Thursday, October 8, 2015
Wednesday, October 7, 2015
നാലപ്പാട്ട് നാരായണ മേനോൻ
ഇന്ന് ഒക്ടോബർ 7 മലയാള സാഹിത്യനഭോമണ്ഡലത്തിൽ ഒരു കണ്ണു നീർത്തുള്ളി ജാജ്വല്യമാനമായ ഭാവഗീത നക്ഷത്രമായി,വിലാപ കാവ്യമായി അവതരിപ്പിച്ച മഹാനുഭാവൻ ശ്രീ നാലപ്പാട്ട് നാരായണ മേനോന്റെ (1887 ഒക്ടോബർ 7 -1954 ജൂണ്‍ 3) ജന്മ ദിനം.
മലയാളത്തിൽ വിലാപകാവ്യ പ്രസ്ഥാനത്തിന്, ഭാവഗീതപ്രസ്ഥാനത്തിന്
നാന്ദി കുറിച്ച നാലപ്പാടന്റെ കൃതികൾ.
ചക്രവാളം (കവിത)
പുളകാങ്കുരം (കവിത)
കണ്ണുനീർത്തുള്ളി (വിലാപകാവ്യം)
ആർഷജ്ഞാനം (തത്വചിന്ത)
പൗരസ്ത്യദീപം(വിവർത്തനം)
പാവങ്ങൾ (വിവർത്തനം)
രതിസാമ്രാജ്യം (ലൈംഗികശാസ്ത്രം)
എന്നിവയാണ്.....
പ്രശസ്തസാഹിത്യകാരി നാലപ്പാട്ട് ബാലാമണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്. ബാലാമണിയമ്മയുടെ മകളാണല്ലോ , കമലാ സുരയ്യയെന്ന ,കമലാദാസെന്ന ,മാധവിക്കുട്ടിയെന്ന,നമ്മുടെ ആമി
നാലപ്പാട് തറവാടിനെ പരാമർശിക്കാതെ മലയാള സാഹിത്യ ചരിത്രം എഴുതാനാവുമോ ? അത്രമാത്രം മലയാളി കടപ്പെട്ടിരിക്കുന്നു ആ തറവാടിനോട്
എന്റെ ഈ കടപ്പാട് ഞാൻ ഈ രചനയിലൂടെ പ്രകടിപ്പിക്കട്ടെ !
കണ്ണ്നീർത്തുള്ളി
നാലപ്പാടൻ തറവാട്ടിൽ മലയാണ്മകണ്ട
നോവിൻ കഥ "കണ്ണ്നീർത്തുള്ളിയായി,"
നലമിയന്ന മലയാള വിലാപകാവ്യമായി,
കാലാന്തരത്തിലും തെളിഞ്ഞു നിന്നിടുന്നു .
യൂഗോ തൻ വിശ്വവിഖ്യാതമായ നോവൽ
"പാവങ്ങൾ" നമുക്ക് പരിചിതമാക്കി മേനോൻ
രതിയുടെ മാസ്മരികമാം രസാനുഭൂതി
"രതിസാമ്രാജ്യ"മെന്നതന്നുജ്ജ്വല കൃതിയിലൂടെ
മലയാളിയ്ക്കഭികാമ്യമാക്കി മേനോൻ
മലയാള സാഹിത്യ "ചക്രവാളത്തിൽ" മിന്നി
പ്രകാശിക്കുമൊരുരുജ്ജ്വല താരമായ്
"കണ്ണുനീർത്തുള്ളി"യാം പ്രഥമ വിലാപകാവ്യം!
"പാവങ്ങൾ" വായിച്ചു "പുളകാങ്കുരി"തരാവാത്ത
പാവം മലയാളികളിന്നിവിടില്ല തന്നെ
നമ്മുടെ സാംസ്കാരിക വിപ്ലവ വീഥിയിലൂടെ
പ്രയാണത്തിനാവേശം പകർന്ന ചരിത്രനേട്ടമീ
പരിഭാഷ്യമെന്നോർത്തഭിമാനം കൊൾക, നമ്മൾ..
Wednesday, September 30, 2015
Monday, August 31, 2015
കാതിലോലാ
കാതിലോലാ നല്ലതാളീ
കാണാനെന്തു രസം
ചോതി നാളിൽ പൂത്തു
വിരിഞ്ഞൊരു
കാട്ടുചെമ്പകം പോലെ !
കൂട്ടിനുള്ളിൽ കലപില കൂടും
കാട്ടു മൈനകൾ പോലെ !
നീറ്റിൽ വിരിഞ്ഞു കാറ്റിലാടും
താമര മൊട്ടുകൾ പോലെ!
ആറ്റുവക്കിൽ ക്രീഡകളാടും
നീരാട്ടുകാരെ കാണ്കെ
കാതിലോലാ?
