Monday, July 20, 2009

അശ്രുപൂജ





"അമ്മ മരിച്ചു",ആ വാര്‍ത്ത കേട്ടൊരു നാൾ 
മുതൽ  നാം വിങ്ങിക്കരയുകയാണല്ലോ.

തിന്മതന്‍ കൂരിരുള്‍ തിങ്ങിയൊരിപ്പാരില്‍
നന്മതന്‍ പൊന്‍പ്രഭ തൂകിയമ്മ.

ആലംബരഹിതരാം രോഗികള്‍ക്കേകി-
യാരാശ്വാസത്തിന്റെ തലോടലമ്മ .

തന്‍ ഗുരു നാഥനാം യേശുവിന്‍ കല്പന
തന്‍ ജീവിതത്താലെയന്വര്‍ഥമാക്കി.

അന്യരെ സ്നേഹിച്ചു നിര്‍വൃതി കൊണ്ടമ്മ
അന്യര്‍ തന്‍ ദുഃഖങ്ങള്‍ സ്വന്തമാക്കി .

ചേരികള്‍ തോറുമലഞ്ഞു നടന്നമ്മ
സ്നേഹത്തിന്‍ ലോലമാം രൂപമായി.

വേദനയെ മാറ്റി സ്നേഹമാക്കിയും  
സ്നേഹമെന്നത്  തൻ വേദമാക്കിയും     

സ്നേഹമെന്നതൊരു പ്രഹേളികയാക്കി
മാറ്റി നവസുവിശേഷമേകിയോരമ്മ 

മാനവർക്കഭിമാനമായോരമ്മയെ 
സാദരം നമുക്കെന്നുമോർത്തിടാം  

ആശ്വാസദായകനേശുവിന്‍ സ്നേഹത്തി-
ന്നാശാകിരണമായ് തീർന്നിതമ്മ   

ആതുരസേവനം തന്റെ മതമാക്കിയോ-
രാനല്ല മഹതിയമ്മതെരേസയ്ക്ക്,

ആയിരമശ്രുപുഷ്പങ്ങളാൽ തീർത്ത
ബാഷ്പാഞ്ജലി പ്രണാമമായര്‍പ്പിക്കാം .

ഉപവി സഹോദരിമാരുടെ ദീപമേ
ഉഷസ്സുപോല്‍ നിറയട്ടെ നിന്‍ പ്രകാശം.



Sunday, July 19, 2009

വിഷുക്കണി



വിത്തെടുക്കൂ.... ... കൈക്കോട്ടെടുക്കൂ.. .
വിശ്രമമില്ലാതെ പക്ഷി പാടി
വിഷുപ്പക്ഷി പാടി ...

കാടുണര്‍ന്നൂ ...മേടുണര്‍ന്നൂ ..
പൂമരമൊക്കെയും പൂത്തുലഞ്ഞു.

നാടുണര്‍ന്നൂ...മലനാടുണര്‍ന്നൂ..
മാലോകരൊക്കെയും നൃത്തമാടി

നാടിന്റെ നന്മകള്‍തേങ്കനിയായ്
നാട്ടുമാവിന്‍ കൊമ്പിലൂയലാടി..

മാരിക്കാര്‍ തിങ്ങിടുമമ്പരസീമയില്‍
മാരിവില്ലിന്നൊളി പൂത്തുനിന്നൂ ..

വയലൊരുങ്ങീ...വളകിലുങ്ങീ ...
വിത്ത് വിതയ്ക്കുവാന്‍ കാലമെത്തീ..

ഒന്നല്ല ,പത്തല്ല,നൂറുമേനി
ഒന്നാനാം കുന്നില്‍ കുരുവി പാടി ..

പാടത്തിന്‍ മേലെ പറമ്പുകളില്‍
മാടത്ത,മൈനകള്‍ പാട്ടുപാടി .

കോടിയുടുത്തോരെന്‍ ബാല്യമപ്പോള്‍
"കോയിക്കലെ" കൊന്നപ്പൂവ് തേടി

കോടക്കാര്‍ വര്‍ണനാംകണ്ണനൊപ്പം
മേടവിഷുവിന്‍ കണിയൊരുങ്ങീ ..

നല്ല വിഷുക്കണി, കൈനീട്ടംകിട്ടുവാന്‍
നന്മ വിതച്ചു നാം കൊയ്തിടേണം

വിത്തെറിയൂ..നല്ല വിത്തെറിയൂ..
വിളവെടുക്കൂ ..നല്‍വിളവെടുക്കൂ..

ഒന്നല്ല ,പത്തല്ല,നൂറുമേനി
വിശ്രമമില്ലാതെ പക്ഷി പാടി
വിഷുപ്പക്ഷി പാടി .










