Wednesday, December 25, 2024

എന്റെ നാട്

 

എന്റെ നാട്

എല്ലാരും താന്താങ്ങളുടെ ഗ്രാമസംബന്ധിയായി പ്രൗഢരചനകൾ കനലിന്റെ ചുവരിൽ പതിപ്പിച്ചപ്പോൾ എന്തെങ്കിലും എന്റെ നാടിനെക്കുറിച്ചും കുത്തി ക്കുറിക്കണമെന്നെനിക്കുമൊരു പൂതിയുണ്ടായി .അപ്പോൾ ഞാൻ ഏത് നാടിനെക്കുറിച്ചെഴുതും എന്ന ഒരു ചിന്താക്രാന്തതയിൽ മന്ദാക്രാന്ദനായി ഞാൻ .കാരണം ജന്മം കൊണ്ട് ചങ്ങനാശ്ശേരിയിൽ പേരെഴും പെരുന്നസ്വദേശിയാണെങ്കിലും ഔദ്യോഗിക വൃത്തി തേടി കോഴിക്കോടും തിരുവനന്തപുരവും ആയി മാറി എന്റെ കർമ്മമണ്ഡലം .ഇതിനിടയിൽ പിതാവിനോടൊത്ത് കുടുംബം എന്റെ മാതൃഭവനമായ അഞ്ചലിനടുത്തേയ്ക്കും പറിച്ചു നടപ്പെടുകയും ചെയ്തു. അപ്പോൾ ഏതാണെന്റെ നാട് .മിനി മോഹൻ താൻ ജനിച്ചു വളർന്ന ചങ്ങനാശ്ശേരിയെ മറന്നു കാഞ്ചിയാർ ഗ്രാമവാസിയായി കാഞ്ചിയാറിനെക്കുറിച്ചു എഴുതിയപ്പോൾ പാത പിന്തുട ന്നാലോ എന്നൊരു ശങ്ക ഉണ്ടായെങ്കിലും മാതൃഭാഷ പോലെമഹത്തായതാണ് ജന്മദേശം എന്നതിനാൽ ചങ്ങനാശേരിയെക്കുറിച്ചു തന്നെ എഴുതാൻ പ്രേരകമായതിനാൽ രചന ഇവിടെ പതിക്കാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കട്ടെ

ചങ്ങനാശ്ശേരിമാഹാത്മ്യം

തെക്കിൻകൂറുടയോരുടെ തലസ്ഥാനനഗരിയായ്

അഷ്ടദിക്പാലകർക്കുമിഷ്ടമായി വിലസിയ

"അഞ്ചുവിളക്കിൻ" നാതെന്നപേരിൽ പ്രകീര്ത്തിതം

ചങ്ങനാശ്ശേരിയാണെന്റെ പുണ്യമായജന്മനാട് ..

നസ്രാണികളാം പ്രജകൾക്കു പള്ളിദീപം തെളിച്ചീടാൻ

"ചങ്ങഴിനാഴിയുരിയെണ്ണ"യേകാൻ തിരുവുള്ളമാ-

യൊരുദയവർമ്മരാജൻ കല്പ്പിച്ചതിന്നോർമ്മയാലേ

ചങ്ങനാശ്ശേരിയെന്ന നാമം പ്രകീർത്തിതമായ് .പാരിൽ ....

"ചങ്ങഴിനാഴിയുരി"യെന്നവാക്കുലോപിച്ചതു , പിന്നെ

ചങ്ങനാശ്ശേരിയെന്ന പേരിൽ പ്രസിദ്ധമായി .

ആദ്യവാണിഭവസ്തുവായിട്ടിഭത്തിനെ തന്നെ നല്കി "

വേലുത്തമ്പിദളവായാം ദാനശീലമന്ത്രിവര്യൻ

സ്ഥാപിച്ചോരു ചങ്ങനാശ്ശേരിച്ചന്തയുടെ മാഹാത്മ്യം

കാലമേറെക്കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ലെന്നതുമല്ലാ,

ആനയുള്ള കാലംവരെയാരുമോർമ്മിച്ചീടുമെന്നേവരൂ

പുഴവാതു ക്ഷേത്രത്തിലെചിറപ്പുമഹോത്സവം,പിന്നെ

പ്രസിദ്ധമാം ചന്ദനക്കുടഘോഷയാത്രയും

ശാന്തിഗീതമാലപിക്കും ക്രിസ്തുമസ്ഗായകരുമൊത്തു

നാട്‌ നീളെ മതസൗഹാർദ്ദഗീതികൾ പാടും.

