയെതിരേല്ക്കാ-
നൊരുമയോടെ  മുന്നേറിടാം....   

തേൻമാവും മുല്ലവള്ളിയും



തേൻമാവും മുല്ലവള്ളിയും

നാട്ടിൻ പുറത്തെ വഴിയോരത്ത് ഒരു തേന്മാവുണ്ടായിരുന്നു.
തേനൂറുന്ന മാങ്കനികൾ നിറഞ്ഞു ,ധാരാളം കിളികളുടെ ആലംബം ആയിരുന്നു ആ മുത്തശി മാവ്.
മാവിനടുത്തു ധാരാളം കാട്ടുവള്ളിച്ചെടികൾ ഉണ്ടായിരുന്നു.
കൂട്ടത്തിൽ ചില മുല്ലവള്ളികളും .
ഈ വള്ളികൾ തേന്മാവിൽ പടർന്നുകയറി.
അങ്ങനെ കാലം ഏറെയായി
.മുല്ലവള്ളി പൂത്തുലഞ്ഞു. സൌരഭ്യം പ്രദേശമാകെ നിറഞ്ഞു
ധാരാളം വർണ്ണശലഭങ്ങൾ തേന്മാവിലേക്കാകൃഷ്ടരായി.
അപ്പോൾ മാവിനു തോന്നി ഈ ജീവജാലമെല്ലാം തന്നെയാശ്രയിച്ചാണ് നിലനിൽക്കുന്നത്., താൻ കനിഞ്ഞില്ലെങ്കിൽ, തന്റെ തേൻ കനിയില്ലെങ്കിൽ
തന്റെ തണലില്ലെങ്കിൽ, തന്റെ താങ്ങില്ലെങ്കിൽ ഇവയൊക്കെ നശിച്ചു പോകും .ഈ കാര്യം മാവിന്റെ ഇഷ്ട തോഴരായിരുന്ന മുല്ലവള്ളിയോടും കുയിലിനോടും പറഞ്ഞു .(സത്യത്തിൽ തേന്മാവിന് തന്റെ ശാഖിയിലിരുന്നു മധുരമായ് പാടുന്ന കുയിലിനോടും തന്നിൽ പടർന്നു നാടാകെ സൌരഭ്യം ചൊരിയുന്ന മുല്ലയോടും ഇഷ്ടത്തെക്കാൾ അസൂയയുണ്ടായിരുന്നു എന്നതായിരുന്നു സത്യം )
മുല്ലയും കുയിലും തേന്മാവിന്റെ ഭാവപ്പകർച്ചയിൽ ദു:ഖിതരായി, ആരും ആരെക്കാളും ശ്രേഷ്ഠരല്ല.ഈ ലോകം പരസ്പര സ്നേഹത്തിലാണ് നിലനില്ക്കുന്നത് എന്ന സാമാന്യ തത്വം അവർ തേന്മാവിനോട് പറഞ്ഞു
മാവ് തെല്ലും കൂട്ടാക്കിയില്ല .സമഭാവനയെന്ന കാര്യം ചിന്തിക്കാൻ പോലും മാവിനാകുമായിരുന്നില്ല .
ഈ സുഹൃത്തുക്കളെ തന്റെ വൻപു ഒന്ന് കാട്ടിയിട്ട് തന്നെ കാര്യം എന്ന് മാവ് ചിന്തിച്ചുറപ്പിച്ചു .
മാവ് തന്നിലേക്ക് മുല്ലവള്ളി പടർന്നു കയറിയ ശാഖയുണക്കിക്കളയാൻ പ്രകൃതിയോടു വരം ചോദിച്ചു
പ്രകൃതി മാതാവ് മാവിനെ വിലക്കി,നേർവഴിക്ക് കൊണ്ട് വരാൻ ശ്രമിച്ചു. മാവ് സമ്മതിച്ചില്ല.
ഒടുവിൽ മാവിന്റെ ദുർവാശി സാധിച്ചുകൊടുക്കാൻ പ്രകൃതി മനസില്ലാ മനസ്സോടെ സമ്മതമരുളി .
ആദ്യം ക്രമേണ മാവിന്റെ മുല്ല വള്ളി പടര്ന്ന ശാഖകൾ ഉണങ്ങിയോടിഞ്ഞു വീണു അഭയം നഷ്ടപ്പെട്ട മുല്ല വള്ളി  താഴെ വീണു
മാവിന് തന്റെ ഉള്ളിലുയർന്ന ചിരിയടക്കാൻ കഴിഞ്ഞില്ല
മാവിന് മുല്ല വള്ളിക്ക് പകരം പുതിയൊരു ചങ്ങാതിയെ കിട്ടി
ഒരിത്തിൾക്കണ്ണി .
അത് മാവിലേക്ക്‌ തന്റെ വേരുകളാഴ്ത്തി അതിവേഗം വളർന്നു. പൂക്കൾ ചൂടി
പക്ഷെ ഒട്ടും സൌരഭ്യമില്ലായിരുന്നു.
മാവിന് സന്തോഷമായി ..
ക്രമേണ മാവ് ഉണങ്ങാൻ തുടങ്ങി, മാന്തളിർ ഉണ്ണാൻ വന്നിരുന്ന കുയിലുകൾ അവിടെ നിന്നും പോയി
മാവിന് കൂടുതൽ സന്തോഷമായി ഇനിയിപ്പോൾ തന്റെ മഹത്വം പങ്കു പറ്റാൻ മുല്ലയും കുയിലുമില്ലല്ലൊ ,ഇനിയിപ്പോൾ താൻ തന്നെ ജേതാവ്.
കാലക്രമേണ ഇത്തിൾക്കണ്ണി പടർന്നു കയറിയ ശാഖകൾ ഉണങ്ങിയ മാവ് ഒരു അസ്ഥിപഞ്ജരം പോലെയായി
അപ്പോഴും അടുത്തുള്ള കിളിഞ്ഞിൽ മരത്തിൽ പടർന്നു പന്തലിച്ച മുല്ല വള്ളി നവ മാലികാവിഭൂഷിതയായി പരിസരമാകെ സൌരഭ്യം വീശിക്കൊണ്ട് മന്ദഹസിച്ചുകൊണ്ടിരുന്നു..

Tuesday, December 30, 2014

ശാശ്വത ശാന്തി



ഇരുള് മൂടി ഭൂതലം, മനമിടിഞ്ഞ മാനുഷർ
 
ഒരുതരിപ്രകാശരഹിതമാകാശസീമയും
 
എവിടെനോക്കിയാലുമിന്നക്രമങ്ങൾ മാത്രമാം
 
കലുഷിതമീകലാപഭൂവിൽ സത്യമാം പ്രകാശമായ്
 
ഇനിയുമെന്നവതരിക്കും, ദൈവപുത്രാ,രക്ഷകാ
 
അവനുവേണ്ടികാത്തിരിക്കവേണ്ടനിങ്ങൾ, സോദരാ
 
അവനവന്റെ മാനസം  പുൽത്തൊട്ടിലാക്കിയാൽ
 
അവിടെ വന്നവതരിക്കും യേശു "ശാന്തിവചനമായ്"
 
യേശുവിന്റെ വചന ദീപ്തി കാട്ടിടും സരണിയിൽ
 
ശാശ്വതമാം ശാന്തി നേടി വാഴ്ത്തിടാം, സർവേശനെ!

(“These things I have spoken to you, that in Me you may have peace. In the world you will have tribulation; but be of good cheer, I have overcome the world.” John 16:33 )