ഉണ്ണായി വാര്യർ
എയ്തൂ ചോദ്യശരം
കാതിലോലാ? നല്ലതാളീ
ചൊല്ലീ നമ്പ്യാരും
കാതിലോലാ?
നല്ലതാളീ
കാണാനെന്തു രസം !
അത് കേൾക്കാനെന്തു
സുഖം
Sunday, August 23, 2015
പ്രാർത്ഥന
കാലിക്കൂട്ടം മോദമോടെ കഴിയും തൊഴുത്തിൽ ഭൂജാതനായി
മോചിക്കാനീ,പാപപങ്കിലമാം ലോകജനത്തെയാകമാനം
ഗാഗൂൽത്തായിലൊരുമരക്കുരിശ്ശിൽ ബലിദാനമേകിയോനേ
കാരുണ്യാതിരേകം ചൊരിഞ്ഞഗതിയാമെന്നെയുമനുഗ്രഹിക്കൂ
Wednesday, August 19, 2015
അത്തപ്പൂക്കളം
വേണം നല്ല കാന്തിയെഴും തൂവെള്ളത്തുമ്പപ്പൂവാദ്യമൂന്നു ദിനങ്ങളിൽ
ആവാം മൂന്നാം നാൾ തൊട്ട്,നിറമുള്ള പൂക്കളും നിരയായടുക്കീടുവാൻ
തെച്ചിപ്പൂങ്കുല,കാക്കപ്പൂ, തൃത്താപ്പൂ, മത്തപ്പൂവെന്നിത്യാദിപൂക്കളാൽ
ഇച്ഛക്കനുസൃതം ബഹുവർണ്ണപൂക്കളത് തൊടിയിൽ നിന്നും പറിക്കാം
ഓണത്തിൻ നാന്ദിയായ് തിരുമുറ്റത്തു ചാരുതയേകിടുന്നോരീപൂക്കളം
കാണാൻ ബഹുവിശേഷമാണവ,മലയാളിത്തനിമതൻ നേർക്കാഴ്ച്ചയാം ....
Monday, August 10, 2015
കാക്കപ്പൂവേ, നീലാംബരീ......
കർക്കിടകം പെയ്ത് പെയ്തൊന്നൊഴിയാനായ്
വീർപ്പുമുട്ടിത്തന്നെ ഞാൻ കാത്തിരുന്നു, നിമിഷങ്ങൾ
നേർത്ത വെയിലിൻ തലോടലാൽ തരളിതഗാത്രിയായി
പാർത്തിരുന്നൂ, നിമിഷങ്ങളെണ്ണിയെണ്ണി, വിടരാനായ്
ആർപ്പുവിളികൾ ,ആരവങ്ങൾ ,പാട്ട് പാടി വരുന്നോരാ
കുട്ടിക്കൂട്ടമവർ ,നൃത്തമാടി പൂവട്ടികളേന്തി വന്നൂ...
കാട്ടുപൂവാണെങ്കിലും മാറ്റെഴും മനോഹരി
കുട്ടിക്കൂട്ടത്തിനിഷ്ടമേറും , പൂക്കളത്തിൻ റാണി ഞാൻ
പൂന്തോട്ടത്തിലിടം കിട്ടാ , കാട്ടുപൂവാണെങ്കിലും
നാട്ടുവഴിയുടെ രോമാഞ്ചമീ കാക്കപ്പൂവെന്ന ഞാൻ
ഇളവെയിലിൽ തലയാട്ടി വിടർന്നു ഞാൻ നില്ക്കവേ
ഇളം മുറയവർ നുള്ളി പൂവട്ടിയിലാക്കി പോൽ
ഓണപ്പൂക്കളം തന്നിൽ ഓമനയായ് വാണ നാൾ
ഒരു നല്ല കാലത്തിൻ മധുരമാമോർമ്മകൾ !
നെല്ലിപ്പൂവെന്ന പേരിൽ വയലിന്നാരോമാലായ്
നല്ലോണ നാളുകളിൽ ,കൂട്ടമായ് വിടർന്നവൾ
വയലില്ല ,നെല്കതിരില്ല വരമ്പുകൾക്കതിരിടാൻ ,
മുത്തു പോലെ നിറയുന്ന നീലാംബരിയുമില്ല
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ. കാക്കപ്പൂവേ
ഒരു നല്ല കാലത്തിൻ രോമാഞ്ചമായിരുന്നോളെ
ഒരു കൂടപ്പൂവു നീ കടമായിത്തരികില്ലേ?
തുമ്പയും തുമ്പിയും നീയുമില്ലായെന്നാകിൽ
തുമ്പി തുള്ളാനണയുമോ മലയാളക്കന്നിയവൾ?
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ. കാക്കപ്പൂവേ ....
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ. കാക്കപ്പൂവേ ....
Subscribe to:
Posts (Atom)