പരശുരാമ സ്ഥാപിതമാം വാഴപ്പള്ളിക്ഷേത്രമതിൽ

വട്ടെഴുത്തിലുള്ള ചില ലിഖിതങ്ങളുണ്ടതൊക്കെ

വേഷകർക്കമൂല്യമാം രത്നം പോലെ പ്രിയങ്കരം

ക്ഷേത്രപ്രവേശനവിളംബരം വരും മുന്നേയീ സുബ്രമണ്യ

ക്ഷേത്രമെല്ലാഹിന്ദുക്കൾക്കും പെരുന്നയിൽ പ്രാപ്യമെന്ന

വാര്ത്തയിലാകൃഷ്ടനായവിടെത്തിയല്ലോ മഹാത്മജി

മദ്ധ്യകേരളത്തിൻ സാംസ്കാരികനിലയമായ് വിളങ്ങീടും

പ്രസിദ്ധമാം കലാലയങ്ങൾ തിടമ്പേറിത്തിളങ്ങുമിടം

സമുദായസൗഹാർദ്ദതയ്ക്കു വിളനിലമായ് വിലസും

മഹത്തായ ചങ്ങനാശ്ശേരിതൻപെരുമകളേറിടുമ്പോൾ

വർണ്ണിച്ചിടാനായിരംനാവുള്ളോരനന്തനുമാവതുണ്ടോ

പിന്നെ,യെങ്ങനെയീ അനന്തപുരിവാസിക്കെളുതാകും

Monday, July 1, 2024

ചൂല്

 ചൂല്, ചൂലേന്നുള്ള വിളികൾ നിരന്തരം

ചാലേ നിരത്തിൽ മുഴങ്ങുന്നത് കേൾപ്പൂ

ഈർക്കിലി ചൂലിന് പകരമിതിപ്പോൾ

നേർത്ത പ്ലാസ്റ്റിക്കിന് വകഭേദമല്ലേ?

കാക്കയും ചൂലുമൊരുപോലെ നാട്ടിൽ

ചീത്തകൾ മാറ്റി വെടിപ്പാക്കിടുന്നോർ

ഇങ്ങനെയുള്ളൊരു ചിന്തയിലല്ലോ

ചൂലേന്തിവന്നോരും സ്വീകാര്യരായി..

ഈർക്കിലിചൂല് പോലെയീപ്ലാസ്റ്റിക്ചൂലിന്

ദീർഘകാലം വൃത്തിയാക്കാൻ കഴിഞ്ഞോ?

കെട്ടഴിഞ്ഞതുപാടേ പട്ടുപോയില്ലേ,ചൂല്

കെട്ടിയ കൈകളും പെട്ടു പോയില്ലേ?


Thursday, January 25, 2024

മാനവികത



മാനവികതയെന്തെന്നറിയാത്തവർ നമ്മൾ

മാനവനെന്നപേരിന്നർഹതയില്ലാത്തോർ  


നാടിൻ സംസ്കാരത്തിന്നപഭ്രംശവും വന്നൂ

കാടിൻ മക്കളെത്രമാന്യരായ് ചരിക്കുന്നു


അവകാശങ്ങൾക്കായ് പൊരുതുന്നവർ നമ്മൾ

അതിമോഹമാർന്നു കടമ മറക്കുന്നോർ


അമിതരാഷ്ട്രീയത്തിൽ അഭിരമിപ്പോർ നമ്മൾ

അണിചേരുന്നറുംകൊലകൾചെയ്തീടുവാൻ 


Wednesday, September 14, 2022

ലഹരി, ലഹരി, ലഹരി

 സിരകളിൽ വീര്യം കുത്തിനിറയ്ക്കാൻ

നിരവധി ലഹരിപദാർത്ഥങ്ങൾ

അവയുടെ അടിമകളയവർ മാറി 

യുവ,ജനതതിയാകെ വിനാശത്തിൽ!


