Saturday, August 29, 2009

അഷ്ടമുടിയിലേപ്പെണ്ണേ,





അഷ്ടമുടിയിലേപ്പെണ്ണേ, 
ഇഷ്ടമനോഹരിയാളെ,
അഷ്ടമംഗല്യവുമായി 
നീയെത്തിടൂ,
അഷ്ടമുടിയിലേപ്പെണ്ണേ,
ചിത്രമനോഹരിയാളെ .


നഷ്ട സ്വര്‍ഗങ്ങളെയോര്‍ത്തു
കരയായ്ക
ശ്രേഷ്ടമായ്‌ തീരും നിന്‍ ജന്മം
മേല്കുമേലീ ഭൂവില്‍ 
നിത്യം.


കൊല്ലം നഗരത്തിന്‍ പാദേ
വെള്ളിത്തളയിട്ടതു-
പോല്‍
മിന്നിത്തിളങ്ങുന്ന കായല്‍
ഒരു സുന്ദര ദൃശ്യമതല്ലോ

കൌമാരം പിന്നിട്ട കായല്‍
യൌവ്വനയുക്തയായപ്പോള്‍
കാമുക വൃന്ദങ്ങളെത്തീ
മാറാത്ത രോഗങ്ങളായീ

കായല്‍ നികത്തിയും
മാലിന്യമാക്കിയും
കായലോ, കാളിന്ദിയായി 
കായലോ കാളിന്ദിയാക്കി.

കാളകൂട വിഷം ചീറ്റുമനവധി 
കാളിയന്മാരാല്‍ നിറഞ്ഞു -
 കായല്‍
   കാളിയന്മാരാല്‍ നിറഞ്ഞു .

കഷ്ടതയെല്ലാമകറ്റാന്‍,കായലി-
ന്നിഷ്ടങ്ങളെല്ലാം നല്‍കാന്‍
ഉറ്റവരായവരെത്തി,* ‍
സെസ്സും-
*എഎസാര്‍ ‍ന്യൂ സിലാന്റും


രക്ഷകരായവര്‍ വന്നൂ,കൂട്ടി-
നെത്തിയ നാട്ടാരുമൊന്നായ്‌
അഷ്ടമുടിയെ തകര്‍ത്തൊരു 
ശക്തികള്‍
നിഷ്പ്രഭരാകാന്‍ തുടങ്ങി.
അഷ്ടമുടിയെ തകര്‍ത്തൊരു 
ശക്തികള്‍
നിഷ്പ്രഭരാകാന്‍ 
തുടങ്ങി.

കാളിയന്മാരെയകറ്റി,വിഷം-
നീക്കിയ കായലിന്‍ തീരം
സസ്യ ലതാദികള്‍ 
തിങ്ങും
  നന്ദനോദ്യാനമായ് തീരും.

വെള്ളിമണ്‍ കായലില്‍നീന്താം
വള്ളം കളിച്ചുല്ലസ്സിക്കാം
തുള്ളി തുളുമ്പും മനസ്സേ,
പോരൂ
ഉള്ളം കുളിര്‍പ്പിച്ചു പോകാം...

ദേശാടനത്തിനായെത്തും
സഞ്ചാരി വൃന്ദമേകേള്‍ക്കൂ
അഷ്ടമുടിയിലേക്കെത്തൂ
തുഷ്ടരായ്‌ തീരുക 
നിങ്ങള്‍
സന്തുഷ്ടരായ്‌തീരുക 
നിങ്ങള്‍.
----------------

അനുബന്ധം 
ഈ കവിത സെന്റർ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസും(സെസ്) ന്യുസിലണ്ടിലെ എ.എസ.ആര്‍ ലിമിറ്റഡ് എന്ന സ്ഥാപനവും ചേര്‍ന്ന് സംയുക്ത സംരംഭമായി " അഷ്ട മുടി, പരിപാലന, പരിസ്ഥിതിപഠന, ഗവേഷണ,പദ്ധതിയുടെ'  അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അവതരിപ്പിച്ചതാണ്.
 റിപ്പോര്‍ട്ടില്‍  അഷ്ടമുടി പരിപാലനത്തിനു പ്രാവര്‍ത്തികമാക്കേണ്ട നിര്‍ദ്ദേശങ്ങള്‍  ഉള്‍ക്കൊള്ളിച്ചിരുന്നു.  പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ഇനിയും പ്രാവർത്തിക മാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍ .കാരണം അഷ്ടമുടികായാല്‍ പൂര്‍വാധികം രോഗ ബാധിതയായി   തുടരുന്നതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം."എട്ടിലെ പശു പുല്ലു തിന്നുകയില്ല" ,സര്‍ക്കാര്‍ കാര്യം മുറ പോലെ ",
അഷ്ടമുടിക്കായാല്‍ പരിപാലന നിര്‍ദേശങ്ങള്‍ ചുവപ്പുനാടയില്‍ 
കെട്ടി ഭദ്രമായി എവിടെയോ സൂക്ഷിച്ചിട്ടുണ്ടാകാം.