ഗുരുദക്ഷിണ

                             
 
 മാനവ ജനതതന്‍ സംസ്കാര കേദാരമാം
ഭാരതഭൂവിന്നന്ത:കരണം വിതുമ്പുന്നു

കാരണം മറ്റൊന്നല്ല ,ചിന്തിക്കൂ സഹജരെ
കാട്ടാളരെപ്പോൽ നമ്മള്‍ കാട്ടിടും വിക്രിയകള്‍

ഭാവിതന്‍ വിധാതാക്കള്‍, നമ്മളീ വിദ്യാര്‍ഥികള്‍
ഭാരതാംബതന്‍ ‍കണ്ണീര്‍ക്കണങ്ങള്‍ക്കവകാശി.

തന്‍വിരല്‍ ഗുരുവിന്നു ദക്ഷിണയേകിയല്ലോ
ചണ്ഡാലബാലന്‍,പക്ഷേ നമ്മളെന്തിഹ ചെയ്‌വൂ

സാദരം നമിക്കേണ്ട ഗുരുക്കന്മാരെ നമ്മള്‍
ശാപവാക്കുകളോതിയധിക്ഷേപിച്ചീടുന്നു.

വിദ്യയെയുപാസിക്കാനണയുന്നവരിന്നു 
വിദ്വേഷം വിതയ്ക്കുന്ന കൌരവപ്പടയല്ലോ?

രാഷ്ട്രീയ തിമിരത്താലന്ധരാം നമ്മള്‍, ജന്മ -
രാഷ്ട്രത്തെ നശിപ്പിക്കും കുലദ്രോഹികളല്ലേ?

കുരുന്നു ജീവിതങ്ങള്‍" ഗുരുതി" കൊടുത്താലെ
വിരിയൂ നൂറു നൂറു രക്ത പുഷ്പങ്ങള്‍ നാട്ടില്‍

രക്തപുഷ്പങ്ങള്‍കാട്ടി വിജയംനേടിടാനായ്‌
രക്ത!രക്ഷസുകള്‍ നാട്ടിലെമ്പാടും വിഹരിപ്പൂ .

രാവിലെ പഠിതാവായ്പ്പോയൊരു കുമാരന്റെ
പ്രേതത്തെ കണ്ടു ജീവ:ശവമായ്‌ തീരുമമ്മ

അമ്മേ, ത്വല്‍പ്പുത്രശോകമഗ്നിയായ്‌ പടരട്ടെ!
അംഗാരമായീടട്ടെ രാഷ്ട്രീയ വേതാളങ്ങള്‍.

കക്ഷിരാഷ്ട്രീയത്തിന്‍ മൂർഖരാം ഭൂതങ്ങളെ
നിത്യമായ് കലാലയം തന്നില്‍ നിന്നൊഴിവാക്കാം.

Wednesday, July 15, 2009

ഞങ്ങള്‍ ഖേദിയ്ക്കുന്നു

Sorry sign -Poor excuse concept -
ഞങ്ങള്‍ ഖേദിയ്ക്കുന്നു

ജാലിയന്‍ വാലാബാഗില്‍  
കുരുതിക്കളംതീര്‍ത്തോര്‍
കാലമേറെ കഴിഞ്ഞേറ്റം
വിലപിയ്ക്കുന്നത് കേള്‍ക്കൂ
"ഞങ്ങള്‍  ഖേദിച്ചീടുന്നു..."

നാഗസ്സാക്കി,ഹിരോഷിമ-
യിലണുബോംബിന്‍
തീ മഴവര്‍ഷിച്ചവര്‍
പിന്നെയുമേറ്റുചൊല്ലി
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

വിയറ്റ്നാം വയലുകള്‍
മനുഷ്യനിണംകൊണ്ട്
നനച്ചിട്ടവര്‍ചൊല്ലി
പിന്നെയുമതേ വാക്യം
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

ക്യു‌ബയി,ലാഫ്രിക്കയില്‍
പാലസ്തീന്‍ മരുഭൂവില്‍
കിഴക്കന്‍ യുറോ‌പ്പതില്‍,
"ടിയാനന്‍" സ്ക്വയറിലും
മനുഷ്യക്കുരുതി തന്‍
മാമാങ്കം നടത്തുവാന്‍
മത്സരം നടത്തിയ
കശ്മലരേറ്റ് പാടി
പല്ലവിയത് തന്നെ
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

കുരിശു യുദ്ധങ്ങളില്‍
ജിഹാദ് വിളിച്ചവര്‍
കുരുന്നു ജീവിതങ്ങള്‍
കശക്കിയെറി‌ഞ്ഞവര്‍
ചൊല്ലുന്നു,ലജ്ജയെന്യേ
പല്ലവിയതുതന്നെ,
   "ഞങ്ങള്‍ ഖേദിച്ചീടുന്നു..."