മധുരം കിനിയും വാക്കുകളോതി

അധരം നുണയാനെത്തുന്നോർ

പ്രണയത്തിൻ പൊൻനൂലിനതാലേ

ഇണയെ വരിഞ്ഞുമുറുക്കുന്നു


പ്രണയം മൂത്ത്കഴിഞ്ഞാലവരോ

പാവകളായിത്തീരുന്നൂ

ലഹരിക്കടിമകളാക്കുന്നവരെ 

പലരായ് പീഡിപ്പിച്ചീടുന്നു 


മാനം പോയവരെല്ലാം തന്നെ 

മയക്കുമരുന്നിൻ വ്യാപാരത്തിന്

പിണിയാളുകളായ് മാറുന്നു, അവർ 

കെണികളൊരുക്കി നടക്കുന്നു..


നല്ലൊരുഭാവി സ്വപ്നം കണ്ടവർ

നമ്മുടെയരുമക്കുഞ്ഞുങ്ങൾ

നാശത്തിൻ പടുകുഴികളിലേയ്ക്ക് നിദ്രാടനത്തിലലയുന്നു ..

Saturday, July 16, 2022

മോഹം മോഹനം

 മോഹം മോഹനം 


മോഹങ്ങളില്ലാത്ത മാനവനാരുണ്ട്?

മോഹനസുന്ദരസ്വപ്നങ്ങളുമായി 

താരാപഥങ്ങളിൽ വ്യാപരിച്ചീടുവാൻ

പാരം കൊതിയേറിയുല്പതിച്ചീടുവാൻ

ചീറിയുയരുന്ന റോക്കറ്റിലേറി നാം

ഏറെനാൾ ഗഗനചാരിയായ് മാറിയോ?

ഓരോനവഗ്രഹങ്ങളതോരോന്നായ് 

പാരാതെ മർത്യന്റെ കാലടി വച്ചിടും

ഓരോരോ നേട്ടങ്ങൾ മർത്യൻ വരിച്ചിടും

നേരുള്ള നിത്യപരിശ്രമം ചെയ്കയാൽ!!

മോഹങ്ങൾ മാത്രമായ് മർത്യപുരോഗതി

സാഹസമില്ലാതെ കൈവന്നു ചേരുമോ?

സാഹസികമായ സംരംഭമില്ലെങ്കിൽ

മോഹം വൃഥാമോഹമായങ്ങു മാറിടും!

മോഹനം,മോഹനമാകുമീമോഹങ്ങൾ

വ്യാമോഹമായിപ്പരിണമിച്ചീടാതെ

ആമോദമേകുന്ന മോഹങ്ങളായവ

ആജീവനാന്തം തിളങ്ങട്ടെ മാനസ്സേ...!

Sunday, July 25, 2021

വൈരസ്യം

വൈറസിൽ നിന്ന് മോചനം തേടുവാൻ

വൈരസ്യത്തിന്  കഷായം കുടിപ്പൂ നാം

"കോവിഡി"നെ പാടേയകറ്റുവാൻ 

വീടിനുള്ളിൽ തടവുകാരായി നാം 








Thursday, July 8, 2021

ഓർമ്മകളുടെ ഓണസദ്യ


ഓർമ്മകളോരോന്നായ് ഞാൻ

അയവിറക്കീടുമ്പോൾ

ഓണസദ്യപോൽ

നാവിൽരുചിഭേദങ്ങൾ!

കാളനുണ്ടോലനുണ്ടവിയലുണ്ട്,

പപ്പടം, പഴനുറുക്കൊക്കെയുണ്ട്..

പച്ചടി, കിച്ചടി, തോരനുണ്ട്

തൊട്ട് കൂട്ടാനച്ചാറുമുണ്ട

പായസക്കൂട്ടുകളൊക്കെയുണ്ട്

പാടേ വർണ്ണിച്ചീടുവാനാവതില്ലാ..