Wednesday, August 5, 2009

ഏണിപ്പടികള്‍




ഏണിപ്പടികള്‍ 

കത്തുന്നിതെന്‍ മനം കത്തിജ്ജ്വലിക്കുന്നു.
സത്യമൊരു മിഥ്യയായ്‌ തീരുന്നുവോ ഭൂവില്‍?

ആരോ,വരച്ചോരു വൃത്തത്തിനുള്ളിലായ്‌
ആലംബഹീനരാം മര്‍ത്യര്‍ ചരിക്കുന്നു.

ഏകശാസനാഭാവമേറും ചിലരൊക്കെ
ഏതോസുഖസ്വപ്ന ലോകം ചമയ്ക്കുന്നു.

സത്യ,ധര്‍മ്മ,നീതി മാര്‍ഗം വെടിഞ്ഞിവര്‍
നിത്യവുമേണിപ്പടികള്‍ കയറുന്നു .

ഏതോ കിനാവിലെ ഗോപുര സീമയില്‍
ഏറെക്കഴിഞ്ഞിടാനായിക്കൊതിക്കുന്നു. 

വിത്തംചിലവഴിച്ചീടുന്നിരട്ടിയായ്‌
വീണ്ടും ധനമാര്‍ജ്ജിച്ചീടും, പലവഴി.

വിത്തത്തിന്‍ മീതെ പരുന്തും പറക്കയി-
ല്ലിത്ഥം കഥിക്കുന്നു മൂഢരായിങ്ങിവര്‍.

വ്യാമോഹമാകും മെഴുകിന്‍ ചിറകുമായ്‌
സൂര്യനിലെത്താന്‍പറക്കുന്നിവര്‍, കഷ്ടം!

"ഇക്കാരസ്സി"ന്നനുയാത്രികരാമിവ-
രെത്തിടുമാവേശമേറും മനസ്സുമായ്‌

ഉരുകും മെഴുകിന്റെ ചിറകു കരിഞ്ഞിവര്‍
ഉയരങ്ങളില്‍ നിന്നും താഴെ പതിച്ചീടും

കത്തിക്കരിഞ്ഞൊരു ഗാത്രവും മോഹങ്ങള്‍
നിഷ്ഫലമായൊരു ജീവിത യാത്രയും

എത്രയോകാലമായ്‌ കാണുന്നിതുനമ്മള്‍
നിത്യ സനാതനമാകുമീ സത്യത്തെ.

കത്തുന്നോരെന്‍മനം ശാന്തമായീടുന്നു
മിഥ്യയൊരു സത്യമായ്‌ തീരില്ല നിശ്ചയം.

Monday, July 20, 2009

അശ്രുപൂജ





"അമ്മ മരിച്ചു",ആ വാര്‍ത്ത കേട്ടൊരു നാൾ 
മുതൽ  നാം വിങ്ങിക്കരയുകയാണല്ലോ.

തിന്മതന്‍ കൂരിരുള്‍ തിങ്ങിയൊരിപ്പാരില്‍
നന്മതന്‍ പൊന്‍പ്രഭ തൂകിയമ്മ.

ആലംബരഹിതരാം രോഗികള്‍ക്കേകി-
യാരാശ്വാസത്തിന്റെ തലോടലമ്മ .

തന്‍ ഗുരു നാഥനാം യേശുവിന്‍ കല്പന
തന്‍ ജീവിതത്താലെയന്വര്‍ഥമാക്കി.

അന്യരെ സ്നേഹിച്ചു നിര്‍വൃതി കൊണ്ടമ്മ
അന്യര്‍ തന്‍ ദുഃഖങ്ങള്‍ സ്വന്തമാക്കി .