ശാസ്ത്രത്തെ സത്യമായി
കാണുവാന്‍ പഠിപ്പിച്ച
മിഥ്യ തന്‍ കോട്ടകളെ
തകര്‍ക്കാന്‍ പ്രയത്നിച്ച
ശാസ്ത്രജ്ഞ പ്രമുഖരെ   
"സാത്താന്റെ സന്തതി"
ചാപ്പ കുത്തി,പിന്നെ, 
മതത്തിന്‍ ചട്ടക്കൂടാം‍
തടങ്കല്‍ പാളയത്തില്‍
മരണം വിധിച്ചിട്ടവര്‍  
ഖിന്നതയോടെ ചൊല്ലി
   "ഞങ്ങള്‍ ഖേദിച്ചീടുന്നു..."

സത്യ,ധര്‍മ,നീതി
ശാസ്ത്രങ്ങള്‍
പുലര്‍ത്തുവാന്‍
മര്‍ത്ത്യരെ പഠിപ്പിച്ച
ശ്രേഷ്ടമാം സംസ്കാരത്തിന്‍
കപടപ്രചാരകര്‍
കൊളുത്തും പകയുടെ
ചിതയില്‍മനുഷ്യരെ
ഹോമിയ്ക്കാന്‍ മടിയ്ക്കാത്ത
മതഭ്രാന്തരും ചൊല്ലും
പൊള്ളയാമതേ  വാക്യം
  "ഞങ്ങള്‍  ഖേദിച്ചീടുന്നു...."

പ്രത്യയ ശാസ്ത്രമതി-
ന്നന്ധത ബാധിച്ചവര്‍,
ഹത്യയാലധികാരം
നേടുവാന്‍ പ്രയത്നിപ്പോര്‍
നിഷ്ടൂരം സനാതന
സത്യത്തെ ഹനിപ്പവര്‍
മർത്യരാം കാപാലികര്‍
പറയുന്നതേ  വാക്യം
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

എത്രയോകാലമായ്‌ നാം
കേള്‍ക്കുന്നോരീ വായ്ത്താരി
ഞങ്ങള്‍ ഖേദിച്ചീടുന്നെന്ന 
പൊള്ളയാം ജല്പനങ്ങൾ 
മര്‍ത്യന്‍ നിര്‍ലജ്ജമുരുവിടും
"സൃഗാല ന്യായോക്തികള്‍"  
            മർത്യന്റെ  കാപട്യത്തെ              
     മറയ്ക്കും മുഖം മൂടി .....

ഗുരുവന്ദനം





jesus christ teaching photo:  jesus_christ_sermon_teaching_mount.png


ഗുരുഭൂതരെ, ഞങ്ങള്‍ സാദരം നമിയ്ക്കുന്നു
ഗുണകാംക്ഷികളല്ലോ,നിങ്ങളീ സുതര്‍ക്കെന്നും.

അറിവിന്‍ നിധിപ്പുര തുറന്നീടുവാനുള്ള 
ചാവികളേന്തീടുന്ന മഹിതാശയര്‍ നിങ്ങള്‍.

സത്യമാം പ്രകാശത്താല്‍,കുരുന്നു മാനസത്തെ
സതതം വഴികാട്ടിനയിച്ചീടുക,നിങ്ങള്‍.

അടിതെറ്റാതെയിവര്‍നിങ്ങള്‍ തന്‍ കരം പിടി-
ച്ചനുപല്ലവിപോലെ മുന്നോട്ടു നടക്കട്ടെ.

നിങ്ങള്‍ തന്‍ മൊഴിയേറ്റംശ്രദ്ധയാല്‍ ശ്രവിപ്പിവര്‍
നിങ്ങള്‍ക്ക്  പിഴച്ചാലോ,യിവര്‍ക്കും പിഴച്ചീടും .

പ്രിയരാം ഗുരുക്കളേ, മാതൃകാവെളിച്ചമായ്‌
നിയതം ശോഭിയ്ക്കട്ടെ, നിങ്ങളേവരുമൊന്നായ്.

ഗുരുക്കന്മാരില്‍ ശ്രേഷ്ഠ ഗുരുവാം യേശുവിന്റെ
കരുണാ കടാക്ഷമീ ഗുരുക്കള്‍ക്കുണ്ടാകട്ടെ .

Sunday, July 12, 2009

ഓണം ഒരു ദു:ഖസ്മരണ

പിള്ളേര്‍ക്കുമുണ്ടൊരോണം പിള്ളേരോണം

ഓര്‍മ്മകള്‍ തന്‍തേരിലേറിയന്നും 
ഓണമെന്‍ മുന്നിലങ്ങെത്തി.
ശ്രാവണ മാസത്തില്‍ മാനംതെളിഞ്ഞ-
പ്പോളോണവെയിലുമന്നെത്തീ... 

ഓണവെയിലില്‍പ്പറന്നുല്ലസ്സിച്ചീടാ-
നോമനത്തുമ്പികളെത്തി.
ഓണത്തുമ്പിക്കൊപ്പം തുള്ളിക്കളിക്കു-
വാനോമനക്കുട്ടനുമെത്തീ....

ചക്കരമാവിൻ ചില്ലകള്‍ തേടി ഞാന്‍
ഊക്കോടെയൂഞ്ഞാലിലാടി.
മുറ്റത്തോരോമനപ്പൂക്കളം തീര്‍ത്തിടാ-
നൊത്തിരിപ്പൂക്കള്‍ പറിച്ചു .

പൂക്കളം തീര്‍ക്കുന്ന ചേച്ചിയ്ക്ക് ഞാനൊരു
മുത്തം കൊടുത്ത,വൾ പാടി.
"പൂവിളി,പൂവിളി"കേട്ടെന്റെ മാനസ്സം
പൂത്തിരി പോലെ തെളിഞ്ഞു .

ഓണമുണ്ണാന്‍,മഞ്ഞക്കോടിയുടുത്തു
ഞാന്‍പൂമുഖവാതിലിലെത്തി .
ഓണംവിളമ്പുവാനമ്മവന്നില്ലമ്മ  
പോയി മറഞ്ഞതെവിടെ ?
പൊന്നോണമേ നീയൊന്നു ചൊല്ലൂ ?

ഓമനക്കുട്ടന് നൊമ്പരമേകുവാന്‍
ഓണമേ, നീയെന്തിനെത്തീ?
ഓമനക്കുട്ടന്റെ വേദന മാറ്റുവാൻ 
എന്നമ്മയേക്കാട്ടിത്തരില്ലേ?
പൊന്നോണമേ നീയൊന്നു ചൊല്ലൂ ?

വസുധൈവ കുടുംബകം



ഹരിതമോഹനം,നയനകാമനം
ധരണി നിന്നുടെ ഭാവമത്ഭുതം.
ധവളശോഭിതം,മൌലിയുന്നതം
സാന്ദ്രമോഹനം, നീലസാഗരം.

വിടപിയുജ്ജ്വലം,വന്യ സൌന്ദര്യം.
തടിനിപൂരിതം,അമൃതമാം ജലം
മധുരസുസ്മിതം,കുസുമ കോമളം .
ശ്രവണസുന്ദരം,വിഹഗ കൂജനം

മൃദുല ഭാഷിതം, മന്ദമാരുതന്‍ .
ചടുലവാചാലം,മേഘ ഗര്ജ്ജിതം
സുഫല സമ്പുഷ്ടം,തരുലതാദികള്‍
സുഖദജീവിതം,മർത്യന്നൂഴിയില്‍.

അനന്തസീമമാം വ്യോമമണ്ഡലം
അതിനുമുപരിതാന്‍ മർത്യ ഭാവന.
ഇഹ,വിനാശകം,വിത്തെറിഞ്ഞിടാന്‍
ഇനിയുമെത്തിടും ദുഷ്ടശക്തികള്‍

അവരെ നിര്‍ദ്ദയം നിഗ്രഹിച്ചിടാൻ 
അവതരിച്ചിടും ശൈവശക്തികള്‍
ശാന്തശീലരാം  വെണ്‍ക‍പോതങ്ങള്‍ ‍
ശാന്തിദൂതരായ്‌ ചിറകുവീശണം .

ഹിംസ്രജന്തുക്കള്‍ പേടമാനൊപ്പം
ഹിംസയെന്യേ,സഹവസിയ്കണം
എകഭാവനാ,വര്‍ണ്ണ ശലഭങ്ങള്‍
മാരിവില്ലൊളി, തൂകിനില്‍ക്കണം

ഇവിടെ, ഭൂമിയില്‍, പണിതുയരണം
സര്‍ഗ്ഗ സൃഷ്ടിതന്‍ പുണ്യമാം ഗൃഹം
ഒരു കുടുംബമായ് ഒത്തു വാഴണം
വസുധ നമ്മുടെ വസതിയാകണം

സഫലമാകണം ജന്മമൂഴിയില്‍
സമയമില്ലഹോ,പാഴിലാക്കുവാന്‍ .
സഫലമാകണം ജന്മമൂഴിയില്‍
സമയമില്ലഹോ,പാഴിലാക്കുവാന്‍ .

(സെന്റെര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ് സ്ടടീസിന്റെ ,ആഭി മുഖ്യത്തില്‍ വര്ഷം തോറും നടത്തുന്ന പ്രൊഫ്‌സര്‍ സി കരുണാകരന്‍( സ്ഥാപക ഡയറക്ടര്‍,സെസ് ) സ്മാരക പ്രഭാഷണ പരമ്പരയുടെ പ്രഥമ സമ്മേളനത്തില്‍ ‍ അവതരിപ്പിച്ചത് )