ചേരികള്‍ തോറുമലഞ്ഞു നടന്നമ്മ
സ്നേഹത്തിന്‍ ലോലമാം രൂപമായി.

വേദനയെ മാറ്റി സ്നേഹമാക്കിയും  
സ്നേഹമെന്നത്  തൻ വേദമാക്കിയും     

സ്നേഹമെന്നതൊരു പ്രഹേളികയാക്കി
മാറ്റി നവസുവിശേഷമേകിയോരമ്മ 

മാനവർക്കഭിമാനമായോരമ്മയെ 
സാദരം നമുക്കെന്നുമോർത്തിടാം  

ആശ്വാസദായകനേശുവിന്‍ സ്നേഹത്തി-
ന്നാശാകിരണമായ് തീർന്നിതമ്മ   

ആതുരസേവനം തന്റെ മതമാക്കിയോ-
രാനല്ല മഹതിയമ്മതെരേസയ്ക്ക്,

ആയിരമശ്രുപുഷ്പങ്ങളാൽ തീർത്ത
ബാഷ്പാഞ്ജലി പ്രണാമമായര്‍പ്പിക്കാം .

ഉപവി സഹോദരിമാരുടെ ദീപമേ
ഉഷസ്സുപോല്‍ നിറയട്ടെ നിന്‍ പ്രകാശം.



Sunday, July 19, 2009

വിഷുക്കണി



വിത്തെടുക്കൂ.... ... കൈക്കോട്ടെടുക്കൂ.. .
വിശ്രമമില്ലാതെ പക്ഷി പാടി
വിഷുപ്പക്ഷി പാടി ...

കാടുണര്‍ന്നൂ ...മേടുണര്‍ന്നൂ ..
പൂമരമൊക്കെയും പൂത്തുലഞ്ഞു.

നാടുണര്‍ന്നൂ...മലനാടുണര്‍ന്നൂ..
മാലോകരൊക്കെയും നൃത്തമാടി

നാടിന്റെ നന്മകള്‍തേങ്കനിയായ്
നാട്ടുമാവിന്‍ കൊമ്പിലൂയലാടി..

മാരിക്കാര്‍ തിങ്ങിടുമമ്പരസീമയില്‍
മാരിവില്ലിന്നൊളി പൂത്തുനിന്നൂ ..

വയലൊരുങ്ങീ...വളകിലുങ്ങീ ...
വിത്ത് വിതയ്ക്കുവാന്‍ കാലമെത്തീ..

ഒന്നല്ല ,പത്തല്ല,നൂറുമേനി
ഒന്നാനാം കുന്നില്‍ കുരുവി പാടി ..

പാടത്തിന്‍ മേലെ പറമ്പുകളില്‍
മാടത്ത,മൈനകള്‍ പാട്ടുപാടി .

കോടിയുടുത്തോരെന്‍ ബാല്യമപ്പോള്‍
"കോയിക്കലെ" കൊന്നപ്പൂവ് തേടി

കോടക്കാര്‍ വര്‍ണനാംകണ്ണനൊപ്പം
മേടവിഷുവിന്‍ കണിയൊരുങ്ങീ ..

നല്ല വിഷുക്കണി, കൈനീട്ടംകിട്ടുവാന്‍
നന്മ വിതച്ചു നാം കൊയ്തിടേണം

വിത്തെറിയൂ..നല്ല വിത്തെറിയൂ..
വിളവെടുക്കൂ ..നല്‍വിളവെടുക്കൂ..

ഒന്നല്ല ,പത്തല്ല,നൂറുമേനി
വിശ്രമമില്ലാതെ പക്ഷി പാടി
വിഷുപ്പക്ഷി പാടി .










ഗുരുദക്ഷിണ

                             
 
 മാനവ ജനതതന്‍ സംസ്കാര കേദാരമാം
ഭാരതഭൂവിന്നന്ത:കരണം വിതുമ്പുന്നു

കാരണം മറ്റൊന്നല്ല ,ചിന്തിക്കൂ സഹജരെ
കാട്ടാളരെപ്പോൽ നമ്മള്‍ കാട്ടിടും വിക്രിയകള്‍

ഭാവിതന്‍ വിധാതാക്കള്‍, നമ്മളീ വിദ്യാര്‍ഥികള്‍
ഭാരതാംബതന്‍ ‍കണ്ണീര്‍ക്കണങ്ങള്‍ക്കവകാശി.

തന്‍വിരല്‍ ഗുരുവിന്നു ദക്ഷിണയേകിയല്ലോ
ചണ്ഡാലബാലന്‍,പക്ഷേ നമ്മളെന്തിഹ ചെയ്‌വൂ

സാദരം നമിക്കേണ്ട ഗുരുക്കന്മാരെ നമ്മള്‍
ശാപവാക്കുകളോതിയധിക്ഷേപിച്ചീടുന്നു.

വിദ്യയെയുപാസിക്കാനണയുന്നവരിന്നു 
വിദ്വേഷം വിതയ്ക്കുന്ന കൌരവപ്പടയല്ലോ?

രാഷ്ട്രീയ തിമിരത്താലന്ധരാം നമ്മള്‍, ജന്മ -
രാഷ്ട്രത്തെ നശിപ്പിക്കും കുലദ്രോഹികളല്ലേ?

കുരുന്നു ജീവിതങ്ങള്‍" ഗുരുതി" കൊടുത്താലെ
വിരിയൂ നൂറു നൂറു രക്ത പുഷ്പങ്ങള്‍ നാട്ടില്‍

രക്തപുഷ്പങ്ങള്‍കാട്ടി വിജയംനേടിടാനായ്‌
രക്ത!രക്ഷസുകള്‍ നാട്ടിലെമ്പാടും വിഹരിപ്പൂ .

രാവിലെ പഠിതാവായ്പ്പോയൊരു കുമാരന്റെ
പ്രേതത്തെ കണ്ടു ജീവ:ശവമായ്‌ തീരുമമ്മ

അമ്മേ, ത്വല്‍പ്പുത്രശോകമഗ്നിയായ്‌ പടരട്ടെ!
അംഗാരമായീടട്ടെ രാഷ്ട്രീയ വേതാളങ്ങള്‍.

കക്ഷിരാഷ്ട്രീയത്തിന്‍ മൂർഖരാം ഭൂതങ്ങളെ
നിത്യമായ് കലാലയം തന്നില്‍ നിന്നൊഴിവാക്കാം.

Wednesday, July 15, 2009

ഞങ്ങള്‍ ഖേദിയ്ക്കുന്നു

Sorry sign -Poor excuse concept -
ഞങ്ങള്‍ ഖേദിയ്ക്കുന്നു

ജാലിയന്‍ വാലാബാഗില്‍  
കുരുതിക്കളംതീര്‍ത്തോര്‍
കാലമേറെ കഴിഞ്ഞേറ്റം
വിലപിയ്ക്കുന്നത് കേള്‍ക്കൂ
"ഞങ്ങള്‍  ഖേദിച്ചീടുന്നു..."

നാഗസ്സാക്കി,ഹിരോഷിമ-
യിലണുബോംബിന്‍
തീ മഴവര്‍ഷിച്ചവര്‍
പിന്നെയുമേറ്റുചൊല്ലി
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

വിയറ്റ്നാം വയലുകള്‍
മനുഷ്യനിണംകൊണ്ട്
നനച്ചിട്ടവര്‍ചൊല്ലി
പിന്നെയുമതേ വാക്യം
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

ക്യു‌ബയി,ലാഫ്രിക്കയില്‍
പാലസ്തീന്‍ മരുഭൂവില്‍
കിഴക്കന്‍ യുറോ‌പ്പതില്‍,
"ടിയാനന്‍" സ്ക്വയറിലും
മനുഷ്യക്കുരുതി തന്‍
മാമാങ്കം നടത്തുവാന്‍
മത്സരം നടത്തിയ
കശ്മലരേറ്റ് പാടി
പല്ലവിയത് തന്നെ
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

കുരിശു യുദ്ധങ്ങളില്‍
ജിഹാദ് വിളിച്ചവര്‍
കുരുന്നു ജീവിതങ്ങള്‍
കശക്കിയെറി‌ഞ്ഞവര്‍
ചൊല്ലുന്നു,ലജ്ജയെന്യേ
പല്ലവിയതുതന്നെ,
   "ഞങ്ങള്‍ ഖേദിച്ചീടുന്നു..."

ശാസ്ത്രത്തെ സത്യമായി
കാണുവാന്‍ പഠിപ്പിച്ച
മിഥ്യ തന്‍ കോട്ടകളെ
തകര്‍ക്കാന്‍ പ്രയത്നിച്ച
ശാസ്ത്രജ്ഞ പ്രമുഖരെ   
"സാത്താന്റെ സന്തതി"
ചാപ്പ കുത്തി,പിന്നെ, 
മതത്തിന്‍ ചട്ടക്കൂടാം‍
തടങ്കല്‍ പാളയത്തില്‍
മരണം വിധിച്ചിട്ടവര്‍  
ഖിന്നതയോടെ ചൊല്ലി
   "ഞങ്ങള്‍ ഖേദിച്ചീടുന്നു..."

സത്യ,ധര്‍മ,നീതി
ശാസ്ത്രങ്ങള്‍
പുലര്‍ത്തുവാന്‍
മര്‍ത്ത്യരെ പഠിപ്പിച്ച
ശ്രേഷ്ടമാം സംസ്കാരത്തിന്‍
കപടപ്രചാരകര്‍
കൊളുത്തും പകയുടെ
ചിതയില്‍മനുഷ്യരെ
ഹോമിയ്ക്കാന്‍ മടിയ്ക്കാത്ത
മതഭ്രാന്തരും ചൊല്ലും
പൊള്ളയാമതേ  വാക്യം
  "ഞങ്ങള്‍  ഖേദിച്ചീടുന്നു...."

പ്രത്യയ ശാസ്ത്രമതി-
ന്നന്ധത ബാധിച്ചവര്‍,
ഹത്യയാലധികാരം
നേടുവാന്‍ പ്രയത്നിപ്പോര്‍
നിഷ്ടൂരം സനാതന
സത്യത്തെ ഹനിപ്പവര്‍
മർത്യരാം കാപാലികര്‍
പറയുന്നതേ  വാക്യം
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

എത്രയോകാലമായ്‌ നാം
കേള്‍ക്കുന്നോരീ വായ്ത്താരി
ഞങ്ങള്‍ ഖേദിച്ചീടുന്നെന്ന 
പൊള്ളയാം ജല്പനങ്ങൾ 
മര്‍ത്യന്‍ നിര്‍ലജ്ജമുരുവിടും
"സൃഗാല ന്യായോക്തികള്‍"  
            മർത്യന്റെ  കാപട്യത്തെ              
     മറയ്ക്കും മുഖം മൂടി .....

ഗുരുവന്ദനം





jesus christ teaching photo:  jesus_christ_sermon_teaching_mount.png


ഗുരുഭൂതരെ, ഞങ്ങള്‍ സാദരം നമിയ്ക്കുന്നു
ഗുണകാംക്ഷികളല്ലോ,നിങ്ങളീ സുതര്‍ക്കെന്നും.

അറിവിന്‍ നിധിപ്പുര തുറന്നീടുവാനുള്ള 
ചാവികളേന്തീടുന്ന മഹിതാശയര്‍ നിങ്ങള്‍.

സത്യമാം പ്രകാശത്താല്‍,കുരുന്നു മാനസത്തെ
സതതം വഴികാട്ടിനയിച്ചീടുക,നിങ്ങള്‍.

അടിതെറ്റാതെയിവര്‍നിങ്ങള്‍ തന്‍ കരം പിടി-
ച്ചനുപല്ലവിപോലെ മുന്നോട്ടു നടക്കട്ടെ.

നിങ്ങള്‍ തന്‍ മൊഴിയേറ്റംശ്രദ്ധയാല്‍ ശ്രവിപ്പിവര്‍
നിങ്ങള്‍ക്ക്  പിഴച്ചാലോ,യിവര്‍ക്കും പിഴച്ചീടും .

പ്രിയരാം ഗുരുക്കളേ, മാതൃകാവെളിച്ചമായ്‌
നിയതം ശോഭിയ്ക്കട്ടെ, നിങ്ങളേവരുമൊന്നായ്.

ഗുരുക്കന്മാരില്‍ ശ്രേഷ്ഠ ഗുരുവാം യേശുവിന്റെ
കരുണാ കടാക്ഷമീ ഗുരുക്കള്‍ക്കുണ്ടാകട്ടെ .